ബൈബിൾവാക്യങ്ങളുടെ വിശദീകരണം
യിരെമ്യ 29:11—“നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്”
“‘ഞാൻ നിങ്ങൾക്കുവേണ്ടി ചെയ്യാൻപോകുന്നത് എന്താണെന്ന് എനിക്കു നന്നായി അറിയാം. ഞാൻ ചിന്തിക്കുന്നതു ദുരന്തത്തെക്കുറിച്ചല്ല, സമാധാനത്തെക്കുറിച്ചാണ്; നിങ്ങൾക്ക് ഒരു നല്ല ഭാവിയും പ്രത്യാശയും തരുന്നതിനെക്കുറിച്ചാണ്’ എന്ന് യഹോവ a പ്രഖ്യാപിക്കുന്നു.”—യിരെമ്യ 29:11, പുതിയ ലോക ഭാഷാന്തരം
“കർത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്—നിങ്ങൾക്കു ശുഭമായ ഭാവിയും പ്രത്യാശയും നൽകുന്ന പദ്ധതി.”—യിരെമ്യ 29:11, പി.ഒ.സി. ബൈബിൾ.
യിരെമ്യ 29:11-ന്റെ അർഥം
സമാധാനപൂർണമായ ഒരു ശുഭഭാവിയാണ് തന്റെ ആരാധകർക്കു ദൈവമായ യഹോവ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതു ദൈവം മുമ്പ് ജീവിച്ചിരുന്നവരോടാണു പറഞ്ഞതെങ്കിലും അതിലൂടെ ദൈവത്തിന്റെ ചിന്തകൾ നമുക്കു മനസ്സിലാക്കാം. യഹോവ ‘പ്രത്യാശ നൽകുന്ന ദൈവമാണ്.’ (റോമർ 15:13) ദൈവത്തിന്റെ വാഗ്ദാനങ്ങൾ ബൈബിളിൽ രേഖപ്പെടുത്തിവെച്ചിരിക്കുന്നത്, നല്ല ഒരു ഭാവി മുന്നിലുണ്ടെന്നു ‘നമുക്കു പ്രത്യാശ ഉണ്ടാകാൻ വേണ്ടിയാണ്.’—റോമർ 15:4.
യിരെമ്യ 29:11-ന്റെ സന്ദർഭം
യരുശലേമിൽനിന്ന് ബാബിലോണിലേക്കു ബന്ദികളായി പിടിച്ചുകൊണ്ടുപോയ ഇസ്രായേല്യർക്ക് എഴുതിയ കത്തിന്റെ ഒരു ഭാഗമാണ് ഈ വാക്യഭാഗം. b (യിരെമ്യ 29:1) നാടുകടത്തപ്പെട്ടവർ പ്രവാസികളായി ഒരു ദീർഘകാലഘട്ടം കഴിയേണ്ടിവരുമെന്നും അതുകൊണ്ട്, അവരോട് അവിടെ വീടുകൾ പണിയാനും തോട്ടങ്ങൾ നട്ടുണ്ടാക്കാനും കുടുംബം വിശാലമാക്കാനും ദൈവം കല്പിക്കുന്നു. (യിരെമ്യ 29:4-9) എന്നാൽ അതോടൊപ്പം ദൈവം ഇങ്ങനെയും പറഞ്ഞു: “ബാബിലോണിൽ ചെന്ന് 70 വർഷം തികയുമ്പോൾ ഞാൻ നിങ്ങളിലേക്കു ശ്രദ്ധ തിരിക്കും. നിങ്ങളെ ഇവിടേക്കു (യരുശലേം) തിരികെ കൊണ്ടുവന്നുകൊണ്ട് ഞാൻ എന്റെ വാഗ്ദാനം പാലിക്കും.” (യിരെമ്യ 29:10) ദൈവം അവരെ മറക്കില്ലെന്നും യരുശലേമിലേക്കു മടങ്ങാൻ പറ്റും എന്നുള്ളത് സത്യമായ കാര്യമാണെന്നും ദൈവം അങ്ങനെ അവർക്ക് ഉറപ്പു കൊടുത്തു.—യിരെമ്യ 31:16, 17.
ദൈവം ഇസ്രായേല്യർക്കു കൊടുത്ത വാക്കു പാലിച്ചു. മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെ പേർഷ്യൻ രാജാവായ കോരെശ് ബാബിലോണിനെ കീഴ്പെടുത്തി. (യശയ്യ 45:1, 2; യിരെമ്യ 51:30-32) തുടർന്ന്, ജൂതന്മാരെ സ്വദേശത്തേക്കു മടങ്ങിപ്പോകാൻ കോരെശ് അനുവദിച്ചു. അങ്ങനെ 70 വർഷത്തെ പ്രവാസജീവിതത്തിനു ശേഷം ഇസ്രായേല്യർ യരുശലേമിലേക്കു മടങ്ങിയെത്തി.—2 ദിനവൃത്താന്തം 36:20-23; എസ്ര 3:1.
യിരെമ്യ 29:11-ൽ ദൈവം പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നിവൃത്തിയേറി എന്നത് ഇന്നു ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ വിശ്വസിക്കുന്നവർക്ക് വലിയൊരു ഉറപ്പുതന്നെയാണ്. കാരണം, യേശുക്രിസ്തു ദൈവരാജ്യത്തിലൂടെ ഭൂമി മുഴുവൻ സമാധാനം കൊണ്ടുവരും എന്നു ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ട്.—സങ്കീർത്തനം 37:10, 11, 29; യശയ്യ 55:11; മത്തായി 6:10.
യിരെമ്യ 29:11-നെക്കുറിച്ചുള്ള തെറ്റിദ്ധാരണ
തെറ്റിദ്ധാരണ: ഓരോ വ്യക്തികളെക്കുറിച്ചും ദൈവത്തിന് വ്യക്തമായ ‘പദ്ധതികളുണ്ട്’.
വസ്തുത: ജീവിതത്തിൽ തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം ദൈവം ഓരോ വ്യക്തികൾക്കും കൊടുത്തിരിക്കുന്നു. യിരെമ്യ 29:11-ൽ ദൈവം പറഞ്ഞിരിക്കുന്ന വാക്കുകൾ ബാബിലോണിൽ ബന്ദികളായ ഇസ്രായേല്യരോടുള്ളതായിരുന്നു. ആ ജനത്തിനുവേണ്ടി ശോഭനമായ ഒരു ഭാവിയാണ് ദൈവത്തിന്റെ മനസ്സിലുണ്ടായിരുന്നത്. (യിരെമ്യ 29: 4) എന്നാൽ താൻ വാഗ്ദാനം ചെയ്തിരിക്കുന്ന ആ നല്ല ഭാവി വേണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ദൈവം ഓരോ വ്യക്തിക്കും കൊടുത്തു. (ആവർത്തനം 30:19, 20; യിരെമ്യ 29:32) ദൈവത്തോട് അടുക്കാൻ തീരുമാനിച്ച വ്യക്തികൾ ആത്മാർഥഹൃദയത്തോടെ ദൈവത്തോടു പ്രാർഥിച്ചുകൊണ്ട് അങ്ങനെ ചെയ്തു.—യിരെമ്യ 29:12, 13.
യിരെമ്യ 29-ാം അധ്യായം വായിക്കുക. അടിക്കുറിപ്പുകളും ഒത്തുവാക്യങ്ങളും കാണാം.
a ദൈവത്തിന്റെ പേരാണ് യഹോവ.—സങ്കീർത്തനം 83:18.
b യിരെമ്യ 29:11-നെക്കുറിച്ച് ദി എക്സ്പോസിറ്റേഴ്സ് ബൈബിൾ കമെന്ററി (ഇംഗ്ലീഷ്) ഇങ്ങനെ പറയുന്നു: “ഒടുവിൽ, ബന്ദികളായവർക്കു ശുഭപ്രതീക്ഷയോടെയും പ്രത്യാശയോടെയും ഭാവിയിലേക്കു നോക്കാൻ സഹായിക്കുന്ന, യാഹ്വെയുടെ (യഹോവയുടെ) ആർദ്രാനുകമ്പ വെളിപ്പെടുന്ന, ഇത്ര മനോഹരമായ ഒരു വാഗ്ദാനം തിരുവെഴുത്തുകളിൽ മറ്റ് എവിടെയും കണ്ടെത്താൻ ബുദ്ധിമുട്ടാണ്.”—വാല്യം 7, പേജ് 360.