ബൈബിൾ വാക്യങ്ങളുടെ വിശദീകരണം
സങ്കീർത്തനം 23:4—“മരണത്തിന്റെ നിഴൽവീണ താഴ്വരയിലൂടെയാണു ഞാൻ നടക്കുന്നതെങ്കിലും”
“കൂരിരുൾത്താഴ്വരയിലൂടെ നടക്കുമ്പോഴും എനിക്കൊരു പേടിയുമില്ല; അങ്ങ് എന്റെകൂടെയുണ്ടല്ലോ; അങ്ങയുടെ വടിയും കോലും എനിക്കു ധൈര്യമേകുന്നു.”—സങ്കീർത്തനം 23:4, പുതിയ ലോക ഭാഷാന്തരം.
“മരണത്തിന്റെ നിഴൽവീണ താഴ്വരയിലൂടെയാണു ഞാൻ നടക്കുന്നതെങ്കിലും, അവിടുന്നു കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല; അങ്ങയുടെ ഊന്നുവടിയും ദൺഡും എനിക്ക് ഉറപ്പേകുന്നു.”—സങ്കീർത്തനം 23:4, പി.ഒ.സി. ബൈബിൾ.
സങ്കീർത്തനം 23:4-ന്റെ അർഥം
ദൈവത്തെ ആരാധിക്കുന്നവർ ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുമ്പോൾപ്പോലും ദൈവത്തിന്റെ സംരക്ഷണം ആസ്വദിക്കുന്നു. ഈ വാക്യത്തിൽ ദൈവം തന്റെ ആരാധകർക്കുവേണ്ടി കരുതുന്നതിനെ ഒരു ഇടയൻ ആടുകളെ പരിപാലിക്കുന്നതുമായി താരതമ്യം ചെയ്തിരിക്കുന്നു. a ഇവിടെ പറഞ്ഞിരിക്കുന്നതുപോലെ കൂരിരുൾത്താഴ്വരയിലൂടെ മരണം മുന്നിൽകണ്ടുകൊണ്ട് നടക്കുമ്പോഴും ദൈവത്തിന്റെ ആരാധകർക്കു തങ്ങൾ ഒറ്റയ്ക്കാണെന്നു തോന്നില്ല. ദൈവം ശരിക്കും അവരുടെ കൂടെ ഉള്ളതുപോലെ അവർക്കു സുരക്ഷിതത്വം തോന്നും.
ബൈബിൾക്കാലങ്ങളിൽ ഇരപിടിയന്മാരിൽനിന്ന് ആടിനെ സംരക്ഷിക്കാൻ ഇടയന്മാർ വടി ഉപയോഗിച്ചിരുന്നു. ആട്ടിടയന്മാരുടെ കൈയിൽ ഒരറ്റം വളഞ്ഞിരിക്കുന്ന കോലുമുണ്ടാകും. അത് ഉപയോഗിച്ച് ഇടയൻ ആടിനെ അപകടങ്ങളിൽനിന്ന് വലിച്ചുമാറ്റുകയും ശരിയായ വഴിയിൽ നയിക്കുകയും ചെയ്യും. ദൈവമായ യഹോവയും സ്നേഹമുള്ള ഈ ഇടയനെപ്പോലെ, തന്നെ ആരാധിക്കുന്നവരെ സംരക്ഷിക്കുകയും നയിക്കുകയും ചെയ്യുന്നു. അവരുടെ ജീവിതത്തിലെ ബുദ്ധിമുട്ടേറിയ സമയങ്ങളിൽപ്പോലും യഹോവ പല വിധങ്ങളിൽ അവർക്കായി കരുതുന്നു. അവയിൽ ചിലതാണു താഴെ കൊടുത്തിരിക്കുന്നത്:
തന്റെ എഴുതപ്പെട്ട വചനമായ ബൈബിളിലൂടെ അവരെ പഠിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നു.—റോമർ 15:4.
പ്രാർഥനകൾ കേൾക്കുകയും അവരുടെ മനസ്സിന് ശാന്തതയും സമാധാനവും കൊടുക്കുകയും ചെയ്യുന്നു.—ഫിലിപ്പിയർ 4:6, 7.
സഹാരാധകരെ ഉപയോഗിച്ചുകൊണ്ട് അവരെ പ്രോത്സാഹിപ്പിക്കുന്നു.—എബ്രായർ 10:24, 25.
ഇപ്പോൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെല്ലാം നീക്കിക്കൊണ്ട് അവർക്ക് നല്ലൊരു ഭാവി കൊടുക്കുമെന്ന ഉറച്ച പ്രത്യാശയും നൽകിയിരിക്കുന്നു.—സങ്കീർത്തനം 37:29; വെളിപാട് 21:3-5.
സങ്കീർത്തനം 23:4-ന്റെ സന്ദർഭം
ചെറുപ്പത്തിൽ ഒരു ആട്ടിടയനായിരുന്ന ദാവീദാണ് 23-ാം സങ്കീർത്തനം എഴുതിയത്. പിന്നീട് അദ്ദേഹം പുരാതന ഇസ്രായേൽ ജനതയുടെ രാജാവുമായി. (1 ശമുവേൽ 17:34, 35; 2 ശമുവേൽ 7:8) ഈ സങ്കീർത്തനം തുടങ്ങുന്നതുതന്നെ യഹോവയെ ഒരു ഇടയനോട് ഉപമിച്ചുകൊണ്ടാണ്. ഒരു ഇടയനെപ്പോലെ യഹോവ തന്റെ ആരാധകരെ നയിക്കുകയും പോഷിപ്പിക്കുകയും അവർക്ക് ഉന്മേഷം പകരുകയും ചെയ്യുന്നതായി ഈ ഭാഗം വർണിക്കുന്നു.—സങ്കീർത്തനം 23:1-3.
23-ാം സങ്കീർത്തനത്തിന്റെ 4-ാം വാക്യത്തിൽ ദൈവം തരുന്ന സംരക്ഷണത്തെക്കുറിച്ച് വിവരിച്ചപ്പോൾ ദാവീദ് ദൈവത്തോടു നേരിട്ടു സംസാരിക്കുന്നതുപോലെയാണ് പറഞ്ഞത്. ദാവീദിന് യഹോവയുമായി ഉണ്ടായിരുന്ന ഒരു അടുത്ത ബന്ധത്തെയാണ് ഇതു കാണിക്കുന്നത്. തന്റെ എല്ലാ ബുദ്ധിമുട്ടുകളും ദൈവത്തിന് അറിയാമെന്നും തനിക്കായി ദൈവം കരുതുമെന്നും ദാവീദിന് ഉറപ്പായിരുന്നു. അതുകൊണ്ട് ദാവീദിന് ഒരു പേടിയും തോന്നിയില്ല.
തുടർന്ന് 23-ാം സങ്കീർത്തനത്തിന്റെ 5-ഉം 6-ഉം വാക്യങ്ങളിൽ ഇടയന്റെയും ആടിന്റെയും ഉപമയ്ക്കു പകരം ആതിഥേയന്റെയും അതിഥിയുടെയും ഉപമ ഉപയോഗിച്ചിരിക്കുന്നു. തന്റെ വീട്ടിൽ വരുന്ന അതിഥിയോടു സ്നേഹത്തോടെ ഇടപെടുന്ന ഉദാരമനസ്കനായ ഒരു വീട്ടുകാരനെപ്പോലെ യഹോവ ദാവീദിനോട് ഇടപെടുന്നതായാണ് അവിടെ വായിക്കുന്നത്. ദാവീദിനുവേണ്ടി കരുതുന്നതിൽനിന്ന് ദൈവത്തെ തടയാൻ അദ്ദേഹത്തിന്റെ ശത്രുക്കൾക്കുപോലും കഴിയില്ല. ജീവിതകാലത്തുടനീളം ദൈവം തന്നോടു നന്മ ചെയ്യുമെന്നും സ്നേഹം കാണിക്കുമെന്നും ഉള്ള ഉറച്ച വിശ്വാസത്തോടെയാണ് ദാവീദ് ഈ സങ്കീർത്തനം അവസാനിപ്പിക്കുന്നത്.
23-ാം സങ്കീർത്തനത്തിൽ കാണുന്ന ഈ ഉപമകൾ ദൈവം തന്റെ ആരാധകർക്കായി സ്നേഹത്തോടെ കരുതുന്നു എന്ന കാര്യം നന്നായി വരച്ചുകാണിക്കുന്നു.—1 പത്രോസ് 2:25.
a ദൈവത്തിന്റെ പേര് യഹോവ എന്നാണ്. ബൈബിൾ മിക്കപ്പോഴും ദൈവത്തെ വാത്സല്യമുള്ള ഒരു ഇടയനോടാണ് ഉപമിച്ചിരിക്കുന്നത്. ആടുകളാകുന്ന ദൈവത്തിന്റെ ആരാധകർ സംരക്ഷണത്തിനും സഹായത്തിനും ആയി ദൈവത്തിൽ ആശ്രയിക്കുന്നു.—സങ്കീർത്തനം 100:3; യശയ്യ 40:10, 11; യിരെമ്യ 31:10; യഹസ്കേൽ 34:11-16.