ആരോഗ്യപ്രശ്നങ്ങൾ ഉള്ളപ്പോഴും അവൾ മറ്റുള്ളവരെ ആശ്വസിപ്പിച്ചു
സൗത്ത് ആഫ്രിക്കയിൽ താമസിക്കുന്ന യഹോവയുടെ സാക്ഷികളിൽ ഒരാളാണ് ക്ലോഡിൻ. വലിയൊരു ഓപ്പറേഷനുവേണ്ടി അവൾ ഹോസ്പിറ്റലിൽ അഡ്മിറ്റായി. എന്നാൽ അവൾക്കു പല ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതിനോട് ബന്ധപ്പെട്ട ചികിത്സകളെക്കുറിച്ച് ചിന്തിച്ച് തീരുമാനം എടുക്കേണ്ടതായും വന്നു. ഓപ്പറേഷനു മുമ്പും അതിനു ശേഷവും തളർച്ചയും വേദനയും ടെൻഷനും ഒക്കെ ആയിരുന്നു ക്ലോഡിന്. വീട്ടിൽ തിരിച്ചെത്തി ഏതാണ്ട് പത്ത് ആഴ്ച കഴിഞ്ഞിട്ടുപോലും അവൾക്ക് എഴുന്നേറ്റിരിക്കാൻ പറ്റുമായിരുന്നില്ല. കോവിഡ്-19 മഹാമാരിയുടെ സമയമായിരുന്നതുകൊണ്ട് ആർക്കും അവളെ വന്നുകാണാനും കഴിയില്ലായിരുന്നു.
തന്റെ സാഹചര്യം ഓർത്ത് പരിതപിച്ച് ഇരിക്കുന്നതിനു പകരം, മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ സഹായിക്കണേ എന്നാണ് ക്ലോഡിൻ ദൈവത്തോടു പ്രാർഥിച്ചത്. ഒന്ന് എഴുന്നേറ്റിരിക്കാൻ ആയപ്പോഴേക്കും അവൾ ചെയ്തതും അതുതന്നെയാണ്. തന്റെ അയൽക്കാരിയുടെ അനിയത്തിയുമായി സംസാരിക്കാൻ ക്ലോഡിൻ ശ്രമിച്ചു. അവൾ മുമ്പ് ബൈബിൾ പഠിച്ചിരുന്നതാണ്. തിരുവെഴുത്തിൽനിന്നുള്ള പ്രോത്സാഹനം പകരുന്ന ചില കാര്യങ്ങൾ ക്ലോഡിൻ അവളുമായി സംസാരിച്ചു. അതൊക്കെ കേട്ടപ്പോൾ വീണ്ടും ബൈബിൾപഠനം തുടങ്ങാൻ അവൾ തയ്യാറായി. ക്രിസ്തീയയോഗങ്ങളിൽനിന്ന് ലഭിക്കുന്ന പ്രയോജനങ്ങളെക്കുറിച്ചും ക്ലോഡിൻ അവളോടു വിശദീകരിച്ചു. അതോടൊപ്പം വീഡിയോ കോൺഫറൻസ് വഴി മീറ്റിങ്ങ് കൂടാൻ വേണ്ട ക്രമീകരണങ്ങളും ചെയ്തുകൊടുത്തു. ആ സ്ത്രീ മീറ്റിങ്ങിനു വരുക മാത്രമല്ല, സദസ്സിനെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പരിപാടിയിൽ ഒരു അഭിപ്രായവും പറഞ്ഞു.
പിന്നെ ക്ലോഡിൻ തന്റെ ബൈബിൾവിദ്യാർഥിയുടെ അനിയത്തിയോടു സംസാരിച്ചു. അവൾക്കും ബൈബിൾ പഠിക്കാൻ വലിയ ഇഷ്ടമായിരുന്നു. മാത്രമല്ല ബൈബിൾ പഠിക്കാൻ താത്പര്യമുള്ള വേറെ ചില സ്ത്രീകളുടെ കാര്യവും അവൾ ക്ലോഡിനോടു പറഞ്ഞു. അങ്ങനെ വേറെ നാലു ബൈബിൾപഠനങ്ങൾകൂടെ ക്ലോഡിനു തുടങ്ങാനായി. എന്നാൽ കഥ ഇവിടംകൊണ്ട് തീർന്നില്ല!
ക്ലോഡിൻ മറ്റുള്ളവരിൽ നല്ല താത്പര്യം എടുത്തതുകൊണ്ട് വേറെ പത്ത് സ്ത്രീകൾകൂടെ ബൈബിൾ പഠിക്കാൻതുടങ്ങി. അങ്ങനെ മഹാമാരിയുടെ സമയത്ത് എല്ലാംകൂടെ 16 ബൈബിൾപഠനങ്ങൾ! അവരിൽ ചിലർ വീഡിയോ കോൺഫറൻസിലൂടെ ക്രമമായി മീറ്റിങ്ങുകൾ കൂടുന്നുണ്ട്. ഇങ്ങനെ തിരക്കോടെ ഇരിക്കുന്നതുകൊണ്ട് ക്ലോഡിന് തന്റെ അവസ്ഥയെക്കുറിച്ച് ചിന്തിച്ചിരിക്കാൻ സമയമില്ല. “ഏതു സാഹചര്യത്തിലും ആശ്വാസം തരുന്ന” യഹോവ, തന്നെ പ്രശ്നങ്ങളിൽ ആശ്വസിപ്പിച്ചെന്നും അതുകൊണ്ടുതന്നെ മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ തനിക്കായെന്നും ക്ലോഡിൻ പറയുന്നു.—2 കൊരിന്ത്യർ 1:3, 4.
പഠിച്ച കാര്യങ്ങളെക്കുറിച്ച് ക്ലോഡിന്റെ ബൈബിൾവിദ്യാർഥികൾക്ക് എന്താണ് തോന്നുന്നത്? അവരിലൊരാൾ പറയുന്നു: “പഠിച്ചതെല്ലാം എനിക്ക് ഒത്തിരി പ്രയോജനപ്പെട്ടു. അതിൽ ഏറ്റവും വലിയ കാര്യം ദൈവത്തിന്റെ പേര് മനസ്സിലാക്കിയതാണ്. അത് യഹോവയോട് നല്ല അടുപ്പം തോന്നാൻ എന്നെ സഹായിച്ചു.” ക്ലോഡിൻ ആദ്യം സംസാരിച്ച സ്ത്രീ അടുത്തുതന്നെ സ്നാനപ്പെടാൻ പോകുകയാണ്. ഈ അനുഭവങ്ങളൊക്കെ ക്ലോഡിന് ഒരുപാടു സന്തോഷം കൊടുക്കുന്നു. അവളുടെ ആരോഗ്യവും ഇപ്പോൾ വളരെ മെച്ചപ്പെട്ടു.