ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
“ഇപ്പോൾ എനിക്ക് എന്നെക്കുറിച്ച് നാണക്കേടു തോന്നുന്നില്ല”
ജനനം: 1963
രാജ്യം: മെക്സിക്കോ
ചരിത്രം: തെരുവുബാലൻ; അപകർഷതാബോധം
എന്റെ പഴയ കാലം
ഞാൻ വടക്കൻ മെക്സിക്കോയിലെ സിയോഡാഡ് ഓബ്രിഗോണിലാണു ജനിച്ചത്. ഒമ്പതു മക്കളിൽ അഞ്ചാമനായിരുന്നു ഞാൻ. നഗരത്തിന്റെ അതിർത്തിക്കടുത്തായിരുന്നു ഞങ്ങളുടെ താമസം. അവിടെ എന്റെ അച്ഛന് ഒരു ചെറിയ ഫാമുണ്ടായിരുന്നു. ജീവിക്കാൻ പറ്റിയ നല്ലൊരു സ്ഥലമായിരുന്നു അത്. സന്തോഷത്തോടെയും ഒരുമയോടെയും ഞങ്ങൾ അവിടെ കഴിഞ്ഞു. എന്നാൽ ഞങ്ങളുടെ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ഒരു കൊടുങ്കാറ്റ് ഞങ്ങളുടെ ഫാം നശിപ്പിച്ചു. അങ്ങനെ ഞങ്ങൾക്കു മറ്റൊരു പട്ടണത്തിലേക്കു മാറേണ്ടിവന്നു.
അച്ഛൻ സാമ്പത്തികമായി മെച്ചപ്പെടാൻ തുടങ്ങി. അതേ സമയം ഒരു കുടിയനുമായി. അച്ഛന്റെ വിവാഹജീവിതത്തെയും മക്കളായ ഞങ്ങളെയും അതു ബാധിച്ചു. ഞങ്ങൾ അച്ഛന്റെ സിഗരെറ്റ് കട്ടെടുത്ത് വലിക്കാൻ തുടങ്ങി. വെറും ആറു വയസ്സുള്ളപ്പോൾ ഞാൻ ആദ്യമായി മദ്യപിച്ചു. അധികം വൈകാതെ അച്ഛനും അമ്മയും വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങി. എന്റെ ദുശ്ശീലങ്ങൾ കൂടിക്കൂടി വന്നു.
മറ്റൊരാളോടൊപ്പം ജീവിക്കാൻ അമ്മ പോയപ്പോൾ ഞങ്ങളെയും കൂട്ടി. അയാൾ അമ്മയ്ക്കു ചെലവിനൊന്നും കൊടുക്കാറില്ല, അമ്മയൊരാൾ പണിക്കു പോകുന്നതുകൊണ്ടു മാത്രം ഞങ്ങൾക്ക് ജീവിക്കാനും പറ്റുമായിരുന്നില്ല. അതുകൊണ്ട് ഞാനും കൂടപ്പിറപ്പുകളും ഞങ്ങളെക്കൊണ്ടു പറ്റുന്ന പണികളൊക്കെ ചെയ്തു. അത്യാവശ്യം കഴിഞ്ഞുകൂടാനുള്ളതു ഞങ്ങൾ ഒപ്പിച്ചു. ഞാൻ ഷൂ പോളിഷ് ചെയ്യും, ബ്രെഡ്, പേപ്പർ, ച്യൂയിങ് ഗം ഇതൊക്കെ വിൽക്കാനും പോകുമായിരുന്നു. ഭക്ഷണത്തിനുവേണ്ടി പണക്കാരുടെ വെയ്സ്റ്റ് കൊട്ടയും നോക്കി ഞാൻ നഗരത്തിൽ അലയുകയും ചെയ്തു.
എനിക്കു പത്തു വയസ്സുള്ളപ്പോൾ, നഗരത്തിലെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നിടത്ത് ജോലി ചെയ്യാൻ ഒരാൾ എന്നെ വിളിച്ചു. ഞാൻ പഠനവും നിറുത്തി വീടും വിട്ട് അയാളോടൊപ്പം പോയി. അയാൾ ദിവസക്കൂലിയായി ഒരു ഡോളറിനു താഴെയാണു തന്നിരുന്നത്. വെയ്സ്റ്റ് കൊട്ടയിൽനിന്ന് എടുത്ത ഭക്ഷണവും അയാൾ എനിക്കു തരുമായിരുന്നു. പാഴ്വസ്തുക്കൾകൊണ്ട് ഞാൻതന്നെ ഉണ്ടാക്കിയ ഒരു കുടിലിലായിരുന്നു എന്റെ താമസം. ചുറ്റുമുള്ളവർ അസഭ്യം പറയുന്നവരും ലൈംഗികമായി അധഃപതിച്ചവരും ആയിരുന്നു. പലരും മദ്യത്തിനും മയക്കുമരുന്നിനും അടിമകളായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മോശംകാലമായിരുന്നു അത്. എല്ലാ ദിവസവും രാത്രി ഞാൻ പേടിച്ച് കരയുമായിരുന്നു. ദാരിദ്ര്യവും വിദ്യാഭ്യാസക്കുറവും കാരണം എനിക്കു വല്ലാത്ത നാണക്കേടു തോന്നി. മെക്സിക്കോയിലെ മറ്റൊരു സംസ്ഥാനത്തേക്കു പോകുന്നതുവരെ, ഏകദേശം മൂന്നു വർഷം, ആ മാലിന്യങ്ങൾക്കിടയിലായിരുന്നു എന്റെ താമസം. ഞാൻ പൂക്കളും പഞ്ഞിയും പറിക്കും, കരിമ്പു ശേഖരിക്കും, ഉരുളക്കിഴങ്ങ് പെറുക്കും; അങ്ങനെ പറമ്പിലെ ചില പണികളും ചെയ്യുമായിരുന്നു.
നാലു വർഷത്തിനു ശേഷം ഞാൻ സിയോഡാഡ് ഓബ്രിഗോണിലേക്കു മടങ്ങി. മന്ത്രവാദവും നാട്ടുവൈദ്യവും ചെയ്തിരുന്ന ഒരു അമ്മായിയുടെ അടുത്ത്, താമസിക്കാൻ എനിക്ക് ഒരു മുറി കിട്ടി. അവിടെയായിരുന്നപ്പോൾ ഞാൻ പേടിസ്വപ്നങ്ങൾ കാണാൻ തുടങ്ങി. അങ്ങനെ വിഷമം കൂടിക്കൂടി ആത്മഹത്യ ചെയ്താലോ എന്നുപോലും ചിന്തിച്ചുപോയി. ഒരു ദിവസം രാത്രി ഞാൻ ദൈവത്തോട് ഇങ്ങനെ പ്രാർഥിച്ചു: “കർത്താവേ, അങ്ങ് ശരിക്കുമുണ്ടെങ്കിൽ എനിക്ക് അങ്ങയെ അറിയണം. പിന്നെ ഞാൻ എന്നും അങ്ങയെ സേവിച്ചുകൊള്ളാം. ഒരു സത്യമതമുണ്ടെങ്കിൽ അത് എനിക്ക് അറിയണം.”
ബൈബിൾ എന്റെ ജീവിതം മാറ്റിയ വിധം
എനിക്ക് ആത്മീയവിഷയങ്ങളോടു പണ്ടേ താത്പര്യമുണ്ടായിരുന്നു. ചെറുതായിരുന്നപ്പോൾ പല വിഭാഗക്കാരുടെ പള്ളികളിലും ഞാൻ പോയിട്ടുണ്ട്, പക്ഷേ നിരാശയാണുണ്ടായത്. അവിടെയൊന്നും ബൈബിളിനെക്കുറിച്ച് അധികം സംസാരിച്ചിരുന്നില്ല, ദൈവത്തോട് അടുക്കാൻ അവയൊന്നും എന്നെ സഹായിച്ചതുമില്ല. അവയിൽ ചിലത് പണത്തിനായിരുന്നു കൂടുതൽ ശ്രദ്ധ കൊടുത്തത്. മറ്റു വിഭാഗങ്ങളിലെ അംഗങ്ങൾ ലൈംഗിക അധാർമികതയിൽ ഏർപ്പെടുന്നവരും ആയിരുന്നു.
എനിക്കു 19 വയസ്സുള്ളപ്പോൾ, വിഗ്രഹങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നതെന്ന് യഹോവയുടെ സാക്ഷികൾ കാണിച്ചുകൊടുത്തെന്ന് എന്റെ ഒരു അളിയൻ എന്നോടു പറഞ്ഞു. എന്നിട്ട് പുറപ്പാട് 20:4, 5 വായിച്ചു. വിഗ്രഹങ്ങൾ ഉണ്ടാക്കരുത് എന്നാണ് അവിടെ പറയുന്നത്. 5-ാം വാക്യം ഇങ്ങനെ പറയുന്നു: “നീ അവയുടെ മുന്നിൽ കുമ്പിടുകയോ അവയെ സേവിക്കുകയോ അരുത്. കാരണം നിന്റെ ദൈവമായ യഹോവ എന്ന ഞാൻ സമ്പൂർണഭക്തി ആഗ്രഹിക്കുന്ന ദൈവമാണ്.” എന്നിട്ട് അളിയൻ ചോദിച്ചു: “അത്ഭുതങ്ങൾ ചെയ്യാൻ ദൈവം വിഗ്രഹങ്ങൾ ഉപയോഗിക്കുന്നെങ്കിൽ, ആരാധനയിൽ നമ്മൾ അത് ഉപയോഗിക്കാൻ ദൈവം ആഗ്രഹിക്കുന്നെങ്കിൽ, പിന്നെ എന്തിനാണ് ദൈവം അത് വിലക്കുന്നത്?” അത് എന്നെ ചിന്തിപ്പിച്ചു. അതു കഴിഞ്ഞ് ബൈബിൾവിഷയങ്ങളെക്കുറിച്ച് പല തവണ ഞങ്ങൾ സംസാരിച്ചു. ആ സംഭാഷണങ്ങൾ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. സമയം പറന്നുപോയതുപോലെ തോന്നി.
പിന്നെ, അളിയൻ എന്നെ യഹോവയുടെ സാക്ഷികളുടെ ഒരു മീറ്റിംഗിനു കൊണ്ടുപോയി. അവിടെ കണ്ടതും കേട്ടതും എല്ലാം എനിക്ക് ഒരുപാട് ഇഷ്ടമായി. കുട്ടികൾ വരെ പരിപാടികളിൽ പങ്കെടുക്കുന്നു, സ്റ്റേജിൽ നിന്ന് ഒരു തപ്പലുമില്ലാതെ സംസാരിക്കുന്നു! ‘ഹൊ എന്തൊരു വിദ്യാഭ്യാസമാണ് ഇവർക്കു കിട്ടുന്നത്’ എന്നു ഞാൻ ചിന്തിച്ചുപോയി. നീട്ടിവളർത്തിയ മുടിയും വൃത്തിയില്ലാത്ത രൂപവും ആയിരുന്നെങ്കിലും യഹോവയുടെ സാക്ഷികൾ എന്നെ ഊഷ്മളമായി സ്വാഗതം ചെയ്തു. മീറ്റിംഗിനു ശേഷം ഒരു കുടുംബം എന്നെ ഭക്ഷണത്തിനുപോലും ക്ഷണിച്ചു!
സാക്ഷികളോടൊപ്പം ബൈബിൾ പഠിച്ചപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി: നമ്മുടെ ദൈവമായ യഹോവ സാമ്പത്തികമോ സാമൂഹികമോ വംശീയമോ വിദ്യാഭ്യാസപരമോ ആയ പശ്ചാത്തലം ഒന്നും നോക്കാതെ നമുക്കു വേണ്ടി കരുതുന്ന സ്നേഹവാനായ പിതാവാണെന്ന്. ദൈവത്തിന് ഒട്ടും പക്ഷപാതമില്ല. (പ്രവൃത്തികൾ 10:34, 35) അങ്ങനെ ഞാൻ ദൈവത്തോട് അടുത്തു. ജീവിതത്തിൽ എന്തിന്റെയോ കുറവുണ്ടെന്ന തോന്നൽ പയ്യെപ്പയ്യെ ഇല്ലാതായി.
എനിക്കു ലഭിച്ച പ്രയോജനങ്ങൾ
എന്റെ ജീവിതം അടിമുടി മാറാൻ തുടങ്ങി! ഞാൻ പുകവലിയും മദ്യപാനവും അസഭ്യം പറച്ചിലും ഒക്കെ നിറുത്തി. പേടിസ്വപ്നങ്ങൾ ഇല്ലാതായതുപോലെതന്നെ, ചെറുപ്പംമുതൽ എനിക്കുണ്ടായിരുന്ന നീരസവും എന്നെ വിട്ടുപോകാൻ തുടങ്ങി. പിന്നെ, ചെറുപ്പത്തിലെ കഷ്ടപ്പാടുകളും അധികമൊന്നും പഠിക്കാൻ കഴിയാഞ്ഞതും കാരണം എനിക്കു ഭയങ്കര അപകർഷതാബോധമുണ്ടായിരുന്നു. പക്ഷേ, എനിക്ക് അതൊക്കെ മറികടക്കാൻ പറ്റി.
യഹോവയെ സ്നേഹിക്കുന്ന, എനിക്കു നല്ല പിന്തുണ തരുന്ന നല്ലൊരു ഭാര്യ എനിക്കുണ്ട്. ഇപ്പോൾ ഞാൻ യഹോവയുടെ സാക്ഷികളുടെ സഭകളിൽ സന്ദർശനം നടത്തിക്കൊണ്ട്, എന്റെ ആത്മീയകുടുംബത്തിലെ സഹോദരീസഹോദരന്മാരെ പ്രോത്സാഹിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന സഞ്ചാര മേൽവിചാരകനായി സേവിക്കുന്നു. ബൈബിളിലൂടെ ദൈവം നൽകുന്ന ആശ്വാസത്തിനും മികച്ച വിദ്യാഭ്യാസത്തിനും ഒരുപാട് നന്ദി. ഇപ്പോൾ എനിക്ക് എന്നെക്കുറിച്ച് നാണക്കേടു തോന്നുന്നില്ല.