ബൈബിൾവാക്യങ്ങളുടെ വിശദീകരണം
യോശുവ 1:9—‘ധൈര്യവും മനക്കരുത്തും ഉള്ളവനായിരിക്കുക’
“ധൈര്യവും മനക്കരുത്തും ഉള്ളവനായിരിക്കാൻ ഞാൻ നിന്നോടു കല്പിച്ചിട്ടുള്ളതല്ലേ? പേടിക്കുകയോ ഭയപരവശനാകുകയോ അരുത്. കാരണം നീ എവിടെ പോയാലും നിന്റെ ദൈവമായ യഹോവ നിന്റെകൂടെയുണ്ട്.”—യോശുവ 1:9, പുതിയ ലോക ഭാഷാന്തരം.
“ശക്തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോടു ഞാൻ കൽപിച്ചിട്ടില്ലയോ? നിന്റെ ദൈവമായ കർത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെ ഉണ്ടായിരിക്കും.”—യോശുവ 1:9, പി.ഒ.സി. ബൈബിൾ.
യോശുവ 1:9-ന്റെ അർഥം
ദൈവമായ യഹോവ a തന്റെ വിശ്വസ്തദാസനായ യോശുവയോടു പറഞ്ഞ വാക്കുകളാണ് ഇവ. യോശുവയ്ക്ക് ബുദ്ധിമുട്ടുനിറഞ്ഞ സാഹചര്യങ്ങളും തളർത്തിക്കളയുമായിരുന്ന പല പ്രശ്നങ്ങളും നേരിടേണ്ടിവന്നു. എങ്കിലും, അപ്പോഴെല്ലാം “ധൈര്യവും മനക്കരുത്തും ഉള്ളവനായിരിക്കാൻ” യോശുവയ്ക്കു കഴിയുമെന്നു ദൈവം ഉറപ്പുകൊടുത്തു. ദൈവത്തിന്റെ കല്പനകൾ അനുസരിക്കുന്നെങ്കിൽ ഭാവിയെക്കുറിച്ച് യോശുവയ്ക്ക് ഒരു പേടിയും തോന്നേണ്ടതില്ലായിരുന്നു. കാരണം, വിജയം നേടിത്തരാൻ യഹോവ യോശുവയുടെ കൂടെത്തന്നെ ഉണ്ടാകുമായിരുന്നു. അതെ, യഹോവ വേണ്ട നിർദേശങ്ങൾ കൊടുത്തുകൊണ്ടും ശത്രുക്കളെ കീഴ്പെടുത്താൻ സഹായിച്ചുകൊണ്ടും യോശുവയുടെകൂടെ നിന്നു.
യോശുവയ്ക്ക് എങ്ങനെ “ധൈര്യവും മനക്കരുത്തും ഉള്ളവനായിരിക്കാൻ” കഴിയുമായിരുന്നു? അന്ന് യഹോവ കൊടുത്തിട്ടുണ്ടായിരുന്ന ദൈവപ്രചോദിതമായ എഴുത്തുകളിൽനിന്ന് യോശുവയ്ക്കു ധൈര്യവും മനക്കരുത്തും നേടാനാകുമായിരുന്നു. ഈ എഴുത്തുകളിൽ, ‘യഹോവയുടെ ദാസനായ മോശ യോശുവയോടു കല്പിച്ച നിയമം മുഴുവനും’ ഉൾപ്പെട്ടു. b (യോശുവ 1:7) ‘രാവും പകലും അതു മന്ദസ്വരത്തിൽ വായിക്കാൻ’ (‘ധ്യാനിക്കാൻ,’ പി.ഒ.സി. ബൈബിൾ ) യഹോവ യോശുവയോട് ആവശ്യപ്പെട്ടു. (യോശുവ 1:8) അങ്ങനെ വായിക്കുകയും ധ്യാനിക്കുകയും ചെയ്തത് ദൈവത്തിന്റെ ഇഷ്ടം ചെയ്യുമെന്ന ഉറച്ചതീരുമാനമെടുക്കാൻ യോശുവയെ സഹായിച്ചു. കൂടാതെ, ദൈവവചനത്തിൽനിന്ന് പഠിച്ച കാര്യങ്ങൾക്കനുസരിച്ച് പ്രവർത്തിച്ചുകൊണ്ട് അദ്ദേഹം ‘അതിൽ എഴുതിയിരിക്കുന്നതെല്ലാം ശ്രദ്ധാപൂർവം പാലിക്കണമായിരുന്നു.’ അങ്ങനെ, അദ്ദേഹത്തിനു ജ്ഞാനത്തോടെ പ്രവർത്തിക്കാനും വിജയിക്കാനും കഴിയുമായിരുന്നു. യോശുവ അതുതന്നെ ചെയ്തു. പ്രശ്നങ്ങളൊക്കെ നേരിടേണ്ടിവന്നെങ്കിലും യഹോവയുടെ ഒരു വിശ്വസ്താരാധകനായി സംതൃപ്തമായ ഒരു ജീവിതം അദ്ദേഹം ആസ്വദിച്ചു.—യോശുവ 23:14; 24:15.
യഹോവ യോശുവയോടു പറഞ്ഞ ആ വാക്കുകൾ ഇന്നു നമുക്കും ഒരു പ്രോത്സാഹനമാണ്. യഹോവ തന്റെ ആരാധകരെക്കുറിച്ച് എത്രമാത്രം ചിന്തയുള്ളവനാണെന്ന് ഈ വാക്കുകൾ കാണിച്ചുതരുന്നു. പ്രത്യേകിച്ചും, ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ യഹോവ അവരുടെ കൂടെത്തന്നെ ഉണ്ട്. യോശുവയെപ്പോലെ അവരും ജീവിതത്തിൽ വിജയിക്കാൻ യഹോവ ആഗ്രഹിക്കുന്നു! അതുപോലെ ദൈവവചനമായ ബൈബിൾ വായിക്കുകയും ധ്യാനിക്കുകയും, അതിലെ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുമ്പോൾ യോശുവയെപ്പോലെ ‘ധൈര്യവും മനക്കരുത്തും ഉള്ളവരായിരിക്കാനും’ അവർക്കു കഴിയും.
യോശുവ 1:9-ന്റെ സന്ദർഭം
മോശയുടെ മരണശേഷം ഇസ്രായേൽ ജനത്തെ നയിക്കാൻ യഹോവ യോശുവയോട് ആവശ്യപ്പെട്ടു. (യോശുവ 1:1, 2) അവർ അപ്പോൾ ദൈവം വാഗ്ദാനം ചെയ്ത കനാൻ ദേശത്തേക്കു കടക്കാനിരിക്കുകയായിരുന്നു. പക്ഷേ അവർക്കു ശക്തരായ എതിരാളികളെ നേരിടേണ്ടതുണ്ടായിരുന്നു. ഉദാഹരണത്തിന്, അങ്ങേയറ്റം ദുഷ്ടന്മാരായിരുന്ന കനാന്യരോട് യോശുവയ്ക്കു യുദ്ധം ചെയ്യേണ്ടിവന്നു. c (ആവർത്തനം 9:5; 20:17, 18) അവരാണെങ്കിൽ ധാരാളം ആയുധങ്ങളും ആൾബലവും ഉള്ള ഒരു ജനത. (യോശുവ 9:1, 2; 17:18) എന്നാൽ യോശുവ ധൈര്യത്തോടെ യഹോവയുടെ നിർദേശങ്ങൾ അനുസരിച്ചതുകൊണ്ട് ദൈവം അവരോടുകൂടെ ഉണ്ടായിരുന്നു. അങ്ങനെ, വെറും ആറു വർഷംകൊണ്ട് ഭൂരിഭാഗം ശത്രുക്കളെയും ഇസ്രായേല്യർ കീഴ്പെടുത്തി.—യോശുവ 21:43, 44.
a יהוה(യ്ഹ്വ്ഹ്) എന്ന നാല് എബ്രായ അക്ഷരങ്ങൾ ഉപയോഗിച്ച് എഴുതുന്ന ദൈവത്തിന്റെ പേര് മലയാളത്തിൽ “യഹോവ” എന്നാണു പൊതുവേ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഈ നാല് അക്ഷരങ്ങൾ ചതുരക്ഷരി എന്നും അറിയപ്പെടുന്നു. പി.ഒ.സി. ബൈബിളിൽ ഈ വാക്യഭാഗത്ത് ദൈവത്തിന്റെ പേരിനു പകരം കർത്താവ് എന്നാണ് കൊടുത്തിരിക്കുന്നത്. യഹോവയെക്കുറിച്ചും ചില ബൈബിൾ പരിഭാഷകളിൽ യഹോവ എന്ന പേര് ഇല്ലാത്തതിന്റെ കാരണത്തെക്കുറിച്ചും അറിയുന്നതിനായി “ആരാണ് യഹോവ?” എന്ന ലേഖനം കാണുക.
b മോശ എഴുതിയ, ബൈബിളിലെ ആദ്യത്തെ അഞ്ച് പുസ്തകങ്ങളും (ഉൽപത്തി, പുറപ്പാട്, ലേവ്യ, സംഖ്യ, ആവർത്തനം) ഇയ്യോബിന്റെ പുസ്തകവും ഒന്നോ രണ്ടോ സങ്കീർത്തനങ്ങളും ആയിരിക്കാം സാധ്യതയനുസരിച്ച് യോശുവയ്ക്ക് അന്നു ലഭ്യമായിരുന്ന ദൈവപ്രചോദിതമായ എഴുത്തുകൾ.
c അത്തരമൊരു യുദ്ധം ആവശ്യമായിരുന്നത് എന്തുകൊണ്ടാണെന്ന് അറിയുന്നതിനായി, 2010 ജനുവരി 1 ലക്കം വീക്ഷാഗോപുരത്തിന്റെ “ദൈവം എന്തുകൊണ്ടാണ് കനാന്യർക്കെതിരെ യുദ്ധം ചെയ്തത്?” (ഇംഗ്ലീഷ്) എന്ന ലേഖനം കാണുക.