ആരുടെ കരവിരുത്?
അമ്മയുടെ മുലപ്പാൽ
“നവജാതശിശുക്കൾക്കുവേണ്ടി കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്ന ഫോർമുല മിൽക്കൊന്നും ഒരു അമ്മയുടെ പാലിനു തുല്യമാകില്ല” എന്ന് അമ്മമാരെയും നവജാതശിശുക്കളെയും പരിപാലിക്കുന്ന വിദഗ്ധർക്കുള്ള പുസ്തകം പറയുന്നു. മുലപ്പാലിനോളം വരില്ല മറ്റൊന്നും എന്നു പറയുന്നതിന്റെ ഒരു കാരണം കുഞ്ഞിന്റെ ആവശ്യങ്ങൾക്കനുസരിച്ച് അമ്മയുടെ ശരീരത്തിനു പാലിൽ വേണ്ട മാറ്റങ്ങൾ വരുത്താനാകും എന്നതാണ്.
സവിശേഷത: കുഞ്ഞ് പാൽ കുടിക്കുന്ന ഓരോ തവണയും തുടക്കം മുതൽ അവസാനം വരെ പാലിൽ മാറ്റങ്ങൾ വരുന്നുണ്ട്. അതായത്, ഓരോ പ്രാവശ്യവും മുലയൂട്ടുന്ന സമയത്ത്, തുടക്കത്തിൽ പ്രോട്ടീനുകളും വിറ്റമിനുകളും ധാതുക്കളും വെള്ളവും ആണ് പാലിൽ കൂടുതൽ. എന്നാൽ കുടിച്ച് തീരാറാകുന്ന സമയത്ത് കൊഴുപ്പായിരിക്കും പാലിൽ കൂടുതലായിട്ടുണ്ടാകുക. കുഞ്ഞിനു വയറു നിറഞ്ഞെന്നു തോന്നുന്നത് അതുകൊണ്ടാണ്. കുട്ടിയുടെ പ്രായത്തിനും വർഷത്തിലെ വ്യത്യസ്തകാലത്തിനും അനുസരിച്ചുപോലും അമ്മയുടെ പാലിൽ വ്യത്യാസം വരും.
മുലപ്പാലിൽ മെലറ്റോണിൻ പോലെയുള്ള ചില ഹോർമോണുകളുടെ അളവ് രാത്രിയിൽ കൂടുതലായിരിക്കും. എന്നാൽ പകൽ സമയത്ത് മറ്റു ചില ഹോർമോണുകളായിരിക്കും കൂടി നിൽക്കുന്നത്. സമയത്തിനനുസരിച്ചുള്ള ഹോർമോണുകളുടെ ഈ വ്യത്യാസം, ഉണർന്നിരിക്കാനും ഉറങ്ങാനും കുട്ടിയെ സഹായിക്കും. അങ്ങനെ നിശ്ചിതസമയത്ത് ഉറങ്ങുകയും എഴുന്നേൽക്കുകയും ചെയ്യുന്ന ശീലം കുട്ടിയിൽ പതിയെ രൂപപ്പെട്ടുവരും.
കുഞ്ഞുണ്ടായിക്കഴിഞ്ഞ് ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ അമ്മ പുറപ്പെടുവിക്കുന്നതു കൊളസ്ട്രം എന്നറിയപ്പെടുന്ന മഞ്ഞ നിറത്തിലുള്ള പാലാണ്. ഈ പാൽ എളുപ്പം ദഹിക്കുന്നതും പോഷകസമൃദ്ധവും ആണ്. അതുകൊണ്ട് നവജാതശിശുവിന്റെ കുഞ്ഞു വയറ്റിലേക്ക് ഈ പാൽ ചെറിയ അളവിൽ എത്തുമ്പോൾത്തന്നെ ഒരുപാടു പ്രയോജനങ്ങൾ കിട്ടും. ഇനി ലോലമായ ആ ശരീരത്തെ രോഗങ്ങളിൽനിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട ധാരാളം ആന്റിബോഡികളും കൊളസ്ട്രത്തിൽ ഉണ്ട്. അതിനു പുറമേ വിസർജ്യത്തെ പുറംതള്ളിക്കൊണ്ട് ശിശുവിന്റെ ദഹനവ്യവസ്ഥയെ ശുചിയായി സൂക്ഷിക്കാനും ഈ പാൽ സഹായിക്കുന്നു.
കുഞ്ഞിന് ആവശ്യത്തിനു പാൽ കിട്ടുമോ എന്ന് അമ്മയ്ക്കു ടെൻഷനടിക്കേണ്ടി വരില്ല; അത് ഇനി ഇരട്ടക്കുട്ടികളാണ് ഉണ്ടാകുന്നതെങ്കിൽപ്പോലും. കാരണം ആവശ്യം കൂടുന്നതനുസരിച്ച് ശരീരം സ്വാഭാവികമായി കൂടുതൽ പാൽ ഉത്പാദിപ്പിക്കും.
നിങ്ങൾക്ക് എന്തു തോന്നുന്നു? സവിശേഷമായ പ്രത്യേകതകളുള്ള അമ്മയുടെ മുലപ്പാൽ പരിണമിച്ചുണ്ടായതാണോ, അതോ ആരെങ്കിലും രൂപകല്പന ചെയ്തതാണോ?