ബൈബിൾവാക്യങ്ങളുടെ വിശദീകരണം
യിരെമ്യ 33:3—“എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിനക്കുത്തരം അരുളും”
“എന്നെ വിളിക്കൂ. ഞാൻ മറുപടി പറയാം. നിനക്ക് അറിയാത്ത വലുതും ദുർഗ്രഹവും ആയ കാര്യങ്ങൾ ഞാൻ നിനക്കു പറഞ്ഞുതരാം.”—യിരെമ്യ 33:3, പുതിയ ലോക ഭാഷാന്തരം.
“എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിനക്കുത്തരം അരുളും; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാൻ നിന്നെ അറിയിക്കും.”—യിരെമ്യ 33:3, സത്യവേദപുസ്തകം.
യിരെമ്യ 33:3-ന്റെ അർഥം
പ്രാർഥനയിലൂടെ തന്നെ സമീപിക്കാനുള്ള ദൈവത്തിന്റെ ക്ഷണമാണ് ഈ വാക്യങ്ങളിലൂടെ കാണുന്നത്. ഈ ക്ഷണം സ്വീകരിച്ച് തന്നോടു പ്രാർഥിക്കുന്നവർക്കു ദൈവം ഭാവിയിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ വെളിപ്പെടുത്തിക്കൊടുക്കും.
“എന്നെ വിളിക്കൂ. ഞാൻ മറുപടി പറയാം.” “എന്നെ വിളിക്കൂ” എന്ന പ്രയോഗം ദൈവത്തെ വെറുതേ വിളിക്കുന്നതിനെയല്ല അർഥമാക്കുന്നത്. പകരം സഹായത്തിനും വഴിനടത്തിപ്പിനും ആയി പ്രാർഥനയിൽ ദൈവത്തെ സമീപിക്കുന്നതാണ് അതിൽ ഉൾപ്പെടുന്നത്.—സങ്കീർത്തനം 4:1; യിരെമ്യ 29:12.
സാധ്യതയനുസരിച്ച്, പുരാതന ഇസ്രായേൽ ജനത്തിനുള്ളതായിരുന്നു ഈ ക്ഷണം. അവർ ദൈവത്തോട് അവിശ്വസ്തരായിത്തീർന്നിരുന്നു. അതുപോലെ ബാബിലോൺസൈന്യത്തിന്റെ ആക്രമണം നേരിട്ട ഒരു സമയവുമായിരുന്നു അത്. (യിരെമ്യ 32:1, 2) ഇപ്പോൾ യഹോവ a അവരോട് പ്രാർഥനയിൽ തന്നെ വിളിച്ചപേക്ഷിച്ചുകൊണ്ട് തന്നിലേക്കു തിരിഞ്ഞുവരാൻ പറയുന്നു.
“നിനക്ക് അറിയാത്ത വലുതും ദുർഗ്രഹവും ആയ കാര്യങ്ങൾ ഞാൻ നിനക്കു പറഞ്ഞുതരാം.” ദൈവം വെളിപ്പെടുത്തുമെന്ന് ഉറപ്പുതന്നിരിക്കുന്ന കാര്യങ്ങൾ മനുഷ്യർക്കു സ്വന്തമായി മനസ്സിലാക്കാൻ കഴിയില്ല. ആ അർഥത്തിൽ അവ ദുർഗ്രഹം (മനസ്സിലാക്കാനാകാത്തവ) ആണ്. ‘ദുർഗ്രഹമായ കാര്യങ്ങൾ’ എന്നതിനെ “മറഞ്ഞിരിക്കുന്ന കാര്യങ്ങൾ” എന്നും പരിഭാഷപ്പെടുത്താം.
എന്തൊക്കെ ‘മറഞ്ഞിരിക്കുന്ന കാര്യങ്ങളാണ്’ ദൈവം വെളിപ്പെടുത്താൻപോകുന്നത്? ഭാവിയിൽ സംഭവിക്കാൻപോകുന്ന കാര്യങ്ങൾ—പ്രത്യേകിച്ചും, പുരാതന നഗരമായ യരുശലേമിന്റെ നാശവും ശൂന്യമാക്കലും പിന്നെ അതു പൂർവസ്ഥിതിയിലാക്കുന്നതും. (യിരെമ്യ 30:1-3; 33:4, 7, 8) അതുപോലെ തന്റെ ആരാധകരെ ഒരു ജനതയെന്ന നിലയിൽ നശിപ്പിക്കില്ലെന്നും ദൈവം ഉറപ്പുകൊടുത്തു.—യിരെമ്യ 32:36-38.
യിരെമ്യ 33:3-ന്റെ സന്ദർഭം
യിരെമ്യ പ്രവാചകന് യഹോവയിൽനിന്ന് ഈ സന്ദേശം ലഭിക്കുന്നത് ബി.സി. 608-ലാണ്, സിദെക്കിയ രാജാവിന്റെ ഭരണത്തിന്റെ പത്താം വർഷം. യരുശലേം നശിപ്പിക്കപ്പെടുമെന്നും സിദെക്കിയ രാജാവിനെ ഒരു അടിമയായി കൊണ്ടുപോകുമെന്നും യിരെമ്യ മുൻകൂട്ടിപ്പറഞ്ഞു. എന്നാൽ രാജാവിന് ഈ സന്ദേശം ഇഷ്ടപ്പെടാത്തതുകൊണ്ട് അദ്ദേഹം യിരെമ്യയെ തടവിലാക്കി.—യിരെമ്യ 32:1-5; 33:1; 37:21.
ഈ സന്ദർഭത്തിലാണ് യിരെമ്യ 33:3-ലെ ക്ഷണം ദൈവം കൊടുക്കുന്നത്. എന്നാൽ സിദെക്കിയ രാജാവും ഭൂരിഭാഗം ഇസ്രായേല്യരും അവരുടെ അവിശ്വസ്തതയിൽത്തന്നെ തുടർന്നു. (യിരെമ്യ 7:26; 25:4) അവർ ദൈവത്തിന്റെ വഴിനടത്തിപ്പിനായി ദൈവത്തെ വിളിച്ചില്ല. അതുകൊണ്ട് ഒരു വർഷത്തിനു ശേഷം സിദെക്കിയയ്ക്ക് അധികാരം നഷ്ടപ്പെട്ടു, യരുശലേം നാശത്തിന് ഇരയായി, ഇനി അതിജീവിച്ചവരെയെല്ലാം ബന്ധികളായി ബാബിലോണിലേക്കു കൊണ്ടുപോകുകയും ചെയ്തു.—യിരെമ്യ 39:1-7.
യിരെമ്യ 33:3-ലെ വാക്കുകൾക്ക് ഇന്ന് എന്തെങ്കിലും പ്രസക്തിയുണ്ടോ? ദൈവത്തോടു പ്രാർഥിക്കുകയും ദൈവവചനമായ ബൈബിൾ പഠിക്കുകയും ചെയ്യുന്നവർക്ക് തന്റെ ഇഷ്ടത്തെക്കുറിച്ചുള്ള ‘ശരിയായ അറിവും’ ‘ഗഹനമായ കാര്യങ്ങളും’ ദൈവം വെളിപ്പെടുത്തിക്കൊടുക്കുമെന്ന് ഈ വാക്കുകൾ അർഥമാക്കുന്നു. (കൊലോസ്യർ 1:9; 1 കൊരിന്ത്യർ 2:10) ഈ ഗഹനമായ കാര്യങ്ങളിൽ ഉടൻ സംഭവിക്കാൻപോകുന്ന ദൈവത്തിന്റെ വാഗ്ദാനങ്ങളും ഉൾപ്പെടുന്നു.—വെളിപാട് 21:3, 4.
യിരെമ്യയുടെ പുസ്തകത്തിന്റെ ചുരുക്കം മനസ്സിലാക്കാൻ ഈ വീഡിയോ കാണുക.
a ദൈവത്തിന്റെ പേരാണ് യഹോവ. (സങ്കീർത്തനം 83:18) “യഹോവ ആരാണ്?” എന്ന ലേഖനം കാണുക.