ബൈബിൾവാക്യങ്ങളുടെ വിശദീകരണം
സങ്കീർത്തനം 46:10—‘മിണ്ടാതിരുന്ന്, ഞാൻ ദൈവമെന്ന് അറിഞ്ഞുകൊൾവിൻ’
“കീഴടങ്ങുക! ഞാൻ ദൈവമാണെന്ന് അറിഞ്ഞുകൊള്ളുക. ഞാൻ ജനതകളുടെ ഇടയിൽ ഉന്നതനാകും; ഭൂമിയിൽ ഞാൻ സമുന്നതനാകും.”—സങ്കീർത്തനം 46:10, പുതിയ ലോക ഭാഷാന്തരം.
‘മിണ്ടാതിരുന്ന്, ഞാൻ ദൈവമെന്ന് അറിഞ്ഞുകൊൾവിൻ; ഞാൻ ജാതികളുടെ ഇടയിൽ ഉന്നതൻ ആകും; ഞാൻ ഭൂമിയിൽ ഉന്നതൻ ആകും.’—സങ്കീർത്തനം 46:10, സത്യവേദപുസ്തകം.
സങ്കീർത്തനം 46:10-ന്റെ അർഥം
എല്ലാവരും തന്നെ ആരാധിക്കാനും ഭൂമിയെ ഭരിക്കാനുള്ള തന്റെ അവകാശം അംഗീകരിക്കാനും ദൈവം ഇവിടെ ആവശ്യപ്പെടുന്നു. ദൈവത്തിന്റെ ശക്തിയും അധികാരവും ആർക്കും നിഷേധിക്കാനാകില്ല. എന്നേക്കും ജീവിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും അംഗീകരിക്കേണ്ട ഒരു സത്യമാണ് അത്.—വെളിപാട് 4:11.
“കീഴടങ്ങുക! ഞാൻ ദൈവമാണെന്ന് അറിഞ്ഞുകൊള്ളുക.” ഇതിന്റെ ആദ്യഭാഗം ‘മിണ്ടാതിരുന്ന്’ എന്നാണ് ചില ബൈബിളുകൾ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് ഭയഭക്തിയോടെ പള്ളികളിൽ ഒക്കെ മിണ്ടാതിരിക്കാനുള്ള ഒരു കല്പനയാണ് ഇതെന്നു പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. എന്നാൽ “കീഴടങ്ങുക! ഞാൻ ദൈവമാണെന്ന് അറിഞ്ഞുകൊള്ളുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദപ്രയോഗംകൊണ്ട് ശരിക്കും എന്താണ് ഉദ്ദേശിക്കുന്നത്? തന്നെ എതിർക്കുന്നത് നിറുത്തി, താൻ മാത്രമാണ് ആരാധനയ്ക്ക് അർഹൻ എന്ന് അംഗീകരിക്കാൻ എല്ലാ ജനതകളോടും ദൈവമായ യഹോവ a ആഹ്വാനം ചെയ്യുകയാണ് ഇവിടെ.
ഇതുപോലൊരു ആഹ്വാനം രണ്ടാം സങ്കീർത്തനത്തിലും കാണാം. തന്നെ എതിർക്കുന്നവർക്കു നേരെ നടപടിയെടുക്കുമെന്ന് ദൈവം അവിടെ പറയുന്നു. എന്നാൽ ദൈവത്തിന്റെ അധികാരത്തെ അംഗീകരിക്കുന്നവർ വഴിനടത്തിപ്പിനും ജ്ഞാനത്തിനും ശക്തിക്കും ആയി ദൈവത്തിൽ ആശ്രയിക്കണം. ഇങ്ങനെ ‘ദൈവത്തെ അഭയമാക്കുന്നവർക്ക്’ സന്തോഷവും സുരക്ഷിതത്വവും തോന്നും, പ്രത്യേകിച്ചും പ്രശ്നങ്ങളുടെ സമയത്ത്.—സങ്കീർത്തനം 2:9-12.
“ഞാൻ ജനതകളുടെ ഇടയിൽ ഉന്നതനാകും; ഭൂമിയിൽ ഞാൻ സമുന്നതനാകും.” പണ്ടുകാലത്ത്, തന്റെ ജനത്തെ സംരക്ഷിക്കാനായി തന്റെ മഹാശക്തി ഉപയോഗിച്ചപ്പോൾ ദൈവമായ യഹോവ ഉന്നതനായിത്തീർന്നു. (പുറപ്പാട് 15:1-3) ഭാവിയിൽ യഹോവ അതിനെക്കാളൊക്കെ ഉന്നതനാകും. ഭൂമിയിലുള്ള എല്ലാവരും യഹോവയുടെ അധികാരത്തിനു കീഴ്പെട്ട് യഹോവയെ ആരാധിക്കുമ്പോഴായിരിക്കും അത്.—സങ്കീർത്തനം 86:9, 10; യശയ്യ 2:11.
സങ്കീർത്തനം 46:10-ന്റെ സന്ദർഭം
ഒരു പരാമർശകൃതി സങ്കീർത്തനം 46-നെ വിശേഷിപ്പിക്കുന്നത് “തന്റെ ജനത്തിന്റെ മഹാരക്ഷകനായ ദൈവത്തിന്റെ ശക്തിയെ വാഴ്ത്തിപ്പാടുന്ന ഒരു കീർത്തനം” എന്നാണ്. സങ്കീർത്തനം 46 പാടുമ്പോൾ, സംരക്ഷിക്കാനും സഹായിക്കാനും ഉള്ള യഹോവയുടെ കഴിവിൽ തങ്ങൾ ആശ്രയിക്കുന്നെന്ന് ദൈവജനം സമ്മതിക്കുകയായിരുന്നു. (സങ്കീർത്തനം 46:1, 2) യഹോവ എപ്പോഴും കൂടെയുണ്ടെന്ന് ആ വാക്കുകൾ അവരെ ഓർമിപ്പിച്ചു.—സങ്കീർത്തനം 46:7, 11.
സംരക്ഷിക്കാനുള്ള യഹോവയുടെ ശക്തിയിൽ വിശ്വാസം ശക്തമാക്കാൻ എന്തു ചെയ്യണമെന്ന് ഈ സങ്കീർത്തനം ദൈവജനത്തെ ഓർമിപ്പിച്ചു. യഹോവയുടെ വിസ്മയകരമായ പ്രവൃത്തികളെക്കുറിച്ച് അവർ ചിന്തിക്കണമായിരുന്നു. (സങ്കീർത്തനം 46:8) പ്രത്യേകിച്ചും ഈ സങ്കീർത്തനം യുദ്ധം നിറുത്തലാക്കാനുള്ള യഹോവയുടെ കഴിവിനെക്കുറിച്ച് എടുത്തുപറഞ്ഞു. (സങ്കീർത്തനം 46:9) ബൈബിൾക്കാലങ്ങളിൽ ശത്രു ജനതകളിൽനിന്ന് തന്റെ ജനത്തെ സംരക്ഷിച്ച സമയങ്ങളിലെല്ലാം ഒരർഥത്തിൽ യഹോവ യുദ്ധം നിറുത്തലാക്കി. എന്നാൽ തൊട്ടടുത്ത ഭാവിയിൽത്തന്നെ ദൈവം മുഴുഭൂമിയിലും യുദ്ധങ്ങൾ ഇല്ലാതാക്കുമെന്ന് ബൈബിൾ ഉറപ്പുതരുന്നു.—യശയ്യ 2:4.
യഹോവ ഇന്നും തന്റെ ആരാധകരെ സഹായിക്കുന്നുണ്ടോ? തീർച്ചയായും. സഹായത്തിനായി യഹോവയിൽ ആശ്രയിക്കാൻ അപ്പോസ്തലനായ പൗലോസ് ക്രിസ്ത്യാനികളെ വളരെയധികം പ്രോത്സാഹിപ്പിച്ചത് അതുകൊണ്ടാണ്. (എബ്രായർ 13:6) 46-ാം സങ്കീർത്തനത്തിൽ കാണുന്ന ആശയങ്ങൾ സംരക്ഷിക്കാനുള്ള ദൈവത്തിന്റെ ശക്തിയിലുള്ള നമ്മുടെ വിശ്വാസം വർധിപ്പിക്കുന്നു. ദൈവത്തെ നമ്മുടെ “അഭയസ്ഥാനവും ശക്തിയും” ആയി കാണാൻ അതു സഹായിക്കും.—സങ്കീർത്തനം 46:1.
സങ്കീർത്തനപ്പുസ്തകത്തിന്റെ ചുരുക്കം മനസ്സിലാക്കാൻ ഈ വീഡിയോ കാണുക.
a ദൈവത്തിന്റെ പേരാണ് യഹോവ. (സങ്കീർത്തനം 83:18) “ആരാണ് യഹോവ?” എന്ന ലേഖനം കാണുക.