ബൈബിൾവാക്യങ്ങളുടെ വിശദീകരണം
ഫിലിപ്പിയർ 4:6, 7—“ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്”
“ഒന്നിനെക്കുറിച്ചും ഉത്കണ്ഠപ്പെടേണ്ടാ. കാര്യം എന്തായാലും പ്രാർഥനയിലൂടെയും ഉള്ളുരുകിയുള്ള യാചനയിലൂടെയും നിങ്ങളുടെ അപേക്ഷകൾ നന്ദിവാക്കുകളോടെ ദൈവത്തെ അറിയിക്കുക. അപ്പോൾ മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം നിങ്ങളുടെ ഹൃദയത്തെയും മനസ്സിനെയും ക്രിസ്തുയേശു മുഖാന്തരം കാക്കും.”—ഫിലിപ്പിയർ 4:6, 7, പുതിയ ലോക ഭാഷാന്തരം.
“ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാററിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.”—ഫിലിപ്പിയർ 4:6, 7, സത്യവേദപുസ്തകം.
ഫിലിപ്പിയർ 4:6, 7-ന്റെ അർഥം
ദൈവത്തിന്റെ ആരാധകർക്ക് അമിതമായ ഉത്കണ്ഠകളോ പ്രശ്നങ്ങളോ ഉണ്ടാകുമ്പോൾ ആശ്വാസത്തിനായി ദൈവത്തോടു പ്രാർഥിക്കാൻ കഴിയും. കാരണം, ദൈവം അപ്പോൾ അവർക്കു മനസ്സമാധാനം കൊടുക്കുമെന്ന് ഉറപ്പു കൊടുത്തിട്ടുണ്ട്. ഈ സമാധാനം ഉത്കണ്ഠകൾ കുറയ്ക്കാനും ചിന്തകളെയും വികാരങ്ങളെയും നിയന്ത്രിക്കാനും സഹായിക്കും. ഇത്തരം സമാധാനം ലഭിക്കാൻ എങ്ങനെ പ്രാർഥിക്കണമെന്ന് ആറാം വാക്യം പറയുന്നു.
യാചന എന്നു പറയുന്നത് ഉള്ളുരുകിയുള്ള, ആത്മാർഥമായ പ്രാർഥനയാണ്. ഒരു വ്യക്തി എന്തെങ്കിലും ആപത്തിൽപ്പെടുകയോ അല്ലെങ്കിൽ വല്ലാത്ത പിരിമുറുക്കത്തിൽ ആകുകയോ ചെയ്യുന്നെങ്കിൽ യേശു ചെയ്തതുപോലെ അദ്ദേഹം ദൈവത്തോടു യാചിച്ചേക്കാം. (എബ്രായർ 5:7) മിക്കപ്പോഴും ഇത്തരം പ്രാർഥനകൾ കൂടെക്കൂടെയുള്ളതായിരിക്കും.
അപേക്ഷകൾ എന്നു പറയുന്നത്, ദൈവത്തോട് ഒരു പ്രത്യേക ആവശ്യത്തെക്കുറിച്ച് പറഞ്ഞ് പ്രാർഥിക്കുന്നതാണ്. “കാര്യം എന്തായാലും,” “എല്ലാറ്റിലും” ദൈവത്തിന്റെ ആരാധകർക്കു ദൈവത്തോട് അപേക്ഷിക്കാൻ കഴിയും. എങ്കിലും, അത്തരം പ്രാർഥനകൾ ബൈബിളിൽ പറയുന്നതുപോലെ ദൈവത്തിന്റെ ഇഷ്ടത്തിനു ചേർച്ചയിൽ ആയിരിക്കണം.—1 യോഹന്നാൻ 5:14.
നന്ദിവാക്കുകളോടെയുള്ള പ്രാർഥനയാണ് മറ്റൊന്ന്. ദൈവം ഇതുവരെ നമുക്കുവേണ്ടി ചെയ്തതും ഇനി ചെയ്യാൻ പോകുന്നതും ആയ കാര്യങ്ങൾക്കുവേണ്ടി നന്ദി പറയുന്നതാണ് അത്. ദൈവത്തോടു നന്ദി പറയാനുള്ള കാരണങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് എപ്പോഴും സന്തോഷമുള്ളവരായിരിക്കാൻ നമ്മളെ സഹായിക്കും.—1 തെസ്സലോനിക്യർ 5:16-18.
ഈ പ്രാർഥനകൾക്കുള്ള ഉത്തരമായി ദൈവം തന്റെ ആരാധകർക്കു സമാധാനം നൽകും. ദൈവവുമായുള്ള അടുത്ത ബന്ധത്തിൽനിന്ന് നമുക്കു ലഭിക്കുന്ന ശാന്തതയെയാണ് “ദൈവസമാധാനം” എന്നു പറഞ്ഞിരിക്കുന്നത്. (റോമർ 15:13; ഫിലിപ്പിയർ 4:9) ഈ സമാധാനം ‘മനുഷ്യബുദ്ധിക്ക് അതീതമാണ്.’ കാരണം നമ്മൾ പ്രതീക്ഷിക്കുന്നതിനെക്കാൾ അപ്പുറം നമ്മളെ സഹായിക്കാൻ കഴിയുന്ന ദൈവത്തിൽനിന്നുള്ളതാണ് അത്.
ഈ ബൈബിൾവാക്യത്തിൽ ദൈവസമാധാനം നമ്മുടെ ഹൃദയത്തെ കാക്കും എന്ന് പറയുന്നു. “കാക്കും” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുവാക്കിന് സൈന്യവുമായി ബന്ധമുണ്ട്. പണ്ടുകാലങ്ങളിൽ കാവൽസേനാകേന്ദ്രത്തിലെ സൈനികർ കോട്ടമതിലുള്ള ഒരു നഗരത്തിനു കാവൽ നിന്നിരുന്നതിനെയാണ് അതു കുറിക്കുന്നത്. ഇതുപോലെ ദൈവസമാധാനം ഒരു വ്യക്തിയെ മാനസികമായും വൈകാരികമായും കാക്കും. തളർത്തിക്കളയുന്ന പ്രശ്നങ്ങളുണ്ടാകുമ്പോൾ നിരാശയിൽ ആണ്ടുപോകാതിരിക്കാൻ അത് ഒരു വ്യക്തിയെ സഹായിക്കും.
ഇനി, ഈ ദൈവസമാധാനം “ക്രിസ്തുയേശു മുഖാന്തരം കാക്കും” എന്നാണ് പറഞ്ഞിരിക്കുന്നത്. കാരണം യേശു വഴിയാണ് നമുക്കു ദൈവവുമായി ഒരു ബന്ധത്തിലേക്കു വരാൻ കഴിയുന്നത്. നമ്മുടെ പാപങ്ങൾക്ക് ഒരു മോചനവിലയായി യേശു സ്വന്തം ജീവൻ നൽകി. നമ്മൾ യേശുവിൽ വിശ്വസിക്കുകയാണെങ്കിൽ നമുക്ക് ദൈവത്തിന്റെ അനുഗ്രഹങ്ങൾ ലഭിക്കും. (എബ്രായർ 11:6) അതുപോലെ യേശു എന്ന മധ്യസ്ഥനിലൂടെ മാത്രമേ നമുക്ക് ദൈവത്തോടു പ്രാർഥിക്കാൻ കഴിയൂ. യേശു പറഞ്ഞു: “എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുത്തേക്കു വരുന്നില്ല.”—യോഹന്നാൻ 14:6; 16:23.
ഫിലിപ്പിയർ 4:6, 7-ന്റെ സന്ദർഭം
ഫിലിപ്പി a എന്ന നഗരത്തിലെ ക്രിസ്ത്യാനികൾക്ക് അപ്പോസ്തലനായ പൗലോസ് എഴുതിയ കത്താണ് ബൈബിളിലെ ഫിലിപ്പിയർ എന്ന പുസ്തകം. ആ പുസ്തകത്തിന്റെ നാലാം അധ്യായത്തിൽ അവിടെയുള്ള ക്രിസ്ത്യാനികളെ സന്തോഷത്തോടെയിരിക്കാൻ പൗലോസ് പ്രോത്സാഹിപ്പിക്കുന്നു. അവർ കാണിച്ച ഔദാര്യം പൗലോസിനെ വളരെയധികം സന്തോഷിപ്പിച്ചു. അതിന് അദ്ദേഹം അവരോടു നന്ദി പറയുകയും ചെയ്യുന്നു. (ഫിലിപ്പിയർ 4:4, 10, 18) പ്രാർഥന എങ്ങനെയാണ് “ദൈവസമാധാനം” നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദൈവസമാധാനം നേടാൻ സഹായിക്കുന്ന നല്ല ചിന്തകളെയും പ്രവൃത്തികളെയും കുറിച്ചും അദ്ദേഹം അവിടെ പറയുന്നുണ്ട്.—ഫിലിപ്പിയർ 4:8, 9.
a ഇപ്പോഴത്തെ ഗ്രീസിലാണ് ഈ സ്ഥലം.