ശരീരം തളർന്നപ്പോഴും മനസ്സു തളരാതെ
ഒരു യഹോവയുടെ സാക്ഷിയായ വെർജീനിയയ്ക്ക് ഗുരുതരമായ ഒരു രോഗം ഉണ്ടായി. ലോക്ക്ഡ് ഇൻ സിൻഡ്രോം എന്നാണ് അതിന്റെ പേര്. അവരുടെ ശരീരം മുഴുവൻ തളർന്നുപോയി. എന്നാൽ വെർജീനിയയ്ക്ക് കാണാനും കേൾക്കാനും കഴിയും. അവർ കണ്ണുകൾ അടയ്ക്കുകയും തുറക്കുകയും ചെയ്യും, തല ചെറുതായൊന്നനക്കും അത്രേയുള്ളൂ. സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ പോലും പറ്റില്ല. പക്ഷേ പണ്ട് അങ്ങനെയായിരുന്നില്ല, നല്ല ആരോഗ്യത്തോടെ ഓടിനടന്നിരുന്ന ആളാണ്. 1997-ലെ ഒരു പ്രഭാതത്തിലാണു കാര്യങ്ങൾ മാറിമറിഞ്ഞത്. വെർജീനിയയ്ക്ക് തലയുടെ പിൻഭാഗത്തായി സഹിക്കാൻ പറ്റാത്ത ഒരു വേദനയുണ്ടായി. പെട്ടെന്നുതന്നെ ഭർത്താവ് അവരെ ഹോസ്പിറ്റലിൽ എത്തിച്ചു. അന്നു വൈകുന്നേരം അബോധാവസ്ഥയിലായ വെർജീനിയയ്ക്ക് പിന്നെ ബോധം തിരിച്ചുകിട്ടുന്നത് രണ്ടാഴ്ച കഴിഞ്ഞാണ്. അപ്പോൾ അവർ ഐസിയു-യിൽ വെന്റിലേറ്ററിൽ ആയിരുന്നു, ശരീരം മുഴുവൻ തളർന്നുപോയ അവസ്ഥയിൽ. കുറേ ദിവസത്തേക്ക് വെർജീനിയയ്ക്ക് ഒന്നും ഓർമയില്ലായിരുന്നു, താൻ ആരാണെന്നുപോലും.
പിന്നെ എന്താണു സംഭവിച്ചതെന്ന് വെർജീനിയ വിശദീകരിക്കുന്നു: “പതിയെപ്പതിയെ എന്റെ ഓർമകൾ തിരിച്ചുകിട്ടി. ഞാൻ ദൈവത്തോടു കരഞ്ഞു പ്രാർഥിച്ചു. ഞാൻ മരിച്ചുപോയാൽ, വെറും ഒൻപതു വയസ്സു മാത്രമുള്ള എന്റെ മോന് അമ്മയില്ലാതായി പോകുമല്ലോ എന്നായിരുന്നു എന്റെ ചിന്ത. മനസ്സിനു ധൈര്യം കിട്ടാൻ എന്നെക്കൊണ്ട് കഴിയുന്നത്ര ബൈബിൾ വാക്യങ്ങൾ ഓർത്തെടുക്കാൻ ഞാൻ ശ്രമിച്ചു.
“കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഡോക്ടർമാർ എന്നെ ഐസിയു-യിൽ നിന്നു മാറ്റി. പിന്നീടുള്ള ആറു മാസം ഞാൻ പലപല ആശുപത്രികളിലായിരുന്നു. വീട്ടിൽ വന്നപ്പോഴും എനിക്കു വലിയ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. പൂർണമായും തളർന്ന അവസ്ഥ തന്നെയായിരുന്നു. എനിക്ക് എന്തു ചെയ്യണമെങ്കിലും മറ്റുള്ളവരുടെ സഹായം വേണം. ഞാൻ ആകെ തകർന്നുപോയി. എന്നെക്കൊണ്ട് ആർക്കും, യഹോവയ്ക്കുപോലും ഒരു ഗുണവുമില്ലല്ലോ എന്നു ഞാൻ ചിന്തിച്ചു. എന്റെ മോന്റെ കാര്യം പോലും നോക്കാൻ പറ്റുന്നില്ലല്ലോ എന്ന വിഷമവും എനിക്കുണ്ടായിരുന്നു.
“എന്റെപോലെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്ന ചില സാക്ഷികളുടെ അനുഭവങ്ങൾ ഞാൻ വായിച്ചു. അവർ യഹോവയ്ക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞപ്പോൾ എനിക്ക് അതിശയം തോന്നി. അങ്ങനെ, നിരാശപ്പെട്ടിരിക്കുന്നതിനു പകരം യഹോവയ്ക്കുവേണ്ടി എനിക്ക് എന്തു ചെയ്യാനാകും എന്നു ഞാൻ ചിന്തിച്ചു. അസുഖം വരുന്നതിനു മുമ്പ് ആത്മീയകാര്യങ്ങൾക്ക് എനിക്കു കുറച്ച് സമയമേ കിട്ടിയിരുന്നുള്ളൂ. എന്നാൽ, ഇപ്പോൾ എനിക്ക് ഒരുപാടു സമയമുണ്ട്, ശരിക്കും പറഞ്ഞാൽ ദിവസം മുഴുവനുമുണ്ട്. അതുകൊണ്ട്, എന്നെക്കൊണ്ട് പറ്റുന്നതൊക്കെ ഞാൻ യഹോവയ്ക്കുവേണ്ടി ചെയ്യാൻ തുടങ്ങി.
“ഞാൻ കമ്പ്യൂട്ടർ ഉപയോഗിക്കാൻ പഠിച്ചു. എന്റെ കമ്പ്യൂട്ടറിൽ ഒരു സോഫ്റ്റ്വെയർ ഉണ്ട്. ഞാൻ തല അനക്കുന്നതനുസരിച്ച് ആ സോഫ്റ്റ്വെയർ ടൈപ്പ് ചെയ്യാൻ എന്നെ സഹായിക്കും. പക്ഷേ, അത് ഒട്ടും എളുപ്പമല്ല. കുറച്ചുകഴിയുമ്പോൾ ഞാൻ മടുത്തുപോകും. എന്നാലും, ബൈബിൾ പഠിക്കാനും കത്തുകളിലൂടെയും ഇ-മെയിലിലൂടെയും മറ്റുള്ളവരോടു സന്തോഷവാർത്ത പറയാനും അങ്ങനെ എനിക്കു കഴിയുന്നു. വേറൊരു പ്രശ്നം എന്റെ അടുത്തുള്ളവരോടു ഞാൻ എങ്ങനെ സംസാരിക്കും എന്നതാണ്. അതിന് എനിക്ക് എല്ലാ അക്ഷരങ്ങളും ഉള്ള ഒരു ബോർഡ് ഉണ്ട്. ഓരോ അക്ഷരങ്ങൾവെച്ച് അവർ എന്നെ തൊട്ടുകാണിക്കും. അവർ കാണിക്കുന്ന അക്ഷരം തെറ്റാണെങ്കിൽ ഞാൻ എന്റെ കണ്ണു മിഴിക്കും. ഇനി അതു ശരിയാണെങ്കിൽ ഞാൻ കണ്ണ് അടയ്ക്കും. അങ്ങനെ ഓരോ അക്ഷരങ്ങളായി തിരഞ്ഞെടുത്ത് വാക്കുകളും, വാക്കുകൾ കൂട്ടിച്ചേർത്തു വാചകങ്ങളും ഉണ്ടാക്കും. എന്റെ അടുത്ത് സ്ഥിരം വരാറുള്ള സഹോദരിമാർ ഇക്കാര്യത്തിൽ മിടുക്കരാണ്. എനിക്കു പറയാനുള്ളത് അവർ പെട്ടെന്ന് ഊഹിച്ചെടുക്കും. ചിലപ്പോൾ അവർ ഊഹിക്കുന്നതു തെറ്റിപ്പോകും. അപ്പോൾ അതിലെ കോമഡിയോർത്ത് ഞങ്ങൾ കുറെ ചിരിക്കും.
“സഭയിലെ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും എനിക്കു വലിയ ഇഷ്ടമാണ്. ഞാൻ മീറ്റിങ്ങുകളൊന്നും മുടക്കാറില്ല. ഇപ്പോൾ അത് വീഡിയോ കോൺഫറൻസിങ് വഴിയാണ്. എനിക്കു പറയാനുള്ള ഉത്തരങ്ങൾ ഞാൻ മുന്നമേ ടൈപ്പ് ചെയ്യും. എന്നിട്ട്, ചോദ്യോത്തര ചർച്ചയുടെ സമയത്ത് വേറൊരാൾ അത് എനിക്കുവേണ്ടി വായിക്കും. പിന്നെ, ഞങ്ങൾ സഹോദരങ്ങൾ കുറച്ചുപേർ ഒരുമിച്ചിരുന്ന് എല്ലാ മാസവും JW പ്രക്ഷേപണവും കാണും. a
“ഞാൻ ഇങ്ങനെ തളർന്നു കിടക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ 23 വർഷമായി. ചിലപ്പോഴൊക്കെ എനിക്കു ഭയങ്കര വിഷമം തോന്നും. പക്ഷേ, അപ്പോൾ ഞാൻ പ്രാർഥിക്കും, സഹോദരങ്ങളോടൊപ്പം ഇരിക്കും, ദൈവസേവനത്തിൽ കൂടുതൽ ചെയ്യാൻ നോക്കും. അപ്പോൾ എന്റെ വിഷമം കുറയും. സഭയിലെ സഹോദരങ്ങളുടെ സഹായം ഉള്ളതുകൊണ്ട് കഴിഞ്ഞ ആറു വർഷമായിട്ട് എനിക്കു സഹായ മുൻനിരസേവനം ചെയ്യാനാകുന്നു. എന്റെ മകൻ അലക്സാൻഡ്രോയ്ക്ക് നല്ലൊരു മാതൃകയായിരിക്കാൻ ഞാൻ എപ്പോഴും ശ്രമിച്ചിരുന്നു. ഇപ്പോൾ അവന്റെ കല്യാണം കഴിഞ്ഞു. അവനും ഭാര്യയും സാധാരണ മുൻനിരസേവനം ചെയ്യുന്നു. അലക്സാൻഡ്രോ സഭയിൽ ഒരു മൂപ്പനുമാണ്.
“ഞാൻ എപ്പോഴും പറുദീസയിൽ ആയിരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കും. പറുദീസയിൽ ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ട്. ആദ്യം എനിക്ക് എന്റെ ശബ്ദത്തിൽ യഹോവയെക്കുറിച്ച് പറയണം. പിന്നെ, പ്രകൃതിഭംഗിയൊക്കെ ആസ്വദിച്ച് ഒരു അരുവിയുടെ സൈഡിൽക്കൂടെ ഇങ്ങനെ നടക്കണം. ഇരുപതിലധികം വർഷമായി ഒരു ട്യൂബിലൂടെ വെള്ളംപോലത്തെ ഭക്ഷണമാണ് ഞാൻ കഴിക്കുന്നത്. പറുദീസയിൽ ഒരു മരത്തിൽനിന്ന് ആപ്പിൾ പറിച്ച് കടിച്ചുതിന്നാൻ എനിക്കു എന്തു കൊതിയാണെന്നോ! ഒരു ഇറ്റലിക്കാരിയായ ഞാൻ ഇവിടുത്തെ പിസ്സ പോലുള്ള ഭക്ഷണങ്ങൾ ഉണ്ടാക്കി കഴിക്കാൻ കാത്തിരിക്കുകയാണ്.
“‘രക്ഷയുടെ ഈ പ്രത്യാശയാണ്’ എന്റെ മനസ്സിനു ബലം നൽകുന്നത്. (1 തെസ്സലോനിക്യർ 5:8) ഞാൻ പുതിയ ഭൂമിയിൽ ആയിരിക്കുന്നതായി ചിന്തിക്കുമ്പോൾ എനിക്കു സന്തോഷം തോന്നുന്നു. എനിക്ക് ഇപ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിലും അന്ന് യഹോവ അതെല്ലാം മാറ്റി തരും. യഹോവ തന്റെ രാജ്യത്തിലൂടെ തരാനിരിക്കുന്ന ആ ‘യഥാർഥജീവനായി’ ഞാൻ നോക്കിയിരിക്കുകയാണ്.”—1 തിമൊഥെയൊസ് 6:19; മത്തായി 6:9, 10.
a JW പ്രക്ഷേപണത്തിലേക്കുള്ള ലിങ്ക് jw.org-ൽ കാണാനാകും.