ബൈബിൾവാക്യങ്ങളുടെ വിശദീകരണം
ഉൽപത്തി 1:1—“ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു”
“ആരംഭത്തിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.”—ഉൽപത്തി 1:1, പുതിയ ലോക ഭാഷാന്തരം.
“ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.”—ഉൽപത്തി 1:1, പി.ഒ.സി.
ഉൽപത്തി 1:1-ന്റെ അർഥം
ബൈബിളിലെ ആദ്യത്തെ ഈ വചനം രണ്ടു പ്രധാന സത്യങ്ങൾ വെളിപ്പെടുത്തുന്നു. ഒന്ന്, “ആകാശവും ഭൂമിയും” അല്ലെങ്കിൽ പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടായിരുന്നു. രണ്ട്, ദൈവമാണ് അവയെ സൃഷ്ടിച്ചത്.—വെളിപാട് 4:11.
ദൈവം പ്രപഞ്ചം സൃഷ്ടിച്ചിട്ട് എത്ര നാളായി എന്നോ അതിനെ എങ്ങനെയാണു സൃഷ്ടിച്ചത് എന്നോ ബൈബിൾ പറയുന്നില്ല. എന്നാൽ ദൈവം തന്റെ “അപാരമായ ഊർജവും ഭയഗംഭീരമായ ശക്തിയും” ഉപയോഗിച്ചാണു പ്രപഞ്ചത്തെ സൃഷ്ടിച്ചതെന്നു ബൈബിൾ പറയുന്നുണ്ട്.—യശയ്യ 40:26.
ഉൽപത്തി 1:1-ലെ “സൃഷ്ടിച്ചു” എന്ന വാക്ക് ഒരു എബ്രായ ക്രിയാപദത്തിൽനിന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നതാണ്. ആ പദം, ദൈവം എന്തെങ്കിലും സൃഷ്ടിക്കുന്നതിനെ a കുറിക്കാൻ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ബൈബിളിൽ ദൈവമായ യഹോവയെ b മാത്രമാണു സ്രഷ്ടാവായി പറഞ്ഞിരിക്കുന്നത്. —യശയ്യ 42:5; 45:18.
ഉൽപത്തി 1:1-ന്റെ സന്ദർഭം
ഉൽപത്തി ഒന്ന്, രണ്ട് അധ്യായങ്ങളിൽ വിവരിച്ചിരിക്കുന്ന സൃഷ്ടിപ്പിൻവിവരണത്തിന് ആദ്യത്തെ ഈ വാക്യം നല്ലൊരു ആമുഖം തരുന്നു. ഉൽപത്തി 1:1 മുതൽ 2:4 വരെയുള്ള ഭാഗത്ത് ദൈവം ഭൂമിയെയും, ആദ്യത്തെ മനുഷ്യനും സ്ത്രീയും ഉൾപ്പെടെ സകല ജീവജാലങ്ങളെയും സൃഷ്ടിച്ചതിനെക്കുറിച്ച് വളരെ ചുരുക്കമായി വിവരിച്ചിരിക്കുന്നു. ഈ ഹ്രസ്വമായ വിവരണത്തിനുശേഷം, പുരുഷന്റെയും സ്ത്രീയുടെയും സൃഷ്ടിയെക്കുറിച്ച് കൂടുതലായ വിശദീകരണം ബൈബിൾ തരുന്നു.—ഉൽപത്തി 2:7-25.
ആറ് “ദിവസം” എന്ന് അറിയപ്പെടുന്ന ഒരു കാലഘട്ടംകൊണ്ടാണ് ദൈവം സൃഷ്ടിക്രിയകൾ നടത്തിയതെന്ന് ഉൽപത്തി പുസ്തകം പറയുന്നു. അത് 24 മണിക്കൂർ അടങ്ങുന്ന അക്ഷരീയമായ ദിവസങ്ങൾ അല്ല. അതിന്റെ സമയദൈർഘ്യം കൃത്യമായി കണക്കുകൂട്ടാൻ കഴിയില്ല. “ദിവസം” എന്ന വാക്ക് 24 മണിക്കൂറിനെ കുറിക്കാൻ മാത്രമല്ല ഉപയോഗിക്കുന്നത്. കാരണം ഉൽപത്തി 2:4-ൽ ‘ദിവസവും,’ ‘സമയവും’ ഒരേ അർഥത്തിൽ ഉപയോഗിച്ചിരിക്കുന്നതായി കാണാം. ഇനി, ആ വാക്യത്തിൽ ദൈവം സൃഷ്ടിക്രിയകൾ നടത്തിയ ആറു ദിവസങ്ങളെ ഒരൊറ്റ ‘ദിവസമായി’ ചുരുക്കിപ്പറഞ്ഞിട്ടുമുണ്ട്.
ഉൽപത്തി 1:1-നെക്കുറിച്ചുള്ള തെറ്റിദ്ധാരണങ്ങൾ
തെറ്റിദ്ധാരണ: പ്രപഞ്ചത്തിന് ഏതാനും ആയിരം വർഷങ്ങളുടെ പഴക്കമേ ഉള്ളൂ.
വസ്തുത: പ്രപഞ്ചം എന്നാണു സൃഷ്ടിക്കപ്പെട്ടത് എന്നു ബൈബിൾ കൃത്യമായി പറയുന്നില്ല. പ്രപഞ്ചത്തിനു കോടിക്കണക്കിനു വർഷത്തെ പഴക്കമുണ്ടെന്ന ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം ഉൽപത്തി 1:1 ഖണ്ഡിക്കുന്നില്ല. c
തെറ്റിദ്ധാരണ: ഉൽപത്തി 1:1-ലെ വിവരണം കാണിക്കുന്നതു ദൈവം ത്രിത്വമാണെന്നാണ്. കാരണം “ദൈവം” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായപദം ബഹുവചനരൂപത്തിലാണ് അവിടെ കൊടുത്തിരിക്കുന്നത്.
വസ്തുത: ആ വാക്യത്തിൽ “ദൈവം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന “എലോഹിം” എന്ന എബ്രായപദം ബഹുവചനരൂപത്തിൽ ഉപയോഗിച്ചിരിക്കുന്നത്, മഹിമയെയും ഗാംഭീര്യത്തെയും കുറിക്കാനാണ് അല്ലാതെ ഒന്നിൽ കൂടുതൽ വ്യക്തികൾ ഉണ്ടെന്ന് സൂചിപ്പിക്കാനല്ല. അതെക്കുറിച്ച് പുതിയ കത്തോലിക്കാ സർവവിജ്ഞാനകോശം (ഇംഗ്ലീഷ്) പറയുന്നത്, “എലോഹിം” ബഹുവചനരൂപത്തിൽ കാണുന്ന ഉൽപത്തി 1:1 പോലുള്ള വാക്യങ്ങളിൽ “എലോഹിം” “എന്ന പദത്തോടൊപ്പം ക്രിയ വരുന്നെങ്കിൽ അത് എപ്പോഴും ഏകവചനത്തിലായിരിക്കും” എന്നാണ്. ആ പുസ്തകം തുടരുന്നു: “‘എലോഹിം’ ഒരൊറ്റ വ്യക്തിയെയാണു കുറിക്കുന്നതെന്ന് അതു സൂചിപ്പിക്കുന്നു. എങ്കിലും ഇവിടെ ബഹുവചനരൂപം ഉപയോഗിച്ചിരിക്കുന്നത് രാജാക്കന്മാരും മറ്റും സ്വന്തപ്രൗഢിയെ സൂചിപ്പിക്കാൻ നാം എന്ന ബഹുവചനപദം ഉപയോഗിക്കുന്നതുപോലെ ബഹുമാനത്തെ സൂചിപ്പിക്കാൻ മാത്രമാണ്.”—രണ്ടാം പതിപ്പ്, വാല്യം 6, പേജ് 272.
ഉൽപത്തി ഒന്നാം അധ്യായം വായിക്കുക. അടിക്കുറിപ്പുകളും ഒത്തുവാക്യങ്ങളും കാണാം.
a എച്ച്. സി. എസ്. ബി. പഠനബൈബിൾ (ഇംഗ്ലീഷ്) പേജ്-7 ൽ ഈ വാക്കിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “ബൈബിളിൽ ബാറാ എന്ന വാക്കു കർത്തരിപ്രയോഗത്തിൽ (‘സൃഷ്ടിക്കുക’ എന്ന അർഥത്തിൽ) ഉപയോഗിച്ചിരിക്കുന്നിടത്തൊന്നും ഒരു മനുഷ്യനെ അതിന്റെ കർത്താവായി കൊടുത്തിട്ടില്ല. അതു സൂചിപ്പിക്കുന്നത് ബാറാ എന്ന പദം ദൈവം ചെയ്യുന്ന പ്രവൃത്തികളെ മാത്രം കുറിക്കാനാണ് ഉപയോഗിക്കുന്നത് എന്നാണ്.”
b ദൈവത്തിന്റെ പേര് യഹോവ എന്നാണ്.—സങ്കീർത്തനം 83:18.
c “ആദിയിൽ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദത്തെക്കുറിച്ച് ഒരു ബൈബിൾ വ്യാഖ്യാനഗ്രന്ഥം [ദി എക്സ്പോസിറ്റേഴ്സ് ബൈബിൾ കമെന്ററി (ഇംഗ്ലീഷ്)] പറയുന്നത്: “ആദിയിൽ എന്ന പദത്തിൽനിന്ന് ആ കാലഘട്ടത്തിന്റെ ദൈർഘ്യമോ നീളമോ കൃത്യമായി മനസ്സിലാക്കാൻ കഴിയില്ല.”—പരിഷ്കരിച്ച പതിപ്പ് വാല്യം 1, പേജ് 51.