ബൈബിൾവാക്യങ്ങളുടെ വിശദീകരണം
ഫിലിപ്പിയർ 4:13—“എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിനും മതിയാകുന്നു”
“എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിനും മതിയാകുന്നു.”—ഫിലിപ്പിയർ 4:13, സത്യവേദപുസ്തകം.
“എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്കു സാധിക്കും.”—ഫിലിപ്പിയർ 4:13, പി.ഒ.സി. ബൈബിൾ.
ഫിലിപ്പിയർ 4:13-ന്റെ അർഥം
ദൈവത്തെ ആരാധിക്കുന്നവർക്കു ദൈവത്തിന്റെ ഇഷ്ടം ചെയ്യാനുള്ള ശക്തി ലഭിക്കുമെന്നു പൗലോസ് അപ്പോസ്തലന്റെ ഈ വാക്കുകൾ ഉറപ്പു നൽകുന്നു.
പല ആധുനികപരിഭാഷകളും ഈ വാക്കുകളെ “എന്നെ ശക്തനാക്കുന്നവൻ” (സത്യവേദപുസ്തകം), “എന്നെ ശക്തിപ്പെടുത്തുന്നവനിൽ” (ഓശാന ബൈബിൾ) എന്നൊക്കെയാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഇതു പറഞ്ഞപ്പോൾ പൗലോസ് ആരെയായിരിക്കും ഉദ്ദേശിച്ചത്?
ഇതിന്റെ പശ്ചാത്തലം സൂചിപ്പിക്കുന്നതു പൗലോസ് ഉദ്ദേശിച്ചതു ദൈവത്തെയാണ് എന്നാണ്. (ഫിലിപ്പിയർ 4:6, 7, 10) ഈ കത്തിന്റെ ആദ്യഭാഗത്ത് പൗലോസ് ഫിലിപ്പിയർക്ക് ഇങ്ങനെ എഴുതിയിരുന്നു: “പ്രവർത്തിക്കാനുള്ള ശക്തി തന്നുകൊണ്ട് നിങ്ങൾക്ക് ഊർജം പകരുന്നത് ദൈവമാണ്.” (ഫിലിപ്പിയർ 2:13) 2 കൊരിന്ത്യർ 4:7-ൽ, ശുശ്രൂഷ ചെയ്യാനുള്ള ശക്തി തനിക്കു തന്നതു ദൈവമാണെന്നു പൗലോസ് എഴുതിയിട്ടുണ്ട്. (2 തിമൊഥെയൊസ് 1:8 താരതമ്യം ചെയ്യുക.) അതുകൊണ്ട് എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം എന്നു പൗലോസ് പറഞ്ഞപ്പോൾ ഉദ്ദേശിച്ചതു ദൈവത്തെയാണ് എന്നു ന്യായമായും നിഗമനം ചെയ്യാം.
“സകലത്തിനും” മതിയായ ശക്തി ലഭിക്കുന്നെന്ന് എഴുതിയപ്പോൾ പൗലോസ് എന്തായിരിക്കും ഉദ്ദേശിച്ചത്? ദൈവത്തിന്റെ ഇഷ്ടം ചെയ്തപ്പോൾ അദ്ദേഹത്തിനു നേരിടേണ്ടിവന്ന പല സാഹചര്യങ്ങളെയായിരിക്കാം ഇവിടെ ഉദ്ദേശിച്ചത്. അൽപ്പമുള്ളപ്പോഴും അധികമുള്ളപ്പോഴും തന്റെ ആവശ്യങ്ങൾക്കായി പൗലോസ് ദൈവത്തിൽ ആശ്രയിച്ചു. അങ്ങനെ ഏതു സാഹചര്യത്തിലും തൃപ്തനായിരിക്കാൻ പൗലോസ് പഠിച്ചു.—2 കൊരിന്ത്യർ 11:23-27; ഫിലിപ്പിയർ 4:11.
പൗലോസിന്റെ ആ വാക്കുകൾ ഇന്നു ദൈവത്തെ ആരാധിക്കുന്നവർക്കും ഉറപ്പു കൊടുക്കുന്നതാണ്. ദൈവത്തിന്റെ ഇഷ്ടം ചെയ്യാനും കഷ്ടപ്പാടുകൾ സഹിച്ചുനിൽക്കാനും ഉള്ള ശക്തി ദൈവം അവർക്കു കൊടുക്കും. ദൈവം അതു ചെയ്യുന്നതു പരിശുദ്ധാത്മാവിലൂടെ, അതായത് തന്റെ പ്രവർത്തനനിരതമായ ശക്തിയിലൂടെയും തന്റെ വചനമായ ബൈബിളിലൂടെയും തന്നെ ആരാധിക്കുന്ന മറ്റുള്ളവരെ ഉപയോഗിച്ചുകൊണ്ടും ആണ്.—ലൂക്കോസ് 11:13; പ്രവൃത്തികൾ 14:21, 22; എബ്രായർ 4:12.
ഫിലിപ്പിയർ 4:13-ന്റെ സന്ദർഭം
ഫിലിപ്പിയർക്കുള്ള കത്തിന്റെ ഏതാണ്ട് അവസാനഭാഗത്താണു പൗലോസിന്റെ ആ വാക്കുകൾ നമ്മൾ കാണുന്നത്. എ.ഡി. 60-61കാലത്ത് പൗലോസ് റോമിൽ ആദ്യമായി തടവിലായിരുന്നപ്പോഴാണ് ഈ കത്ത് എഴുതിയത്. കുറച്ച് കാലത്തേക്ക് ഫിലിപ്പിയിലെ ക്രിസ്ത്യാനികൾക്കു പൗലോസിനെ അദ്ദേഹത്തിന്റെ ആവശ്യങ്ങളിൽ സഹായിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ അവർക്ക് അതിനു കഴിയുന്നുണ്ട്.—ഫിലിപ്പിയർ 4:10, 14.
ഫിലിപ്പിയിലെ ക്രിസ്ത്യാനികളുടെ, കൊടുക്കാനുള്ള നല്ല മനസ്സിനെ പൗലോസ് അഭിനന്ദിച്ചു. തനിക്ക് ഇപ്പോൾ ആവശ്യത്തിനുള്ളതൊക്കെ ഉണ്ടെന്ന് അവർക്ക് ഉറപ്പു കൊടുക്കുകയും ചെയ്തു. (ഫിലിപ്പിയർ 4:18) ഈ അവസരത്തിൽ ജീവിതത്തിൽ വിജയിക്കാൻ എല്ലാ ക്രിസ്ത്യാനികളും അറിഞ്ഞിരിക്കേണ്ട ഒരു പ്രധാനപ്പെട്ട സത്യവും പൗലോസ് അവർക്കു പറഞ്ഞുകൊടുത്തു: പണക്കാരായാലും പാവപ്പെട്ടവരായാലും ദൈവത്തിൽ ആശ്രയിക്കുകയാണെങ്കിൽ എല്ലാവർക്കും തൃപ്തരായിരിക്കാൻ കഴിയും.—ഫിലിപ്പിയർ 4:12.