ആരുടെ കരവിരുത്?
പല തരം കോശങ്ങൾ രൂപപ്പെടുന്ന അത്ഭുതം
നിങ്ങളുടെ ജീവന്റെ തുടക്കം ഒരു ചെറിയ കോശത്തിലാണ്. ഒരു മൈക്രോസ്കോപ്പിലൂടെ മാത്രം കാണാൻ സാധിക്കുന്ന ആ ഏകകോശത്തെ സിക്താണ്ഡം (Zygote) എന്നാണു വിളിക്കുന്നത്. ആ ഒരൊറ്റ കോശം വിഭജിച്ചുവിഭജിച്ച്, അതിനു പല മാറ്റങ്ങൾ സംഭവിച്ച് 200-ലധികം വ്യത്യസ്തതരം കോശങ്ങളുണ്ടായി; പല രൂപവും വലുപ്പവും ധർമവും ഉള്ള കോശങ്ങൾ. അങ്ങനെ മാസങ്ങൾ കഴിഞ്ഞപ്പോൾ നിങ്ങൾ പൂർണവളർച്ചയെത്തിയ ഒരു ശിശുവായിത്തീർന്നു.
സവിശേഷത: സിക്താണ്ഡം അതിനുള്ളിലെ ഡിഎൻഎ-യുടെ ഒരു പകർപ്പ് ഉണ്ടാക്കുകയും രണ്ടായി വിഭജിക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ ഉണ്ടായ കോശങ്ങൾ ഇതേ പ്രക്രിയ വീണ്ടുംവീണ്ടും ആവർത്തിക്കുന്നു. തുടക്കത്തിൽ പുതുതായി ഉണ്ടാകുന്ന കോശങ്ങളെല്ലാം ഏകദേശം ഒരേപോലെതന്നെയാണ്. എന്നാൽ അവയുടെ ഡിഎൻഎ-യിൽ ശരീരത്തിലെ എല്ലാ തരം കോശങ്ങളും ഉണ്ടാക്കാൻ വേണ്ട സകല വിശദാംശങ്ങളും ഉണ്ട്.
ഗർഭധാരണത്തിന് ഒരാഴ്ചയ്ക്കു ശേഷം കോശങ്ങൾ രണ്ടു തരത്തിലുള്ളവയായി മാറാൻ തുടങ്ങുന്നു. ചില കോശങ്ങൾ ഭ്രൂണമായി രൂപപ്പെടുമ്പോൾ മറ്റുള്ളവ ഭ്രൂണത്തെ വളരാൻ സഹായിക്കുന്ന പ്ലാസന്റയും അതിനോടു ബന്ധപ്പെട്ട കലകളും ആയിത്തീരുന്നു.
മൂന്ന് ആഴ്ചയാകുമ്പോഴേക്കും ഭ്രൂണത്തിലെ കോശങ്ങൾ മൂന്നു പാളികളായി ക്രമീകരിക്കപ്പെടും. പുറമേയുള്ള പാളിയിലെ കോശങ്ങൾ പതിയെ നാഡികളും തലച്ചോറും വായും ത്വക്കും മറ്റു തരത്തിലുള്ള ചില കോശങ്ങളും ആയി മാറും. നടുവിലെ പാളിയിൽ ഉള്ളവയാണ് രക്തവും എല്ലുകളും വൃക്കകളും പേശികളും മറ്റു ചില കലകളും ഒക്കെയായിത്തീരുന്നത്. ഇനി, അകത്തെ പാളിയിലുള്ള കോശങ്ങൾ ചില ആന്തരിക അവയവങ്ങളായി മാറും. ശ്വാസകോശങ്ങളും മൂത്രസഞ്ചിയും ദഹനവ്യവസ്ഥയിലെ മിക്ക അവയവങ്ങളും എല്ലാം അതിൽ ഉൾപ്പെടും.
ഗർഭാവസ്ഥയിലുടനീളം ഭ്രൂണത്തിനുള്ളിലെ കോശങ്ങൾക്കു പല മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. ഉദാഹരണത്തിന്, ചില കോശങ്ങൾ ഒറ്റയ്ക്കോ കൂട്ടമായോ ഭ്രൂണത്തിനുള്ളിൽ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്കു യാത്ര ചെയ്യും. ചില കോശങ്ങൾ ഒരുമിച്ച് കൂടുകയും അതിനു രൂപമാറ്റം സംഭവിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ചിലതു ഷീറ്റുകൾ പോലെയോ ചരടുകൾ പോലെയോ കുഴികളുള്ള രൂപത്തിലോ ഒക്കെയായി മാറും. ഈ പ്രക്രിയകൾക്കെല്ലാം അസാധാരണമായ ഒരു സംഘാടനം ആവശ്യമാണ്. ഉദാഹരണത്തിന്, കോശങ്ങൾ കൂടിച്ചേർന്നുണ്ടായ ഷീറ്റുകൾ ഒരു സമയമെത്തുമ്പോൾ ചുരുണ്ട് ചെറിയ കുഴലുകളുടെ രൂപത്തിലാകും. ഭ്രൂണത്തിന്റെ ഉള്ളിൽ പല സ്ഥലങ്ങളിൽ ഒരേ സമയത്ത് ഇതു സംഭവിക്കും. അതു കഴിയുമ്പോൾ ഈ ചെറിയ കുഴലുകൾക്കു നീളം കൂടാൻ തുടങ്ങും, അതിൽനിന്ന് ശാഖകളും ഉണ്ടാകും. പതിയെ അവയ്ക്കു പരസ്പരം ബന്ധം വരുകയും അത് ഒരു വലിയ നെറ്റ്വർക്കുപോലെ ആയിത്തീരുകയും ചെയ്യും.
ആരോഗ്യമുള്ള ഒരു കുട്ടി ജനിക്കാറാകുമ്പോഴേക്കും കോടിക്കണക്കിനു കോശങ്ങൾ കൃത്യസമയത്ത്, അതിന്റെ കൃത്യസ്ഥാനത്ത് വ്യത്യസ്തധർമങ്ങൾ നിർവഹിക്കുന്ന കോശങ്ങളായി മാറിയിട്ടുണ്ടാകും.
നിങ്ങൾക്ക് എന്തു തോന്നുന്നു? വ്യത്യസ്തധർമങ്ങൾ നിർവഹിക്കുന്നവയായി മാറാനുള്ള കോശങ്ങളുടെ കഴിവ് പരിണമിച്ച് ഉണ്ടായതാണോ? അതോ ആരെങ്കിലും രൂപകല്പന ചെയ്തതാണോ?