മത്തായി 6:33—‘മുമ്പേ ദൈവത്തിന്റെ രാജ്യം അന്വേഷിപ്പിൻ’
ബൈബിൾവാക്യങ്ങളുടെ വിശദീകരണം
മത്തായി 6:33—‘മുമ്പേ ദൈവത്തിന്റെ രാജ്യം അന്വേഷിപ്പിൻ’
“അതുകൊണ്ട് ദൈവരാജ്യത്തിനും ദൈവനീതിക്കും എപ്പോഴും ഒന്നാം സ്ഥാനം കൊടുക്കുക. അപ്പോൾ ഇപ്പറഞ്ഞ മറ്റെല്ലാം നിങ്ങൾക്കു കിട്ടും.”—മത്തായി 6:33, പുതിയ ലോക ഭാഷാന്തരം.
“മുമ്പേ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.”—മത്തായി 6:33, സത്യവേദപുസ്തകം.
മത്തായി 6:33-ന്റെ അർഥം
ദൈവരാജ്യം എന്നത് സ്വർഗത്തിലെ ഒരു ഗവൺമെന്റാണ്. അതു ഭൂമിയെക്കുറിച്ചുള്ള ദൈവത്തിന്റെ ഇഷ്ടം നടപ്പിലാക്കും. (മത്തായി 6:9, 10) മുമ്പേ രാജ്യം അന്വേഷിക്കുന്ന ഒരു വ്യക്തി ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുന്നത് ദൈവരാജ്യത്തിനായിരിക്കും. a ആ വ്യക്തി ദൈവരാജ്യത്തെക്കുറിച്ച് ഉത്സാഹത്തോടെ പഠിക്കും, അതുപോലെ ദൈവരാജ്യം കൊണ്ടുവരാൻപോകുന്ന നല്ല കാര്യങ്ങളെക്കുറിച്ച് മറ്റുള്ളവരോടു പറയും. (മത്തായി 24:14) രാജ്യം അന്വേഷിക്കുന്ന ഒരാൾ അതു വരാൻവേണ്ടി ആത്മാർഥമായി പ്രാർഥിക്കുകയും ചെയ്യും.—ലൂക്കോസ് 11:2.
ദൈവത്തിന്റെ നീതിയിൽ ശരിയെയും തെറ്റിനെയും കുറിച്ചുള്ള ദൈവത്തിന്റെ നിലവാരങ്ങൾ ഉൾപ്പെടുന്നു. (സങ്കീർത്തനം 119:172) ദൈവത്തിന്റെ നീതി അന്വേഷിക്കുന്ന ഒരാൾ ദൈവത്തിന്റെ ധാർമിക നിലവാരങ്ങൾക്കനുസരിച്ച് ജീവിക്കും. അത് എല്ലാക്കാലത്തും പ്രയോജനം ചെയ്യുന്നതാണ്.—യശയ്യ 48:17.
ഇപ്പറഞ്ഞ മറ്റെല്ലാം നിങ്ങൾക്കു കിട്ടും എന്നത് ദൈവത്തിന്റെ ഒരു വാഗ്ദാനമാണ്. ദൈവത്തിന്റെ രാജ്യം ഒന്നാമത് വെക്കുകയും ദൈവത്തിന്റെ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കുകയും ചെയ്യുമ്പോൾ നമ്മുടെ ആവശ്യങ്ങൾക്കുവേണ്ടി ദൈവം കരുതും എന്നാണ് അതിന്റെ അർഥം.—മത്തായി 6:31, 32.
മത്തായി 6:33-ന്റെ സന്ദർഭം
മത്തായി 5 മുതൽ 7 വരെയുള്ള അധ്യായങ്ങളിൽ കാണുന്ന യേശുവിന്റെ ഗിരിപ്രഭാഷണത്തിലേതാണ് ഈ വാക്കുകൾ. യേശുവിന്റെ ഗിരിപ്രഭാഷണം കേട്ടുകൊണ്ടിരുന്ന മിക്കവരുംതന്നെ പാവപ്പെട്ടവരായിരുന്നു. അതുകൊണ്ട് ജീവിക്കാനുള്ള വക കണ്ടെത്തുന്നതിനിടയിൽ രാജ്യം അന്വേഷിക്കാനുള്ള സമയമൊന്നും കിട്ടില്ല എന്ന് അവർക്കു തോന്നിയിരിക്കാം. എന്നാൽ മറ്റു ജീവജാലങ്ങളെ ദൈവം എത്രമാത്രം കരുതുന്നു എന്നു നിരീക്ഷിക്കാൻ യേശു അവരെ പ്രോത്സാഹിപ്പിച്ചു. രാജ്യം ഒന്നാമത് വെക്കുന്നവരെയും ഇതുപോലെ കരുതുമെന്ന് ദൈവം ഉറപ്പുതരുന്നു.—മത്തായി 6:25-30.
മത്തായി 6:33-നെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ
തെറ്റിദ്ധാരണ: രാജ്യം അന്വേഷിക്കുന്ന ഒരാൾക്കു ധാരാളം കാശുണ്ടാക്കാനാകും.
വസ്തുത: ദൈവരാജ്യം ഒന്നാമതു വെക്കുന്നവർക്കു ഭക്ഷണം, വസ്ത്രം പോലുള്ള അവശ്യകാര്യങ്ങൾ ലഭിക്കുമെന്നു യേശു പറഞ്ഞിട്ടുണ്ട്. (മത്തായി 6:25, 31, 32) എന്നാൽ ആഡംബരമായ ജീവിതമൊന്നും യേശു വാഗ്ദാനം ചെയ്തില്ല. ദൈവത്തിന്റെ അനുഗ്രഹത്തിന്റെ തെളിവാണ് ഒരാളുടെ സമ്പത്ത് എന്നു യേശു പറഞ്ഞില്ല. സത്യത്തിൽ, സമ്പത്ത് വാരിക്കൂട്ടാൻ ശ്രമിക്കരുത് എന്നാണ് യേശു തന്റെ കേൾവിക്കാരോടു പറഞ്ഞത്. കാരണം ദൈവരാജ്യം ഒന്നാമത് വെക്കാൻ അതൊരു തടസ്സമാകും. (മത്തായി 6:19, 20, 24) ദൈവരാജ്യത്തിനുവേണ്ടി നന്നായി കഠിനാധ്വാനം ചെയ്ത ഒരു വ്യക്തിയാണ് അപ്പോസ്തലനായ പൗലോസ്. എന്നാൽ ചിലപ്പോഴൊക്കെ അദ്ദേഹത്തിനും സാമ്പത്തികബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്. എങ്കിലും യേശുവിനെപ്പോലെ പൗലോസും പണമുണ്ടാക്കാൻ ശ്രമിക്കരുതെന്നാണ് മറ്റുള്ളവരോടു പറഞ്ഞത്.—ഫിലിപ്പിയർ 4:11, 12; 1 തിമൊഥെയൊസ് 6:6-10.
തെറ്റിദ്ധാരണ: ക്രിസ്ത്യാനികൾക്കു ജീവിക്കാൻ ജോലി ചെയ്യേണ്ട ആവശ്യമില്ല.
വസ്തുത: തനിക്കും കുടുംബത്തിനും വേണ്ടി കരുതാൻ ക്രിസ്ത്യാനികൾ ജോലി ചെയ്യണമെന്നു ബൈബിൾ പറയുന്നു. (1 തെസ്സലോനിക്യർ 4:11, 12; 2 തെസ്സലോനിക്യർ 3:10; 1 തിമൊഥെയൊസ് 5:8) രാജ്യം മാത്രം അന്വേഷിക്കാനല്ല, രാജ്യം ഒന്നാമത് അന്വേഷിക്കാനാണ് യേശു തന്റെ അനുഗാമികളോടു പറഞ്ഞത്.
ദൈവരാജ്യത്തിന് ഒന്നാം സ്ഥാനം കൊടുത്ത്, ജോലി ചെയ്ത് ജീവിക്കുന്ന ഒരാളുടെ അടിസ്ഥാനാവശ്യങ്ങൾ ദൈവം നടത്തിക്കൊടുക്കും.—1 തിമൊഥെയൊസ് 6:17-19.
[അടിക്കുറിപ്പ്]
a തുടർച്ചയായ പ്രവൃത്തിയെ സൂചിപ്പിക്കുന്ന ഒരു ഗ്രീക്കുക്രിയാരൂപത്തിൽനിന്നാണ് “എപ്പോഴും ഒന്നാം സ്ഥാനം കൊടുക്കുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് രാജ്യം അന്വേഷിക്കുന്ന ഒരാൾ കുറച്ച് നാളത്തേക്കു ദൈവരാജ്യത്തിന് ഒന്നാം സ്ഥാനം കൊടുത്തിട്ട് പിന്നീടു മറ്റു കാര്യങ്ങളിലേക്കു തിരിയാതെ തുടർച്ചയായി അതിനു ജീവിതത്തിൽ ഏറ്റവും അധികം പ്രാധാന്യം കൊടുക്കും.
[ചതുരം]
മത്തായി 6-ാം അധ്യായം വായിക്കുക. അടിക്കുറിപ്പുകളും ഒത്തുവാക്യങ്ങളും കാണാം.