ബൈബിൾവാക്യങ്ങളുടെ വിശദീകരണം
സങ്കീർത്തനം 37:4—“കർത്താവിൽ ആനന്ദിക്കുക”
“യഹോവയിൽ അത്യധികം ആനന്ദിക്കൂ! ദൈവം നിന്റെ ഹൃദയാഭിലാഷങ്ങൾ സാധിച്ചുതരും.”—സങ്കീർത്തനം 37:4, പുതിയ ലോക ഭാഷാന്തരം.
“കർത്താവിൽ ആനന്ദിക്കുക; അവിടുന്നു നിന്റെ ആഗ്രഹങ്ങൾ സാധിച്ചുതരും.”—സങ്കീർത്തനം 37:4, പി.ഒ.സി. ബൈബിൾ.
സങ്കീർത്തനം 37:4-ന്റെ അർഥം
ദൈവവുമായി ഒരു അടുത്ത ബന്ധം ഉണ്ടായിരിക്കുന്നതിൽ സന്തോഷം കണ്ടെത്താൻ സങ്കീർത്തനക്കാരൻ ദൈവത്തിന്റെ ആരാധകരെ പ്രോത്സാഹിപ്പിക്കുകയാണ്. അങ്ങനെ ഒരു അടുത്ത സൗഹൃദമുള്ളവരുടെ ഉചിതമായ ആഗ്രഹങ്ങൾ ദൈവമായ യഹോവ a നടത്തിക്കൊടുക്കുമെന്ന് ഉറപ്പാണ്.
“യഹോവയിൽ അത്യധികം ആനന്ദിക്കൂ!” ഇതിനെ “യഹോവയിൽ ഏറ്റവും അധികം സന്തോഷം കണ്ടെത്തുക,” “കർത്താവിനെ സേവിക്കുന്നതിൽ ആനന്ദിക്കുക,” “കർത്താവ് ഉറപ്പുതന്നിരിക്കുന്ന കാര്യങ്ങളിൽ സന്തോഷിക്കുക” എന്നൊക്കെ പരിഭാഷപ്പെടുത്താനാകും. മറ്റു വാക്കുകളിൽ പറഞ്ഞാൽ “സത്യദൈവത്തെ ആരാധിക്കുന്നതിൽ സന്തോഷിക്കുക.” എന്തുകൊണ്ടാണ് അങ്ങനെ പറയാനാകുന്നത്?
യഹോവയെ ആരാധിക്കുന്നവർ ബൈബിളിൽ വെളിപ്പെടുത്തിയിരിക്കുന്ന ദൈവത്തിന്റെ കാഴ്ചപ്പാടിലൂടെയായിരിക്കും കാര്യങ്ങൾ കാണുന്നത്. അവർ ദൈവത്തെ അറിയുക മാത്രമല്ല, ദൈവത്തെ അനുസരിക്കുന്നതാണ് ജ്ഞാനമെന്നും തിരിച്ചറിയും. അങ്ങനെയാകുമ്പോൾ അവർക്കു ശുദ്ധമായ ഒരു മനസ്സാക്ഷിയുണ്ടായിരിക്കും, പല തെറ്റുകളും മോശമായ തീരുമാനങ്ങളും ഒഴിവാക്കാനുമാകും. (സുഭാഷിതങ്ങൾ 3:5, 6) ഉദാഹരണത്തിന്, അത്യാഗ്രഹികളോ സത്യസന്ധരല്ലാത്ത ആളുകളോ വിജയം നേടുമെന്നു തോന്നിയാലും യഹോവയെ ആരാധിക്കുന്നവർക്ക് അവരോടു ദേഷ്യമോ അസൂയയോ തോന്നില്ല. (സങ്കീർത്തനം 37:1, 7-9) ദൈവം പെട്ടെന്നുതന്നെ അനീതിയെല്ലാം അവസാനിപ്പിക്കുമെന്നും വിശ്വസ്തരായ ആളുകൾക്ക് അവരുടെ പ്രവൃത്തികൾക്ക് പ്രതിഫലം കൊടുക്കുമെന്നും ഉള്ള അറിവ് ദൈവജനത്തെ സന്തോഷിപ്പിക്കുന്നു. (സങ്കീർത്തനം 37:34) അതുപോലെ സ്വർഗീയപിതാവിന്റെ പ്രീതി അവർക്കുണ്ട് എന്ന അറിവും അവർക്കു സന്തോഷം നൽകുന്നു.—സങ്കീർത്തനം 5:12; സുഭാഷിതങ്ങൾ 27:11.
“ദൈവം നിന്റെ ഹൃദയാഭിലാഷങ്ങൾ സാധിച്ചുതരും.” “ദൈവം നിങ്ങളുടെ പ്രാർഥനകൾക്ക് ഉത്തരം തരും” അല്ലെങ്കിൽ “നിങ്ങൾ ഏറ്റവും അധികം ആഗ്രഹിക്കുന്ന കാര്യം ദൈവം സാധിച്ചുതരും” എന്നൊക്കെ ഈ വാക്കുകളെ പരിഭാഷപ്പെടുത്താം. നിങ്ങൾ ആവശ്യപ്പെടുന്നതെന്തും യഹോവ നടത്തിത്തരുമെന്നു പറയാനാകില്ല. ഒരു നല്ല പിതാവിനെപ്പോലെ മക്കൾക്ക് ഏറ്റവും നല്ലത് എന്താണെന്ന് യഹോവയ്ക്ക് അറിയാം. ഇനി, നമ്മുടെ അപേക്ഷകളും നമ്മുടെ ജീവിതരീതിയും ദൈവത്തിന്റെ നിലവാരങ്ങളോടും ഇഷ്ടത്തോടും ചേർച്ചയിലുള്ളതും ആയിരിക്കണം. (സുഭാഷിതങ്ങൾ 28:9; യാക്കോബ് 4:3; 1 യോഹന്നാൻ 5:14) അങ്ങനെയൊക്കെയാണെങ്കിൽ ‘പ്രാർഥന കേൾക്കുന്നവനെ’ നമുക്കു സമീപിക്കാനാകും. ദൈവം നമ്മുടെ പ്രാർഥന കേൾക്കുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാനും കഴിയും.—സങ്കീർത്തനം 65:2; മത്തായി 21:22.
സങ്കീർത്തനം 37:4-ന്റെ സന്ദർഭം
പുരാതന ഇസ്രായേലിലെ രാജാവായ ദാവീദാണ് 37-ാം സങ്കീർത്തനം രചിച്ചത്. ഈ സങ്കീർത്തനം അക്ഷരമാലാഘടനയിൽ അല്ലെങ്കിൽ ചിത്രാക്ഷരിയിലാണ് എഴുതിയത്. b
ദാവീദ് പല അനീതികളും നേരിട്ടു. രാജാവായ ശൗലും മറ്റുള്ളവരും ദാവീദിനെ കൊല്ലാൻവേണ്ടി വേട്ടയാടി. (2 ശമുവേൽ 22:1) ആ സമയത്തെല്ലാം ദാവീദ് ദൈവത്തിൽ പൂർണമായി ആശ്രയിച്ചു. ദുഷ്ടന്മാരെയെല്ലാം യഹോവ ഒരിക്കൽ ശിക്ഷിക്കുമെന്ന് ദാവീദിന് അറിയാമായിരുന്നു. (സങ്കീർത്തനം 37:10, 11) “ഇളമ്പുല്ലുപോലെ” തഴച്ച് വളരുന്നതായി തോന്നിയാലും ഒടുവിൽ അവർ ഇല്ലാതാകുമെന്ന് ഉറപ്പാണ്.—സങ്കീർത്തനം 37:2, 20, 35, 36.
ദൈവത്തിന്റെ നിലവാരങ്ങൾക്കനുസരിച്ച് ജീവിക്കുന്നവർക്കുള്ള ഫലവും അവയെ അവഗണിക്കുന്നവർക്ക് ലഭിക്കുന്ന ഫലവും തമ്മിലുള്ള വ്യത്യാസം 37-ാം സങ്കീർത്തനം വിശദീകരിക്കുന്നു. (സങ്കീർത്തനം 37:16, 17, 21, 22, 27, 28) അതുകൊണ്ട് ജ്ഞാനം നേടാനും ദൈവം അംഗീകരിക്കുന്ന വ്യക്തികളാകാനും ഈ സങ്കീർത്തനം നമ്മളെ സഹായിക്കുന്നു.
സങ്കീർത്തനങ്ങളുടെ പുസ്തകത്തിന്റെ ചുരുക്കം മനസ്സിലാക്കാൻ ഈ വീഡിയോ കാണുക.
a എബ്രായ ഭാഷയിലുള്ള ദൈവത്തിന്റെ പേരിന്റെ മലയാള പരിഭാഷയാണ് യഹോവ. പല ബൈബിൾപരിഭാഷകളും ദൈവത്തിന്റെ വ്യക്തിപരമായ പേരിനു പകരം കർത്താവ് എന്ന് ഉപയോഗിച്ചിരിക്കുന്നതിന്റെ കാരണം അറിയാൻ “യഹോവ ആരാണ്?” എന്ന ലേഖനം കാണുക.
b ഈ ശൈലിയിൽ, ആദ്യവരിയോ വരികളോ എബ്രായ അക്ഷരമാലയിലെ ആദ്യാക്ഷരംകൊണ്ടും അതിന് അടുത്ത വരികൾ രണ്ടാമത്തെ അക്ഷരംകൊണ്ടും തുടങ്ങുന്നു. അങ്ങനെ അക്ഷരമാലാക്രമത്തിൽ അതു തുടരുന്നു. ആളുകൾക്ക് സങ്കീർത്തനങ്ങൾ ഓർത്തിരിക്കാൻ ഈ ശൈലി സഹായകമായിരുന്നിരിക്കാം.