ബൈബിൾവാക്യങ്ങളുടെ വിശദീകരണം
പ്രവൃത്തികൾ 1:8—“നിങ്ങൾക്കു ശക്തി ലഭിക്കും”
“പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾക്കു ശക്തി കിട്ടും. അങ്ങനെ നിങ്ങൾ യരുശലേമിലും യഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെയും എന്റെ സാക്ഷികളായിരിക്കും.”—പ്രവൃത്തികൾ 1:8, പുതിയ ലോക ഭാഷാന്തരം.
“പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.”—പ്രവൃത്തികൾ 1:8, സത്യവേദപുസ്തകം.
പ്രവൃത്തികൾ 1:8-ന്റെ അർഥം
ലോകത്തിന്റെ ഏറ്റവും വിദൂരഭാഗങ്ങളിൽപ്പോലും ശുശ്രൂഷ ചെയ്യാൻ പരിശുദ്ധാത്മാവ് സഹായിക്കുമെന്ന് യേശു തന്റെ അനുഗാമികളോട് വാഗ്ദാനം ചെയ്തു.
“പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾക്കു ശക്തി കിട്ടും.” സ്വർഗത്തിലേക്കു മടങ്ങിപ്പോയശേഷം തന്റെ അനുഗാമികൾക്ക് പരിശുദ്ധാത്മാവിന്റെ a സഹായം ലഭിക്കുമെന്ന് യേശു അവരോട് നേരത്തേ വാഗ്ദാനം ചെയ്തിരുന്നു. ഇവിടെ ആ ഉറപ്പ് യേശു അവർക്ക് വീണ്ടും നൽകുകയാണ്. (യോഹന്നാൻ 14:16, 26) യേശു സ്വർഗത്തിലേക്കു പോയി പത്ത് ദിവസം കഴിഞ്ഞ്, അതായത് എ.ഡി. 33-ൽ ശിഷ്യന്മാർക്ക് പരിശുദ്ധാത്മാവിനെ ലഭിച്ചു. (പ്രവൃത്തികൾ 2:1-4) പരിശുദ്ധാത്മാവിനെ ലഭിച്ചുകഴിഞ്ഞപ്പോൾ അവർക്കു വ്യത്യസ്ത ഭാഷകളിൽ സംസാരിക്കാനും അത്ഭുതങ്ങൾ ചെയ്യാനും കഴിഞ്ഞു. മാത്രമല്ല, യേശുവിലുള്ള വിശ്വാസത്തെക്കുറിച്ച് ധൈര്യത്തോടെ പ്രസംഗിക്കാനുള്ള പ്രാപ്തിയും അവർക്കു ലഭിച്ചു.—പ്രവൃത്തികൾ 3:1-8; 4:33; 6:8-10; 14:3, 8-10.
“നിങ്ങൾ . . . എന്റെ സാക്ഷികളായിരിക്കും.” “സാക്ഷി” എന്നതിന്റെ അർഥം താൻ നേരിട്ട് കണ്ടതിന്റെയോ സ്വന്തം അനുഭവത്തിന്റെയോ അടിസ്ഥാനത്തിൽ “ഒരു കാര്യം ഉറപ്പിച്ചുപറയുന്ന ഒരാൾ” എന്നാണ്. യേശുവിന്റെ ജീവിതം നേരിട്ട് കണ്ടിരുന്നതുകൊണ്ട് അപ്പോസ്തലന്മാർക്ക് യേശുവിന്റെ ശുശ്രൂഷയെക്കുറിച്ചും മരണത്തെക്കുറിച്ചും പുനരുത്ഥാനത്തെക്കുറിച്ചും സാക്ഷ്യപ്പെടുത്താൻ കഴിയുമായിരുന്നു. (പ്രവൃത്തികൾ 2:32; 3:15; 5:32; 10:39) അപ്പോസ്തലന്മാരുടെ അനിഷേധ്യമായ ഈ സാക്ഷ്യമൊഴികൾ കാരണം വാഗ്ദത്തമിശിഹയായ ക്രിസ്തുവാണ് യേശു എന്ന് അനേകർക്കും ബോധ്യമായി. (പ്രവൃത്തികൾ 2:32-36, 41) അപ്പോസ്തലന്മാർ പറഞ്ഞ കാര്യങ്ങൾ വിശ്വസിച്ചവർ യേശുവിന്റെ സാക്ഷികളായി. അവരും മറ്റുള്ളവരോട് യേശുവിന്റെ ജീവിതത്തെയും മരണത്തെയും പുനരുത്ഥാനത്തെയും കുറിച്ച് പ്രസംഗിച്ചു.—പ്രവൃത്തികൾ 17:2, 3; 18:5.
“ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെയും.” ഈ പദപ്രയോഗത്തെ “ഭൂമിയുടെ അറ്റത്തോളം” അല്ലെങ്കിൽ “മറ്റു നാടുകളിലേക്ക്” എന്നൊക്കെ പരിഭാഷപ്പെടുത്താനാകും. തന്റെ അനുഗാമികൾ ഏത് അറ്റംവരെ തന്നെക്കുറിച്ച് സാക്ഷ്യപ്പെടുത്തുമെന്ന് യേശു ഇതിലൂടെ സൂചിപ്പിക്കുകയായിരുന്നു. അവർ യഹൂദ്യയും ശമര്യയും ഒക്കെ കടന്ന് മറ്റു സ്ഥലങ്ങളിലേക്കും തങ്ങളുടെ വിശ്വാസത്തെക്കുറിച്ച് പറയും. യേശു ചെയ്തതിനെക്കാൾ കൂടുതൽ അവർ ചെയ്യും. അവരുടെ പ്രവർത്തനം കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിക്കുകയും കൂടുതൽ ആളുകൾ യേശുവിനെക്കുറിച്ച് അറിയുകയും ചെയ്യുമായിരുന്നു. (മത്തായി 28:19; യോഹന്നാൻ 14:12) യേശു ഈ വാക്കുകൾ പറഞ്ഞ് 30 വർഷത്തിനുള്ളിൽത്തന്നെ അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതുകയുണ്ടായി: യേശുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത ‘ആകാശത്തിൻകീഴിലുള്ള എല്ലാ സൃഷ്ടികളുടെ ഇടയിലും ഘോഷിച്ചു.’ വിദൂരസ്ഥലങ്ങളായ റോം, പാർത്ത്യ (കാസ്പിയൻ കടലിന്റെ തെക്കുകിഴക്ക്), വടക്കേ ആഫ്രിക്ക എന്നിവിടങ്ങളിൽപ്പോലും സന്തോഷവാർത്ത എത്തി.—കൊലോസ്യർ 1:23; പ്രവൃത്തികൾ 2:5, 9-11.
പ്രവൃത്തികൾ 1:8-ന്റെ സന്ദർഭം
ലൂക്കോസിന്റെ സുവിശേഷത്തിൽ അവസാനഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്ന അതേ സംഭവങ്ങൾതന്നെ വിവരിച്ചുകൊണ്ടാണ് പ്രവൃത്തികളുടെ പുസ്തകം ആരംഭിക്കുന്നത്. (ലൂക്കോസ് 24:44-49; പ്രവൃത്തികൾ 1:4, 5) യേശു പുനരുത്ഥാനശേഷം തന്റെ അനുഗാമികൾക്കു പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ച് വിവരിച്ചുകൊണ്ടാണ് പ്രവൃത്തികളുടെ പുസ്തകത്തിന്റെ എഴുത്തുകാരനായ ലൂക്കോസ് തന്റെ വിവരണം തുടങ്ങുന്നത്. (പ്രവൃത്തികൾ 1:1-3) ക്രിസ്തീയസഭ സ്ഥാപിതമായതിനെക്കുറിച്ചും എ.ഡി. 33 മുതൽ ഏകദേശം എ.ഡി. 61 വരെയുള്ള കാലഘട്ടത്തിൽ അതിനുണ്ടായ വളർച്ചയെക്കുറിച്ചും അദ്ദേഹം പിന്നീട് എഴുതി.—പ്രവൃത്തികൾ 11:26.
പ്രവൃത്തികൾ 1:8-ന്റെ സന്ദർഭം നോക്കുകയാണെങ്കിൽ, ശിഷ്യന്മാർ യേശുവിനോട് തങ്ങൾ ജീവിച്ചിരിക്കുന്ന കാലത്തുതന്നെ ദൈവരാജ്യത്തിന്റെ രാജാവായി യേശു ഭരണം തുടങ്ങുമോ എന്ന് ചോദിക്കുന്നു. (പ്രവൃത്തികൾ 1: 6) രാജ്യം എപ്പോൾ സ്ഥാപിതമാകും എന്നതിനെക്കുറിച്ച് നിങ്ങൾ അമിതമായി ഉത്കണ്ഠപ്പെടേണ്ട എന്ന് യേശു അതിനു മറുപടിയായി പറഞ്ഞു. (പ്രവൃത്തികൾ 1:7) അതിനു പകരം, “ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെയും” യേശുവിനെക്കുറിച്ചുള്ള സാക്ഷ്യം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവരോട് ആവശ്യപ്പെട്ടു. (പ്രവൃത്തികൾ 1:8) ഇതേ മാതൃക പിൻപറ്റിക്കൊണ്ട് ഇന്നു ക്രിസ്ത്യാനികളും ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത തീക്ഷ്ണതയോടെ പ്രസംഗിക്കുന്നു.—മത്തായി 24:14.
പ്രവൃത്തികളുടെ പുസ്തകത്തെക്കുറിച്ചുള്ള ഒരു ആകമാനവീക്ഷണം അറിയാൻ ഈ വീഡിയോ കാണുക.
a കാര്യങ്ങൾ ചെയ്യാൻ ദൈവം ഉപയോഗിക്കുന്ന ശക്തിയാണ് പരിശുദ്ധാത്മാവ്. ദൈവം എല്ലാം ചെയ്യുന്നത് ഈ ശക്തി ഉപയോഗിച്ചാണ്. (ഉൽപത്തി 1:2) കൂടുതൽ വിവരങ്ങൾക്കായി “എന്താണ് പരിശുദ്ധാത്മാവ്?” എന്ന ലേഖനം കാണുക.