ബൈബിൾവാക്യങ്ങളുടെ വിശദീകരണം
യശയ്യ 42:8—“ഞാനാണു കർത്താവ്”
“യഹോവ! അതാണ് എന്റെ പേര്; എന്റെ മഹത്ത്വം ഞാൻ മറ്റാർക്കും കൊടുക്കില്ല; എനിക്കു ലഭിക്കേണ്ട സ്തുതി കൊത്തിയുണ്ടാക്കിയ രൂപങ്ങൾക്കു ഞാൻ നൽകില്ല.”—യശയ്യ 42:8, പുതിയ ലോക ഭാഷാന്തരം.
“ഞാനാണു കർത്താവ്; അതാണ് എന്റെ നാമം. എന്റെ മഹത്വം ഞാൻ മറ്റാർക്കും നൽകുകയില്ല; എന്റെ സ്തുതി കൊത്തുവിഗ്രഹങ്ങൾക്കു കൊടുക്കുകയുമില്ല.”—യശയ്യ 42:8, പി.ഒ.സി.
യശയ്യ 42:8-ന്റെ അർഥം
ദൈവം തന്റെ പേര് നമുക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു. കൂടാതെ വിഗ്രഹങ്ങൾ ഉപയോഗിച്ചുള്ള ആരാധന താൻ സ്വീകരിക്കില്ലെന്നും ദൈവം പറയുന്നു.
ദൈവം വെളിപ്പെടുത്തിയിരിക്കുന്ന സ്വന്തം പേര് മലയാളത്തിൽ സാധാരണ “യഹോവ” എന്നാണ് പരിഭാഷപ്പെടുത്തുന്നത്. a (പുറപ്പാട് 3:14, 15) പഴയ നിയമത്തിൽ (എബ്രായ-അരമായ തിരുവെഴുത്തുകൾ) 7,000-ത്തോളം പ്രാവശ്യം ആ ദൈവനാമം ഉണ്ടെങ്കിലും, മിക്ക ഇംഗ്ലീഷ് പരിഭാഷകളിലും അതിനു പകരം കർത്താവ് (“LORD”) എന്ന് വലിയ അക്ഷരത്തിൽ കൊടുത്തിരിക്കുന്നു. അതിന്റെ ഒരു ഉദാഹരണം സങ്കീർത്തനം 110:1-ൽ നമുക്ക് കാണാൻ കഴിയും. അവിടെ യഹോവയെയും യേശുവിനെയും കുറിച്ചുള്ള ഒരു പ്രവചനമാണ് പറയുന്നത്. പി.ഒ.സി. ബൈബിളിൽ ഇങ്ങനെ വായിക്കുന്നു: “കർത്താവ് (LORD) [അതായത് യഹോവ] എന്റെ കർത്താവിനോട് (Lord) [അതായത് യേശുവിനോട്] അരുളിച്ചെയ്തു.” (പ്രവൃത്തികൾ 2:34-36) പുതിയ ലോക ഭാഷാന്തരത്തിൽ ദൈവനാമം ആദ്യം ഉണ്ടായിരുന്നിടങ്ങളിലെല്ലാം പുനഃസ്ഥാപിച്ചിട്ടുണ്ട്. അങ്ങനെ “കർത്താവ്” എന്ന് സംബോധന ചെയ്തിരിക്കുന്ന രണ്ടുപേരെയും തിരിച്ചറിയാൻ എളുപ്പമാണ്. അത് ഇങ്ങനെ വായിക്കുന്നു: “യഹോവ എന്റെ കർത്താവിനോടു പറഞ്ഞു: “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുന്നതുവരെ എന്റെ വലതുവശത്ത് ഇരിക്കുക.””
ദൈവനാമത്തിന്റെ അർഥം “ആയിത്തീരാൻ അവൻ ഇടയാക്കുന്നു” എന്നാണെന്ന് പല പണ്ഡിതന്മാരും വിശ്വസിക്കുന്നു. ഈ പേര് സത്യദൈവത്തിനു മാത്രമേ ചേരുകയുള്ളൂ. കാരണം, സ്വയം എന്താകണമോ അത് ആയിത്തീർന്നുകൊണ്ടോ, അല്ലെങ്കിൽ തന്റെ സൃഷ്ടികളെ എന്ത് ആക്കിത്തീർക്കണമോ അത് ആക്കിത്തീർത്തുകൊണ്ടോ തന്റെ ഉദ്ദേശ്യം നിവർത്തിക്കാൻ ആ ദൈവത്തിനു മാത്രമേ കഴിയുകയുള്ളൂ.
യഹോവ നമ്മുടെ സ്രഷ്ടാവും ഏകസത്യദൈവവും ആയതുകൊണ്ട് നമ്മുടെ സമ്പൂർണഭക്തി അർഹിക്കുന്നു. മറ്റാരും, അല്ലെങ്കിൽ മറ്റൊന്നും നമ്മുടെ ആരാധന അർഹിക്കുന്നില്ല. അതിൽ വിഗ്രഹങ്ങളും രൂപങ്ങളും ഉൾപ്പെടുന്നു.—പുറപ്പാട് 20:2-6; 34:14; 1 യോഹന്നാൻ 5:21.
യശയ്യ 42:8-ന്റെ സന്ദർഭം
യശയ്യ 42-ാം അധ്യായത്തിന്റെ ആദ്യ വാക്യങ്ങളിൽ ഭാവിയിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ യഹോവ മുൻകൂട്ടി പറയുന്നു. അവിടെ, താൻ “തിരഞ്ഞെടുത്ത” ഒരാൾ ചെയ്യാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചാണ് യഹോവ പറയുന്നത്. തന്റെ അംഗീകാരമുള്ള ഈ ദാസൻ, “ജനതകൾക്കു ന്യായം നടത്തിക്കൊടുക്കും” എന്നു ദൈവം പറഞ്ഞു. (യശയ്യ 42:1) ആ വാഗ്ദാനത്തെക്കുറിച്ച് ദൈവം ഇങ്ങനെ സൂചിപ്പിച്ചു: “ഞാൻ ഇനി പുതിയവ പ്രസ്താവിക്കും. അവ ആരംഭിക്കുംമുമ്പുതന്നെ ഞാൻ അവയെക്കുറിച്ച് നിങ്ങളോടു പറയുന്നു.” (യശയ്യ 42:9) നൂറ്റാണ്ടുകൾക്കു ശേഷം മിശിഹ, അഥവാ ക്രിസ്തു ഭൂമിയിൽ എത്തുകയും ശുശ്രൂഷ നിർവഹിക്കുകയും ചെയ്തപ്പോഴാണ് “തിരഞ്ഞെടുത്ത” ആ വ്യക്തിയെക്കുറിച്ചുള്ള പ്രവചനം നിവൃത്തിയേറിയത്.—മത്തായി 3:16, 17; 12:15-21.
യശയ്യ 42:8 മറ്റ് ബൈബിൾ പരിഭാഷകളിൽ
“ഞാൻ യഹോവ, അതുതന്നെ എന്റെ നാമം; ഞാൻ എന്റെ മഹത്ത്വം മറ്റൊരുത്തനും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല.”—യശയ്യ 42:8. സത്യവേദപുസ്തകം.
“ഞാൻ യഹോവ, അതുതന്നെ എന്റെ നാമം; ഞാൻ എന്റെ മഹത്ത്വം മറ്റൊരുത്തനും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കുകയില്ല.”—യശയ്യ 42:8, ദാനീയേൽ റഫറൻസ് ബൈബിൾ.
a എബ്രായ ഭാഷയിൽ നാലു വ്യഞ്ജനാക്ഷരങ്ങൾകൊണ്ട് പ്രതിനിധീകരിക്കുന്ന ദൈവനാമത്തെ മലയാളത്തിൽ യ്, ഹ്, വ്, ഹ് എന്നീ വ്യഞ്ജനങ്ങൾകൊണ്ടാണു സൂചിപ്പിക്കുന്നത്. ചില ഇംഗ്ലീഷ് പരിഭാഷകൾ ഇതിനെ വിവർത്തനം ചെയ്തിരിക്കുന്നത് “യാഹ്വെ” എന്നാണ്. കൂടുതൽ വിവരങ്ങൾക്കായി, പുതിയ ലോക ഭാഷാന്തരം പഠനപ്പതിപ്പിന്റെ അനുബന്ധം എ4-ലുള്ള “ദൈവനാമം എബ്രായതിരുവെഴുത്തുകളിൽ” എന്ന ഭാഗം കാണുക.