അവരുടെ വിശ്വാസം അനുകരിക്കുക | ഏലിയ
സഹിച്ചുനിന്നു, അവസാനത്തോളം
ആ വാർത്ത ഏലിയയുടെ ചെവിയിലെത്തി: ആഹാബ് രാജാവ് മരിച്ചിരിക്കുന്നു. ഈ വാർത്ത കേട്ട് നിൽക്കുന്ന ഏലിയയെ ഒന്നു സങ്കല്പിക്കുക. താടിയും തടവി അദ്ദേഹം നിൽക്കുകയാണ്. എങ്ങോട്ടെന്നില്ലാതെ വെറുതെ അങ്ങനെ നോക്കിനിൽക്കുന്നു. കഴിഞ്ഞുപോയ വർഷങ്ങളിലെ പലപല സംഭവങ്ങൾ അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോകുന്നു. ഏലിയ ഒരുപാട് സഹിച്ചു! ആഹാബും ഇസബേൽ രാജ്ഞിയും അദ്ദേഹത്തെ ഭീഷണിപ്പെടുത്തി, വേട്ടയാടി. ഏലിയ മരണത്തെ മുഖാമുഖം കണ്ടു. യഹോവയുടെ പ്രവാചകന്മാരെ കൂട്ടക്കൊല ചെയ്യാൻ ഇസബേൽ കല്പിച്ചപ്പോൾ രാജാവ് വെറുതെ കൈയുംകെട്ടി നോക്കിനിന്നതേ ഉള്ളൂ. അത്യാഗ്രഹം മൂത്ത് ഈ ദമ്പതികൾ നിഷ്കളങ്കനും നീതിമാനും ആയ നാബോത്തിനെയും മക്കളെയും കൊല്ലാൻ ഗൂഢാലോചനയും നടത്തി. അതിന്റെ ഫലമായി ആഹാബിനെയും മുഴുകുലത്തെയും നശിപ്പിക്കും എന്ന യഹോവയുടെ ന്യായവിധിസന്ദേശം ഏലിയ അയാളെ അറിയിച്ചു. ഇപ്പോൾ ദൈവത്തിന്റെ ആ വാക്കുകൾ സത്യമായിരിക്കുന്നു. യഹോവ പറഞ്ഞ അതേ വിധത്തിൽത്തന്നെ ആഹാബ് മരിച്ചു.—1 രാജാക്കന്മാർ 18:4; 21:1-26; 22:37, 38; 2 രാജാക്കന്മാർ 9:26.
എന്നാൽ സഹിച്ചുനിൽപ്പിന്റെ കാലഘട്ടം അവസാനിച്ചിട്ടില്ലെന്ന് ഏലിയയ്ക്ക് അറിയാമായിരുന്നു. കാരണം ഇസബേൽ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അവളുടെ ദുഷ്ടസ്വാധീനം സ്വന്തം കുടുംബത്തിന്റെ മേലും രാജ്യത്തിന്റെ മേലും ഇപ്പോഴും നിലനിൽക്കുന്നു. മറികടക്കാൻ ഏലിയയ്ക്കു മുന്നിൽ ഇനിയുമുണ്ട് പല കടമ്പകൾ. കൂടാതെ സഹചാരിയും പിൻഗാമിയും ആയ എലീശയെ പലതും പഠിപ്പിക്കാനുമുണ്ട്. നമുക്ക് ഇപ്പോൾ ഏലിയയുടെ ജീവിതത്തിലെ അവസാനത്തെ മൂന്നു നിയമനങ്ങൾ പരിശോധിക്കാം. വിശ്വാസം അദ്ദേഹത്തെ സഹിച്ചുനിൽക്കാൻ എങ്ങനെ സഹായിച്ചെന്ന് നമ്മൾ മനസ്സിലാക്കുമ്പോൾ, ഈ കുഴപ്പം നിറഞ്ഞ കാലത്ത് നമ്മുടെ വിശ്വാസം എങ്ങനെ ശക്തമാക്കാമെന്നു നമുക്കു ചിന്തിക്കാനാകും.
അഹസ്യയെ ന്യായംവിധിക്കുന്നു
ആഹാബിന്റെയും ഇസബേലിന്റെയും മകനായ അഹസ്യയാണ് ഇപ്പോൾ ഇസ്രായേലിലെ രാജാവ്. മാതാപിതാക്കളുടെ ഭോഷത്തത്തിൽനിന്ന് പാഠം പഠിക്കുന്നതിനു പകരം അഹസ്യയും അവരുടെ ദുഷിച്ച പാത പിന്തുടർന്നു. (1 രാജാക്കന്മാർ 22:52) അവരെപ്പോലെ അഹസ്യയും ബാലിനെ ആരാധിച്ചു. ബാലാരാധന ഒരു വ്യക്തിയെ ആലയവേശ്യാവൃത്തിക്കും എന്തിനു സ്വന്തം മക്കളെ ബലിയർപ്പിക്കുന്നതുപോലുള്ള അധഃപതിച്ച കാര്യങ്ങൾ ചെയ്യാൻ വരെ പ്രേരിപ്പിച്ചിരുന്നു. തന്റെ ജീവിതത്തിനു മാറ്റം വരുത്താനും യഹോവയോടുള്ള കടുത്ത അവിശ്വസ്തത ഉപേക്ഷിക്കാൻ ജനത്തെ പ്രോത്സാഹിപ്പിക്കാനും അഹസ്യയെ എന്തെങ്കിലും പ്രേരിപ്പിക്കുമായിരുന്നോ?
അങ്ങനെയിരിക്കെ, അഹങ്കാരിയായ ആ യുവരാജാവിന്റെ ജീവിതത്തിൽ ഒരു വൻ ദുരന്തം ആഞ്ഞടിച്ചു. മുകളിലത്തെ മുറിയുടെ അഴി തകർന്ന് രാജാവ് താഴെ വീണു. ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായി. സ്വന്തം ജീവൻ അപകടത്തിലായിട്ടും അയാൾ സഹായത്തിനായി യഹോവയിലേക്കു തിരിഞ്ഞില്ല. പകരം ശത്രുദേശമായ ഫെലിസ്ത്യയിലുള്ള എക്രോൻ നഗരത്തിലെ ദൈവമായ ബാൽസെബൂബിലേക്കു തിരിയുന്നു. താൻ രക്ഷപ്പെടുമോ എന്ന് ആ ദൈവത്തോടു ചോദിക്കാൻ ആളെ വിടുന്നു. യഹോവയ്ക്ക് അത് ഒട്ടും ഇഷ്ടമായില്ല. യഹോവ ഏലിയാവിന്റെ അടുത്തേക്ക് ഒരു ദൂതനെ വിട്ട് അവരെ തടയാൻ പറയുന്നു. ഒരു ദുർവാർത്തയുമായി പ്രവാചകൻ അവരെ രാജാവിന്റെ അടുത്തേക്കു പറഞ്ഞുവിട്ടു. ഇസ്രായേലിൽ ഒരു ദൈവമില്ല എന്ന വിധത്തിൽ പ്രവർത്തിച്ച അഹസ്യ ഗുരുതരമായ പാപമാണ് ചെയ്തിരിക്കുന്നത്. അഹസ്യ ഇനി കിടക്കയിൽനിന്ന് എഴുന്നേൽക്കില്ലെന്ന് യഹോവ ഉറപ്പിച്ചു.—2 രാജാക്കന്മാർ 1:2-4.
യാതൊരു പശ്ചാത്താപവുമില്ലാത്ത അഹസ്യ ആ ആളുകളോടു ചോദിച്ചു: “നിങ്ങളുടെ അടുത്ത് വന്ന് സംസാരിച്ച ആ മനുഷ്യൻ കാണാൻ എങ്ങനെയിരിക്കും?” പ്രവാചകന്റെ ലളിതമായ വസ്ത്രധാരണത്തെക്കുറിച്ച് അവർ വിവരിച്ചപ്പോൾ അഹസ്യ ഉടനെ ഇങ്ങനെ പറഞ്ഞു: ‘അത് ഏലിയയാണ്.’ (2 രാജാക്കന്മാർ 1:7, 8) ലളിതവും ദൈവസേവനത്തിൽ കേന്ദ്രീകൃതവും ആയ ഏലിയയുടെ ജീവിതം ശ്രദ്ധേയമായിരുന്നു. അതുകൊണ്ടാണ് ഏലിയയുടെ വസ്ത്രധാരണത്തെക്കുറിച്ച് കേട്ടപ്പോൾത്തന്നെ രാജാവിന് അത് ആരാണെന്നു പിടികിട്ടിയത്. വസ്തുവകകളോട് അത്യാർത്തിയുണ്ടായിരുന്ന അഹസ്യയുടെയും അയാളുടെ മാതാപിതാക്കളുടെയും കാര്യത്തിൽനിന്ന് എത്രയോ വ്യത്യസ്തം! ഏലിയയുടെ മാതൃക, ജീവിതം ലളിതമാക്കാനും പ്രാധാന്യമേറിയ കാര്യങ്ങളിൽ കണ്ണു കേന്ദ്രീകരിക്കാനും ഉള്ള യേശുവിന്റെ ഉപദേശം അനുസരിച്ച് ജീവിക്കാൻ നമ്മളെ ഓർമിപ്പിക്കുന്നു.—മത്തായി 6:22-24.
പക മൂത്ത് അഹസ്യ ഏലിയയെ പിടിക്കാൻ 50 പടയാളികളെയും അവരുടെ തലവനെയും അയച്ചു. ‘മലയുടെ * മുകളിൽ ഇരിക്കുകയായിരുന്ന’ ഏലിയയെ കണ്ടപ്പോൾ “‘ഇറങ്ങിവരുക’ എന്നു രാജാവ് കല്പിക്കുന്നു” എന്ന് തലവൻ ഉറക്കെ അലറി. ഏലിയ ഒരു “ദൈവപുരുഷ”നാണെന്ന് അറിയാമായിരുന്നിട്ടും ആ പടയാളികൾ അദ്ദേഹത്തെ ഭയപ്പെടുത്താൻ ഒരുമ്പെട്ടു. അതിൽ അവർക്കു യാതൊരു കുഴപ്പവും തോന്നിയില്ല. എന്നാൽ അവർക്കു തെറ്റി! ഏലിയ അവരുടെ തലവനോടു പറഞ്ഞു: “ഓഹോ, ഞാൻ ദൈവപുരുഷനാണെങ്കിൽ ആകാശത്തുനിന്ന് തീ ഇറങ്ങി നിന്നെയും നിന്റെ 50 ആളുകളെയും ദഹിപ്പിച്ചുകളയട്ടെ!” ദൈവം അങ്ങനെതന്നെ ചെയ്തു! “ആകാശത്തുനിന്ന് തീ ഇറങ്ങി അയാളെയും അയാളുടെ 50 ആളുകളെയും ദഹിപ്പിച്ചുകളഞ്ഞു.” (2 രാജാക്കന്മാർ 1:9, 10) ആളുകൾ തന്റെ ദാസരോട് പുച്ഛത്തോടെയും അനാദരവോടെയും ഇടപെടുന്നത് യഹോവ ചെറിയ കാര്യമായി എടുക്കില്ലെന്ന് ആ പടയാളികൾക്കുണ്ടായ ദാരുണാന്ത്യം നമ്മളെ ഓർമിപ്പിക്കുന്നു.—1 ദിനവൃത്താന്തം 16:21, 22.
അഹസ്യ വീണ്ടും വേറെ 50 പേരെയും തലവനെയും അയച്ചു. ഇയാൾ ആദ്യത്തെ ആളെക്കാൾ വലിയ മണ്ടത്തരം കാണിക്കുന്നു. മുമ്പു പോയ 51 പേരുടെ ചാരം മലഞ്ചെരുവിൽ കെട്ടടങ്ങിയിട്ടില്ല. ഇത്രയൊക്കെ കണ്ടിട്ടും അയാൾ ഒന്നും പഠിച്ചില്ല. ആദ്യം പോയ തലവൻ അഹങ്കാരത്തോടെ “ഇറങ്ങിവരുക” എന്നാണ് പറഞ്ഞതെങ്കിൽ, ഇയാൾ “വേഗം ഇറങ്ങിവരുക” എന്നാണ് പറയുന്നത്. എത്ര മണ്ടത്തരം! ഇയാളുടെയും കൂട്ടരുടെയും അവസ്ഥ ആദ്യത്തെ കൂട്ടരുടേതുപോലെതന്നെയായി. എന്നാൽ, രാജാവു തന്നെയായിരുന്നു തിരുമണ്ടൻ. അയാൾ മൂന്നാമതും ഒരു കൂട്ടം പടയാളികളെ അയയ്ക്കുന്നു! പക്ഷേ മൂന്നാമത്തെ തലവൻ ബുദ്ധിമാനായിരുന്നു. അദ്ദേഹം താഴ്മയോടെ, തങ്ങളോടു കരുണ കാണിക്കണമെന്ന് ഏലിയയോട് അപേക്ഷിക്കുന്നു. ഇവിടെ ദൈവപുരുഷനായ ഏലിയ ദൈവത്തിന്റെ കരുണ പ്രതിഫലിപ്പിക്കുന്നു. ഇപ്പോൾ ആ പടയാളികളോടൊപ്പം പോകാൻ യഹോവയുടെ ദൂതൻ ഏലിയയോടു പറയുന്നു. ഏലിയ അതനുസരിച്ച് അവരോടൊപ്പം പോകുകയും യഹോവയുടെ വാക്കുകൾ ആ ദുഷ്ടരാജാവിനോട് ആവർത്തിക്കുകയും ചെയ്യുന്നു. അതെ, ദൈവത്തിന്റെ വാക്കുകൾ സത്യമായി, അഹസ്യ മരിച്ചു. അയാളുടെ ഭരണത്തിനു വെറും രണ്ടു വർഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ.—2 രാജാക്കന്മാർ 1:11-17.
ശാഠ്യവും മത്സരവും നിറഞ്ഞ ആളുകൾക്കിടയിൽ ഏലിയയ്ക്ക് എങ്ങനെ സഹിച്ചുനിൽക്കാൻ കഴിഞ്ഞു? ഈ ചോദ്യത്തിന് ഇന്നും പ്രസക്തിയുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ട ആർക്കെങ്കിലും എത്ര ബുദ്ധി പറഞ്ഞുകൊടുത്തിട്ടും അതൊന്നും വകവെക്കാതെ അവർ മോശമായ ഒരു ജീവിത രീതിയിലൂടെ പോകുന്നതു കണ്ടപ്പോൾ നിങ്ങൾക്ക് എപ്പോഴെങ്കിലും അസ്വസ്ഥത തോന്നിയിട്ടുണ്ടോ? ആ നിരാശകളിൻമധ്യേയും നിങ്ങൾക്ക് എങ്ങനെ സഹിച്ചുനിൽക്കാൻ കഴിയും? ഏലിയയിൽനിന്ന് നമുക്ക് ചില കാര്യങ്ങൾ പഠിക്കാനുണ്ട്. പടയാളികൾ ഏലിയയെ കണ്ടെത്തിയത് എവിടെയായിരുന്നു? “മലയുടെ മുകളിൽ.” ഏലിയ അവിടെ പോയത് എന്തിനാണെന്ന് തറപ്പിച്ചുപറയാനാകില്ല. ഒരു പ്രാർഥനാപുരുഷനായതുകൊണ്ട് തന്റെ പ്രിയപ്പെട്ട ദൈവത്തോടു കൂടുതൽ അടുക്കാൻ ആ സ്ഥലത്തിന്റെ ഏകാന്തതയെ അദ്ദേഹം പ്രയോജനപ്പെടുത്തിയതാകാം. (യാക്കോബ് 5:16-18) ഏലിയയെപ്പോലെ നമുക്കും ദൈവത്തോടൊപ്പം തനിച്ചായിരിക്കാൻ സമയം കണ്ടെത്താം. ദൈവത്തിന്റെ പേരു വിളിച്ച് പ്രാർഥിക്കാം, പ്രശ്നങ്ങളും ഉത്കണ്ഠകളും തുറന്നുപറയാം. നമുക്കു ചുറ്റുമുള്ളവർ ബുദ്ധിശൂന്യമായി സ്വയം നശിക്കാൻ ഇറങ്ങി പുറപ്പെടുമ്പോൾപ്പോലും സഹിച്ചുനിൽക്കാൻ ഇത് നമ്മളെ സഹായിക്കും.
പ്രവാചകവസ്ത്രം കൈമാറുന്നു
ഏലിയയ്ക്ക് ഇസ്രായേലിലെ തന്റെ നിയമനം വിട്ടുപോകാനുള്ള സമയം വന്നെത്തി. അദ്ദേഹം ചെയ്തത് എന്താണെന്നു നോക്കൂ. ഏലിയയും എലീശയും ഗിൽഗാൽ പട്ടണത്തിൽനിന്ന് പുറപ്പെട്ടു. ഏകദേശം 11 കിലോമീറ്റർ അപ്പുറമുള്ള ബഥേലിലേക്ക് തനിച്ച് പോകുക എന്നതാണ് ഏലിയയുടെ ലക്ഷ്യം. അതുകൊണ്ട് എലീശയോട് അവിടെത്തന്നെ താമസിക്കാൻ അദ്ദേഹം പറയുന്നു. പക്ഷേ എലീശ ഇങ്ങനെ തറപ്പിച്ചുപറയുന്നു: “യഹോവയാണെ, അങ്ങാണെ, ഞാൻ അങ്ങയെ വിട്ട് പോകില്ല.” അങ്ങനെ അവർ രണ്ടു പേരും ബഥേലിലേക്കു യാത്രയായി. അവിടെ എത്തിയശേഷം ഏകദേശം 22 കിലോമീറ്റർ അപ്പുറമുള്ള യരീഹൊയിലേക്ക് ഏലിയയെ ദൈവം അയയ്ക്കുന്നു. താൻ ഇനി ഒറ്റയ്ക്കു സഞ്ചരിക്കാൻ പോകുകയാണെന്ന് എലീശയോട് ഏലിയ പറയുന്നു. ഇതു കേട്ട എലീശ മുമ്പു പറഞ്ഞതുതന്നെ ആവർത്തിക്കുന്നു. അങ്ങനെ അവർ ഒരുമിച്ച് യരീഹൊയിൽ എത്തുന്നു. ഏലിയയുടെ അടുത്ത ലക്ഷ്യം ഏതാണ്ട് 8 കിലോമീറ്റർ അകലെയുള്ള യോർദാൻ നദിയാണ്. ഇപ്പോൾ മൂന്നാം വട്ടവും മുമ്പു നടന്നതുപോലെതന്നെ സംഭവിക്കുന്നു. ഇപ്പോഴും എലീശയ്ക്കു ഏലിയയെ വിട്ട് പോകാൻ ഭാവമില്ല!—2 രാജാക്കന്മാർ 2:1-6.
എലീശ ഇവിടെ ഒരു പ്രധാനപ്പെട്ട ഗുണം പ്രകടമാക്കുകയായിരുന്നു—അചഞ്ചലസ്നേഹം. രൂത്തിനു നൊവൊമിയോടുണ്ടായിരുന്ന അതേ സ്നേഹം, ഒരു കാര്യത്തോട് വിട്ടുമാറാതെ പറ്റിനിൽക്കാൻ പ്രേരിപ്പിക്കുന്ന തരം സ്നേഹം. (രൂത്ത് 1:15, 16) എല്ലാ ദൈവദാസർക്കും ഈ ഗുണം ആവശ്യമാണ്, പ്രത്യേകിച്ച് ഈ കാലത്ത്. എലീശയെപ്പോലെ നമുക്ക് അതിന്റെ പ്രാധാന്യം വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്നുണ്ടോ?
തന്റെ യുവസുഹൃത്തിന്റെ അചഞ്ചലസ്നേഹം ഏലിയയിൽ മതിപ്പുളവാക്കിയിട്ടുണ്ടാകും. എലീശ ഇങ്ങനെ അചഞ്ചലസ്നേഹം കാണിച്ചതുകൊണ്ട് എന്ത് അനുഗ്രഹം ലഭിച്ചു? ഏലിയ ചെയ്ത അവസാനത്തെ അത്ഭുതം കാണാനുള്ള പദവി ലഭിച്ചു. ചില ഭാഗങ്ങളിൽ നല്ല ഒഴുക്കും ആഴവും ഉണ്ടായിരുന്ന ഒരു നദിയായിരുന്നു യോർദാൻ. അതിന്റെ തീരത്തുവെച്ചായിരുന്നു ഏലിയ ആ അത്ഭുതം ചെയ്തത്. തന്റെ പ്രവാചകവസ്ത്രമെടുത്ത് ഏലിയ വെള്ളത്തിലടിച്ചു. വെള്ളം രണ്ടായി പിരിഞ്ഞു! ഈ അത്ഭുതം “50 പ്രവാചകപുത്രന്മാരും” കണ്ടു. (2 രാജാക്കന്മാർ 2:7, 8) ദേശത്ത് സത്യാരാധനയ്ക്കു നേതൃത്വമെടുക്കുന്നതിനു പരിശീലനം ലഭിച്ചുകൊണ്ടിരുന്ന പുരുഷന്മാരിൽ ചിലരായിരുന്നു ഇവർ. ഏലിയയായിരുന്നിരിക്കാം ഈ പരിശീലനപരിപാടിക്കു മേൽനോട്ടം വഹിച്ചിരുന്നത്. ഇപ്പോൾ ഈ പരിശീലന സ്കൂളിൽ അനേകരുണ്ട്. എന്നാൽ ഏതാനും വർഷങ്ങൾക്കു മുമ്പ് താൻ മാത്രമേ ദേശത്ത് വിശ്വസ്തനായി ഉള്ളൂ എന്ന് ഏലിയയ്ക്കു തോന്നിയ ഒരു സമയമുണ്ടായിരുന്നു. അന്നുമുതൽ തന്റെ ആരാധകരുടെ വർധനവു കാണാൻ അവസരം നൽകിക്കൊണ്ട് യഹോവ ഏലിയയുടെ സഹനത്തിനു പ്രതിഫലം കൊടുത്തു.—1 രാജാക്കന്മാർ 19:10.
യോർദാൻ നദി കടന്നശേഷം ഏലിയ എലീശയോടു ചോദിക്കുന്നു: “പറയൂ, ദൈവം എന്നെ നിന്റെ അടുത്തുനിന്ന് എടുക്കുന്നതിനു മുമ്പ് ഞാൻ നിനക്ക് എന്താണു ചെയ്തുതരേണ്ടത്?” തനിക്കു പോകാനുള്ള സമയമായി എന്ന് ഏലിയയ്ക്ക് അറിയാമായിരുന്നു. തന്റെ യുവസുഹൃത്തിനു ലഭിക്കാനിരിക്കുന്ന പദവികളും പ്രാമുഖ്യതയും ഓർത്ത് ഏലിയയ്ക്കു അസൂയ തോന്നിയില്ല. പകരം ഏതുവിധത്തിലും എലീശയെ സഹായിക്കാൻ ഏലിയ അതിയായി ആഗ്രഹിച്ചു. എലീശ ഈ അപേക്ഷ മാത്രമേ നടത്തിയുള്ളൂ: “ദയവുചെയ്ത് അങ്ങയുടെ ആത്മാവിന്റെ ഇരട്ടി ഓഹരി എനിക്കു തന്നാലും!” (2 രാജാക്കന്മാർ 2:9) ഏലിയയ്ക്കു ലഭിച്ച പരിശുദ്ധാത്മാവിന്റെ ഇരട്ടി കിട്ടണമെന്നല്ല എലീശ ഉദ്ദേശിച്ചത്. നിയമമനുസരിച്ച് മൂത്ത മകന് അടുത്ത കുടുംബനാഥൻ എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിനു പിതൃസ്വത്തിന്റെ കൂടുതൽ ഭാഗം അല്ലെങ്കിൽ ഇരട്ടി ഓഹരി ലഭിച്ചിരുന്നു. അതുപോലെ തനിക്കും ലഭിക്കണമെന്നാണ് എലീശ ആഗ്രഹിച്ചത്. (ആവർത്തനം 21:17) ഏലിയയുടെ ആത്മീയ അനന്തരാവകാശി എന്ന നിലയിൽ, തന്റെ പ്രവാചകദൗത്യം നിർവഹിക്കാൻ ഏലിയയ്ക്കുണ്ടായിരുന്ന ധൈര്യത്തിന്റെ ആത്മാവ് തനിക്കും ആവശ്യമാണെന്ന് എലീശ തിരിച്ചറിഞ്ഞിട്ടുണ്ടാകും.
എലീശയുടെ അപേക്ഷയ്ക്ക് താൻതന്നെ ഉത്തരം കൊടുക്കുന്നതിനു പകരം ഏലിയ താഴ്മയോടെ അത് യഹോവയ്ക്കു വിടുന്നു. ഏലിയയെ ദൈവം എടുക്കുന്നത് എലീശ കാണുകയാണെങ്കിൽ എലീശയുടെ അപേക്ഷയ്ക്കുള്ള ദൈവത്തിന്റെ മറുപടി അതെ എന്നാകുമായിരുന്നു. അധികം വൈകാതെ, ഈ ദീർഘകാലസുഹൃത്തുക്കൾ “സംസാരിച്ചുകൊണ്ട് നടക്കുമ്പോൾ” ഒരു അത്ഭുതം സംഭവിക്കുന്നു.—2 രാജാക്കന്മാർ 2:10, 11.
വിഷമകരമായ സാഹചര്യങ്ങളിൽ സഹിച്ചുനിൽക്കാൻ ഏലിയയെയും എലീശയെയും അവരുടെ സുഹൃദ്ബന്ധം തീർച്ചയായും സഹായിച്ചു
ഒരു അപൂർവ വെളിച്ചം ആകാശത്തു പരക്കുന്നു. അത് അടുത്തടുത്ത് വരുന്നു. ഇങ്ങനെ ഒന്നു ഭാവനയിൽ കാണാം: ജ്വലിക്കുന്ന എന്തോ ഒന്ന് ആ രണ്ടു പുരുഷന്മാരെ വേർതിരിക്കുന്നു. ശക്തമായ കൊടുങ്കാറ്റ് അടിച്ചാലുണ്ടാകുന്ന തരം ഭീതിപ്പെടുത്തുന്ന ശബ്ദവും. അവർ അങ്ങനെ അമ്പരന്നു നിൽക്കുന്നു. അവർ കണ്ടത് ഒരു രഥമായിരുന്നു, അഗ്നിപ്രഭയുള്ള ഒരു രഥം. തനിക്കു പോകാനുള്ള സമയമായെന്ന് ഏലിയയ്ക്കു അറിയാമായിരുന്നു. ഏലിയ ആ രഥത്തിൽ കയറിപ്പോയോ? വിവരണം ഒന്നും പറയുന്നില്ല. എന്തായാലും കൊടുങ്കാറ്റിൽ മുകളിലേക്കു പൊങ്ങിപ്പൊങ്ങി പോകുന്നതുപോലെ ഏലിയയ്ക്കു തോന്നി!
എലീശ അന്തംവിട്ട് നോക്കിനിന്നു. ഈ അത്ഭുതദൃശ്യം കണ്ട എലീശയ്ക്ക് ഒരു കാര്യം മനസ്സിലായി, തനിക്ക് യഹോവ ധീരനായ ഏലിയയുടെ “ആത്മാവിന്റെ ഇരട്ടി ഓഹരി” നൽകുമെന്ന്. പക്ഷേ, അതിനെക്കുറിച്ചൊന്നും ചിന്തിക്കാനുള്ള ഒരു മാനസികാവസ്ഥയിലായിരുന്നില്ല എലീശ അപ്പോൾ. തന്റെ പ്രിയസുഹൃത്ത് എങ്ങോട്ടു പോകുകയാണെന്ന് എലീശയ്ക്ക് അറിയില്ല, ഇനി അദ്ദേഹത്തെ കാണാമെന്ന് ഒരു പ്രതീക്ഷയുമുണ്ടായിരുന്നിരിക്കില്ല. എലീശ “എന്റെ പിതാവേ! എന്റെ പിതാവേ! ഇസ്രായേലിന്റെ രഥവും കുതിരപ്പടയാളികളും!” എന്നു പറഞ്ഞ് നിലവിളിക്കുന്നു. തന്റെ പ്രിയപ്പെട്ട ഗുരു വിദൂരതയിലേക്കു മറയുന്നത് അദ്ദേഹം നോക്കിനിന്നു. എലീശ സങ്കടത്തോടെ വസ്ത്രം വലിച്ചുകീറി.—2 രാജാക്കന്മാർ 2:12.
ഏലിയ ആകാശത്തേക്ക് ഉയർന്നപ്പോൾ നിസ്സഹായനായി തന്റെ യുവസുഹൃത്ത് തേങ്ങിക്കരയുന്നതു കേട്ട് അദ്ദേഹം ഒന്നോ രണ്ടോ കണ്ണീർക്കണങ്ങൾ പൊഴിച്ചിരിക്കുമോ? എന്തായിരുന്നാലും ഇങ്ങനെയൊരു കൂട്ടുകാരനെ കിട്ടിയത് ചില പ്രയാസസാഹചര്യങ്ങളിൽ സഹിച്ചുനിൽക്കാൻ തന്നെ വളരെ സഹായിച്ചെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഏലിയയുടെ മാതൃകയിൽനിന്ന് നമുക്കു പഠിക്കാം. ദൈവത്തെ സ്നേഹിക്കുകയും ദൈവേഷ്ടം ചെയ്യുകയും ചെയ്യുന്ന ആളുകളെ നമുക്കും കൂട്ടുകാരാക്കാം.
അവസാനനിയമനം
ഏലിയ എങ്ങോട്ട് പോയിരിക്കും? ദൈവത്തോടൊപ്പമായിരിക്കാൻ ഏലിയ സ്വർഗത്തിലേക്ക് എടുക്കപ്പെട്ടെന്നാണ് ചില മതങ്ങൾ പഠിപ്പിക്കുന്നത്. പക്ഷേ, അത് ഒരിക്കലും ശരിയാകില്ല. കാരണം നൂറ്റാണ്ടുകൾക്കു ശേഷം, തനിക്കു മുമ്പ് ആരും സ്വർഗത്തിലേക്കു പോയിട്ടില്ലെന്ന് യേശുക്രിസ്തു പറഞ്ഞു.—യോഹന്നാൻ 3:13.
യഹോവ തന്റെ പ്രിയപ്രവാചകനെ പുതിയ നിയമനത്തിലേക്കു മാറ്റുകയായിരുന്നു. ഇത്തവണ അയൽരാജ്യമായ യഹൂദയിലാണ് നിയമനം. സാധ്യതയനുസരിച്ച് ഏഴു വർഷത്തിനു ശേഷവും ഏലിയ അവിടെ പ്രവർത്തനനിരതനായിരുന്നു എന്നതിനു ബൈബിൾരേഖയുണ്ട്. അന്ന് യഹൂദ ഭരിച്ചിരുന്നത് ദുഷ്ടരാജാവായ യഹോരാമാണ്. ആഹാബിന്റെയും ഇസബേലിന്റെയും മകളെയായിരുന്നു രാജാവ് വിവാഹം കഴിച്ചിരുന്നത്. അതുകൊണ്ട് അവരുടെ ദുഷ്ടസ്വാധീനം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇപ്പോൾ യഹോവ, യഹോരാമിന് എതിരെയുള്ള ന്യായവിധി അറിയിച്ചുകൊണ്ട് ഒരു കത്ത് എഴുതാൻ ഏലിയയോട് നിയോഗിക്കുന്നു. ഏലിയ അറിയിച്ചതുപോലെതന്നെ യഹോരാമിന് ഒരു ദാരുണാന്ത്യം സംഭവിക്കുന്നു. എന്നാൽ അതിലും കഷ്ടം വിവരണം പറയുന്നതുപോലെ, “യഹോരാമിന്റെ മരണത്തിൽ ആർക്കും ദുഃഖം തോന്നിയില്ല” എന്നതാണ്.—2 ദിനവൃത്താന്തം 21:12-20.
ഏലിയയും ഈ ദുഷ്ടമനുഷ്യനും തമ്മിൽ എന്തൊരു വ്യത്യാസം! എപ്പോൾ എങ്ങനെ ഏലിയ മരിച്ചെന്ന കാര്യം നമുക്ക് അറിയില്ല. എന്നാൽ ഒരു കാര്യം നമുക്ക് അറിയാം യഹോരാമിന്റെ മരണത്തിൽ ആരും ദുഃഖിക്കാൻ ഇല്ലാതിരുന്നതുപോലെ ഒരു ശോചനീയമായ അവസ്ഥ ഏലിയയ്ക്കു വന്നില്ല. തന്റെ സുഹൃത്തിന്റെ വേർപാടിൽ എലീശ പലപ്പോഴും ദുഃഖിച്ചിരിക്കാം. മറ്റു പ്രവാചകന്മാർക്കും അങ്ങനെതന്നെ തോന്നിയിരിക്കണം. 1,000 വർഷത്തിനു ശേഷവും യഹോവ ഏലിയയെ വളരെ വേണ്ടപ്പെട്ട ഒരാളായി കണക്കാക്കിയിരുന്നു. അതുകൊണ്ടാണ് രൂപാന്തരീകരണദർശനത്തിൽ തന്റെ ഈ പ്രിയപ്രവാചകനെ ഉൾപ്പെടുത്തിയത്. (മത്തായി 17:1-9) ഏലിയയിൽനിന്ന് പഠിക്കാനും ഏതു പ്രശ്നങ്ങളിലും സഹിച്ചുനിൽക്കാൻ സഹായിക്കുന്ന തരം വിശ്വാസം വളർത്തിയെടുക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ദൈവത്തെ സ്നേഹിക്കുന്നവരുമായി നല്ല സുഹൃദ്ബന്ധങ്ങൾ വളർത്തിയെടുക്കുക, ആത്മീയകാര്യങ്ങളിൽ ശ്രദ്ധയർപ്പിച്ചുകൊണ്ടുള്ള ഒരു ജീവിതം നയിക്കുക, കൂടെക്കൂടെ ഹൃദയം തുറന്ന് പ്രാർഥിക്കുക. ഏലിയയെപ്പോലെ നിങ്ങൾക്കും സ്നേഹനിധിയായ യഹോവയുടെ ഹൃദയത്തിൽ എന്നേക്കും ഒരു സ്ഥാനമുണ്ടായിരിക്കട്ടെ!
^ ഖ. 9 ഏതാനും വർഷം മുമ്പ് ബാലിന്റെ പ്രവാചകന്മാരെ തോൽപ്പിക്കാൻ ഏലിയയെ ദൈവം ശക്തീകരിച്ച കർമേൽ പർവതമാണ് ഈ പർവതമെന്നു ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. എന്നാൽ ബൈബിൾ ഇത് ഏതു പർവതമാണെന്നു പറയുന്നില്ല.