ബൈബിൾവാക്യങ്ങളുടെ വിശദീകരണം
സുഭാഷിതങ്ങൾ 17:17—“സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു”
“യഥാർഥസ്നേഹിതൻ എല്ലാ കാലത്തും സ്നേഹിക്കുന്നു; കഷ്ടതകളുടെ സമയത്ത് അവൻ കൂടപ്പിറപ്പായിത്തീരുന്നു.”—സുഭാഷിതങ്ങൾ 17:17, പുതിയ ലോക ഭാഷാന്തരം.
“സ്നേഹിതൻ എല്ലാ കാലത്തും സ്നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോദരനായ്തീരുന്നു.”—സുഭാഷിതങ്ങൾ 17:17, സത്യവേദപുസ്തകം.
സുഭാഷിതങ്ങൾ 17:17-ന്റെ അർഥം
യഥാർഥസുഹൃത്തുക്കൾ വിശ്വസിക്കാൻ കൊള്ളാവുന്നവരും ആശ്രയയോഗ്യരും ആയിരിക്കും. നല്ല അടുപ്പമുള്ള കൂടപ്പിറപ്പുകളെപ്പോലെ അവർ വിശ്വസ്തരായിരിക്കുകയും പരസ്പരം കരുതുകയും ചെയ്യും, പ്രത്യേകിച്ചും ബുദ്ധിമുട്ടുള്ള സമയത്ത്.
“യഥാർഥസ്നേഹിതൻ എല്ലാ കാലത്തും സ്നേഹിക്കുന്നു.” “സുഹൃത്തുക്കൾ എല്ലായ്പോഴും സ്നേഹം പ്രകടിപ്പിക്കുന്നു” എന്നും ഇതിനെ പരിഭാഷപ്പെടുത്താനാകും. “സ്നേഹം” എന്ന എബ്രായപദത്തിൽ ഒരു വ്യക്തിയോട് തോന്നുന്ന വികാരത്തെക്കാൾ കൂടുതൽ ഉൾപ്പെടുന്നു. അത് പ്രവൃത്തികളിലൂടെ കാണിക്കുന്ന നിസ്വാർഥസ്നേഹവുമാണ്. (1 കൊരിന്ത്യർ 13:4-7) അത്തരം സ്നേഹമുള്ള സുഹൃത്തുക്കൾക്കിടയിൽ തെറ്റിദ്ധാരണയോ മറ്റു പ്രശ്നങ്ങളോ ഒക്കെ ഉണ്ടായാലും അവർ ഒന്നിച്ചുനിൽക്കും. പരസ്പരം ക്ഷമിക്കാനും അവർ തയ്യാറായിരിക്കും. (സുഭാഷിതങ്ങൾ 10:12) മറ്റേ വ്യക്തിക്ക് എന്തെങ്കിലും നേട്ടങ്ങളുണ്ടാകുമ്പോൾ ഒരു നല്ല സുഹൃത്ത് ഒരിക്കലും അസൂയപ്പെടില്ല, പകരം അദ്ദേഹത്തോടൊപ്പം സന്തോഷിക്കും.—റോമർ 12:15.
“കഷ്ടതകളുടെ സമയത്ത് അവൻ കൂടപ്പിറപ്പായിത്തീരുന്നു.” കൂടപ്പിറപ്പുകൾക്കിടയിൽ നല്ല അടുപ്പമുണ്ടായിരിക്കും എന്ന ആശയം മനസ്സിൽപ്പിടിച്ചുകൊണ്ടാണ് ഈ സുഭാഷിതം എഴുതിയിരിക്കുന്നത്. അതുകൊണ്ട് നമ്മുടെ ഒരു സുഹൃത്ത് ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുമ്പോൾ നമ്മളെക്കൊണ്ട് ആകുന്ന വിധം സഹായിക്കുകയാണെങ്കിൽ നമ്മളൊരു കൂടപ്പിറപ്പിനെപ്പോലെ ഇടപെടുകയായിരിക്കും. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ആ ബന്ധം കുറഞ്ഞുപോകില്ല. ആ സമയത്ത് അവർ കൂടുതൽ സ്നേഹവും ബഹുമാനവും കാണിക്കുന്നതുകൊണ്ട് ആ സൗഹൃദം ശക്തമാകുകയാണ് ചെയ്യുന്നത്.
സുഭാഷിതങ്ങൾ 17:17-ന്റെ സന്ദർഭം
സുഭാഷിതങ്ങളുടെ പുസ്തകത്തിൽ വായനക്കാരനെ ചിന്തിപ്പിക്കുന്ന രീതിയിലുള്ള ലളിതവും താത്പര്യം ജനിപ്പിക്കുന്നതും ആയ ജ്ഞാനങ്ങളാണ് അടങ്ങിയിരിക്കുന്നത്. ബൈബിളിലെ ഈ പുസ്തകത്തിന്റെ കൂടുതൽ ഭാഗവും എഴുതിയത് ശലോമോൻ രാജാവാണ്. അദ്ദേഹം എബ്രായ കവിതകളിലെ ഒരു പ്രത്യേകശൈലി ഉപയോഗിച്ചിരിക്കുന്നു. പ്രാസം ഉപയോഗിക്കുന്നതിനു പകരം വരിയുടെ ആദ്യഭാഗത്തിന്റെ സമാനാശയമോ വിപരീതാശയമോ രണ്ടാമത്തെ ഭാഗത്ത് വരുന്ന രീതിയിലാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. ഉദാഹരണത്തിന്, സുഭാഷിതങ്ങൾ 17:17-ൽ സമാനാശയം കൊണ്ടുവരുന്ന ശൈലിയാണ് ഉപയോഗിച്ചിരിക്കുന്നത്. അതായത്, വരിയുടെ രണ്ടാം ഭാഗം ആദ്യഭാഗത്തിന്റെ വിശദീകരണം കൊടുക്കും. വിപരീതാശയത്തിന്റെ ഒരു ഉദാഹരണമാണ് സുഭാഷിതങ്ങൾ 18:24. “പരസ്പരം നശിപ്പിക്കാൻ തക്കംനോക്കിയിരിക്കുന്ന സുഹൃത്തുക്കളുണ്ട്; എന്നാൽ കൂടപ്പിറപ്പിനെക്കാൾ കൂറുള്ള കൂട്ടുകാരുമുണ്ട്.”
സുഭാഷിതങ്ങൾ 17:17 എഴുതിയപ്പോൾ ശലോമോന്റെ മനസ്സിലുണ്ടായിരുന്നത് തന്റെ പിതാവായ ദാവീദും ശൗൽ രാജാവിന്റെ മകനായ യോനാഥാനും തമ്മിലുള്ള സുഹൃദ്ബന്ധമായിരിക്കണം. (സുഭാഷിതങ്ങൾ 17:17; 1 ശമുവേൽ 13:16; 18:1; 19:1-3; 20:30-34, 41, 42; 23:16-18) അവർ സഹോദരങ്ങളല്ലായിരുന്നെങ്കിലും കൂടപ്പിറപ്പുകളെക്കാൾ ശക്തമായ ബന്ധം അവർക്കിടയിൽ ഉണ്ടായിരുന്നു. ചെറുപ്രായത്തിലുള്ള തന്റെ സുഹൃത്തിനുവേണ്ടി യോനാഥാൻ സ്വന്തം ജീവൻപോലും പണയപ്പെടുത്തി. a
സുഭാഷിതങ്ങൾ 17:17-ന്റെ മറ്റു പരിഭാഷകൾ
“സ്നേഹിതൻ എല്ലായ്പോഴും സ്നേഹിക്കുന്നു, അനർഥകാലത്ത് അവൻ നിനക്കു സഹോദരനായിരിക്കും.”—സത്യവേദപുസ്തകം, ആധുനികവിവർത്തനം.
“സ്നേഹിതൻ എക്കാലത്തും സ്നേഹിക്കുന്നു, അങ്ങനെ അനർഥങ്ങളിൽ പങ്കാളിയാകാൻ സഹോദരൻ ഉണ്ടാകുന്നു.”—ഓശാന ബൈബിൾ.
“സ്നേഹിതൻ എല്ലാക്കാലത്തും സ്നേഹിക്കുന്നു; അനർത്ഥകാലത്ത് അവൻ സഹോദരനായിത്തീരുന്നു.”—ദാനീയേൽ ദ്വിഭാഷാ പഠനബൈബിൾ.
സുഭാഷിതങ്ങൾ എന്ന പുസ്തകത്തിന്റെ ചുരുക്കം മനസ്സിലാക്കാൻ ഈ വീഡിയോ കാണുക.
a “ഉറ്റ സുഹൃത്തുക്കളായി” എന്ന ലേഖനം കാണുക.