ബൈബിൾവാക്യങ്ങളുടെ വിശദീകരണം
റോമർ 10:13—‘കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുക’
“യഹോവയുടെ പേര് വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും രക്ഷ കിട്ടും.”—റോമർ 10:13, പുതിയ ലോക ഭാഷാന്തരം.
“കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷപ്രാപിക്കും.”—റോമർ 10:13, പി.ഒ.സി.
റോമർ 10:13-ന്റെ അർഥം
ദൈവത്തിനു പക്ഷപാതമില്ല. ദേശം, വർഗം, സമൂഹത്തിലെ നില എന്നിവ കണക്കിടാതെ എല്ലാവരും രക്ഷ പ്രാപിക്കാനും നിത്യജീവൻ നേടാനും ആണ് ദൈവം ആഗ്രഹിക്കുന്നത്. അതിനുവേണ്ടി നമ്മൾ സർവശക്തനായ ദൈവത്തിന്റെ പേര് a വിളിച്ചപേക്ഷിക്കണം. ആ പേരാണ് യഹോവ.—സങ്കീർത്തനം 83:18.
ബൈബിളിൽ “യഹോവയുടെ പേര് വിളിച്ചപേക്ഷിക്കുക” എന്നു പറയുന്നതിന്റെ അർഥം വെറുതേ ആ പേര് അറിയുന്നതോ ആരാധനയിൽ ആ പേര് ഉപയോഗിക്കുന്നതോ മാത്രമല്ല. (സങ്കീർത്തനം 116:12-14) ദൈവത്തിൽ വിശ്വാസം അർപ്പിക്കുന്നതും സഹായത്തിനായി ദൈവത്തിലേക്കു നോക്കുന്നതും അതിൽ ഉൾപ്പെടുന്നുണ്ട്.—സങ്കീർത്തനം 20:7; 99:6.
യേശുക്രിസ്തു ദൈവത്തിന്റെ പേര് വളരെ പ്രധാനപ്പെട്ടതായി കണ്ടു. താൻ പഠിപ്പിച്ച മാതൃകാപ്രാർഥനയിലെ ആദ്യത്തെ വാക്കുകൾതന്നെ “സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ പേര് പരിശുദ്ധമായിരിക്കേണമേ”എന്നാണ്. (മത്തായി 6:9) ദൈവത്തെക്കുറിച്ച് ശരിക്കും അറിയുകയും ദൈവത്തെ അനുസരിക്കുകയും ആ ദൈവത്തെ സ്നേഹിക്കുകയും ചെയ്താൽ മാത്രമേ നമുക്കു നിത്യജീവൻ നേടാൻ കഴിയുകയുള്ളൂ എന്നും യേശു പറഞ്ഞു.—യോഹന്നാൻ 17:3, 6, 26.
പി.ഒ.സി. ബൈബിളിൽ റോമർ 10:13-ൽ “കർത്താവ്” എന്ന പറഞ്ഞിരിക്കുന്നത് യഹോവയെത്തന്നെയാണെന്ന് എങ്ങനെ അറിയാം? ആ വചനം യോവേൽ 2:32-ൽ നിന്നാണ് എടുത്തിരിക്കുന്നത്. എബ്രായമൂലപാഠത്തിൽ b ആ ഭാഗത്ത് “കർത്താവ്” എന്ന സ്ഥാനപ്പേരിനു പകരം ദൈവത്തിന്റെ പേരാണ് ഉപയോഗിച്ചിരിക്കുന്നത്.
റോമർ 10:13-ന്റെ സന്ദർഭം
യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു വ്യക്തിക്കു ദൈവത്തിന്റെ അംഗീകാരം ഉണ്ടോ ഇല്ലയോ എന്ന് നിർണയിക്കുന്നതെന്ന് റോമർ 10-ാം അധ്യായത്തിൽ പറയുന്നു. (റോമർ 10:9) പഴയ നിയമം എന്ന് അറിയപ്പെടുന്ന തിരുവെഴുത്തുഭാഗത്തെ പല ഉദ്ധരണികളും ഈ ആശയത്തെ പിന്തുണയ്ക്കുന്നുണ്ട്. യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരു വ്യക്തി മറ്റുള്ളവരോടു രക്ഷയെക്കുറിച്ചുള്ള സുവിശേഷം ‘പരസ്യമായി പ്രഖ്യാപിക്കണം.’ അങ്ങനെ മറ്റുള്ളവർക്കും യേശുവിൽ വിശ്വസിക്കാനുള്ള അവസരം കിട്ടുന്നു. അതാകട്ടെ അവർക്കു നിത്യജീവൻ നേടിക്കൊടുക്കും.—റോമർ 10:10, 14, 15, 17.
റോമർ 10-ാം അധ്യായം വായിക്കുക. അടിക്കുറിപ്പുകളും ഒത്തുവാക്യങ്ങളും കാണാം.
a ബൈബിളിന്റെ പുരാതന കൈയെഴുത്തുപ്രതികളിൽ ദൈവത്തിന്റെ പേര് ഏതാണ്ട് 7,000 പ്രാവശ്യം കാണാം. എബ്രായയിൽ ദൈവത്തിന്റെ പേര് നാല് അക്ഷരങ്ങൾ ഉപയോഗിച്ചാണ് രേഖപ്പെടുത്തുന്നത്. അത് ചതുരക്ഷരി എന്ന് അറിയപ്പെടുന്നു. മലയാളത്തിൽ അതു പൊതുവെ പരിഭാഷപ്പെടുത്തിയിരിക്കുന്നത് “യഹോവ” എന്നാണ്. എന്നാൽ ചില പണ്ഡിതന്മാർ “യാഹ്വെ” എന്ന പരിഭാഷയെ അനുകൂലിക്കുന്നു.
b “പഴയ നിയമത്തിൽ” ദൈവത്തിന്റെ പേര് കൊടുത്തിരിക്കുന്ന വാക്യങ്ങൾ പുതിയനിയമത്തിൽ ഉദ്ധരിച്ചപ്പോൾ ക്രിസ്തീയ ബൈബിളെഴുത്തുകാർ ആ പേര് അങ്ങനെതന്നെ നിലനിറുത്തിയിട്ടുണ്ടാകണം. ആങ്കർ ബൈബിൾ ഡിക്ഷണറി (ഇംഗ്ലീഷ്) ഇങ്ങനെ പറയുന്നു. “പുതിയ നിയമം ആദ്യം എഴുതിയപ്പോൾ, പഴയനിയമത്തിൽനിന്ന് ഉദ്ധരിച്ചിരിക്കുന്ന ചിലയിടങ്ങളിൽ അല്ലെങ്കിൽ എല്ലായിടത്തുംതന്നെ യാഹ്വെ എന്ന ദൈവനാമം അഥവാ ചതുരക്ഷരി ഉണ്ടായിരുന്നെന്നു തെളിവുകൾ സൂചിപ്പിക്കുന്നു.” (വാല്യം 6, പേജ് 392) കൂടുതൽ വിവരങ്ങൾക്കായി പുതിയ ലോക ഭാഷാന്തരം പഠനപ്പതിപ്പിന്റെ അനുബന്ധം എ5-ലുള്ള “ദൈവനാമം ഗ്രീക്കുതിരുവെഴുത്തുകളിൽ” എന്ന ഭാഗം കാണുക.