ബൈബിൾവാക്യങ്ങളുടെ വിശദീകരണം
യോഹന്നാൻ 15:13—“ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല”
“സ്നേഹിതർക്കുവേണ്ടി സ്വന്തം ജീവൻ കൊടുക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ല.”—യോഹന്നാൻ 15:13, പുതിയ ലോക ഭാഷാന്തരം.
“സ്നേഹിതന്മാർക്ക് വേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല.”—യോഹന്നാൻ 15:13, സത്യവേദപുസ്തകം.
യോഹന്നാൻ 15:13-ന്റെ അർഥം
സ്വന്തം ജീവൻ കൊടുക്കാൻപോലും തോന്നുന്നത്ര സ്നേഹം പരസ്പരം ഉണ്ടായിരിക്കണമെന്ന് യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിക്കുകയായിരുന്നു.
ഇക്കാര്യം പറയുന്നതിനു തൊട്ടുമുമ്പ് യേശു അപ്പോസ്തലന്മാരോട് ഇങ്ങനെ പറഞ്ഞു: “ഇതാണ് എന്റെ കല്പന: ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെതന്നെ നിങ്ങളും തമ്മിൽത്തമ്മിൽ സ്നേഹിക്കണം.” (യോഹന്നാൻ 15:12) യേശു എങ്ങനെയുള്ള സ്നേഹമായിരുന്നു അവരോടു കാണിച്ചത്? ഒട്ടും സ്വാർഥതയില്ലാത്ത, സ്വയം ത്യജിക്കാൻപോലും തയ്യാറായ സ്നേഹം. ഭൂമിയിലെ ശുശ്രൂഷക്കാലത്ത് തന്റെ ആവശ്യങ്ങൾക്കല്ല അനുഗാമികളുടെയും മറ്റുള്ളവരുടെയും ആവശ്യങ്ങൾക്കാണ് യേശു പ്രാധാന്യം കൊടുത്തത്. യേശു ആളുകളുടെ രോഗങ്ങൾ സുഖപ്പെടുത്തി, അവരെ ദൈവരാജ്യത്തെക്കുറിച്ച് പഠിപ്പിച്ചു. a മറ്റുള്ളവർക്കുവേണ്ടി എളിയ കാര്യങ്ങൾപ്പോലും ചെയ്യാൻ തയ്യാറായി. (മത്തായി 9:35; ലൂക്കോസ് 22:27; യോഹന്നാൻ 13:3-5) എന്നാൽ യോഹന്നാൻ 15:13-ൽ, യേശു ഇതിനെക്കാളെല്ലാം വലിയൊരു സ്നേഹപ്രവൃത്തിയെക്കുറിച്ചാണ് പറഞ്ഞത്. ശരിക്കും പറഞ്ഞാൽ, ഇതു പറഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞപ്പോഴേക്കും ആ മഹത്തായ സ്നേഹപ്രവൃത്തി എന്താണെന്ന് യേശുതന്നെ കാണിച്ചുതന്നു. ‘അനേകർക്കുവേണ്ടി തന്റെ ജീവൻ മോചനവിലയായി കൊടുക്കാൻ’ യേശു മനസ്സോടെ തയ്യാറായി. (മത്തായി 20:28; 22:39) ഈ അസാധാരണ പ്രവൃത്തിയിലൂടെ യേശു തന്നെക്കാളും മറ്റുള്ളവരെ സ്നേഹിക്കുന്നുണ്ടെന്ന് കാണിച്ചു.
യേശു മനുഷ്യകുടുംബത്തെ സ്നേഹിക്കുന്നു. എന്നാൽ താൻ പഠിപ്പിച്ച കാര്യങ്ങൾ അനുസരിക്കുന്നവരോട് യേശുവിനു കൂടുതൽ സ്നേഹമുണ്ട്. അങ്ങനെ താൻ പറഞ്ഞ കാര്യങ്ങൾ അനുസരിക്കുകയും പരീക്ഷണങ്ങളിൽ തന്റെ കൂടെ നിൽക്കുകയും ചെയ്ത ശിഷ്യന്മാരെ അടുത്ത കൂട്ടുകാരായാണ് യേശു കണ്ടത്. (ലൂക്കോസ് 22:28; യോഹന്നാൻ 15:14, 15) ഇത് അവർക്കുവേണ്ടി ജീവൻ നൽകാൻ യേശുവിനെ കൂടുതൽ പ്രേരിപ്പിച്ചു.
ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ യേശു പറഞ്ഞതനുസരിച്ച് ജീവിച്ചു. പരസ്പരം ജീവൻ കൊടുക്കാൻപോലും അവർ തയ്യാറായിരുന്നു. (1 യോഹന്നാൻ 3:16) ശരിക്കും യേശു കാണിച്ച സ്നേഹം, ഒട്ടും സ്വാർഥതയില്ലാത്ത ആ സ്നേഹം, പിൽക്കാലത്തും യഥാർഥ ക്രിസ്ത്യാനികളെ തിരിച്ചറിയിക്കുന്ന പ്രധാന അടയാളമാകുമായിരുന്നു.—യോഹന്നാൻ 13:34, 35.
യോഹന്നാൻ 15:13-ന്റെ സന്ദർഭം
യോഹന്നാന്റെ സുവിശേഷത്തിലെ 13 മുതൽ 17 വരെയുള്ള അധ്യായങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്, യേശു തന്റെ വിശ്വസ്തരായ 11 അപ്പോസ്തലന്മാരോടു പറയുന്ന അവസാനവാക്കുകളും അവരോടൊപ്പമുള്ള അവസാനപ്രാർഥനയും ആണ്. യേശു മരിക്കുന്നതിനു മണിക്കൂറുകൾക്കു മുമ്പാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. 15-ാം അധ്യായത്തിൽ യേശു ഒരു ദൃഷ്ടാന്തം ഉപയോഗിച്ചു. തന്റെ അനുഗാമികളായിരിക്കണമെങ്കിൽ എപ്പോഴും തന്നോടു യോജിപ്പിലായിരിക്കണമെന്നു വ്യക്തമാക്കുന്ന ഒരു ദൃഷ്ടാന്തമായിരുന്നു അത്. അതിൽ യേശു ശിഷ്യന്മാരെ താരതമ്യപ്പെടുത്തിയത് ഒരു മുന്തിരിച്ചെടിയിലെ ഫലം കായ്ക്കുന്ന ശാഖകളോടാണ്. നിങ്ങൾ ‘ധാരാളം ഫലം കായ്ക്കണമെന്ന്’ യേശു അവരോടു പറഞ്ഞു. (യോഹന്നാൻ 15:1-5, 8) ഫലം കായ്ക്കുന്നതിനുള്ള ഒരു വിധം സ്വയം ത്യജിച്ചുകൊണ്ടുള്ള സ്നേഹം മറ്റുള്ളവരോടു കാണിക്കുന്നതാണ്. ആ സ്നേഹത്തിൽ യേശു ചെയ്തതുപോലെ ‘ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത പ്രസംഗിക്കുന്നതും’ ഉൾപ്പെടും.—ലൂക്കോസ് 4:43; യോഹന്നാൻ 15:10, 17.
യോഹന്നാന്റെ പുസ്തകത്തിന്റെ ചുരുക്കം മനസ്സിലാക്കാൻ ഈ വീഡിയോ കാണുക.
a സ്വർഗത്തിലെ ഒരു ഗവൺമെന്റാണ് ദൈവരാജ്യം. ദൈവം ആ രാജ്യം സ്ഥാപിച്ചിരിക്കുന്നത് ഭൂമിയെ ഭരിക്കാനും ഭൂമിയെക്കുറിച്ചുള്ള ദൈവത്തിന്റെ ഇഷ്ടം നടപ്പിലാക്കാനും ആണ്. (ദാനിയേൽ 2:44; മത്തായി 6:9, 10) കൂടുതൽ വിവരങ്ങൾ അറിയാൻ “എന്താണ് ദൈവരാജ്യം?” എന്ന ലേഖനം വായിക്കുക.