ബൈബിൾവാക്യങ്ങളുടെ വിശദീകരണം
യശയ്യ 26:3—‘സ്ഥിരമാനസനെ നീ പൂർണ്ണസമാധാനത്തിൽ കാക്കുന്നു’
“അങ്ങയെ സമ്പൂർണമായി ആശ്രയിക്കുന്നവരെ അങ്ങ് സംരക്ഷിക്കും; അങ്ങ് അവർക്കു നിത്യസമാധാനം നൽകും; അങ്ങയിലാണല്ലോ അവർ ആശ്രയിച്ചിരിക്കുന്നത്.”—യശയ്യ 26:3, പുതിയ ലോക ഭാഷാന്തരം.
“സ്ഥിരമാനസൻ നിന്നിൽ ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു.”—യശയ്യ 26:3, സത്യവേദപുസ്തകം.
യശയ്യ 26:3-ന്റെ അർഥം
തന്നിൽ പൂർണമായി ആശ്രയിക്കുന്നവരെ ദൈവം സംരക്ഷിക്കുമെന്ന് യശയ്യ പ്രവാചകൻ ഈ വാക്കുകളിലൂടെ ഉറപ്പുതരുകയായിരുന്നു. സമാധാനവും സുരക്ഷിതത്വബോധവും നൽകിക്കൊണ്ടാണ് ദൈവം അതു ചെയ്യുന്നത്.
“അങ്ങയെ സമ്പൂർണമായി ആശ്രയിക്കുന്നവരെ അങ്ങ് സംരക്ഷിക്കും.” ദൈവമായ യഹോവയെ a എല്ലായ്പോഴും സമ്പൂർണമായി ആശ്രയിക്കാൻ നിശ്ചയിച്ചുറച്ചവരെക്കുറിച്ചാണ് വാക്യത്തിന്റെ ഈ ഭാഗം പറയുന്നത്. ദൈവത്തിൽ ആശ്രയിക്കുന്ന ഒരു വ്യക്തി തനിക്ക് എപ്പോഴും ദൈവത്തിന്റെ സഹായം വേണമെന്ന് തിരിച്ചറിയും. ഉദാഹരണത്തിന്, പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ അദ്ദേഹം ഒരിക്കലും സ്വന്തബുദ്ധിയിൽ ആശ്രയിക്കില്ല. പകരം അദ്ദേഹം എപ്പോഴും ദൈവത്തിന്റെ ചിന്തകൾക്ക് ചേർച്ചയിൽ പ്രവർത്തിക്കും. (സുഭാഷിതങ്ങൾ 3:5, 6) ഒരു കാര്യത്തെക്കുറിച്ച് ദൈവത്തിന്റെ വീക്ഷണം എന്താണെന്നു മനസ്സിലാക്കാൻ അദ്ദേഹം ദൈവത്തിന്റെ വചനമായ ബൈബിൾ ശ്രദ്ധാപൂർവം വായിക്കും, വായിച്ച കാര്യങ്ങളെക്കുറിച്ച് ധ്യാനിക്കും. (സങ്കീർത്തനം 1:2; 119:15) പ്രശ്നങ്ങൾ നേരിടുമ്പോൾ അദ്ദേഹം സഹായത്തിനായി യഹോവയോട് ഉള്ളുരുകി പ്രാർഥിക്കും. (സങ്കീർത്തനം 37:5; 55:22) ഇങ്ങനെയെല്ലാം ചെയ്യുമ്പോൾ അദ്ദേഹം ദൈവത്തിലുള്ള വിശ്വാസമാണ് തെളിയിക്കുന്നത്. അപ്പോൾ ദൈവം തിരിച്ച് സമാധാനം നൽകും.
“അങ്ങ് അവർക്കു നിത്യസമാധാനം നൽകും.” മൂല എബ്രായപാഠത്തിൽ “സമാധാനം” എന്ന വാക്ക് ഊന്നലിനായി രണ്ടു തവണ ഉപയോഗിച്ചിട്ടുണ്ട്. ആ ഊന്നൽ നൽകുന്നതിന് ഈ പദപ്രയോഗത്തെ “നിത്യസമാധാനം,” “തികഞ്ഞ സമാധാനം,” “പൂർണസമാധാനം” എന്നൊക്കെ വിവർത്തനം ചെയ്യാനാകും. മറ്റു വാക്കുകളിൽ പറഞ്ഞാൽ, യഹോവയെ പൂർണമായി ആശ്രയിക്കുന്നവർക്ക് സാഹചര്യം എന്തൊക്കെയായാലും ഒരു ആന്തരികസമാധാനം, അതായത് ഒരു ശാന്തത അനുഭവിക്കാനാകും. (സങ്കീർത്തനം 112:7; 119:165) ദൈവവുമായി വ്യക്തിപരമായ ഒരു ബന്ധം ഉണ്ടായിരിക്കുകയും ദൈവത്തിന്റെ കണ്ണിൽ ശരിയായതു ചെയ്യാൻ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് ഈ സമാധാനം ലഭിക്കുന്നത്.—സുഭാഷിതങ്ങൾ 3:32; യശയ്യ 48:18.
“നിത്യസമാധാനം” കൊടുക്കും എന്നു പറയുമ്പോൾ അതിനർഥം ദൈവം എല്ലാ ബുദ്ധിമുട്ടുകളിൽനിന്നും തന്റെ ആരാധകരെ സംരക്ഷിക്കും അല്ലെങ്കിൽ അവർക്ക് ഒരു ഉത്കണ്ഠയും ഉണ്ടാകില്ല എന്നല്ല. (1 ശമുവേൽ 1:6, 7; ഇയ്യോബ് 6:1, 2; സങ്കീർത്തനം 31:9) പകരം സഹിച്ചുനിൽക്കാനുള്ള സഹായം അവർക്കു നൽകും. (യശയ്യ 41:10, 13) ദൈവം അവരുടെ പ്രാർഥനകൾ കേട്ട് ജ്ഞാനവും ശക്തിയും ആശ്വാസവും കൊടുക്കും. (സങ്കീർത്തനം 94:19; സുഭാഷിതങ്ങൾ 2:6; യശയ്യ 40:29) അങ്ങനെയാകുമ്പോൾ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽപ്പോലും അവർക്കു ശാന്തരായി നിൽക്കാൻ കഴിയും.—ഫിലിപ്പിയർ 4:6, 7.
യശയ്യ 26:3-ന്റെ സന്ദർഭം
ബി.സി. എട്ടാം നൂറ്റാണ്ടിലാണ് യശയ്യ പ്രവാചകൻ ജീവിച്ചിരുന്നത്. ആ സമയത്തും തുടർന്നുള്ള വർഷങ്ങളിലും യഹൂദയിലുള്ള പലരും ദൈവമായ യഹോവയെ വിശ്വസ്തമായി ആരാധിച്ചിരുന്നില്ല. അതിന്റെ ഫലമായി യഹൂദയുടെ തലസ്ഥാനനഗരമായ യരുശലേം ബി.സി. 607-ൽ നശിപ്പിക്കപ്പെടാൻ യഹോവ അനുവദിച്ചു.
എങ്കിലും ഈ നാശത്തിന് നൂറിലധികം വർഷങ്ങൾക്കു മുമ്പ് യഹോവയെ സ്തുതിച്ചുകൊണ്ടുള്ള ഒരു പ്രാവചനികഗീതം യശയ്യ എഴുതി. അതാണ് യശയ്യ 26-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. (യശയ്യ 26:1-6) ആ പാട്ടിൽ ഭാവിയിൽ യഹൂദയിലെ ഒരു നഗരം പൂർവസ്ഥിതിയിൽ ആക്കുമെന്ന് എഴുതിയിട്ടുണ്ട്. അത് ഒരുപക്ഷേ യരുശലേമായിരിക്കാം.
ബി.സി. 537-നു ശേഷമുള്ള വർഷങ്ങളിൽ യരുശലേം പൂർവസ്ഥിതിയിൽ ആകാൻ തുടങ്ങി. അപ്പോൾ പ്രവാസത്തിൽനിന്ന് മടങ്ങിവന്ന ജൂതന്മാർക്ക് സുരക്ഷിതത്വം തോന്നി. അവർ ഇങ്ങനെ പറഞ്ഞു: “നമുക്കു ശക്തമായ ഒരു നഗരമുണ്ട്.” (യശയ്യ 26:1) അതിനു കാരണം ആ നഗരത്തിന്റെ കോട്ടകെട്ടി ഉറപ്പിച്ച ശക്തമായ മതിലുകൾ ആയിരുന്നില്ല. പകരം യഹോവയുടെ അനുഗ്രഹവും സംരക്ഷണവും ആണ് ആ നഗരത്തിന് സുരക്ഷിതത്വം നൽകിയത്.—യശയ്യ 26:2.
ഇന്നും അങ്ങനെതന്നെയാണ്. യഹോവയിൽ പൂർണമായി ആശ്രയിക്കുന്നവർക്ക് സുരക്ഷിതത്വം തോന്നും. കാരണം അവർ യഹോവയെയാണ് അവരുടെ “പാറ” അല്ലെങ്കിൽ അഭയം ആക്കിയിരിക്കുന്നത്.—യശയ്യ 26:4.
യശയ്യ പുസ്തകത്തിന്റെ ചുരുക്കം മനസ്സിലാക്കാൻ ഈ വീഡിയോ കാണുക.
a ദൈവത്തിന്റെ പേരാണ് യഹോവ. (സങ്കീർത്തനം 83:18) “യഹോവ ആരാണ്?” എന്ന ലേഖനം കാണുക.