രക്തപ്പകർച്ച—ഡോക്‌ടർമാർ ഇപ്പോൾ പറയുന്നത്
രക്തം സ്വീകരിക്കാത്തതിന്റെ പേരിൽ കാലങ്ങളായി ആളുകൾ യഹോവയുടെ സാക്ഷികളെ വിമർശിക്കാറുണ്ട്. ‘രക്തം ഒഴിവാക്കാൻ’ ബൈബിൾ പറയുന്നതുകൊണ്ടാണ് അവർ രക്തം സ്വീകരിക്കാത്തത്. പക്ഷേ ചില സാഹചര്യങ്ങളിൽ രക്തപ്പകർച്ചയാണ് ഏറ്റവും നല്ല ചികിത്സ എന്നു ഡോക്‌ടർമാർ കരുതിയിരുന്നതുകൊണ്ട് സാക്ഷികൾക്കു ചിലപ്പോൾ ചില പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്.—പ്രവൃത്തികൾ 15:29.
എന്നാൽ അടുത്ത കാലത്തായി വൈദ്യശാസ്ത്രരംഗത്ത് അനുഭവപരിചയമുള്ള പലരും രക്തപ്പകർച്ച കൂടാതെയുള്ള ചികിത്സാരീതികൾ ശുപാർശ ചെയ്യുന്നു. അതിനു ധാരാളം പ്രയോജനങ്ങളുണ്ടെന്നാണ് അവർ പറയുന്നത്.
സ്റ്റാൻഫോഡ് യൂണിവേഴ്സിറ്റി സ്‌കൂൾ ഓഫ് മെഡിസിൻ പുറത്തിറക്കുന്ന ഒരു പ്രസിദ്ധീകരണത്തിന്റെ (Stanford Medicine Magazine) 2013-ലെ ഒരു ലക്കത്തിൽ രക്തത്തെക്കുറിച്ച് ഒരു പ്രത്യേക റിപ്പോർട്ടുണ്ടായിരുന്നു. ആ ലേഖനത്തിലെ, “ഒഴുക്കിനെതിരെ—രക്തപ്പകർച്ച കുറയുന്നതിന്റെ കാരണമെന്ത്?” എന്ന ഭാഗത്ത് സാറാ സി. പി. വില്യംസ് ഇങ്ങനെ എഴുതി: “കഴിഞ്ഞ പത്തു വർഷത്തെ പല പഠനങ്ങളും തെളിയിക്കുന്നത് ലോകമെങ്ങുമുള്ള ആശുപത്രിവാർഡുകളിലും ഓപ്പറേഷൻ തീയറ്ററുകളിലും രോഗികൾക്കു വേണ്ടതിലധികം രക്തം നൽകുന്നു എന്നാണ്. ഒരു ആവശ്യവുമില്ലാത്തപ്പോൾപ്പോലും ചിലപ്പോൾ രക്തം നൽകാറുണ്ട്.”
പെൻസിൽവേനിയ ആശുപത്രിയിലെ, രക്തരഹിത ചികിത്സയും ശസ്ത്രക്രിയയും എന്ന വിഭാഗത്തിന്റെ സ്ഥാപികയും ഡയറക്ടറും ആയ പട്രീഷ്യ ഫോഡിന്റെ (എം. ഡി.) വാക്കുകൾ സാറാ ഉദ്ധരിക്കുന്നുണ്ട്. ഡോ. പട്രീഷ്യ ഫോഡ് ഇങ്ങനെ പറയുന്നു: “ജീവൻ രക്ഷിക്കുന്ന ഏറ്റവും പ്രധാനഘടകം രക്തമായതുകൊണ്ട് രക്തത്തിന്റെ അളവ് ഒരു പരിധിയിൽ താഴെപ്പോയാൽ ആളുകൾ മരിക്കും എന്ന ആശയം വൈദ്യരംഗത്തുള്ളവരുടെ മനസ്സിൽ പതിഞ്ഞിരിക്കുകയാണ്. . . ചില പ്രത്യേകസാഹചര്യങ്ങളിൽ ഇതു ശരിയാണെങ്കിൽത്തന്നെ a മിക്ക സാഹചര്യങ്ങളിലും, മിക്ക രോഗികളുടെ കാര്യത്തിലും, ഇതു സത്യമല്ല.”
ഓരോ വർഷവും 700-ഓളം യഹോവയുടെ സാക്ഷികളെ ചികിത്സിക്കുന്ന ഡോ. പട്രീഷ്യ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഞാൻ പല ഡോക്‌ടർമാരോടും സംസാരിച്ചിട്ടുണ്ട്. . . അവരിൽ പലർക്കുമുള്ള തെറ്റായ ഒരു ധാരണയാണ്, മിക്ക രോഗികളെയും രക്തം കൊടുക്കാതെ രക്ഷിക്കാൻ കഴിയില്ല എന്നത്. . . ഒരു പരിധിവരെ ഞാനും ഇങ്ങനെ കരുതിയിരുന്നു. എന്നാൽ ഇങ്ങനെയുള്ള രോഗികളെ ലളിതമായ മറ്റു ചില ചികിത്സാരീതികൾ ഉപയോഗിച്ച് രക്ഷിക്കാൻ കഴിയുമെന്ന് എനിക്ക് അധികം വൈകാതെ മനസ്സിലായി.”
ഒരു വൈദ്യശാസ്ത്രമാസികയുടെ (Archives of Internal Medicine) 2012 ആഗസ്റ്റിലെ ലക്കത്തിൽ, ഹൃദയശസ്ത്രക്രിയയ്ക്കു വിധേയരായവരെക്കുറിച്ച് നടത്തിയ 28 വർഷത്തെ ഒരു പഠനത്തിന്റെ ഫലം പ്രസിദ്ധീകരിച്ചു. രക്തം സ്വീകരിച്ച രോഗികളോടുള്ള താരതമ്യത്തിൽ, സമാനമായ രോഗമുണ്ടായിരുന്ന യഹോവയുടെ സാക്ഷികളുടെ ആരോഗ്യസ്ഥിതി മെച്ചമായിരുന്നത്രെ. അവർക്കു ശസ്ത്രക്രിയ കഴിഞ്ഞുള്ള പ്രശ്‌നങ്ങൾ കുറവായിരുന്നു. അവർ പെട്ടെന്നു സുഖപ്പെട്ടെന്നു മാത്രമല്ല, രക്തം സ്വീകരിച്ച രോഗികളെക്കാൾ ഏകദേശം 20 വർഷം കൂടുതൽ ജീവിക്കുകയും ചെയ്‌തു.
മറ്റൊരു മാസികയുടെ (The Wall Street Journal) 2013 ഏപ്രിൽ 8 ലക്കത്തിലെ ഒരു ലേഖനം ഇങ്ങനെ പറഞ്ഞു: “വിശ്വാസപരമായ കാരണങ്ങളാൽ രക്തം സ്വീകരിക്കാത്തവർക്കുവേണ്ടി രക്തരഹിത ശസ്‌ത്രക്രിയകൾ, അതായത് മറ്റുള്ളവരിൽനിന്നുള്ള രക്തം കുത്തിവെക്കാതെയുള്ള ശസ്‌ത്രക്രിയകൾ, നടത്താൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ ഇപ്പോൾ പല ആശുപത്രികളും ഈ രീതി ഇഷ്ടപ്പെട്ടുതുടങ്ങിയിരിക്കുന്നു. . . രക്തരഹിത ശസ്ത്രക്രിയയെ അനുകൂലിക്കുന്ന ഡോക്‌ടർമാർ പറയുന്നത്, ഇങ്ങനെ ചെയ്യുകവഴി രക്തം വാങ്ങുന്നതിനും അതു സൂക്ഷിക്കുന്നതിനും ശുദ്ധീകരിക്കുന്നതിനും പരിശോധിക്കുന്നതിനും ശരീരത്തിൽ കയറ്റുന്നതിനും ഒക്കെയുളള പണം ലാഭിക്കാം എന്നാണ്. മാത്രമല്ല, രക്തപ്പകർച്ചയുടെ ഫലമായുളള അണുബാധയും മറ്റു കുഴപ്പങ്ങളും ഒഴിവാക്കുന്നതിനും അങ്ങനെ പെട്ടെന്ന് ആശുപത്രി വിടുന്നതിനും അതു സഹായിക്കുന്നു.”
അമേരിക്കയിലെ ക്ലെവലന്റ് ക്ലിനിക്കിലെ രക്തം കൈകാര്യം ചെയ്യുന്ന വിഭാഗത്തിനു മേൽനോട്ടം വഹിക്കുന്ന റോബർട്ട് ലോറൻസിനു പറയാനുള്ളത് ഇതാണ്: “രോഗിക്കു രക്തം നൽകുമ്പോൾ, അയാളെ സഹായിക്കുകയാണ് എന്നൊരു തോന്നൽ നമുക്കുണ്ടായേക്കാം. . . എന്നാൽ വാസ്‌തവം അതല്ല എന്നാണു വർഷങ്ങളായുള്ള അനുഭവങ്ങൾ സൂചിപ്പിക്കുന്നത്.”
a രക്തത്തെക്കുറിച്ചുള്ള യഹോവയുടെ സാക്ഷികളുടെ വീക്ഷണം അറിയാൻ, “സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ—നിങ്ങൾ രക്തം സ്വീകരിക്കാത്തത് എന്തുകൊണ്ട്?” എന്ന ലേഖനം കാണുക.