ആരുടെ കരവിരുത്?
ബർണക്കിളിന്റെ പശ
ബർണക്കിൾ എന്നറിയപ്പെടുന്ന ഒരിനം കക്കയ്ക്ക് പാറകളിലും തടികളിലും കപ്പലിന്റെ അടിത്തട്ടിലും പറ്റിപ്പിടിച്ചിരിക്കാനുള്ള കഴിവുണ്ടെന്ന കാര്യം ജന്തുശാസ്ത്രജ്ഞർ മനസ്സിലാക്കിയിരിക്കുന്നു. മനുഷ്യൻ നിർമിച്ചിട്ടുള്ള ഏതു പശയേക്കാളും വളരെ മികച്ചതാണു ബർണക്കിളിന്റെ പശ. നനഞ്ഞ പ്രതലത്തിൽ ഇവയ്ക്ക് എങ്ങനെയാണ് ഇത്ര ശക്തമായി പറ്റിപ്പിടിച്ചിരിക്കാൻ കഴിയുന്നത് എന്ന കാര്യം ഇയ്യിടെവരെ ഒരു ചോദ്യമായിരുന്നു.
സവിശേഷത: ബർണക്കിളിന്റെ ലാർവ എവിടെയെങ്കിലും പറ്റിപ്പിടിക്കുന്നതിനു മുമ്പ് ഒഴുകി നടന്ന് ഓരോ പ്രതലങ്ങളും പരിശോധിക്കുന്നു. അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്തിയാൽ ഉടനെ ശരീരത്തിൽനിന്ന് രണ്ടു പദാർഥങ്ങൾ പുറപ്പെടുവിക്കും. ആദ്യത്തേത് എണ്ണപോലുള്ള ഒരു രാസവസ്തുവാണ്. അത് പ്രതലത്തിലുള്ള വെള്ളം പരിപൂർണമായി തുടച്ചുനീക്കും. രണ്ടാമത്തേത് പ്രോട്ടീനുകൾ കൊണ്ടുള്ള ഫോസ്ഫോപ്രോട്ടീനാണ്. ഇതിനു പ്രവർത്തിക്കാൻ അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുന്നതും എണ്ണപോലുള്ള ആ രാസവസ്തുവാണ്.
ഈ രണ്ടു പദാർഥങ്ങളും കൂടിച്ചേരുമ്പോൾ ശക്തമായ ഒരു പശയുണ്ടാകുന്നു. ബാക്ടീരിയുടെ പ്രവർത്തനത്തെപ്പോലും കാലങ്ങളോളം ചെറുത്തുനിൽക്കാൻ ഈ പശയ്ക്കു കഴിയും. ഇതു പ്രധാനമാണ്. കാരണം ബർണക്കിളിന്റെ ശേഷിച്ച ജീവിതകാലം മുഴുവൻ അവിടെ പറ്റിപ്പിടിച്ചായിരിക്കും അതു കഴിയുക.
ശാസ്ത്രജ്ഞന്മാർ മുമ്പ് വിചാരിച്ചതിനെക്കാൾ വളരെ സങ്കീർണമാണു ബർണക്കിളിന്റെ പശനിർമാണം. ഈ നിർമാണത്തിൽ ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയ സംഘത്തിലെ ഒരംഗം പറഞ്ഞത് ഇങ്ങനെയാണ്: “വെള്ളത്തിലുള്ള ഒരു പ്രതലം ഉണക്കിയെടുക്കുന്നതിനുള്ള പ്രകൃതിയുടെ അത്ഭുതകരമായ ഒരു വഴിയാണ് ഇത്.” ഇതിനു പിന്നിലുള്ള ഗവേഷണം, വെള്ളത്തിനടിയിൽ ഉപയോഗിക്കാവുന്ന തരം പശ നിർമിക്കുന്നതിനും വൈദ്യമേഖലയിലും ഇലക്ട്രോണിക് മേഖലയിലും ഉപയോഗിക്കാവുന്ന തരം ശക്തമായ പശ നിർമിക്കുന്നതിനും സഹായകമായിരിക്കും.
നിങ്ങൾക്ക് എന്തു തോന്നുന്നു? ബർണക്കിളിന്റെ പശ പരിണമിച്ചുവന്നതാണോ? അതോ ആരെങ്കിലും രൂപകല്പന ചെയ്തതാണോ?