ആരുടെ കരവിരുത്?
മാലി പക്ഷിയുടെ കൂട്
തെക്കൻ ഉൾനാടൻ ഓസ്ട്രേലിയയിൽ കണ്ടുവരുന്ന മാലി പക്ഷികൾ അവയുടെ കൂടിന്റെ താപനില ഏകദേശം 34 ഡിഗ്രി സെൽഷ്യസ് ആയി നിലനിറുത്തുന്നു. വർഷം മുഴുവൻ രാവും പകലും ഇതേ താപനില നിലനിറുത്താൻ ഈ പക്ഷിക്ക് എങ്ങനെയാണു കഴിയുന്നത്?
ഓരോ ശൈത്യകാലത്തും ഈ പക്ഷികൾ ഒരു മീറ്റർ (മൂന്ന് അടി) ആഴവും മൂന്നു മീറ്റർ (പത്ത് അടി) വീതിയും ഉള്ള ഒരു കുഴിയുണ്ടാക്കുന്നു. എന്നിട്ട് ആൺ മാലി പക്ഷി പുല്ലും ഇലകളും മറ്റു സസ്യപദാർഥങ്ങളും കൊണ്ട് ആ കുഴി നിറയ്ക്കുന്നു. ശൈത്യകാലത്തിന്റെ അവസാനമാകുമ്പോഴേക്കും ഈ സസ്യപദാർഥങ്ങൾ മഴയിൽ നനഞ്ഞ് കുതിർന്നിട്ടുണ്ടാകും. ആ സമയത്ത് ആൺ മാലി പക്ഷി അതിൽ ഒരു ചെറിയ കുഴിയുണ്ടാക്കുന്നു. പെൺ മാലി പക്ഷിക്കു മുട്ടയിടുന്നതിനുവേണ്ടിയാണ് അത്. എന്നിട്ട് കുഴിയിൽ മണലിട്ട് ഒരു കൂനപോലെയാക്കും. അധികംവൈകാതെ ഈ സസ്യപദാർഥങ്ങൾ ജീർണിക്കുകയും അതു ചൂടാകുകയും ചെയ്യും. അങ്ങനെ അത് ഒരു പ്രകൃതിദത്തമായ ഇൻകുബേറ്റർപോലെ പ്രവർത്തിക്കും.
ഓരോ തവണ പെൺപക്ഷി മുട്ടയിടാറാകുമ്പോഴും ആൺപക്ഷി മണ്ണ് മാറ്റിക്കൊടുക്കും. അപ്പോൾ പെൺപക്ഷി മുട്ടയിടാനുള്ള കുഴിയിൽ മുട്ടയിടും. ഉടൻതന്നെ ആൺപക്ഷി അവിടെ മണ്ണിട്ട് കൂനയുണ്ടാക്കും. സെപ്റ്റംബർമുതൽ ഫെബ്രുവരിവരെയുള്ള കാലയളവിൽ പെൺ മാലി പക്ഷി 35 മുട്ടകൾവരെ ഇട്ടേക്കാം. a
ഈ പക്ഷികൾ ഇടയ്ക്കിടെ മണ്ണിന് ഉള്ളിലേക്ക് ചുണ്ടുകളിട്ട് താപനില പരിശോധിക്കും. എന്നിട്ട് കാലാവസ്ഥയ്ക്കനുസരിച്ച് കൂനയുടെ താപനില ക്രമീകരിക്കും. ഉദാഹരണത്തിന്:
വസന്തകാലത്ത്, സസ്യപദാർഥങ്ങൾ ജീർണിക്കാൻ തുടങ്ങുന്നതുകൊണ്ട് കൂടിന്റെ താപനില ഉയരും. ആ സമയത്ത് ചൂട് പുറത്തോട്ട് വിടുന്നതിനായി ആൺ മാലി പക്ഷി മുട്ട ഇരിക്കുന്ന കുഴിയുടെ മുകളിലുള്ള മണ്ണ് മാന്തി മാറ്റും. പിന്നീട് മണ്ണ് തണുക്കുമ്പോൾ ആ മണ്ണുകൊണ്ട് കുഴി വീണ്ടും മൂടും.
വേനൽക്കാലത്ത്, പകൽസമയത്തെ സൂര്യന്റെ ചൂടിൽനിന്ന് മുട്ടകൾ സംരക്ഷിക്കുന്നതിനുവേണ്ടി ആൺപക്ഷി ആ കൂനയ്ക്കു മുകളിൽ കൂടുതൽ മണ്ണ് ഇടും. എന്നാൽ എല്ലാ ദിവസവും അതിരാവിലെ ആൺപക്ഷി മണ്ണ് മാന്തി മാറ്റും. അപ്പോൾ കൂടും മണ്ണും തണുക്കും. അതിനുശേഷം വീണ്ടും ആ മണ്ണിട്ട് കുഴി മൂടും.
ശരത്കാലമാകുമ്പോഴേക്കും കുഴിയിലുള്ള സസ്യപദാർഥങ്ങൾ ജീർണിച്ച് കഴിഞ്ഞിട്ടുണ്ടാകും. അപ്പോൾ ആൺ മാലി പക്ഷി മണ്ണു മുഴുവനുംതന്നെ മാന്തി മാറ്റും. അതുകൊണ്ട് പകൽസമയത്തെ സൂര്യന്റെ ചൂട് മുട്ടകൾക്കും മണ്ണിനും ലഭിക്കും. രാത്രിയിലും ആ ചൂട് കുഴിയിൽ നിലനിറുത്താൻവേണ്ടി പിന്നീട് ആൺ മാലി പക്ഷി ചൂടായ മണ്ണുകൊണ്ട് വീണ്ടും കൂനയുണ്ടാക്കും.
ഓരോ ദിവസവും ആൺ മാലി പക്ഷി ശരാശരി അഞ്ചു മണിക്കൂറിലധികം പണിയെടുത്താണ് ഏകദേശം 850 കിലോഗ്രാം മണ്ണു മാറ്റുന്നത്. ഇങ്ങനെ സ്ഥിരമായി മണ്ണു മാറ്റുന്നതുകൊണ്ട് മറ്റൊരു പ്രയോജനവും ഉണ്ട്. മണ്ണ് അയയുന്നതുകൊണ്ട് മുട്ട വിരിയുമ്പോൾ കുഞ്ഞുങ്ങൾക്ക് മണ്ണ് മാറ്റി പുറത്തേക്കു വരാൻ എളുപ്പമായിരിക്കും.
മാലി പക്ഷികൾ കൂടിന് മുകളിൽനിന്ന് മണ്ണു മാന്തി മാറ്റുന്നതു കാണുക
നിങ്ങൾക്ക് എന്ത് തോന്നുന്നു? കൂടിന്റെ താപനില ക്രമീകരിക്കാനുള്ള മാലി പക്ഷിയുടെ കഴിവ് പരിണമിച്ച് ഉണ്ടായതാണോ? അല്ലെങ്കിൽ അത് ആരുടെ കരവിരുത്?
a മുട്ടകൾ വിരിയാൻ ഏഴുമുതൽ എട്ട് ആഴ്ചകൾവരെ എടുക്കുന്നതുകൊണ്ട് ഈ കൂനയുടെ താപനില ക്രമീകരിക്കാനുള്ള പ്രവർത്തനം ഏപ്രിൽവരെ തുടരും.