ആരുടെ കരവിരുത്?
നായുടെ ഘ്രാണശക്തി
ഘ്രാണശക്തി, അഥവാ മണം പിടിക്കാനുള്ള കഴിവ്, ഉപയോഗിച്ച് നായ്ക്കൾക്കു മറ്റു നായ്ക്കളുടെ പ്രായവും ലിംഗവ്യത്യാസവും വൈകാരികസ്ഥിതിയും തിരിച്ചറിയാൻ കഴിയുമെന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു. സ്ഫോടകവസ്തുക്കളും മയക്കുമരുന്നും തിരിച്ചറിയാൻ കഴിയുന്ന വിധത്തിൽപ്പോലും ഇവയെ പരിശീലിപ്പിച്ചെടുക്കാനാകും. മനുഷ്യർ കാഴ്ചശക്തി ഉപയോഗിച്ച് ചുറ്റുപാടിനെക്കുറിച്ച് അറിയുമ്പോൾ നായ്ക്കൾ ഘ്രാണശക്തിയാണ് ഉപയോഗിക്കുന്നത്. അവർ മൂക്കുകൊണ്ട് ‘വായിക്കുന്നു.’
സവിശേഷത: മനുഷ്യന്റേതിനെക്കാൾ ആയിരക്കണക്കിനു മടങ്ങു മികച്ചതാണു നായുടെ ഘ്രാണശക്തി. “ഒരു പദാർഥത്തിലെ പതിനായിരം കോടിയിൽ ഒരംശം മാത്രമുള്ള കണങ്ങൾപോലും തിരിച്ചറിയാൻ നായ്ക്കു കഴിയും. ഒരു ഒളിമ്പിക്ക് നീന്തൽക്കുളത്തിൽ കലങ്ങിയ കാൽ ടീ സ്പൂൺ പഞ്ചസാര രുചിച്ച് അറിയാൻ പറ്റുന്നതുപോലെയാണ് ഇത്” എന്ന് ഒരു സ്ഥാപനം (U.S. National Institute of Standards and Technology) പറയുന്നു.
നായുടെ ശ്രദ്ധേയമായ ഈ ഘ്രാണശക്തിക്കു പിന്നിലെ രഹസ്യം എന്താണ്?
നായുടെ മൂക്ക് നനവുള്ളതായതുകൊണ്ട് അതിന് ഏറെ മെച്ചമായി ഗന്ധകണങ്ങൾ പിടിച്ചെടുക്കാൻ കഴിയും.
നായുടെ മൂക്കിനുള്ളിൽ രണ്ടു വായുസഞ്ചാരപാതയുണ്ട്. ഒന്നു ശ്വസനത്തിനും മറ്റൊന്നു മണം പിടിക്കാനും. നായ് മണം പിടിക്കുമ്പോൾ, വായു ഘ്രാണസംവേദിനികളുള്ള നാസാഗഹ്വരത്തിലേക്കു പോകുന്നു.
നായുടെ ഘ്രാണഭാഗത്തിനു 130 ചതുരശ്ര സെന്റിമീറ്റർ വലുപ്പമുണ്ട്. മനുഷ്യന്റേതിനു 5 ചതുരശ്ര സെന്റിമീറ്റർ വലുപ്പമേ ഉള്ളൂ.
നമുക്കുള്ളതിനെക്കാൾ 50 മടങ്ങുവരെ ഘ്രാണസംവേദിനി കോശങ്ങൾ നായ്ക്കുണ്ട്.
ഇതെല്ലാം, ഒരു ഗന്ധത്തിന്റെ ഓരോ ഘടകവും വേർതിരിച്ച് മനസ്സിലാക്കാൻ നായെ സഹായിക്കുന്നു. ഉദാഹരണത്തിന്, നമുക്ക് ഒരു സൂപ്പിന്റെ മണം പിടിച്ചെടുക്കാൻ പറ്റും; എന്നാൽ നായ്ക്ക് ആ സൂപ്പിലെ ഓരോ ചേരുവവരെ തിരിച്ചറിയാൻ പറ്റുമെന്നാണു ചില വിദഗ്ധരുടെ അഭിപ്രായം.
“മണം തിരിച്ചറിയാനുള്ള ഭൂമിയിലെ അതിസങ്കീർണമായ സംവിധാനങ്ങളിൽ ഒന്നാണ്” തലച്ചോറും മൂക്കും ഉപയോഗിച്ചുള്ള നായുടെ മണംപിടിത്തം എന്ന് ഒരു ക്യാൻസർ ഗവേഷണസ്ഥാപനമായ പൈൻ സ്ട്രീറ്റ് ഫൗണ്ടേഷനിലെ ഗവേഷകർ പറയുന്നു. സ്ഫോടകവസ്തുക്കളും കള്ളക്കടത്തു സാധനങ്ങളും ക്യാൻസർ ഉൾപ്പെടെയുള്ള രോഗങ്ങളും തിരിച്ചറിയാൻ പറ്റുന്ന വിധത്തിലുള്ള ഇലക്ട്രോണിക് “മൂക്കുകൾ” വികസിപ്പിച്ചുകൊണ്ടിരിക്കുകയാണു ശാസ്ത്രജ്ഞന്മാർ.
നിങ്ങൾക്ക് എന്തു തോന്നുന്നു? നായുടെ ഘ്രാണശക്തി പരിണമിച്ച് ഉണ്ടായതാണോ? അതോ ആരെങ്കിലും രൂപകല്പന ചെയ്തതാണോ?