ആരുടെ കരവിരുത്?
പഴയീച്ചയുടെ ‘വ്യോമാഭ്യാസം’
ഈച്ചയെ അടിക്കാൻ നോക്കിയാൽ അറിയാം അതിന്റെ ബുദ്ധിമുട്ട്. പിടിക്കാൻ നോക്കിയാൽ മിക്കപ്പോഴും അത് മിന്നൽവേഗത്തിൽ കടന്നുകളയും.
ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയതനുസരിച്ച്, പഴയീച്ച എന്ന് പൊതുവെ അറിയപ്പെടുന്ന ഒരുതരം ഈച്ചയ്ക്ക് യുദ്ധവിമാനങ്ങളെപ്പോലെ വായുവിൽ തിരിയാനും മലക്കം മറിയാൻ കഴിയും, അതും നിമിഷത്തിന്റെ ഒരംശംകൊണ്ട്. ജനിക്കുമ്പോൾത്തന്നെ “ഇവയ്ക്ക് അനായാസം പറക്കാൻ കഴിയും. ജനിച്ചുവീണ ഒരു കുഞ്ഞ് ഒരു പൈലറ്റിനെപ്പോലെ യുദ്ധവിമാനം പറത്തുന്നതിനു സമാനമാണിത്” എന്നാണ് പ്രൊഫസ്സർ മൈക്കിൾ ഡിക്കിൻസൺ പറയുന്നത്.
പഴയീച്ച പറക്കുന്നത് സൂക്ഷ്മമായി നിരീക്ഷിച്ച ഗവേഷകർ, അത് ഒരു സെക്കന്റിൽ 200 തവണ ചിറകടിക്കുന്നതായി കണ്ടെത്തി. എങ്കിലും അപകടം വരുന്നതായി കാണുമ്പോൾ രക്ഷപ്പെടുന്നതിനുവേണ്ടി ശരീരനില മാറ്റാൻ ഒറ്റ ചിറകടിതന്നെ ധാരാളം.
പഴയീച്ച എന്തിനോടെങ്കിലും പ്രതികരിക്കാൻ എടുക്കുന്ന സമയത്തിന്റെ കാര്യമോ? ഗവേഷകർ കണ്ടെത്തിയതനുസരിച്ച് ഇത്തരം ഈച്ചകൾക്ക് ഒരു അപകടത്തിൽനിന്ന് രക്ഷപ്പെടാൻ നമ്മൾ കണ്ണു ചിമ്മുന്നതിന്റെ 50-ൽ ഒരു ഭാഗം സമയം മതി. “അപകടമുള്ളത് എവിടെയാണെന്നും ഏതു ദിശയിലേക്കു പോയാൽ രക്ഷപ്പെടാമെന്നും അറിയുന്നതിനുവേണ്ടി ഈച്ച വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അതിസങ്കീർണമായ കണക്കുകൂട്ടലുകൾ നടത്തുന്നു” എന്ന് ഡിക്കിൻസൺ വിശദീകരിക്കുന്നു.
ഇത്രയും ചെറിയ തലച്ചോറുകൊണ്ട് ഇതെല്ലാം എങ്ങനെ പഴയീച്ചയ്ക്കു ചെയ്യാൻ പറ്റുന്നു എന്നത് ഗവേഷകർക്ക് ഇപ്പോഴും ഒരു നിഗൂഢതയാണ്.
നിങ്ങൾക്ക് എന്ത് തോന്നുന്നു? ഈ വിധത്തിൽ പറക്കാനുള്ള പഴയീച്ചയുടെ കഴിവ് പരിണമിച്ച് ഉണ്ടായതാണോ അതോ ആരെങ്കിലും രൂപകല്പന ചെയ്തതാണോ?