അവരുടെ വിശ്വാസം അനുകരിക്കുക|മഗ്ദലക്കാരി മറിയ
“ഞാൻ കർത്താവിനെ കണ്ടു”
ധാരധാരയായി ഒഴുകുന്ന കണ്ണുനീർ തുടച്ചുകൊണ്ട് മഗ്ദലക്കാരി മറിയ ആകാശത്തേക്കു നോക്കി. തന്റെ പ്രിയപ്പെട്ട ഗുരുവിനെ സ്തംഭത്തിലേറ്റിയിരിക്കുകയാണ്. വസന്തകാലത്തെ ഒരു മധ്യാഹ്നമായിരുന്നു അത്. പക്ഷേ “നാട്ടിലെങ്ങും ഇരുട്ടു പരന്നു.” (ലൂക്കോസ് 23:44, 45) തോളിലേക്ക് വീണുകിടക്കുന്ന മൂടുപടം പതുക്കെ വലിച്ച് നേരെയാക്കിയിട്ട് മഗ്ദലക്കാരി മറിയ സ്ത്രീകളോടൊപ്പം ചേർന്ന് നിൽക്കുന്നു. ഇപ്പോൾ അവിടെ അസാധാരണമായ ഒരു ഇരുട്ടു പരന്നിരിക്കുകയാണ്. സൂര്യഗ്രഹണം സംഭവിക്കുമ്പോൾ സാധാരണ ഏതാനും മിനിട്ടുനേരത്തേക്ക് അങ്ങനെ ഇരുട്ടു പരക്കാറുണ്ട്. എന്നാൽ ഈ ഇരുട്ടു പരന്നിട്ട് മണിക്കൂർ മൂന്നു കഴിഞ്ഞിരിക്കുന്നു. യേശുവിന്റെ അടുത്ത് നിന്നിരുന്ന, മറിയയും കൂടെയുള്ളവരും അപ്പോൾ അസാധാരണമായ ചില ശബ്ദങ്ങൾ കേട്ടിരിക്കാം. ഒരുപക്ഷേ രാത്രിയായെന്നു കരുതി മൃഗങ്ങൾ ഓരിയിടുന്ന ശബ്ദമായിരിക്കാം അത്. ഈ മാറ്റങ്ങളൊക്കെ ശ്രദ്ധിച്ച ചിലർ, “വല്ലാതെ പേടിച്ച്, ‘ഇദ്ദേഹം ശരിക്കും ദൈവപുത്രനായിരുന്നു’ എന്നു പറഞ്ഞു.” (മത്തായി 27:54) പ്രകൃതിക്കുണ്ടായ ഈ ഭാവമാറ്റത്തിനു കാരണം എന്താണാവോ? തന്റെ മകനോടു കാണിച്ച ക്രൂരത കണ്ട് മനസ്സ് തകർന്ന യഹോവ തന്റെ ദുഃഖവും കോപവും പ്രകടിപ്പിച്ചതായിരിക്കുമോ എന്ന് യേശുവിന്റെ അനുഗാമികളും മറ്റുള്ളവരും സംശയിച്ചിരിക്കാം.
ഇതൊക്കെ കണ്ടു നിൽക്കാനുള്ള ത്രാണി മഗ്ദലക്കാരി മറിയയ്ക്കില്ല. എങ്കിലും മറിയ അവിടം വിട്ടുപോകുന്നില്ല. (യോഹന്നാൻ 19:25, 26) സങ്കൽപ്പിക്കാവുന്നതിലും അധികം വേദന യേശു അനുഭവിച്ചിട്ടുണ്ടാകും. ഇതു കണ്ടുനിന്ന യേശുവിന്റെ അമ്മയ്ക്കും ഇപ്പോൾ ആശ്വാസവും സഹായവും ആവശ്യമാണ്.
യേശു തനിക്കുവേണ്ടി ചെയ്ത കാര്യങ്ങൾ ഓർക്കുമ്പോൾ മഗ്ദലക്കാരി മറിയ തനിക്കു ചെയ്യാൻ കഴിയുന്നതിനും അപ്പുറം യേശുവിനുവേണ്ടി ചെയ്യാൻ പ്രേരിതയാകുന്നു. ഒരിക്കൽ മറിയ എല്ലാം തകർന്ന് വളരെ പരിതാപകരമായ ഒരു അവസ്ഥയിൽ ആയിരുന്നു. എന്നാൽ ആ അവസ്ഥയിൽനിന്ന് മറിയയെ കരകയറ്റിയത് യേശുവാണ്. മറിയയുടെ ജീവിതത്തിന് അർഥവും അന്തസ്സും ഉണ്ടാകാൻ യേശു പ്രവർത്തിച്ചു. നമുക്ക് അനുകരിക്കാൻ കഴിയുന്ന വിശ്വാസത്തിന്റെ മാതൃകയായി മറിയ. എങ്ങനെ? വിശ്വാസത്തിന്റെ ആ മാതൃകയിൽനിന്ന് നമുക്ക് എന്തെങ്കിലും പഠിക്കാനുണ്ടോ?
“സ്വത്തുക്കൾകൊണ്ട് അവരെ ശുശ്രൂഷിച്ചുപോന്നു”
ബൈബിളിൽ മഗ്ദലക്കാരി മറിയയെക്കുറിച്ചുള്ള കഥ തുടങ്ങുന്നത് അവൾക്കു ലഭിച്ച വലിയൊരു ആശ്വാസത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ്. ഭയാനകമായ ഒരു അവസ്ഥയിൽനിന്നും യേശു മറിയയ്ക്കു സ്വാതന്ത്ര്യം കൊടുത്തു. ഒരു പേടിസ്വപ്നത്തിൽനിന്ന് ഞെട്ടിയുണർന്നതുപോലെ അവൾക്ക് തോന്നിയിട്ടുണ്ടാകും. അക്കാലത്തൊക്കെ ഭൂതങ്ങളുടെ ഉപദ്രവം കൂടുതലായിരുന്നു. ആ ദുഷ്ട ജീവികൾ പലരിലും പ്രവേശിക്കുകയോ അവരുടെ മനസ്സിന്റെ നിയന്ത്രണം ഏറ്റെടുക്കുകയോ ചെയ്തുകൊണ്ട് അവരുടെ ജീവിതം ബുദ്ധിമുട്ടിലാക്കി. പാവം മഗ്ദലക്കാരി മറിയയ്ക്കു ഭൂതങ്ങളുടെ ഉപദ്രവത്തിന്റെ ഫലമായി എന്തൊക്കെ കഷ്ടപ്പാടുകൾ നേരിടേണ്ടിവന്നെന്നു നമുക്ക് അറിയില്ല. നമുക്ക് അറിയാവുന്നത് ഏഴു ഭൂതങ്ങൾ മറിയയെ ഉപദ്രവിച്ചിരുന്നു എന്നാണ്. എന്തായാലും യേശുക്രിസ്തു അവയെ എല്ലാം പുറത്താക്കി എന്നത് സന്തോഷകരമായ കാര്യമാണ്.—ലൂക്കോസ് 8:2.
നമുക്ക് ഒക്കെ സങ്കൽപ്പിക്കാവുന്നതിലും അധികം സ്വാതന്ത്ര്യമാണ് മറിയയ്ക്കു കിട്ടിയത്. ഒരു പുതിയ ജീവിതത്തിനു തുടക്കം കുറിക്കാൻ മറിയയ്ക്ക് അവസരം ലഭിച്ചിരിക്കുന്നു. അതിനോടുള്ള നന്ദി മറിയ എങ്ങനെയാണ് കാണിച്ചത്? യേശുവിന്റെ വിശ്വസ്തയായ ഒരു അനുഗാമിയായിക്കൊണ്ട്. കൂടാതെ മറ്റുള്ളവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് മറിയ പ്രവർത്തിച്ചു. യേശുവിനും അപ്പോസ്തലന്മാർക്കും ഭക്ഷണവും വസ്ത്രവും രാത്രിയിൽ അന്തിയുറങ്ങാൻ ഒരിടവും വേണമായിരുന്നു. അവർ അത്ര സമ്പത്തുള്ളവർ ഒന്നും ആയിരുന്നില്ല. അവർക്ക് അങ്ങനെ നല്ല വരുമാനം കിട്ടുന്ന ജോലിയും ഉണ്ടായിരുന്നില്ല. സുവിശേഷം പ്രസംഗിക്കുന്നതിലും പഠിപ്പിക്കുന്നതിലും അവർക്കു ശ്രദ്ധകേന്ദ്രീകരിക്കണമെങ്കിൽ അവരുടെ അനുദിനകാര്യങ്ങൾ ഒക്കെ ഭംഗിയായി നടന്നുപോകണമായിരുന്നു. അതിനു അവർക്കു സഹായം വേണ്ടിയിരുന്നു.
മറിയയും മറ്റു സ്ത്രീകളും അവർക്കുവേണ്ട സഹായങ്ങളൊക്കെ ചെയ്തുകൊടുത്തു. ആ സ്ത്രീകൾ “അവരുടെ സ്വത്തുക്കൾകൊണ്ട് അവരെ ശുശ്രൂഷിച്ചുപോന്നു.” (ലൂക്കോസ് 8:1, 3) അവരിൽ ചിലരൊക്കെ സമ്പത്തുള്ളവരായിരുന്നിരിക്കാം. ഈ സ്ത്രീകൾ യേശുവിനും ശിഷ്യന്മാർക്കും വേണ്ടി ഓരോ ഗ്രാമത്തിലും ആഹാരം പാകം ചെയ്തെന്നോ വസ്ത്രം അലക്കികൊടുത്തെന്നോ താമസത്തിനുവേണ്ട ഏർപ്പാട് ചെയ്തെന്നോ ഒന്നും ബൈബിൾ പറയുന്നില്ല. എന്തായാലും, ഏകദേശം 20-ഓളം വരുന്ന ഈ കൂട്ടത്തെ യാതൊരു മടിയും കൂടാതെ അവർ സഹായിച്ചു. ഈ സ്ത്രീകളുടെ കഠിനാധ്വാനം സുവിശേഷവേലയിൽ പൂർണമായി മുഴുകാൻ യേശുവിനെയും ശിഷ്യന്മാരെയും ഒരുപാട് സഹായിച്ചിട്ടുണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല. യേശു തനിക്കുവേണ്ടി ചെയ്ത കാര്യം ഓർത്താൽ തിരിച്ച് യേശുവിന് എന്തു കൊടുത്താലും മതിയാകില്ല എന്ന് മറിയയ്ക്ക് അറിയാം. എങ്കിലും തന്നെകൊണ്ടാകുന്നതെല്ലാം യേശുവിനുവേണ്ടി ചെയ്തപ്പോൾ അവൾക്ക് എത്ര സന്തോഷം തോന്നിക്കാണും.
മറ്റുള്ളവർക്കുവേണ്ടി എളിയ ജോലികൾ ചെയ്യുന്നവരെ തരംതാഴ്ന്നവരായാണ് പലരും ഇന്നും കാണുന്നത്. എന്നാൽ ദൈവം അവരെ അങ്ങനെയല്ല കാണുന്നത്. തന്നെത്തന്നെ വിട്ടുകൊടുത്തുകൊണ്ട് യേശുവിനും ശിഷ്യന്മാർക്കും വേണ്ടി എളിയ സേവനങ്ങൾ ചെയ്ത മറിയയെ കാണുമ്പോൾ ദൈവത്തിന് അവളോട് എത്രമാത്രം ഇഷ്ടം തോന്നിയിട്ടുണ്ടാവും! നിങ്ങൾക്ക് അത് ഭാവനയിൽ കാണാൻ പറ്റുന്നുണ്ടോ? മറ്റുള്ളവർക്കുവേണ്ടി സന്തോഷത്തോടെ എളിയ സേവനങ്ങൾ ചെയ്യുന്ന വിശ്വസ്തരായ ക്രിസ്ത്യാനികൾ ഇന്നുമുണ്ട്. ചിലപ്പോൾ എന്തെങ്കിലും ദയാപ്രവൃത്തി ചെയ്യുന്നതോ അല്ലെങ്കിൽ ഒരു നല്ല വാക്കു പറയുന്നതോ മറ്റുള്ളവർക്ക് ഒരുപാട് ഗുണം ചെയ്യും. കൊടുക്കാനുള്ള ഇത്തരം മനോഭാവത്തെ യഹോവ വളരെ മൂല്യമുള്ളതായി കാണുന്നു.—സുഭാഷിതങ്ങൾ 19:17; എബ്രായർ 13:16.
“ദണ്ഡനസ്തംഭത്തിന് അരികെ”
എ. ഡി. 33-ലെ പെസഹ ആഘോഷിക്കാൻ യേശുവിനോടൊപ്പം യരുശലേമിലേക്കു പോയ സ്ത്രീകളിൽ ഒരാൾ മഗ്ദലക്കാരി മറിയയായിരുന്നു. (മത്തായി 27:55, 56) ആ രാത്രി യേശുവിനെ അറസ്റ്റു ചെയ്തു എന്ന വാർത്ത കേട്ടപ്പോൾ മറിയയുടെ മനസ്സു തളർന്നിട്ടുണ്ടാകും. എന്നാൽ കൂടുതൽ വിഷമിപ്പിക്കുന്ന വാർത്തകളായിരുന്നു മറിയയെ കാത്തിരുന്നത്. ജൂത മതനേതാക്കന്മാരുടെയും ജനക്കൂട്ടത്തിന്റെയും നിർബന്ധത്തിനു വഴങ്ങി ഗവർണറായ പൊന്തിയൊസ് പീലാത്തൊസ് യേശുവിനെ സ്തംഭത്തിലെ ക്രൂരമായ മരണത്തിനു വിട്ടുകൊടുക്കുന്നു. രക്തംവാർന്നൊഴുകി, ക്ഷീണിച്ച് അവശനായി, സ്തംഭവും ചുമന്നുകൊണ്ട് തെരുവിലൂടെ വേച്ചുവേച്ച് നടന്നുനീങ്ങുന്ന തന്റെ ഗുരുവിനെ മറിയ ഒരുപക്ഷേ കണ്ടിട്ടുണ്ടാകും.—യോഹന്നാൻ 19:6, 12, 15-17.
യേശുവിനെ സ്തംഭത്തിലേറ്റിയ സമയം. അസാധാരണമായ ഇരുട്ടു പരന്ന ആ സമയത്ത് മഗ്ദലക്കാരി മറിയയും മറ്റു സ്ത്രീകളും ‘ദണ്ഡനസ്തംഭത്തിന് അരികെത്തന്നെ’ നിൽക്കുന്നുണ്ടായിരുന്നു. (യോഹന്നാൻ 19:25) അവസാനത്തോളം അവിടെ നിന്നിരുന്ന മറിയ പല രംഗങ്ങൾക്കും സാക്ഷ്യം വഹിച്ചു. യേശു തന്റെ പ്രിയപ്പെട്ട അമ്മയെ, തന്റെ പ്രിയ സ്നേഹിതനായ യോഹന്നാൻ അപ്പോസ്തലനെ ഏൽപ്പിക്കുന്ന രംഗം, യേശു അതിവേദനയോടെ പിതാവിനോടു കരഞ്ഞ് അപേക്ഷിക്കുന്ന രംഗം, ഒടുവിൽ മരണത്തിനു തൊട്ടുമുമ്പ് “എല്ലാം പൂർത്തിയായി” എന്ന് യേശു അഭിമാനത്തോടെ പറയുന്ന രംഗം. ഇതൊക്കെ കണ്ട് മറിയ വലിയ മനോവേദനയിലായി. യേശു മരിച്ചുകഴിഞ്ഞിട്ടും മറിയ അവിടെനിന്നുപോകാതെ അങ്ങനെതന്നെ നിൽക്കുകയാണ്. പിന്നീട്, യേശുവിന്റെ ശരീരം ധനികനായ അരിമഥ്യക്കാരൻ യോസേഫിന്റെ പുതിയ കല്ലറയിൽ വെച്ചപ്പോഴും അവിടെയും നമ്മൾ മറിയയെ കാണുന്നു.—യോഹന്നാൻ 19:30; മത്തായി 27:45, 46, 57-61.
നമ്മുടെ സഹോദരങ്ങൾ വളരെ ബുദ്ധിമുട്ടു നിറഞ്ഞ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ, നമ്മൾ എന്തു ചെയ്യണമെന്നു മറിയയുടെ അനുഭവം പഠിപ്പിക്കുന്നു. നമുക്കു അവരുടെ സാഹചര്യത്തിനു മാറ്റം വരുത്താനോ വേദനകൾ ഇല്ലാതാക്കാനോ കഴിഞ്ഞെന്നുവരില്ല. പക്ഷേ നമുക്ക് അവരോട് അനുകമ്പ കാണിക്കാനും അവരെ ധൈര്യപ്പെടുത്താനും കഴിയും. വിഷമകരമായ സാഹചര്യങ്ങളിൽ പിടിച്ചുനിൽക്കാൻ നമ്മളെ മനസ്സിലാക്കുന്ന ഒരു കൂട്ടുകാരന്റെ സാന്നിധ്യംതന്നെ ധാരാളം. സഹായം ആവശ്യമുള്ളപ്പോൾ അവരിൽനിന്ന് ഒഴിഞ്ഞുമാറാതെ അവരുടെ കൂടെനിൽക്കുമ്പോൾ നമ്മൾ അവർക്കു വലിയ ആശ്വാസം പകരുകയായിരിക്കും. കൂടാതെ അത് അവരോടും ദൈവത്തോടും ഉള്ള വിശ്വസ്തതയും ആയിരിക്കും.—സുഭാഷിതങ്ങൾ 17:17.
“ഞാൻ കൊണ്ടുപൊയ്ക്കൊള്ളാം”
യേശുവിന്റെ ശരീരം കല്ലറയിൽ വെച്ചുകഴിഞ്ഞതിനു ശേഷം, സുഗന്ധവ്യഞ്ജനങ്ങൾ വാങ്ങാൻ പോയ സ്ത്രീകളുടെ കൂട്ടത്തിൽ മറിയയും ഉണ്ടായിരുന്നു. (മർക്കോസ് 16:1, 2; ലൂക്കോസ് 23:54-56) ശബത്തു കഴിഞ്ഞ അടുത്ത ദിവസം മറിയ അതിരാവിലെ എഴുന്നേറ്റു. വെട്ടം വീണുതുടങ്ങിയിട്ടില്ലാത്ത തെരുവീഥികളിലൂടെ ധൃതിയിൽ നടക്കുന്ന മറിയയെയും മറ്റു സ്ത്രീകളെയും നിങ്ങൾക്കു സങ്കൽപ്പിക്കാൻ കഴിയുന്നുണ്ടോ? നടക്കുന്നതിനിടെ അവർ, ഗുഹാമുഖത്തു വെച്ചിരിക്കുന്ന വലിയ കല്ല് എങ്ങനെ ഉരുട്ടിമാറ്റും എന്ന് തമ്മിൽത്തമ്മിൽ പറയുന്നുണ്ടായിരുന്നു. (മത്തായി 28:1; മർക്കോസ് 16:1-3) എന്തൊക്കെ ആയാലും അവരുടെ വിശ്വാസം അവരെ മുന്നോട്ടു നയിക്കുന്നു. അവർക്കു ചെയ്യാനുള്ളത് പരാമവധി ചെയ്യുക, ബാക്കി യഹോവയെ ഏൽപ്പിക്കുക. അതായിരുന്നു അവരുടെ ചിന്ത.
കല്ലറയുടെ അടുത്ത് ആദ്യം എത്തിച്ചേർന്നതു മറിയ ആയിരിക്കാം. കണ്ട കാഴ്ച മറിയയെ അത്ഭുതസ്തബ്ധയാക്കി. കല്ലറയുടെ വാതിൽക്കൽനിന്ന് കല്ല് എടുത്തുമാറ്റിയിരുന്നു! കല്ലറ ശൂന്യമായി കിടക്കുന്നു! ഊർജസ്വലത കൈമുതലായ മറിയ, ഇക്കാര്യം അറിയിക്കാനായി പത്രോസിന്റെയും യോഹന്നാന്റെയും അടുത്തേക്ക് പാഞ്ഞു. “കർത്താവിനെ കല്ലറയിൽനിന്ന് എടുത്തുകൊണ്ടുപോയി. എവിടെയാണു വെച്ചിരിക്കുന്നതെന്നു ഞങ്ങൾക്ക് അറിഞ്ഞുകൂടാ” എന്ന് കിതച്ചുകൊണ്ട് മറിയ പറയുന്നത് ഒന്നു ഭാവനയിൽ കണ്ടു നോക്കൂ! കേട്ടത് സത്യമാണോ എന്ന് അറിയാൻ അപ്പോൾത്തന്നെ പത്രോസും യോഹന്നാനും കല്ലറയുടെ അടുത്തേക്ക് ഓടി. അവർ കേട്ടതു സത്യമായിരുന്നു. അതു ബോധ്യമായ അവർ വീടുകളിലേക്കു മടങ്ങി. *—യോഹന്നാൻ 20:1-10.
മറിയ കല്ലറയുടെ അടുത്തേക്കു മടങ്ങിവന്നപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല. പുലരും മുമ്പുള്ള മൂകതയും കല്ലറയ്ക്കൽ തളംകെട്ടിനിന്ന ശൂന്യതയും മറിയയുടെ ദുഃഖത്തിന്റെ ആക്കം കൂട്ടി. ഉള്ളിൽ ചിറകെട്ടിനിറുത്തിയ സങ്കടം അണപൊട്ടിയൊഴുകി. തന്റെ പ്രിയപ്പെട്ട ഗുരുവിനെ കാണാനില്ല എന്ന സത്യം മറിയയ്ക്ക് ഇപ്പോഴും ഉൾക്കൊള്ളാനാകുന്നില്ല. മറിയ വീണ്ടും കുനിഞ്ഞ് കല്ലറയിലേക്കു നോക്കിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ അവിടെ കണ്ട കാഴ്ച മറിയയെ ഞെട്ടിക്കുന്നു! അതാ അവിടെ രണ്ടു ദൈവദൂതന്മാർ! അവർ മറിയയോടു ചോദിച്ചു: “എന്തിനാണ് ഇങ്ങനെ കരയുന്നത്?” അതിനു മറുപടിയായി അപ്പോസ്തലന്മാരോടു പറഞ്ഞ അതേ വാക്കുകൾ ഒരു തേങ്ങലോടെ മറിയ പറയുന്നു: “അവർ എന്റെ കർത്താവിനെ എടുത്തുകൊണ്ടുപോയി. അദ്ദേഹത്തെ അവർ എവിടെ വെച്ചെന്ന് എനിക്ക് അറിഞ്ഞുകൂടാ.”—യോഹന്നാൻ 20:11-13.
ഇതു പറഞ്ഞിട്ട് മറിയ തിരിഞ്ഞുനോക്കിയപ്പോൾ അതാ, ഒരാൾ പുറകിൽ നിൽക്കുന്നു. മറിയയ്ക്ക് അത് ആരാണെന്നു മനസ്സിലായില്ല. മറിയ വിചാരിച്ചത് അത് അവിടുത്തെ തോട്ടക്കാരനാണെന്നാണ്. അദ്ദേഹം വളരെ ദയയോടെ മറിയയോട് ഇങ്ങനെ ചോദിച്ചു: “സ്ത്രീയേ, എന്തിനാണു കരയുന്നത്? ആരെയാണു നീ അന്വേഷിക്കുന്നത്?” അതിനു മറിയ: “യജമാനനേ, അങ്ങാണു യേശുവിനെ എടുത്തുകൊണ്ടുപോയതെങ്കിൽ അദ്ദേഹത്തെ എവിടെ വെച്ചെന്നു പറയൂ. ഞാൻ കൊണ്ടുപൊയ്ക്കൊള്ളാം.” (യോഹന്നാൻ 20:14, 15) ഒരു സ്ത്രീക്ക്, ഒറ്റയ്ക്ക്, നല്ല കരുത്തും ആരോഗ്യവും ഉള്ള ഒരു മനുഷ്യനെ എടുത്ത് കൊണ്ടുപോകാൻ പറ്റുമോ? അതിനെക്കുറിച്ച് ഒന്നും മറിയ ചിന്തിച്ചിട്ടുണ്ടാകില്ല. തനിക്കു ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യുക, അതായിരുന്നു മറിയയുടെ ചിന്ത.
താങ്ങാവുന്നതിലും അപ്പുറം വിഷമങ്ങളും പ്രയാസങ്ങളും വരുമ്പോൾ മഗ്ദലക്കാരി മറിയയെ നമുക്ക് എങ്ങനെ അനുകരിക്കാം? വിഷമങ്ങളിലേക്കും തടസ്സങ്ങളിലേക്കും മാത്രം നോക്കിക്കൊണ്ടിരിക്കുകയാണെങ്കിൽ നമ്മൾ ഭയന്ന് തളർന്നുപോകും. എന്നാൽ, നമ്മുടെ കഴിവിന്റെ പരമാവധി ചെയ്തുകൊണ്ട് ബാക്കി ഭാഗം ദൈവത്തിനു വിട്ടുകൊടുത്താൽ നമ്മൾ ചിന്തിക്കുന്നതിനപ്പുറമായിരിക്കാം അതിന്റെ ഫലം. (2 കൊരിന്ത്യർ 12:10; ഫിലിപ്പിയർ 4:13) ഏറ്റവും പ്രധാനമായി അങ്ങനെ ചെയ്യുമ്പോൾ നമ്മൾ യഹോവയെ സന്തോഷിപ്പിക്കുകയാണ്. അതാണ് മറിയ ചെയ്തത്. ദൈവം മറിയയെ അനുഗ്രഹിച്ചു, മറിയയ്ക്ക് ഊഹിക്കാൻ കഴിയുന്നതിലും അപ്പുറം!
“ഞാൻ കർത്താവിനെ കണ്ടു”
മറിയയോടു സംസാരിച്ച വ്യക്തി തോട്ടക്കാരനായിരുന്നില്ല. അപ്പോൾ പിന്നെ അദ്ദേഹം ആരാണ്? അദ്ദേഹം ഒരിക്കൽ ഒരു മരപ്പണിക്കാരനായിരുന്നു. പിന്നെ ഒരു അധ്യാപകനായി. പിന്നീട് മറിയയുടെ പ്രിയപ്പെട്ട കർത്താവും. പക്ഷേ മറിയ ഇതൊന്നും അറിയുന്നില്ല. അവൾ തിരികെ പോകാൻ ഒരുങ്ങുന്നു. വാസ്തവത്തിൽ യേശു ഒരു ആത്മവ്യക്തിയായി ഉയിർത്തെഴുന്നേറ്റിരുന്നു. പുതിയ മനുഷ്യശരീരമെടുത്താണ് ഇപ്പോൾ വന്നിരിക്കുന്നത്. പുനരുത്ഥാനപ്പെട്ടതിനു ശേഷം, തന്നെ അടുത്ത് അറിയാവുന്ന പലരുടെയും മുമ്പിൽ യേശു പ്രത്യക്ഷപ്പെട്ടിരുന്നു. അവർക്കും യേശുവിനെ തിരിച്ചറിയാനായില്ല.—ലൂക്കോസ് 24:13-16; യോഹന്നാൻ 21:4.
താൻ ആരാണെന്ന് യേശു മറിയയെ അറിയിച്ചത് എങ്ങനെയാണ്? “മറിയേ” എന്ന തന്റെ ഒറ്റ വിളിയിലൂടെ! അത് കേട്ട നിമിഷത്തിൽ അവൾ ആശ്ചര്യത്തോടെ ചുറ്റും നോക്കി. എന്നിട്ട് ഉറക്കെ എബ്രായഭാഷയിൽ “റബ്ബോനി!” എന്നു വിളിച്ചു. എത്രയോ തവണ അവൾ അങ്ങനെ വിളിച്ചിരിക്കുന്നു. അത് അവളുടെ പ്രിയപ്പെട്ട ഗുരുവായിരുന്നു! അവളുടെ ഉള്ളിൽ സന്തോഷം അലതല്ലി, അവൾ യേശുവിനെ പോകാൻ അനുവദിക്കുന്നില്ല.—യോഹന്നാൻ 20:16.
യേശു മറിയയുടെ ചിന്തകൾ മനസ്സിലാക്കുന്നു. എന്നിട്ട് വാത്സല്യം നിറഞ്ഞ ഒരു ചിരിയോടെ തന്നെ പിടിച്ചുനിറുത്താൻ ശ്രമിക്കുന്ന മറിയയോട്, “എന്നെ ഇങ്ങനെ പിടിച്ചുനിറുത്തരുത്. ഞാൻ ഇതുവരെ പിതാവിന്റെ അടുത്തേക്കു കയറിപ്പോയിട്ടില്ല” എന്നു പറയുന്നത് ഒന്നു മനസ്സിൽ കണ്ടുനോക്കൂ. യേശുവിന് ഇപ്പോഴും സ്വർഗത്തിലേക്ക് പോകാനുള്ള സമയമായിട്ടില്ല. ചില ജോലികൾകൂടി യേശുവിന് ചെയ്ത് തീർക്കാനുണ്ടായിരുന്നു. മറിയയുടെ സഹായം യേശുവിന് ആവശ്യമായിരുന്നു. യേശു പറഞ്ഞ എല്ലാ കാര്യങ്ങളും മറിയ നന്നായി ശ്രദ്ധിച്ചിട്ടുണ്ടാകും. “ഞാൻ എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവും ആയവന്റെ അടുത്തേക്കു കയറിപ്പോകുന്നു” എന്ന് ശിഷ്യന്മാരോടു പറയാൻ യേശു അവളെ ചുമതലപ്പെടുത്തുന്നു.—യോഹന്നാൻ 20:17.
പുനരുത്ഥാനം ചെയ്ത യേശുവിനെ ആദ്യം കാണാനുള്ള അനുഗ്രഹം കിട്ടിയ ശിഷ്യരിൽ ഒരാൾ മറിയയായിരുന്നു. ആ സന്തോഷവാർത്ത മറ്റുള്ളവരോടു പറയാനുള്ള പദവിയും മറിയയ്ക്കുതന്നെ കിട്ടി. എത്ര വലിയ നിയമനമാണ് മറിയയ്ക്ക് തന്റെ ഗുരുവിൽനിന്ന് കിട്ടിയത്! വളരെ ഉത്സാഹത്തോടെയും സന്തോഷത്തോടെയും ആയിരിക്കില്ലേ മറിയ ശിഷ്യന്മാരെ തേടിപ്പോയിട്ടുണ്ടാകുക! “ഞാൻ കർത്താവിനെ കണ്ടു” എന്ന വാക്കുകൾ മറിയ കിതച്ചുകൊണ്ട് ശിഷ്യന്മാരോടു പറയുന്നത് ഒന്നു സങ്കൽപ്പിച്ചുനോക്കൂ! ആ വാക്കുകൾ അവളുടെയും ശിഷ്യന്മാരുടെയും മനസ്സിൽ മായാതെ നിന്നിട്ടുണ്ടാകും. യേശു തന്നോടു പറഞ്ഞതെല്ലാം മറിയ ഒറ്റശ്വാസത്തിൽ അവരെ പറഞ്ഞുകേൾപ്പിച്ചു. (യോഹന്നാൻ 20:18) കല്ലറയ്ക്കൽ പോയ സ്ത്രീകൾ പറഞ്ഞ കാര്യവും മറിയ പറഞ്ഞ കാര്യവും കേട്ടപ്പോൾ യേശുവിന്റെ ശിഷ്യന്മാർക്ക് കഥയുടെ മുഴുവൻ ചിത്രവും കിട്ടിയിട്ടുണ്ടാകണം.—ലൂക്കോസ് 24:1-3, 10.
“അവർ ആ സ്ത്രീകളെ വിശ്വസിച്ചില്ല”
എന്നാൽ ശിഷ്യന്മാർ എങ്ങനെ പ്രതികരിച്ചു? ആദ്യത്തെ പ്രതികരണം അത്ര നല്ലതായിരുന്നില്ല. ബൈബിൾ ഇങ്ങനെ പറയുന്നു: “എന്നാൽ അവർ പറഞ്ഞതൊക്കെ ഒരു കെട്ടുകഥപോലെ തോന്നിയതുകൊണ്ട് അവർ ആ സ്ത്രീകളെ വിശ്വസിച്ചില്ല.” (ലൂക്കോസ് 24:11) അപ്പോസ്തലന്മാർ നല്ല മനസ്സുള്ളവരായിരുന്നെങ്കിലും അവർ വളർന്നുവന്നത് സ്ത്രീകളെ വിശ്വസിക്കാത്ത ഒരു സമൂഹത്തിലായിരുന്നു. റബ്ബിമാരുടെ പാരമ്പര്യം അനുസരിച്ച് സ്ത്രീകളെ കോടതിയിൽ സാക്ഷ്യം പറയാൻ അനുവദിച്ചിരുന്നില്ല. അത്തരം സംസ്കാരം അപ്പോസ്തലന്മാരെ എത്രമാത്രം സ്വാധീനിച്ചിരുന്നു എന്ന് ഒരുപക്ഷേ അവർതന്നെ തിരിച്ചറിഞ്ഞിരിക്കണമെന്നില്ല. എന്നാൽ യേശുവിനും യഹോവയ്ക്കും അത്തരം മുൻവിധികൾ ഉണ്ടായിരുന്നില്ല. വിശ്വസ്തരായ സ്ത്രീകൾക്ക് എത്ര വലിയ പദവിയാണ് യഹോവ കൊടുത്തത്!
ശിഷ്യന്മാരുടെ പ്രതികരണം മറിയയെ വിഷമിപ്പിച്ചില്ല. ആരു വിശ്വസിച്ചില്ലെങ്കിലും യേശു തന്നെ വിശ്വസിക്കുന്നുണ്ടെന്ന് മറിയയ്ക്ക് അറിയാം. മറിയയ്ക്ക് അതു മതിയായിരുന്നു. യേശുവിനെ അനുഗമിക്കുന്ന എല്ലാവർക്കും ഇതുപോലെ ഒരു സന്ദേശം അറിയിക്കാനുള്ള ഉത്തരവാദിത്വം ഇന്ന് ഉണ്ട്. ബൈബിൾ ആ സന്ദേശത്തെ “ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത” എന്നാണ് വിളിക്കുന്നത്. (ലൂക്കോസ് 8:1) എന്നാൽ എല്ലാവരും ഈ സന്തോഷവാർത്തയിൽ വിശ്വാസം അർപ്പിക്കുമെന്നോ ഈ വേലയെ വിലമതിക്കുമെന്നോ യേശു തന്റെ അനുഗാമികളോടു പറഞ്ഞിരുന്നില്ല. നേരെ മറിച്ചായിരിക്കും സംഭവിക്കുക. (യോഹന്നാൻ 15:20, 21) അതുകൊണ്ട് നമ്മൾ മഗ്ദലക്കാരി മറിയയുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നതു നന്നായിരിക്കും. സ്വന്തം ആത്മീയ സഹോദരങ്ങൾക്ക് മറിയ അറിയിച്ച സന്തോഷവാർത്തയിൽ സംശയം തോന്നി. എന്നാൽ അതൊന്നും യേശു പുനരുത്ഥാനപ്പെട്ടു എന്ന സന്തോഷവാർത്ത അറിയിക്കുന്നതിൽനിന്ന് മറിയയെ തടഞ്ഞില്ല. തുടർന്നും അവൾ സന്തോഷത്തോടെ അത് ഘോഷിച്ചു.
എന്നാൽ പിന്നീട് യേശു അപ്പോസ്തലന്മാർക്കും തന്റെ മറ്റ് അനുഗാമികൾക്കും പ്രത്യക്ഷനായി. ഒരിക്കൽ 500-ലധികം പേർക്ക് ഒരുമിച്ച് പ്രത്യക്ഷനായി. (1 കൊരിന്ത്യർ 15:3-8) യേശു ഓരോ പ്രാവശ്യവും മറ്റുള്ളവർക്കു പ്രത്യക്ഷപ്പെടുന്നതു കാണുകയോ കേൾക്കുകയോ ചെയ്യുമ്പോൾ അതു മറിയയുടെ വിശ്വാസത്തെ എത്രമാത്രം ബലപ്പെടുത്തിയിട്ടുണ്ടാകും. പെന്തിക്കോസ്ത് ദിവസം യരുശലേമിൽ യോഗത്തിനു കൂടിവന്നിരുന്ന യേശുവിന്റെ അനുഗാമികളിൽ, പരിശുദ്ധാത്മാവ് പകരപ്പെട്ടപ്പോൾ ആ കൂട്ടത്തിൽ ചിലപ്പോൾ മഗ്ദലക്കാരി മറിയയും ഉണ്ടായിരുന്നിരിക്കാം.—പ്രവൃത്തികൾ 1:14, 15; 2:1-4.
വിശ്വാസം എന്ന അമൂല്യമായ ഗുണം നഷ്ടപ്പെടുത്താതിരിക്കാൻ മഗ്ദലക്കാരി മറിയ അവസാനത്തോളം ശ്രമിച്ചു എന്ന് നമുക്ക് ന്യായമായും വിശ്വസിക്കാം. മറിയയെപ്പോലെ നമുക്കും അതിനുവേണ്ടി ശ്രമിക്കാം! യേശു നമുക്കുവേണ്ടി ചെയ്ത കാര്യങ്ങളോടു നമ്മൾ നന്ദി കാണിക്കുന്നുണ്ടോ? ദൈവത്തിൽ വിശ്വാസം അർപ്പിച്ചുകൊണ്ട് നമ്മൾ താഴ്മയോടെ മറ്റുള്ളവരെ സഹായിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ നമ്മളും മഗ്ദലക്കാരി മറിയയുടെ വിശ്വാസം അനുകരിക്കുകയാണ്.
^ ഖ. 17 മറിയയുടെ കൂടെ വന്ന സ്ത്രീകളോടു യേശുവിന്റെ പുനരുത്ഥാനത്തെക്കുറിച്ച് ദൂതൻ പറയുന്ന സമയത്ത് മറിയ അവിടെയുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ യേശുവിന്റെ ശരീരം കാണാത്തതിന്റെ കാരണത്തെക്കുറിച്ച് ദൂതൻ പറഞ്ഞ കാര്യങ്ങൾ തീർച്ചയായും പത്രോസിനോടും യോഹന്നാനോടും മറിയ പറഞ്ഞേനേ.—മത്തായി 28:2-4; മർക്കോസ് 16:1-8.