ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
“ഉത്തരങ്ങളെക്കാൾ കൂടുതൽ ചോദ്യങ്ങളായിരുന്നു എനിക്കുണ്ടായിരുന്നത്”
ജനനം: 1976
രാജ്യം: ഹോണ്ടുറാസ്
ചരിത്രം: പാസ്റ്റർ
മുൻകാലജീവിതം
ഹോണ്ടുറാസിലെ ലാ തൈബയിലെ ഒരു ദരിദ്ര കുടുംബത്തിലാണു ഞാൻ ജനിച്ചത്. വീട്ടിലെ ഏറ്റവും ഇളയയാൾ ഞാനാണ്. എനിക്കു നാലു ചേച്ചിമാരാണ്. എനിക്കു മാത്രം കേൾവിശക്തിയുണ്ടായിരുന്നില്ല. വളരെ കുഴപ്പക്കാരായ അയൽവാസികളായിരുന്നു ഞങ്ങൾക്കു ചുറ്റും. എനിക്കു നാലു വയസ്സുള്ളപ്പോൾ എന്റെ അച്ഛൻ ജോലിസ്ഥലത്തുണ്ടായ ഒരു അപകടത്തിൽ മരിച്ചു. അതോടെ കാര്യങ്ങളൊക്കെ കൂടുതൽ ബുദ്ധിമുട്ടിലായി.
എന്നെയും പെങ്ങന്മാരെയും നോക്കാൻ അമ്മ കഴിവിന്റെ പരമാവധി പ്രവർത്തിച്ചു. എന്നാൽ ചിലപ്പോൾ എനിക്ക് ഉടുപ്പ് വാങ്ങിത്തരാൻ അമ്മയുടെ കയ്യിൽ കാശ് തികയില്ല. മഴപെയ്തുകഴിഞ്ഞാൽ തണുപ്പ് മാറ്റാനുള്ള ഉടുപ്പുകളൊന്നും ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല.
ഞാൻ വളർന്നുവന്നപ്പോൾ ഹോണ്ടുറാസ് ആംഗ്യഭാഷ (LESHO) പഠിച്ചു. അതു ബധിരരായ മറ്റുള്ളവരോടു സംസാരിക്കാൻ എന്നെ സഹായിച്ചു. എന്നാൽ എന്റെ അമ്മയ്ക്കും സഹോദരിമാർക്കും ആ ആംഗ്യഭാഷ അറിയില്ലാത്തതുകൊണ്ട് അവർ അവരുടെ രീതിയിൽ ആംഗ്യങ്ങൾ കാണിച്ചുകൊണ്ടാണ് എന്നോടു സംസാരിച്ചിരുന്നത്. അമ്മയ്ക്ക് എന്നെ വലിയ ഇഷ്ടമായിരുന്നു. ഞാൻ കുഴപ്പങ്ങളിൽ ഒന്നും ചാടാതെ അമ്മ എന്നെ പ്രത്യേകം ശ്രദ്ധിച്ചു. അറിയാവുന്ന ആംഗ്യങ്ങൾ കാണിച്ചുകൊണ്ട് പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യരുതെന്ന മുന്നറിയിപ്പ് അമ്മ എനിക്കു നൽകിയിരുന്നു. അതുകൊണ്ട് അതുപോലുള്ള മോശം ശീലങ്ങളിൽപ്പെടാതെ എനിക്കു രക്ഷപ്പെടാൻ കഴിഞ്ഞു. അക്കാര്യത്തിൽ എനിക്കു സന്തോഷമുണ്ട്.
ചെറുതായിരിക്കുമ്പോൾ അമ്മ എന്നെ അടുത്തുള്ള കത്തോലിക്ക പള്ളിയിൽ കൊണ്ടുപോകുമായിരുന്നു. പക്ഷേ അവിടെ നടക്കുന്നതൊന്നും എനിക്കു മനസ്സിലായില്ല. കാരണം അതൊന്നും ആംഗ്യഭാഷയിൽ എനിക്കു വിശദീകരിച്ചുതരാൻ അവിടെ ആരും ഉണ്ടായിരുന്നില്ല. പത്തു വയസ്സായപ്പോഴെക്കും പള്ളിയിൽ പോകുന്നതു മടുപ്പായതുകൊണ്ട് ഞാൻ ആ പോക്ക് നിറുത്തി. എങ്കിലും ദൈവത്തെക്കുറിച്ച് കൂടുതൽ അറിയണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.
1999-ൽ എനിക്കു 23 വയസ്സുള്ളപ്പോൾ ഐക്യനാടുകളിൽനിന്നുളള ഇവാഞ്ചലിക്കൽ സഭാംഗമായ ഒരു സ്ത്രീയെ പരിചയപ്പെട്ടു. അവർ എനിക്കു ബൈബിളിൽനിന്നുള്ള കാര്യങ്ങൾ പറഞ്ഞുതന്നു. കൂടാതെ അമേരിക്കൻ ആംഗ്യഭാഷയും പഠിപ്പിച്ചു. ബൈബിളിനെക്കുറിച്ച് ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അങ്ങനെ എനിക്ക് ഒരു പാസ്റ്റർ ആകണമെന്ന് ആഗ്രഹം തോന്നി. അതിനായി ബധിരർക്കു പരിശീലനം നൽകുന്ന പോർട്ടോ റീക്കോയിലുള്ള ഒരു ക്രിസ്ത്യൻ പരിശീലന കേന്ദ്രത്തിലേക്കു ഞാൻ പോയി. ഒടുവിൽ 2002-ൽ ഞാൻ ലാ തൈബയിൽ മടങ്ങിയെത്തി ബധിരർക്കുവേണ്ടിയുള്ള ഒരു പള്ളി സ്ഥാപിച്ചു. അതു തുടങ്ങാൻ എന്റെ സുഹൃത്തുക്കളാണു എന്നെ സഹായിച്ചത്. ആ സുഹൃത്തുക്കളിൽ ഒരാളായ പെട്രിഷ്യയെ പിന്നീടു ഞാൻ വിവാഹം ചെയ്തു.
ഞങ്ങളുടെ പള്ളിയിലെ പാസ്റ്ററായ ഞാൻ ഹോണ്ടുറാസ് ആംഗ്യഭാഷയിൽ പ്രസംഗങ്ങൾ നടത്തി. ബധിരർക്കു മനസ്സിലാകുന്നതിനുവേണ്ടി അവരെ ബൈബിൾ കഥകളുടെ ചിത്രങ്ങൾ കാണിക്കുകയും, അതിലെ കഥകൾ അവതരിപ്പിച്ചു കാണിക്കുകയും ചെയ്തിരുന്നു. കൂടാതെ അടുത്ത പട്ടണങ്ങളിലുള്ള ബധിരരായവരെ സന്ദർശിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും അവരുടെ പ്രശ്നങ്ങളിൽ അവരെ സഹായിക്കുകയും ചെയ്തു. ഞാൻ ഐക്യനാടുകളിലും സാംബിയയിലും മിഷനറി യാത്രകൾ പോലും നടത്തിയിട്ടുണ്ട്. പക്ഷേ, സത്യത്തിൽ എനിക്കു ബൈബിളിനെക്കുറിച്ച് അങ്ങനെ ഒരുപാടൊന്നും അറിയില്ലായിരുന്നു. എനിക്കു പറഞ്ഞുതന്നിട്ടുള്ള കാര്യങ്ങളും ചിത്രങ്ങളിൽനിന്ന് ഞാൻ മനസ്സിലാക്കിയ കാര്യങ്ങളും ആണ് ഞാൻ മറ്റുള്ളവരോടു പറഞ്ഞിരുന്നത്. വാസ്തവത്തിൽ ഉത്തരങ്ങളെക്കാൾ കൂടുതൽ ചോദ്യങ്ങളായിരുന്നു എനിക്കുണ്ടായിരുന്നത്.
ഒരിക്കൽ എന്റെ പള്ളിയിലുള്ള ചിലർതന്നെ എന്നെക്കുറിച്ച് നുണകൾ പറഞ്ഞുപരത്താൻതുടങ്ങി. ഞാൻ കുടിയനായിരുന്നെന്നും ഭാര്യയെ വഞ്ചിച്ചെന്നും അവർ പറഞ്ഞു. എനിക്ക് വല്ലാത്ത ദേഷ്യവും നിരാശയും തോന്നി. അധികം വൈകാതെ ഞാനും പെട്രിഷ്യയും ആ പള്ളി വിട്ടു.
ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
യഹോവയുടെ സാക്ഷികൾ എന്നെയും പെട്രിഷ്യയെയും മിക്കപ്പോഴും സന്ദർശിക്കാറുണ്ട്. പക്ഷേ അവർ പറയുന്നതൊന്നും ഞങ്ങൾ ശ്രദ്ധിക്കാറില്ലായിരുന്നു. എന്നാൽ ഞങ്ങൾ പള്ളി വിട്ടതുകൊണ്ട് പെട്രിഷ്യ, യഹോവയുടെ സാക്ഷികളായ തോമസ്, ലിസി ദമ്പതിമാരോടൊപ്പം ബൈബിൾ പഠിക്കാൻ തീരുമാനിച്ചു. ആ ദമ്പതിമാർ ബധിരർ അല്ലാതിരുന്നിട്ടും ആംഗ്യഭാഷയിൽ സംസാരിക്കുന്നതു കണ്ടപ്പോൾ എനിക്ക് അതിശയം തോന്നി. താമസിയാതെ, ഞാനും പെട്രിഷ്യയോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങി.
അമേരിക്കൻ ആംഗ്യഭാഷ വിഡീയോ ഉപയോഗിച്ചുകൊണ്ട് ഞങ്ങൾ കുറച്ചുനാൾ ബൈബിൾ പഠിച്ചു. എന്നാൽ യഹോവയുടെ സാക്ഷികളെ നയിക്കുന്നതു മനുഷ്യനേതാക്കന്മാരാണന്നു ഞങ്ങളുടെ ചില കൂട്ടുകാർ പറയുന്നതുകേട്ട് ഞങ്ങൾ ബൈബിൾപഠനം നിറുത്തി. വ്യക്തികൾക്കല്ല യഹോവയുടെ സാക്ഷികൾ പ്രാധാന്യം കൊടുക്കുന്നത് എന്ന് തോമസ് തെളിയിച്ചെങ്കിലും ഞാൻ അദ്ദേഹം പറയുന്നതു വിശ്വസിച്ചില്ല.
കുറച്ച് മാസങ്ങൾക്കു ശേഷം പെട്രിഷ്യ വല്ലാത്ത വിഷാദത്തിലാണ്ടുപോയി. യഹോവയുടെ സാക്ഷികളെ വീണ്ടും തന്റെ അടുത്തേക്കു വിടണേ എന്ന് അവൾ ദൈവത്തോടു പ്രാർഥിച്ചു. അധികം വൈകാതെ യഹോവയുടെ സാക്ഷിയായ ഒരു അയൽക്കാരി പെട്രിഷ്യയെ സന്ദർശിച്ചു. എന്നിട്ട്, പെട്രിഷ്യയെ വീണ്ടും വന്ന് കാണാൻ ലിസിയോടു പറയട്ടേ എന്ന് അയൽക്കാരി ചോദിച്ചു. ലിസി ഒരു നല്ല കൂട്ടുകാരിയാണെന്നു ഞങ്ങൾക്കു ബോധ്യമായി. എല്ലാ ആഴ്ചയും അവർ പെട്രിഷ്യയെ പ്രോത്സാഹിപ്പിക്കാനും ബൈബിൾ പഠിപ്പിക്കാനും വന്നു. ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും എനിക്കു സാക്ഷികളെക്കുറിച്ച് അപ്പോഴും ചില സംശയങ്ങളുണ്ടായിരുന്നു.
2012-ൽ ഒരു പ്രത്യേക പ്രചാരണപരിപാടിയുടെ ഭാഗമായി യഹോവയുടെ സാക്ഷികൾ, സത്യം—അത് അറിയാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? എന്ന ഹോണ്ടുറാസ് ആംഗ്യഭാഷയിലുള്ള വീഡിയോ ആളുകളെ കാണിച്ചിരുന്നു. ലിസി ആ വീഡിയോ എന്നെയും കാണിച്ചു. അതു കണ്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി. കാരണം ഞാൻ പഠിപ്പിച്ചുകൊണ്ടിരുന്ന പല കാര്യങ്ങളും, ഉദാഹരണത്തിന്, നരകം, ആത്മാവിന്റെ അമർത്യത അതുപോലുള്ളവ ഒന്നും ബൈബിൾ പഠിപ്പിക്കുന്നില്ല എന്നു ഞാൻ മനസ്സിലാക്കി.
അടുത്ത ആഴ്ച ഞാൻ തോമസിനോടു സംസാരിക്കാനായി യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിലേക്കു പോയി. ബധിരരായവരെ എനിക്കു ബൈബിളിലെ സത്യങ്ങൾ പഠിപ്പിക്കണമെന്നു ഞാൻ തോമസിനോടു പറഞ്ഞു. പക്ഷേ ഒരു യഹോവയുടെ സാക്ഷിയായിട്ട് മറ്റുള്ളവരെ പഠിപ്പിക്കാൻ എനിക്കു താത്പര്യം ഇല്ലെന്നും പറഞ്ഞു. ബധിരർക്കുവേണ്ടി എന്റെ തന്നെ ഒരു പുതിയ സഭ ഉണ്ടാക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. തോമസ് എന്റെ ആ തീക്ഷ്ണതയെ അഭിനന്ദിച്ചു. എന്നിട്ട് എഫെസ്യർ 4:5 എനിക്കു കാണിച്ചുതന്നു. ആ വാക്യം സത്യക്രിസ്തീയ സഭയ്ക്ക് ഐക്യം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചാണ് പറയുന്നത്.
യഹോവയുടെ സാക്ഷികൾ—വിശ്വാസം പ്രവൃത്തിയിൽ ഭാഗം 1: ഇരുളിൽനിന്ന് വെളിച്ചത്തിലേക്ക്... എന്ന അമേരിക്കൻ ആംഗ്യഭാഷയിലുള്ള വീഡിയോ തോമസ് എനിക്കു തന്നു. ബൈബിളിലെ അടിസ്ഥാന പഠിപ്പിക്കലുകളെക്കുറിച്ചുള്ള സത്യം സൂക്ഷ്മതയോടെ മനസ്സിലാക്കാൻ ഒരു കൂട്ടം ആളുകൾ ചെയ്ത ശ്രമങ്ങൾ ആ വീഡിയോയിൽ കാണാം. വീഡിയോ കണ്ടപ്പോൾ തീക്ഷ്ണരായ ആ വ്യക്തികളുടെ ഉത്സാഹം എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞു. അവരെപ്പോലെ ഞാനും സത്യം അന്വേഷിക്കുകയായിരുന്നു. ആ വീഡിയോ കണ്ടപ്പോൾ ഒരു കാര്യം എനിക്കു ബോധ്യമായി. സാക്ഷികൾ സത്യം പഠിപ്പിക്കുന്നു. കാരണം അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനം ബൈബിൾ മാത്രമാണ്. അതുകൊണ്ട് ഞാൻ വീണ്ടും ബൈബിൾപഠനം തുടങ്ങാൻ തീരുമാനിച്ചു. 2014-ൽ ഞാനും പെട്രിഷ്യയും യഹോവയുടെ സാക്ഷികളായി സ്നാനമേറ്റു.
എനിക്കു ലഭിച്ച പ്രയോജനങ്ങൾ
യഹോവയുടെ സാക്ഷികളുടെ സഭ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. കാരണം വിശുദ്ധനായ ദൈവത്തെപ്പോലെ ആ സഭയും ശുദ്ധമാണ്. സഭാംഗങ്ങളെല്ലാം സംസാരത്തിലും മറ്റുള്ളവരോടുള്ള ഇടപെടലുകളിലും മാന്യത പുലർത്തുന്നു. സമാധാനപ്രിയരും അന്യോന്യം പ്രോത്സാഹിപ്പിക്കുന്നവരുമാണ് അവർ. അവർ ഐക്യമുള്ളവരാണ്. അവരുടെ രാജ്യവും ഭാഷയും ഒക്കെ വ്യത്യസ്തമാണെങ്കിലും ഒരേ ബൈബിൾസത്യങ്ങളാണ് അവർ എല്ലാവരും പഠിപ്പിക്കുന്നത്.
ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞത് എന്നെ ശരിക്കും സന്തോഷിപ്പിച്ചു. ഉദാഹരണത്തിന്, ഈ മുഴുഭൂമിയുടെയും പ്രപഞ്ചത്തിന്റെയും പരമാധികാരി ദൈവമായ യഹോവയാണെന്നു ഞാൻ പഠിച്ചു. കേൾവിശക്തിയുളളവരെയും ഇല്ലാത്തവരെയും ദൈവം ഒരുപോലെ സ്നേഹിക്കുന്നു. ദൈവത്തിന് എന്നോടുള്ള സ്നേഹം ഒരു നിധിയായിട്ടാണു ഞാൻ കാണുന്നത്. ഭൂമി മനോഹരമായ ഒരു പറുദീസയാകുമെന്നും അവിടെ പൂർണാരോഗ്യത്തോടെ നിത്യം ജീവിക്കാനുള്ള അവസരം എല്ലാവർക്കും ഉണ്ടാകുമെന്നും ഞാൻ മനസ്സിലാക്കി. അത് യാഥാർഥ്യമാകുന്ന ദിവസത്തിനുവേണ്ടി ഞാൻ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
ബധിരരായവരോടു ബൈബിളിനെക്കുറിച്ച് സംസാരിക്കാൻ എനിക്കും പെട്രിഷ്യയ്ക്കും വളരെ ഇഷ്ടമാണ്. ഇപ്പോൾ ഞങ്ങൾ ഞങ്ങളുടെ മുമ്പത്തെ ചില പള്ളി അംഗങ്ങളെ ബൈബിൾ പഠിപ്പിക്കുന്നു. പാസ്റ്ററായിരുന്നപ്പോൾ ഞാൻ പഠിപ്പിച്ചിരുന്ന കാര്യങ്ങളെക്കുറിച്ച് എനിക്കുതന്നെ പല ചോദ്യങ്ങളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ എനിക്ക് അതില്ല. കാരണം, യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിച്ചപ്പോൾ എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം എനിക്കു കിട്ടി.