ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
“ഞാൻ എന്റെതന്നെ കുഴി തോണ്ടുകയായിരുന്നു”
ജനനം: 1978
രാജ്യം: എൽ സാൽവഡോർ
ചരിത്രം: ഗുണ്ട
എന്റെ പഴയ കാലം
“നിനക്കു ദൈവത്തെക്കുറിച്ച് ശരിക്കും അറിയണമെന്നുണ്ടെങ്കിൽ യഹോവയുടെ സാക്ഷികളുടെകൂടെത്തെന്നെ നിന്നോ.” ഈ വാക്കുകൾ എന്നെ അതിശയിപ്പിച്ചു. ആ സമയത്ത്, ഞാൻ യഹോവയുടെ സാക്ഷികളുടെകൂടെ ബൈബിൾ പഠിക്കാൻ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഞാൻ അതിശയിച്ചതിന്റെ കാരണം മനസ്സിലാകണമെങ്കിൽ നിങ്ങൾ എന്റെ ചരിത്രം മനസ്സിലാക്കണം.
എൽ സാൽവഡോറിലെ കെസാൽറ്റെപ്പെകെ പട്ടണത്തിലാണ് ഞാൻ ജനിച്ചത്. 15 മക്കളിൽ ആറാമനായിരുന്നു ഞാൻ. സത്യസന്ധനായി, നിയമങ്ങൾ അനുസരിക്കുന്ന ഒരാളായി എന്നെ വളർത്താനാണു മാതാപിതാക്കൾ ശ്രമിച്ചത്. ഇതിനു പുറമേ ലിയോണാർഡോയും യഹോവയുടെ സാക്ഷികളിലെ മറ്റു ചിലരും ബൈബിൾ പഠിപ്പിക്കാൻ ഇടയ്ക്കൊക്കെ വീട്ടിൽ വരുമായിരുന്നു. പക്ഷേ പഠിച്ചതൊന്നും വകവെക്കാതെ ഞാൻ ഒന്നിനു പുറകെ ഒന്നായി തെറ്റായ തീരുമാനങ്ങളെടുത്തുകൊണ്ടിരുന്നു. 14-ാം വയസ്സിൽ സ്കൂളിലെ കൂട്ടുകാരുടെകൂടെ കൂടി മദ്യപിക്കാനും മയക്കുമരുന്ന് ഉപയോഗിക്കാനും തുടങ്ങി. കൂട്ടുകാർ ഒരോരുത്തരായി പഠിപ്പ് നിറുത്തി ഒരു ഗുണ്ടാസംഘത്തിൽ ചേർന്നു. ഞാനും ആ വഴിക്കുതന്നെ പോയി. പകൽ സമയത്ത്, തെരുവുകളിൽ ആളുകളെ ഭീഷണിപ്പെടുത്തിയും മോഷ്ടിച്ചും ഞങ്ങളുടെ ദുശ്ശീലങ്ങൾക്കുവേണ്ടിയുള്ള കാശ് ഉണ്ടാക്കുമായിരുന്നു.
പിന്നെ ആ ഗുണ്ടാസംഘമായിരുന്നു എന്റെ കുടുംബം. ഞാൻ എപ്പോഴും അവരോടു കൂറു കാണിക്കണമെന്ന് എനിക്കു തോന്നി. ഒരു ദിവസം ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരാൾ മയക്കുമരുന്നടിച്ച് തലയ്ക്കു പിടിച്ചിട്ട് എന്റെ ഒരു അയൽക്കാരനെ ഉപദ്രവിക്കാൻ തുടങ്ങി. അയൽക്കാരൻ അവനെ പിടിച്ചുവെച്ചിട്ട് പോലീസിനെ വിളിക്കാൻ നോക്കി. ദേഷ്യം വന്ന ഞാൻ ഒരു കമ്പിയെടുത്ത് അദ്ദേഹത്തിന്റെ കാറ് അടിച്ചുതകർക്കാൻ തുടങ്ങി. ഓരോ ചില്ല് അടിച്ച് പൊട്ടിക്കുമ്പോഴും അതു നിറുത്താൻവേണ്ടി അയൽക്കാരൻ കെഞ്ചിയെങ്കിലും ഞാൻ അതു കേട്ടില്ല.
എന്റെ 18-ാം വയസ്സിൽ ഞങ്ങളും പോലീസുമായി ഒരു അടിയുണ്ടായി. അവർക്കു നേരെ ഒരു നാടൻ ബോംബ് എറിയാൻ തുടങ്ങുമ്പോൾ അത് എങ്ങനെയോ എന്റെ കൈയിലിരുന്ന് പൊട്ടി. ശരിക്കും എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. കൈപ്പത്തി ചിതറിപ്പോയതു മാത്രം ഓർമയുണ്ട്. അതോടെ ബോധം പോയി. പിന്നെ കണ്ണ് തുറക്കുമ്പോൾ ആശുപത്രിയിലാണ്. അപ്പോഴാണ് എന്റെ വലതു കൈപ്പത്തിയും വലതു ചെവിയുടെ കേൾവി ശക്തിയും നഷ്ടമായ കാര്യം ഞാൻ അറിയുന്നത്. വലതു കണ്ണിന്റെ കാഴ്ചയും ഏറെക്കുറെ പോയി.
ആശുപത്രി വിട്ടെങ്കിലും പരിക്കു ഭേദമാകുന്നതിനു മുമ്പേ ഞാൻ പഴയ ഗുണ്ടാസംഘത്തിലേക്കുതന്നെ പോയി. അധികം വൈകാതെ എന്നെ പോലീസ് പിടിച്ച് ജയിലിലിട്ടു. അവിടെവെച്ച് ഗുണ്ടാസംഘത്തിലെ മറ്റുള്ളവരുമായുള്ള എന്റെ ബന്ധം കൂടുതൽ ശക്തമായി. രാവിലെ എഴുന്നേറ്റ് കഞ്ചാവ് വലിക്കുന്നതും ഭക്ഷണം കഴിക്കുന്നതും തൊട്ട് രാത്രി കിടക്കുംവരെ എല്ലാ കാര്യങ്ങളും ഞങ്ങൾ ഒരുമിച്ചാണ് ചെയ്തിരുന്നത്.
ബൈബിൾ എന്റെ ജീവിതം മാറ്റിയ വിധം
ജയിലിൽവെച്ച് ലിയോണാർഡോ എന്നെ കാണാൻ വന്നു. സംസാരിക്കുന്നതിനിടെ എന്റെ വലതു കയ്യിൽ പച്ച കുത്തിയിരിക്കുന്നത് കണ്ട അദ്ദേഹം എന്നോടു ചോദിച്ചു: “ഈ മൂന്നു കുത്തുകളുടെ അർഥമെന്താണെന്ന് നിനക്ക് അറിയാമോ?” ഞാൻ പറഞ്ഞു: “അറിയാം. ലൈംഗികത, മയക്കുമരുന്ന്, റോക്ക് സംഗീതം.” അപ്പോൾ ലിയോണാർഡോ പറഞ്ഞു: “അല്ല, അത് ആശുപത്രിയും ജയിലും മരണവും ആണെന്നു ഞാൻ പറയും. നീ ആശുപത്രിയിൽ കിടന്നു, ഇപ്പോൾ ജയിലിലും. അടുത്തത് അറിയാല്ലോ, അല്ലേ?”
ലിയോണാർഡോ പറഞ്ഞത് എനിക്കൊന്നു കൊണ്ടു. ആ പറഞ്ഞത് ശരിയായിരുന്നു. എന്റെ ജീവിതരീതികൊണ്ട് ഞാൻ എന്റെതന്നെ കുഴി തോണ്ടുകയായിരുന്നു. ലിയോണാർഡോ ബൈബിൾ പഠിക്കാൻ എന്നെ ക്ഷണിച്ചു. ഞാൻ പഠിക്കാൻ തുടങ്ങി. ജീവിതത്തിനു മാറ്റം വരുത്താൻ അത് എന്നെ പ്രേരിപ്പിച്ചു. ഉദാഹരണത്തിന്, ബൈബിൾ പറയുന്നതു “ചീത്ത കൂട്ടുകെട്ടു നല്ല ധാർമികമൂല്യങ്ങളെ നശിപ്പിക്കുന്നു” എന്നാണ്. (1 കൊരിന്ത്യർ 15:33, അടിക്കുറിപ്പ്) ഞാൻ ചെയ്യേണ്ടിയിരുന്ന ആദ്യത്തെ കാര്യം പുതിയ കൂട്ടുകാരെ കണ്ടെത്തുക എന്നതായിരുന്നു. അതുകൊണ്ട് ഞാൻ ഗുണ്ടകളുടെ മീറ്റിങ്ങിനു പോകുന്നതു നിറുത്തി. എന്നിട്ട് ജയിലിനുള്ളിൽ നടത്തിയിരുന്ന യഹോവയുടെ സാക്ഷികളുടെ മീറ്റിങ്ങുകൾക്കു പോകാൻ തുടങ്ങി. അവിടെവെച്ച് ഞാൻ ആൻഡ്രിസിനെ പരിചയപ്പെട്ടു. അദ്ദേഹം ജയിലിൽവെച്ചാണ് ഒരു യഹോവയുടെ സാക്ഷിയായി സ്നാനപ്പെട്ടത്. രാവിലത്തെ ഭക്ഷണം ഒരുമിച്ച് കഴിക്കാൻ അദ്ദേഹം എന്നെ ക്ഷണിച്ചു. അന്നുമുതൽ കഞ്ചാവ് വലിച്ച് ദിവസം തുടങ്ങുന്ന പരിപാടി ഞാൻ നിറുത്തി. പകരം, ഞാനും ആൻഡ്രിസും ദിവസവും രാവിലെ ഒരു ബൈബിൾ വാക്യം ചർച്ച ചെയ്യാൻ തുടങ്ങി.
എനിക്കു സംഭവിക്കുന്ന മാറ്റങ്ങൾ മറ്റു ഗുണ്ടകൾക്ക് എളുപ്പം മനസ്സിലായി. അതുകൊണ്ട് ഗുണ്ടാസംഘത്തിലെ ഒരു നേതാവ് എന്നോട് ഒന്നു സംസാരിക്കണമെന്ന് പറഞ്ഞു. ഞാൻ ഒന്നു പേടിച്ചു. എന്റെ ഉദ്ദേശ്യം എന്താണെന്നു മനസ്സിലാക്കിയാൽ അദ്ദേഹം എന്തു ചെയ്യുമെന്ന് എനിക്ക് അറിയില്ലായിരുന്നു. കാരണം അത്ര പെട്ടെന്നൊന്നും ഈ സംഘത്തിൽനിന്ന് ഊരിപ്പോരാൻ പറ്റില്ല. അദ്ദേഹം ചോദിച്ചു: “നീ എന്താ ഇപ്പോൾ നമ്മുടെ മീറ്റിങ്ങിനൊന്നും വരാതെ യഹോവയുടെ സാക്ഷികളുടെ മീറ്റിങ്ങിനു പോകുന്നത്? എന്താ നിന്റെ ഉദ്ദേശ്യം?” ബൈബിൾ പഠിച്ച് ജീവിതത്തിനു മാറ്റം വരുത്താനാണു ഞാൻ ആഗ്രഹിക്കുന്നതെന്നു പറഞ്ഞു. യഹോവയുടെ സാക്ഷിയാകാനുള്ള എന്റെ ആഗ്രഹം ആത്മാർഥമാണെങ്കിൽ അവർ എന്നെ വളരെ ആദരവോടെ കാണുമെന്ന് അദ്ദേഹം പറഞ്ഞു. അതു കേട്ടപ്പോൾ എനിക്ക് അതിശയം തോന്നി. എന്നിട്ട് ഇങ്ങനെയും പറഞ്ഞു: “നിനക്ക് ദൈവത്തെക്കുറിച്ച് ശരിക്കും അറിയണമെന്നുണ്ടെങ്കിൽ യഹോവയുടെ സാക്ഷികളുടെകൂടെത്തെന്നെ നിന്നോ. നീ ഇനി ചീത്ത കാര്യങ്ങൾ ചെയ്യില്ലെന്നു ഞങ്ങൾ വിചാരിക്കുന്നു. നീ ശരിയായ വഴിയിലാണു പോകുന്നത്. നിനക്കു നല്ലതു വരട്ടെ. സാക്ഷികൾക്ക് നിന്നെ ശരിക്കും സഹായിക്കാൻ പറ്റും. ഞാൻ യു.എസ്-ൽവെച്ച് അവരോടൊപ്പം ബൈബിൾ പഠിച്ചിരുന്നതാണ്. എന്റെ കുടുംബാംഗങ്ങളിൽ ചിലർ യഹോവയുടെ സാക്ഷികളുമാണ്. പേടിക്കേണ്ടാ. ധൈര്യമായി മുന്നോട്ടു പൊയ്ക്കോ.” അപ്പോഴും പേടിയുണ്ടായിരുന്നെങ്കിലും ഉള്ളിൽ നല്ല സന്തോഷമായിരുന്നു. മനസ്സിൽ ഞാൻ യഹോവയ്ക്കു നന്ദി പറഞ്ഞു. കൂട്ടിൽനിന്ന് തുറന്നുവിട്ട കിളിയെപ്പോലെ എനിക്കു തോന്നി. “നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും” എന്നു യേശു പറഞ്ഞതിന്റെ അർഥം എനിക്കു മനസ്സിലായി.—യോഹന്നാൻ 8:32.
എന്റെ ചില പഴയ കൂട്ടുകാർ എന്നെ പരീക്ഷിക്കാൻവേണ്ടി ഇടയ്ക്കു മയക്കുമരുന്നു വേണോ എന്നു ചോദിക്കുമായിരുന്നു. സത്യം പറയാമല്ലോ, ചിലപ്പോഴൊക്കെ ഞാൻ അതിൽ വീണിട്ടുണ്ട്. പക്ഷേ പതിയെപ്പതിയെ ഉള്ളുരുകിയുള്ള പ്രാർഥനയിലൂടെ ദുശ്ശീലങ്ങളൊക്കെ ഞാൻ മറികടന്നു.—സങ്കീർത്തനം 51:10, 11.
ഞാൻ ജയിലിൽനിന്ന് പോന്നപ്പോൾ പലരും വിചാരിച്ചതു ഞാൻ പഴയപടിതന്നെയാകുമെന്നാണ്. പക്ഷേ ഞാൻ അങ്ങനെയായില്ല. പകരം ഞാൻ ബൈബിളിൽനിന്ന് പഠിച്ച കാര്യങ്ങൾ തടവുകാരോടു സംസാരിക്കാൻ പോകുമായിരുന്നു. ഒടുവിൽ എന്റെ പഴയ കൂട്ടുകാർക്കു മനസ്സിലായി ഞാൻ ആളാകെ മാറിയെന്ന്. പക്ഷേ എന്റെ പഴയ ശത്രുക്കൾക്കു മാറ്റമൊന്നുമുണ്ടായില്ല.
ഒരു ദിവസം ഞങ്ങൾ രണ്ടു പേർ സുവിശേഷപ്രസംഗത്തിനു പോയപ്പോൾ, എന്നെ കൊല്ലാൻ നോക്കിനടന്ന പഴയ ശത്രുക്കൾ കുറെ ആയുധങ്ങളുമായി ഞങ്ങളെ വളഞ്ഞു. കൂടെയുണ്ടായിരുന്നയാൾ നയപൂർവം, ധൈര്യത്തോടെ ഞാൻ ഇപ്പോൾ ഗുണ്ടയല്ലെന്നു പറഞ്ഞു. ആ സമയത്ത് ശാന്തമായി നിൽക്കാൻ ഞാൻ ശ്രമിച്ചു. എന്നെ തല്ലിയശേഷം “ഇനി ഈ പരിസരത്തു കണ്ടുപോകരുത്” എന്നു ഭീഷണിപ്പെടുത്തിയിട്ട് അവർ ഞങ്ങളോട് പോകാൻ പറഞ്ഞു. ബൈബിൾ ശരിക്കും എന്റെ ജീവിതം മാറ്റിമറിച്ചു. പണ്ടത്തെ ഞാനായിരുന്നെങ്കിൽ പകരം വീട്ടിയേനേ. ഇപ്പോൾ ഞാൻ 1 തെസ്സലോനിക്യർ 5:15-ലെ വാക്കുകൾക്കാണു ശ്രദ്ധ കൊടുക്കുന്നത്: “നിങ്ങളിൽ ആരും തിന്മയ്ക്കു പകരം തിന്മ ചെയ്യരുത്; നിങ്ങളുടെ ഇടയിലുള്ളവർക്കും മറ്റുള്ളവർക്കും നന്മ ചെയ്യുക എന്നതായിരിക്കട്ടെ എപ്പോഴും നിങ്ങളുടെ ലക്ഷ്യം.”
യഹോവയുടെ സാക്ഷിയായപ്പോൾമുതൽ, എപ്പോഴും സത്യസന്ധനായിരിക്കാൻ ഞാൻ നന്നായി പരിശ്രമിച്ചു. അത് അത്ര എളുപ്പമായിരുന്നില്ല. എങ്കിലും യഹോവയുടെയും ബൈബിളിന്റെയും പുതിയ കൂട്ടുകാരുടെയും സഹായത്തോടെ എനിക്കു വിജയിക്കാൻ കഴിഞ്ഞു. പിന്നിട്ട വഴിയിലൂടെ സഞ്ചരിക്കാൻ ഇനി ഞാനില്ല.—2 പത്രോസ് 2:22.
എനിക്കു ലഭിച്ച പ്രയോജനങ്ങൾ
ദേഷ്യം വന്നാൽ എന്തും ചെയ്യാൻ മടിക്കാത്ത ഒരാളായിരുന്നു ഞാൻ. ആ സ്വഭാവം തുടർന്നിരുന്നെങ്കിൽ ഞാൻ ഇപ്പോൾ ജീവനോടെ കാണില്ലായിരുന്നു. ബൈബിളിൽനിന്ന് പഠിച്ച കാര്യങ്ങൾ എന്നെ ഒരു പുതിയ മനുഷ്യനാക്കി. ദുശ്ശീലങ്ങൾ ഞാൻ ഉപേക്ഷിച്ചു. എന്റെ പഴയ ശത്രുക്കളോടു സമാധാനത്തോടെ ഇടപെടാൻ ഞാൻ പഠിച്ചു. (ലൂക്കോസ് 6:27) നല്ല സ്വഭാവം വളർത്തിയെടുക്കാൻ സഹായിക്കുന്ന കൂട്ടുകാരാണ് ഇപ്പോൾ എനിക്കുള്ളത്. (സുഭാഷിതങ്ങൾ 13:20) ഇന്ന് എന്റെ ജീവിതത്തിന് ഒരു ഉദ്ദേശ്യമുണ്ട്. ഞാൻ ചെയ്തുകൂട്ടിയതെല്ലാം ക്ഷമിക്കാൻ മനസ്സു കാണിച്ച ഒരു ദൈവത്തെയാണു ഞാൻ സേവിക്കുന്നത്.—യശയ്യ 1:18.
2006-ൽ ഏകാകികളായ സുവിശേഷകർക്കുവേണ്ടിയുള്ള ഒരു പ്രത്യേകപരിശീലന സ്കൂളിൽ ഞാൻ പങ്കെടുത്തു. കുറച്ച് നാൾ കഴിഞ്ഞ് ഞാൻ കല്യാണം കഴിച്ചു. ഞങ്ങൾക്കൊരു മോളുണ്ട്. എന്നെ സഹായിച്ച ബൈബിൾതത്ത്വങ്ങൾ മറ്റുള്ളവർക്കു പറഞ്ഞുകൊടുക്കാനാണ് ഞാൻ ഇപ്പോൾ കൂടുതൽ സമയവും ശ്രമിക്കുന്നത്. ഞാൻ സഭയിലെ ഒരു മേൽവിചാരകനാണ്. എനിക്കു പറ്റിയ തെറ്റുകൾ ചെറുപ്പക്കാർക്കു പറ്റാതിരിക്കാൻ ഞാൻ ഇന്ന് അവരെ സഹായിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഞാൻ എന്റെ ‘കുഴി തോണ്ടുന്നതിനു‘ പകരം ബൈബിളിൽ ദൈവം വാഗ്ദാനം ചെയ്യുന്ന നിത്യഭാവിക്കുവേണ്ടി ജീവിതം പണിതുയർത്തുകയാണ്.