ബൈബിൾവാക്യങ്ങളുടെ വിശദീകരണം
മീഖ 6:8—‘നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടക്കുക’
“മനുഷ്യാ, നല്ലത് എന്താണെന്നു ദൈവം നിനക്കു പറഞ്ഞുതന്നിട്ടുണ്ട്. നീതിയോടെ ജീവിക്കാനും വിശ്വസ്തതയെ പ്രിയപ്പെടാനും ദൈവത്തോടൊപ്പം എളിമയോടെ നടക്കാനും അല്ലാതെ യഹോവ മറ്റ് എന്താണു നിന്നിൽനിന്ന് പ്രതീക്ഷിക്കുന്നത്?”—മീഖ 6:8, പുതിയ ലോക ഭാഷാന്തരം.
“മനുഷ്യാ, നല്ലതു എന്തെന്നു അവൻ നിനക്കു കാണിച്ചുതന്നിരിക്കുന്നു: ന്യായം പ്രവർത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നത്?”—മീഖ 6:8, സത്യവേദപുസ്തകം.
മീഖ 6:8-ന്റെ അർഥം
ദൈവമായ യഹോവയെ a പ്രീതിപ്പെടുത്തുന്നത് മനുഷ്യർക്ക് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് മീഖ പ്രവാചകൻ ഈ വാക്യത്തിൽ വിശദീകരിക്കുന്നു. (1 യോഹന്നാൻ 5:3) ദൈവം നമ്മിൽനിന്ന് പ്രതീക്ഷിക്കുന്നത് എന്താണെന്ന് അർഥവത്തായ മൂന്ന് പദപ്രയോഗങ്ങളിലായി ഈ വാക്യത്തിൽ ചുരുക്കിപ്പറഞ്ഞിരിക്കുന്നു. ആദ്യത്തെ രണ്ടു കാര്യങ്ങൾ പ്രധാനമായും പറയുന്നത് മറ്റു മനുഷ്യരോട് ഇടപെടുമ്പോൾ ഒരാൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ്. എന്നാൽ മൂന്നാമത്തെ കാര്യം ദൈവവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചാണ്.
‘നീതിയോടെ ജീവിക്കുക.’ തന്റെ ആരാധകർ നീതിയോടെയും ന്യായത്തോടെയും പ്രവർത്തിക്കാൻ ദൈവം പ്രതീക്ഷിക്കുന്നു. എന്നുവെച്ചാൽ ദൈവം ശരിയെന്നു പറയുന്ന കാര്യങ്ങൾ ശരിയായി കാണാനും തെറ്റെന്നു പറയുന്ന കാര്യങ്ങൾ തെറ്റായി കാണാനും അതനുസരിച്ച് ചിന്തിക്കാനും പ്രവർത്തിക്കാനും നമുക്കു കഴിയണം. (ആവർത്തനം 32:4) ഉദാഹരണത്തിന്, ദൈവത്തിന്റെ നിലവാരങ്ങൾ അനുസരിക്കുന്നവർ എല്ലാ മനുഷ്യരോടും സത്യസന്ധമായും പക്ഷപാതമില്ലാതെയും ഇടപെടാൻ പരമാവധി ശ്രമിക്കും. അവരുടെ പശ്ചാത്തലമോ രാജ്യമോ സമൂഹത്തിലെ നിലയോ വിലയോ ഒന്നും നോക്കില്ല.—ലേവ്യ 19:15; യശയ്യ 1:17; എബ്രായർ 13:18.
‘വിശ്വസ്തതയെ പ്രിയപ്പെടുക.’ ഈ പദപ്രയോഗത്തെ ‘അചഞ്ചലസ്നേഹത്തെ സ്നേഹിക്കുക’ എന്നും പരിഭാഷപ്പെടുത്താനാകും. (മീഖ 6:8, അടിക്കുറിപ്പ്) ഈ വാക്യം ആദ്യം എഴുതിയ എബ്രായഭാഷയിൽ “വിശ്വസ്തത” എന്ന പദത്തിന്, ബന്ധങ്ങളിൽ വിശ്വസ്തരായിരിക്കുക എന്ന അർഥം മാത്രമല്ല ഉള്ളത്. പകരം കടപ്പെട്ടിരിക്കുന്നതിലും കൂടുതൽ ചെയ്തുകൊണ്ട് ഒരാളോട് ദയയും കരുണയും കാണിക്കുന്നതും അതിൽ ഉൾപ്പെടുന്നു. ദൈവത്തെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി മറ്റുള്ളവരോട് ദയയും കരുണയും കാണിക്കുക മാത്രമല്ല, അത്തരം ഗുണങ്ങളെ സ്നേഹിക്കുകയും വേണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ഇതിനർഥം ദൈവത്തിന്റെ ആരാധകർ മറ്റുള്ളവരെ സഹായിക്കുന്നതിൽ സന്തോഷം കണ്ടെത്തണം എന്നാണ്, പ്രത്യേകിച്ചും സഹായം ആവശ്യമുള്ളവർക്ക് അത് ചെയ്തുകൊടുക്കുമ്പോൾ. അങ്ങനെ കൊടുക്കുന്നതിന്റെ സന്തോഷം നമുക്ക് കിട്ടുന്നു.—പ്രവൃത്തികൾ 20:35.
‘ദൈവത്തോടൊപ്പം എളിമയോടെ നടക്കുക.’ ബൈബിളിൽ “നടക്കുക” എന്ന പദത്തിന് “ഒരു പ്രത്യേക ജീവിതരീതി പിൻപറ്റുക” എന്ന അർഥവുമുണ്ട്. ദൈവത്തോടൊപ്പം നടക്കുക എന്നു പറഞ്ഞാൽ, ദൈവത്തിന് ഇഷ്ടപ്പെടുന്ന രീതിയിൽ ജീവിക്കുക എന്നാണ്. അങ്ങനെ ‘സത്യദൈവത്തോടുകൂടെ നടന്ന’ വ്യക്തിയാണ് നോഹ. കാരണം നോഹ ദൈവത്തിന്റെ കണ്ണിൽ നീതിമാനും “തന്റെ തലമുറയിൽ കുറ്റമറ്റവനും” ആയിരുന്നു. (ഉൽപത്തി 6:9) ദൈവത്തിന്റെ വചനമായ ബൈബിൾ പറയുന്നതുപോലെ ജീവിച്ചുകൊണ്ട് നമുക്ക് ഇന്ന് ‘ദൈവത്തോടൊപ്പം നടക്കാനാകും.’ ഇങ്ങനെ ചെയ്യാൻ നമുക്ക് എളിമ വേണം. നമ്മുടെതന്നെ പരിമിതികൾ തിരിച്ചറിഞ്ഞ് എല്ലാ കാര്യങ്ങളിലും ദൈവത്തിൽ ആശ്രയിക്കാൻ എളിമ ആവശ്യമാണ്.—യോഹന്നാൻ 17:3; പ്രവൃത്തികൾ 17:28; വെളിപാട് 4:11.
മീഖ 6:8-ന്റെ സന്ദർഭം
ബി.സി. 8-ാം നൂറ്റാണ്ടിൽ പുരാതന ഇസ്രായേലിൽ ഉണ്ടായിരുന്ന ഒരു പ്രവാചകനായിരുന്നു മീഖ. ആ സമയത്ത് ദേശം മുഴുവൻ വിഗ്രഹാരാധനയും തട്ടിപ്പും വഞ്ചനയും അടിച്ചമർത്തലും ഒക്കെയായിരുന്നു. (മീഖ 1:7; 3:1-3, 9-11; 6:10-12) മിക്ക ഇസ്രായേല്യരും യഹോവ മോശയിലൂടെ കൊടുത്ത നിയമങ്ങളൊന്നും (മോശയുടെ നിയമം എന്ന് അറിയപ്പെടുന്നു.) അനുസരിക്കാൻ കൂട്ടാക്കിയില്ല. അതേസമയം മതപരമായ കുറെ ആചാരങ്ങളിൽ പങ്കെടുക്കുകയും യാഗങ്ങൾ അർപ്പിക്കുകയും ചെയ്താൽ തങ്ങൾക്ക് ദൈവത്തിന്റെ അംഗീകാരം നേടിയെടുക്കാനാകുമെന്ന ചിന്തയും അന്നുണ്ടായിരുന്നു.—സുഭാഷിതങ്ങൾ 21:3; ഹോശേയ 6:6; മീഖ 6:6, 7.
തന്റെ പിതാവ് എന്തിലാണ് സന്തോഷിക്കുന്നതെന്ന് മീഖയുടെ കാലത്തിന് നൂറ്റാണ്ടുകൾക്കു ശേഷം യേശുവും വ്യക്തമാക്കി. ആളുകളുടെ മുന്നിൽ ഭക്തിപ്രകടനങ്ങൾ നടത്തുന്നതിൽ അല്ല പകരം സ്നേഹവും ന്യായവും കരുണയും കാണിക്കുന്നവരിലാണ് ദൈവം സന്തോഷിക്കുന്നതെന്ന് യേശു പറഞ്ഞു. (മത്തായി 9:13; 22:37-39; 23:23) തന്റെ ആരാധകർ എങ്ങനെയായിരിക്കാനാണ് ദൈവം പ്രതീക്ഷിക്കുന്നതെന്ന് യേശുവിന്റെ ഈ വാക്കുകൾ നമുക്ക് കാണിച്ചുതരുന്നു.
മീഖയുടെ പുസ്തകത്തിന്റെ ചുരുക്കം മനസ്സിലാക്കാൻ ഈ വീഡിയോ കാണുക.
a יהוה (യ്ഹ്വ്ഹ്) എന്ന നാല് എബ്രായ അക്ഷരങ്ങൾ ഉപയോഗിച്ച് എഴുതുന്ന ദൈവത്തിന്റെ പേര് മലയാളത്തിൽ “യഹോവ” എന്നാണ് പൊതുവെ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഈ നാല് അക്ഷരങ്ങൾ ചതുരക്ഷരി എന്നും അറിയപ്പെടുന്നു. യഹോവയെക്കുറിച്ച് കൂടുതൽ അറിയാൻ “ആരാണ് യഹോവ?” എന്ന ലേഖനം കാണുക.