ബൈബിൾവാക്യങ്ങളുടെ വിശദീകരണം
യശയ്യ 41:10—“ഭയപ്പെടേണ്ടാ, ഞാൻ നിന്നോടുകൂടെയുണ്ട്”
“പേടിക്കേണ്ടാ, ഞാൻ നിന്റെകൂടെയുണ്ട്. ഭയപ്പെടേണ്ടാ, ഞാനല്ലേ നിന്റെ ദൈവം! ഞാൻ നിന്നെ ശക്തീകരിക്കും, നിന്നെ സഹായിക്കും, എന്റെ നീതിയുള്ള വലങ്കൈകൊണ്ട് ഞാൻ നിന്നെ മുറുകെ പിടിക്കും.”—യശയ്യ 41:10, പുതിയ ലോക ഭാഷാന്തരം.
“ഭയപ്പെടേണ്ടാ, ഞാൻ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ട, ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാൻ നിന്നെ താങ്ങിനിർത്തും.”—യശയ്യ 41:10, പി.ഒ.സി. ബൈബിൾ.
യശയ്യ 41:10-ന്റെ അർഥം
തന്റെ വിശ്വസ്താരാധകർക്ക് എന്തെല്ലാം പ്രശ്നങ്ങളുണ്ടായാലും താൻ അവരെ സഹായിക്കുമെന്നു ദൈവമായ യഹോവ a ഉറപ്പു കൊടുക്കുകയാണ്.
“ഞാൻ നിന്റെകൂടെയുണ്ട്.” തന്റെ ആരാധകർ ഭയപ്പെടേണ്ടതില്ലാത്തതിന്റെ ഒരു കാരണം യഹോവ ഇവിടെ വിശദീകരിക്കുകയാണ്—അവർ ഒറ്റയ്ക്കല്ല. ദൈവം അവരുടെകൂടെയുണ്ടെന്നു പറയുന്നത് ഏത് അർഥത്തിലാണ്? അവർ കടന്നുപോകുന്ന സാഹചര്യങ്ങളെല്ലാം ദൈവം കാണുന്നു, അവരുടെ പ്രാർഥനകളെല്ലാം ദൈവം കേൾക്കുന്നു.—സങ്കീർത്തനം 34:15; 1 പത്രോസ് 3:12.
“ഞാനല്ലേ നിന്റെ ദൈവം!” ഈ വാക്കുകളിലൂടെ യഹോവ തന്റെ ആരാധകരെ ആശ്വസിപ്പിക്കുകയാണ്. താൻ ഇപ്പോഴും അവരുടെ ദൈവമാണെന്നും താൻ അവരെ തന്റെ ആരാധകരായി അംഗീകരിക്കുന്നെന്നും ദൈവം അവരെ ഓർമിപ്പിക്കുന്നു. തന്റെ ആരാധകരെ സഹായിക്കുന്നതിൽനിന്ന് തന്നെ തടയാൻ ഒന്നിനും ഒരിക്കലും ആകില്ലെന്ന് അവർക്ക് ഉറച്ചുവിശ്വസിക്കാമായിരുന്നു.—സങ്കീർത്തനം 118:6; റോമർ 8:32; എബ്രായർ 13:6.
“ഞാൻ നിന്നെ ശക്തീകരിക്കും, നിന്നെ സഹായിക്കും, എന്റെ നീതിയുള്ള വലങ്കൈകൊണ്ട് ഞാൻ നിന്നെ മുറുകെ പിടിക്കും.” ഇവിടെ ഒരേ കാര്യം മൂന്നു പ്രാവശ്യം ആവർത്തിച്ചതിലൂടെ, താൻ അവരെ തീർച്ചയായും സഹായിക്കുമെന്ന് യഹോവ അവർക്ക് ഉറപ്പു കൊടുക്കുകയായിരുന്നു. തന്റെ ജനത്തിനു സഹായം വേണ്ടിവരുമ്പോൾ താൻ എങ്ങനെ ഇടപെടുമെന്ന് യഹോവ വാക്കുകളിലൂടെ വരച്ചുകാട്ടുന്നുണ്ട്. വീണുപോയ ഒരാളെ പിടിച്ചെഴുന്നേൽപ്പിക്കാൻ തന്റെ വലതുകൈ നീട്ടുന്ന ദൈവത്തിന്റെ ചിത്രമാണു നമ്മൾ ഇവിടെ കാണുന്നത്.—യശയ്യ 41:13.
യഹോവ പ്രധാനമായും തന്റ ആരാധകരെ ബലപ്പെടുത്തുകയും സഹായിക്കുകയും ചെയ്യുന്നതു തന്റെ വചനമായ ബൈബിളിലൂടെയാണ്. (യോശുവ 1:8; എബ്രായർ 4:12) ഉദാഹരണത്തിന് ദാരിദ്ര്യം, രോഗങ്ങൾ, പ്രിയപ്പെട്ടവരുടെ മരണം എന്നിവപോലുള്ള പ്രശ്നങ്ങൾ നേരിടുന്നവരെ സഹായിക്കുന്ന നല്ലനല്ല നിർദേശങ്ങൾ ബൈബിളിലുണ്ട്. (സുഭാഷിതങ്ങൾ 2:6, 7) പ്രശ്നങ്ങളുണ്ടായാലും അതു സഹിച്ചുനിൽക്കാനുള്ള മാനസികവും വൈകാരികവും ആയ കരുത്ത് തന്റെ ആരാധകർക്കു കൊടുക്കാൻ തന്റെ ചലനാത്മകശക്തിയായ പരിശുദ്ധാത്മാവിനെയും ദൈവത്തിന് ഉപയോഗിക്കാനാകും.—യശയ്യ 40:29; ലൂക്കോസ് 11:13.
യശയ്യ 41:10-ന്റെ സന്ദർഭം
പിൽക്കാലത്ത് ബാബിലോണിലേക്കു ബന്ദികളായി പോകേണ്ടിവന്ന വിശ്വസ്തരായ ജൂതന്മാർക്ക് ആശ്വാസമേകിയ വാക്കുകളായിരുന്നു ഇവ. ജൂതന്മാരുടെ പ്രവാസകാലം അവസാനിക്കാറാകുമ്പോഴേക്കും കീഴടക്കിമുന്നേറുന്ന ഒരു വീരൻ വരുന്നതിനെക്കുറിച്ചുള്ള വാർത്തകൾ കേൾക്കുമെന്നും അദ്ദേഹം ബാബിലോണിന്റെ ചുറ്റുമുള്ള ജനതകളെ നശിപ്പിച്ച് ബാബിലോണിനെ ഭീഷണിപ്പെടുത്തുമെന്നും യഹോവ മുൻകൂട്ടിപ്പറഞ്ഞിരുന്നു. (യശയ്യ 41:2-4; 44:1-4) ബാബിലോണും ചുറ്റുമുള്ള ജനതകളും അത്തരം വാർത്തകൾ കേട്ട് പേടിച്ചുവിറയ്ക്കുമായിരുന്നെങ്കിലും ജൂതന്മാർ പരിഭ്രമിക്കേണ്ട കാര്യമില്ലായിരുന്നു. കാരണം, യഹോവ അവരെ സംരക്ഷിക്കുമായിരുന്നു. അവർക്കു ധൈര്യം പകരാൻ യഹോവ, “പേടിക്കേണ്ടാ” എന്ന് അർഥം വരുന്ന പദപ്രയോഗം മൂന്നു തവണ ഉപയോഗിച്ചതായി മൂലഭാഷാരേഖകളിൽ കാണാം.—യശയ്യ 41:5, 6, 10, 13, 14.
യശയ്യ 41:10-ലെ ഈ വാക്കുകൾ ആദ്യം എഴുതിയതു ബാബിലോണിൽ പ്രവാസികളായി കഴിയുന്ന വിശ്വസ്തജൂതന്മാരെ മനസ്സിൽക്കണ്ടാണെങ്കിലും തന്റെ എല്ലാ ആരാധകർക്കും ആശ്വാസം പകരാൻവേണ്ടി ദൈവമായ യഹോവ അതു വരുംകാലങ്ങളിലേക്കും സൂക്ഷിച്ചു. (യശയ്യ 40:8; റോമർ 15:4) മുൻകാലങ്ങളിലെപ്പോലെതന്നെ ഇന്നും യഹോവ തന്റെ ദാസന്മാരുടെ തുണയ്ക്കെത്തുന്നു.
യശയ്യ 41-ാം അധ്യായം വായിക്കുക. അടിക്കുറിപ്പുകളും ഒത്തുവാക്യങ്ങളും കാണാം.
a ദൈവത്തിന്റെ പേരാണ് യഹോവ.—സങ്കീർത്തനം 83:18.