ബൈബിൾവാക്യങ്ങളുടെ വിശദീകരണം
ലൂക്കോസ് 2:14—“ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്കു സമാധാനം!”
“അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്ത്വം. ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം.”—ലൂക്കോസ് 2:14, പുതിയ ലോക ഭാഷാന്തരം.
“അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം! ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്കു സമാധാനം!”—ലൂക്കോസ് 2:14, പി.ഒ.സി.
ലൂക്കോസ് 2:14-ന്റെ അർഥം
യേശുവിന്റെ ജനനസമയത്ത് ദൂതന്മാർ ഘോഷിച്ച സ്തുതിവാക്കുകളാണ് ഇത്. യേശുവിൽ വിശ്വാസമർപ്പിക്കുന്നവർക്ക് ദൈവത്തിന്റെ അംഗീകാരം ലഭിക്കുമെന്നും അവർ സമാധാനം അനുഭവിച്ചറിയുമെന്നും ഈ വാക്കുകൾ സൂചിപ്പിക്കുന്നു.
“അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്ത്വം.” എല്ലാ മഹത്ത്വത്തിനും യോഗ്യനാണ് ദൈവമെന്ന് ഈ വാക്കുകളിലൂടെ ദൂതന്മാർ എടുത്തുപറയുകയായിരുന്നു. യേശുവിന്റെ ജനനവും ഭൂമിയിലെ ശുശ്രൂഷയും ദൈവമായ യഹോവയ്ക്കു a മഹത്ത്വം കൊടുക്കുമെന്നും ഈ വാക്കുകൾ സൂചിപ്പിച്ചു. ഉദാഹരണത്തിന്, താൻ പഠിപ്പിച്ച എല്ലാ കാര്യങ്ങൾക്കും യേശു മഹത്ത്വം കൊടുത്തത് ദൈവത്തിനാണ്. യേശു പറഞ്ഞു: “ഞാൻ പഠിപ്പിക്കുന്ന കാര്യങ്ങൾ എന്റേതല്ല, എന്നെ അയച്ച ദൈവത്തിന്റേതാണ്.” (യോഹന്നാൻ 7:16-18) അതുപോലെ യേശു അത്ഭുതങ്ങൾ ചെയ്തപ്പോൾ പലപ്പോഴും അതു കണ്ടുനിന്നവർ “ദൈവത്തെ സ്തുതിക്കാൻതുടങ്ങി.” (ലൂക്കോസ് 5:18, 24-26; യോഹന്നാൻ 5:19) എന്തിന്, യേശുവിന്റെ മരണംപോലും ദൈവത്തിന് മഹത്ത്വം നൽകി. അതിലൂടെ നീതിമാന്മാരും സമാധാനപ്രിയരും ആയ മനുഷ്യരെക്കൊണ്ട് ഭൂമി നിറയ്ക്കുക എന്ന ദൈവത്തിന്റെ ഉദ്ദേശ്യം നിറവേറ്റാനുള്ള വഴി തുറന്നു.—ഉൽപത്തി 1:28.
“ഭൂമിയിൽ . . . സമാധാനം.” യുദ്ധങ്ങളൊന്നും ഇല്ലാത്ത ഒരു അവസ്ഥയെ മാത്രമല്ല ഈ സമാധാനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. യഹോവയുടെ അംഗീകാരമുള്ള ഒരു വ്യക്തിക്ക് മാത്രം ലഭിക്കുന്ന സമാധാനം, അല്ലെങ്കിൽ ഉള്ളിന്റെയുള്ളിൽ തോന്നുന്ന ഒരു ശാന്തത ആണ് ഇതിൽ ഉൾപ്പെടുന്നത്. യേശു മുഖാന്തരമാണ് മനുഷ്യർക്കു ദൈവവുമായി ഇതുപോലൊരു സമാധാനബന്ധം നേടാൻ കഴിയുന്നത്. (യാക്കോബ് 4:8) ദൈവരാജ്യത്തിന്റെ രാജാവായ യേശു മുഴുഭൂമിയിലും എന്നേക്കും നിലനിൽക്കുന്ന പൂർണമായ സമാധാനം കൊണ്ടുവരും.—സങ്കീർത്തനം 37:11; ലൂക്കോസ് 1:32, 33.
“ദൈവപ്രസാദമുള്ള മനുഷ്യർ.” ദൈവത്തിന്റെ അംഗീകാരമുള്ള, അല്ലെങ്കിൽ ദൈവത്തിന്റെ പ്രീതിയുള്ള ആളുകളെയാണ് ഈ വാക്ക് കുറിക്കുന്നത്. ദൈവത്തിലും ദൈവം അയച്ച യേശുവിലും പൂർണവിശ്വാസമുള്ളവരാണ് ഇവർ. ആളുകളുടെ മനോഭാവവും പ്രവൃത്തികളും ഒന്നും കണക്കിലെടുക്കാതെ എല്ലാ മനുഷ്യരോടും ദൈവം പ്രീതി കാണിക്കുമെന്ന് ഇതു സൂചിപ്പിക്കുന്നില്ല. ദൈവം അംഗീകരിക്കുന്ന ആളുകൾക്കിടയിലാണ് സമാധാനമുള്ളതെന്ന ആശയമാണ് പുതിയ ലോക ഭാഷാന്തരത്തിലും മറ്റ് ആധുനിക ഭാഷാന്തരങ്ങളിലും കാണുന്നത്. ഈ ആശയത്തെ വിശ്വസനീയമായ പഴയ ഗ്രീക്ക് കൈയെഴുത്തുപ്രതികൾ ശരിവെക്കുന്നു.—“ മറ്റു ഭാഷാന്തരങ്ങളിൽ ലൂക്കോസ് 2:14” കാണുക.
ലൂക്കോസ് 2:14-ന്റെ സന്ദർഭം
ലൂക്കോസ് 2-ാം അധ്യായത്തിൽ യേശുവിന്റെ ഭൗമികജീവിതത്തിന്റെ ആദ്യവർഷങ്ങളെക്കുറിച്ചാണ് പറയുന്നത്. യേശു ജനിച്ച ഉടൻതന്നെ ‘രാത്രിയിൽ ആട്ടിൻപറ്റത്തെ കാത്തുകൊണ്ട് വെളിമ്പ്രദേശത്ത് കഴിഞ്ഞിരുന്ന ഇടയന്മാർക്ക് ഒരു ദൂതൻ പ്രത്യക്ഷപ്പെട്ടു.’ b (ലൂക്കോസ് 2:4-8) “ഒരു മഹാസന്തോഷത്തെക്കുറിച്ചുള്ള വാർത്ത” ദൂതൻ അവരോട് പറഞ്ഞു: “നിങ്ങളുടെ രക്ഷകൻ ഇന്നു ദാവീദിന്റെ നഗരത്തിൽ ജനിച്ചിരിക്കുന്നു. കർത്താവായ ക്രിസ്തുവാണ് അത്.” (ലൂക്കോസ് 2:9-11) ആ കുഞ്ഞ് എവിടെയുണ്ടെന്ന് ദൂതൻ അവർക്കു പറഞ്ഞുകൊടുത്തു. പിന്നെ ആത്മവ്യക്തികളുടെ വലിയൊരു സംഘം ദൈവത്തെ സ്തുതിക്കുന്നതും അവർ കണ്ടു. ബേത്ത്ലെഹെമിൽ എത്തിയപ്പോൾ യോസേഫിനോടും മറിയയോടും ഒപ്പം അവർ കുഞ്ഞായിരുന്ന യേശുവിനെ കണ്ടു. (ലൂക്കോസ് 2:12-16) തങ്ങൾക്കുണ്ടായ അതിശയിപ്പിക്കുന്ന അനുഭവത്തെക്കുറിച്ച് പറഞ്ഞശേഷം “എല്ലാം കാണാനും കേൾക്കാനും കഴിഞ്ഞത് ഓർത്ത് ആ ഇടയന്മാർ ദൈവത്തെ വാഴ്ത്തിസ്തുതിച്ചുകൊണ്ട് മടങ്ങിപ്പോയി.”—ലൂക്കോസ് 2:17-20.
മറ്റു ഭാഷാന്തരങ്ങളിൽ ലൂക്കോസ് 2:14
“അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്ത്വം. ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം.”—ലൂക്കോസ് 2:14, ദാനീയേൽ ബൈബിൾ.
“സ്വർഗാതിസ്വർഗത്തിൽ ദൈവത്തിനു മഹത്ത്വം! ഭൂമിയിൽ ദൈവപ്രസാദം ലഭിച്ച മനുഷ്യർക്കു സമാധാനം!”—ലൂക്കോസ് 2:14, സത്യവേദപുസ്തകം, ആധുനിക വിവർത്തനം.
“സ്വർഗത്തിൽ ദൈവത്തിനു മഹത്വം. ഭൂമിയിൽ ദൈവം പ്രസാദിക്കുന്നവർക്ക് സമാധാനം.”—ലൂക്കോസ് 2:14, പരിശുദ്ധ ബൈബിൾ, ഈസി-റ്റു-റീഡ് വേർഷൻ.
ലൂക്കോസ് എന്ന പുസ്തകത്തിന്റെ ചുരുക്കം മനസ്സിലാക്കാൻ ഈ വീഡിയോ കാണുക.
a ദൈവത്തിന്റെ പേരാണ് യഹോവ. (സങ്കീർത്തനം 83:18) “യഹോവ ആരാണ്?” എന്ന ലേഖനം കാണുക.
b ഇടയന്മാർ വെളിമ്പ്രദേശത്തായിരുന്നു എന്ന വസ്തുത ഈ സംഭവങ്ങൾ നടന്നത് ശൈത്യകാലത്തല്ലായിരുന്നു എന്ന് സൂചിപ്പിക്കുന്നു. കൂടുതൽ അറിയാൻ “യേശു ജനിച്ചത് എപ്പോഴായിരുന്നു?” എന്ന ലേഖനം കാണുക.