ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
എന്റെ ജീവിതത്തിന്റെ കടിഞ്ഞാൺ നഷ്ടപ്പെട്ടു
ജനനം:1971
രാജ്യം: ടോംഗ
ചരിത്രം: മയക്കുമരുന്നിന് അടിമ, ജയിൽപ്പുള്ളി
മുൻകാലജീവിതം
പസഫിക്കിന്റെ തെക്കുപടിഞ്ഞാറു സ്ഥിതി ചെയ്യുന്ന ടോംഗയാണ് ഞങ്ങളുടെ നാട്. 170-ൽപ്പരം ദ്വീപുകൾ ചേർന്നതാണ് ഈ രാജ്യം. വൈദ്യുതിയോ വാഹനസൗകര്യങ്ങളോ ഒന്നുമില്ലാത്ത ഒരിടത്തായിരുന്നു ഞങ്ങൾ. അതുകൊണ്ടുതന്നെ ഞങ്ങളുടെ ജീവിതവും വളരെ ലളിതമായിരുന്നു. എന്നാൽ വെള്ളത്തിന് ഞങ്ങൾക്കു ഒരു ബുദ്ധിമുട്ടുമില്ലായിരുന്നു. ഞങ്ങൾക്കു കുറച്ച് കോഴികളും ഉണ്ടായിരുന്നു. അച്ഛൻ കൂലിപ്പണിയെടുത്താണ് ഞങ്ങളെ പോറ്റിയത്. സ്കൂൾ അവധിക്കാലത്ത് ഞാനും ചേട്ടനും അനിയനും അച്ഛന്റെകൂടെ പറമ്പിൽ പണിക്കിറങ്ങും. വാഴ, ചേന, ചേമ്പ്, കപ്പ ഇവയൊക്കെയായിരുന്നു ഞങ്ങളുടെ കൃഷി. ഇതൊക്കെ വിറ്റും ഞങ്ങൾക്ക് കുറച്ചു കാശു കിട്ടുമായിരുന്നു. ദ്വീപിലെ മറ്റു പലരെയുംപോലെ ഞങ്ങളുടെ കുടുംബവും ബൈബിളിനെ വളരെ ആദരവോടെ കണ്ടു. ഞങ്ങൾ മുടങ്ങാതെ പള്ളിയിൽ പോകുമായിരുന്നു. എങ്കിലും, ഒരു നല്ല ജീവിതമുണ്ടാകാൻ സമ്പന്നരാജ്യത്തേക്കു പോയാലേ ശരിയാകൂ എന്നു ഞങ്ങൾ വിശ്വസിച്ചു.
എനിക്കു 16 വയസ്സുള്ളപ്പോൾ യു.എസ്.എ.-യിലെ കാലിഫോർണിയയിലേക്കു താമസം മാറാൻ എന്റെ അമ്മാവൻ വഴി ഒരു അവസരം കിട്ടി. അവിടത്തെ സംസ്കാരവുമായി ഇണങ്ങിപ്പോകാൻ ഞങ്ങൾ ഒരുപാട് കഷ്ടപ്പെട്ടെങ്കിലും ഞങ്ങളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടു. എന്നാൽ അക്രമവും മയക്കുമരുന്നും സർവസാധാരണമായിരുന്ന ഒരു ദരിദ്രസ്ഥലത്തായിരുന്നു ഞങ്ങളുടെ താമസം. മിക്ക രാത്രികളിലും വെടിയൊച്ച കേൾക്കുമായിരുന്നു. ഭൂരിഭാഗം അയൽവാസികളും ഗുണ്ടാസംഘങ്ങളെ പേടിച്ചാണ് കഴിഞ്ഞിരുന്നത്. സ്വയരക്ഷയ്ക്കും പ്രശ്നപരിഹാരത്തിനും ആയി പലരും തോക്കു കൊണ്ടുനടക്കുമായിരുന്നു. ഒരിക്കൽ വഴക്കുണ്ടായപ്പോൾ എനിക്കു വെടികൊണ്ടു. ആ വെടിയുണ്ട ഇപ്പോഴും എന്റെ നെഞ്ചിലുണ്ട്.
ഹൈസ്കൂളിൽ പഠിക്കുന്ന സമയത്ത് കൂട്ടുകാരെപ്പോലെ ആകാൻ എനിക്ക് ആഗ്രഹം തോന്നി. അങ്ങനെ പയ്യെപ്പയ്യെ അവരുടെകൂടെ കുടിക്കാനും തല്ലുണ്ടാക്കാനും മയക്കുമരുന്ന് ഉപയോഗിക്കാനും പാർട്ടിക്കു പോകാനും ഒക്കെ തുടങ്ങി. അങ്ങനെ ഞാൻ കൊക്കെയ്ന് അടിമയായിത്തീർന്നു. മയക്കുമരുന്നു വാങ്ങിക്കാൻ ഞാൻ മോഷണം തുടങ്ങി. എന്റെ വീട്ടുകാർ പള്ളിഭക്തരായിരുന്നെങ്കിലും ചീത്ത കൂട്ടുക്കെട്ട് ഒഴിവാക്കാനുള്ള ഉപദേശമൊന്നും എനിക്കു കിട്ടിയില്ല. തല്ലുണ്ടാക്കിയതിനു പലപ്പോഴും എന്നെ അറസ്റ്റു ചെയ്തിട്ടുണ്ട്. എനിക്ക് എന്റെ ജീവിതത്തിന്റെ കടിഞ്ഞാൺ നഷ്ടപ്പെട്ടു. ഒടുവിൽ ഞാൻ ജയിലിൽ എത്തി.
ബൈബിൾ എന്റെ ജീവിതം മാറ്റിയ വിധം
1997-ലെ ഒരു ക്രിസ്തുമസ്സ് ദിവസം. ഞാൻ അന്നു ജയിലിലാണ്. എന്റെ കൈയിൽ ഒരു ബൈബിളിരിക്കുന്നത് മറ്റൊരു തടവുകാരൻ കണ്ടു. ഞങ്ങൾ ടോംഗാക്കാർക്ക് അതു വളരെ വിശുദ്ധമായ ദിവസമാണ്. ‘യേശുവിന്റെ ജനനത്തെക്കുറിച്ച് ബൈബിൾ പറയുന്നത് എന്താണെന്ന് അറിയാമോ’ എന്ന് അയാൾ എന്നോടു ചോദിച്ചു. എന്നാൽ അതെക്കുറിച്ച് എനിക്ക് ഒരുപിടിയുമുണ്ടായിരുന്നില്ല. അപ്പോൾ അദ്ദേഹം യേശുവിന്റെ ജനനത്തെക്കുറിച്ച് ബൈബിൾ പറയുന്ന ലളിതമായ വിവരണം എനിക്കു കാണിച്ചുതന്നു. അതിൽ ക്രിസ്തുമസ്സ് ആഘോഷവുമായി ബന്ധപ്പെട്ട പാരമ്പര്യഘടകങ്ങളെക്കുറിച്ച് ഒന്നുംതന്നെ പറഞ്ഞിരുന്നില്ല. (മത്തായി 2:1-12; ലൂക്കോസ് 2:5-14) ഞാൻ ശരിക്കും ഞെട്ടിപ്പോയി. ബൈബിൾ ഇനിയും എന്തൊക്കെ പറയുന്നുണ്ട് എന്നു ഞാൻ ചിന്തിക്കാൻ തുടങ്ങി. യഹോവയുടെ സാക്ഷികൾ ജയിലിൽ ആഴ്ചതോറും നടത്തുന്ന യോഗങ്ങൾക്ക് അദ്ദേഹം പോകുമായിരുന്നു. അദ്ദേഹത്തോടൊപ്പം ഞാനും പോകാൻ തീരുമാനിച്ചു. ബൈബിളിലെ വെളിപാട് പുസ്തകമായിരുന്നു അവരുടെ ചർച്ചാവിഷയം. പറഞ്ഞതു കുറച്ചൊക്കെ എനിക്കു മനസ്സിലായി. അവർ എല്ലാ കാര്യങ്ങളും ബൈബിളിൽനിന്നാണു പഠിപ്പിക്കുന്നത് എന്ന കാര്യം ഞാൻ ശ്രദ്ധിച്ചു.
യഹോവയുടെ സാക്ഷികൾ എന്നെ ബൈബിൾ പഠിപ്പിക്കാമെന്നു പറഞ്ഞപ്പോൾ ഞാൻ അതു സന്തോഷത്തോടെ സമ്മതിച്ചു. ഭൂമിയൊരു പറുദീസയാകുമെന്ന് ബൈബിൾ പറയുന്നുണ്ടെന്ന കാര്യം അങ്ങനെ ഞാൻ ആദ്യമായി മനസ്സിലാക്കി. (യശയ്യ 35:5-8) ദൈവത്തെ സന്തോഷിപ്പിക്കാൻ ഞാൻ എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തണമെന്ന കാര്യം ഞാൻ തിരിച്ചറിഞ്ഞു. എന്റെ ഈ ദുശ്ശീലങ്ങളൊന്നും പറുദീസാഭൂമിയിൽ നടക്കില്ലെന്ന കാര്യം എനിക്കു ബോധ്യമായി. (1 കൊരിന്ത്യർ 6:9, 10) അതുകൊണ്ട് ദേഷ്യം നിയന്ത്രിക്കാനും കുടിയും വലിയും മയക്കുമരുന്നും ഒക്കെ നിറുത്താനും ഞാൻ ഒരു ഉറച്ച തീരുമാനമെടുത്തു.
1999-ൽ എന്റെ ജയിൽശിക്ഷ അവസാനിക്കുന്നതിനു മുമ്പ് അധികാരികൾ എന്നെ മറ്റൊരു ജയിലിലേക്കു മാറ്റി. പിന്നീട് ഒരു വർഷത്തിലേറെ കാലം എനിക്കു സാക്ഷികളുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. എങ്കിലും ഞാൻ മാറ്റങ്ങൾ വരുത്തിക്കൊണ്ടേയിരുന്നു. അമേരിക്കയിൽ തുടരാനുള്ള അനുമതി 2000-ത്തിൽ ഗവൺമെന്റ് നിഷേധിച്ചു. എന്നെ ടോംഗയിലേക്കു നാടുകടത്തി.
ടോംഗയിൽ തിരിച്ചെത്തിയ ഞാൻ യഹോവയുടെ സാക്ഷികളെ കണ്ടെത്തി ബൈബിൾ പഠിക്കാൻ തുടങ്ങി. പഠിച്ച കാര്യങ്ങൾ എനിക്ക് ഇഷ്ടമായി. എനിക്കു വളരെ മതിപ്പു തോന്നിയ ഒരു കാര്യം അവർ പഠിപ്പിച്ചതിനെല്ലാം അടിസ്ഥാനം ബൈബിളായിരുന്നു എന്നതാണ്. അമേരിക്കയിലെ യഹോവയുടെ സാക്ഷികളും ചെയ്തത് അങ്ങനെതന്നെയാണ്.
എന്റെ അച്ഛൻ സമൂഹത്തിലെ അറിയപ്പെടുന്ന ഒരു വ്യക്തിയായിരുന്നു. പള്ളിയിൽ അദ്ദേഹത്തിനു വലിയൊരു സ്ഥാനമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ യഹോവയുടെ സാക്ഷികളുമായി ഞാൻ ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ അത് അവരെ അതിശയിപ്പിച്ചു, വല്ലാതെ അസ്വസ്ഥരാക്കി. എന്നാൽ ബൈബിൾപഠനം എന്റെ ജീവിതത്തിനു മാറ്റം വരുത്തുന്നെന്ന് അറിഞ്ഞപ്പോൾ മാതാപിതാക്കൾക്കു സന്തോഷം തോന്നി.
ഞങ്ങളുടെ നാട്ടിൽ കാവ എന്ന് അറിയപ്പെടുന്ന ഒരു ലഹരിപാനീയം ഉപയോഗിക്കുമായിരുന്നു. കുരുമുളക് ചെടിയുടെ വേരു വാറ്റിയുണ്ടാക്കുന്ന ഒരു പാനീയമായിരുന്നു അത്. ഇതു കുടിക്കാൻ ടോംഗയിലെ പുരുഷന്മാർ എല്ലാ ആഴ്ചയും കുറെ സമയംകളയുമായിരുന്നു. നാട്ടിലെ കാവാഷാപ്പിൽ പോയി മിക്ക രാത്രിയിലും ബോധംകെടുന്നതുവരെ കാവ കുടിക്കുന്ന ഒരു ശീലം ഞാനും തുടങ്ങി. ഈ ശീലത്തിനു മാറ്റം വരുത്താനാണ് ഞാൻ ഏറ്റവും ബുദ്ധിമുട്ടിയത്. ബൈബിൾനിലവാരങ്ങൾക്കു വില കല്പിക്കാത്ത കൂട്ടുകാരായിരുന്നു എന്റെ പ്രശ്നം. എന്റെ ശീലങ്ങൾ ദൈവത്തെ വേദനിപ്പിക്കുന്നു എന്ന കാര്യം ഞാൻ പതിയെ മനസ്സിലാക്കി. ദൈവത്തിന്റെ അനുഗ്രഹവും അംഗീകാരവും കിട്ടാൻ ഞാൻ മാറ്റങ്ങൾ വരുത്തി.
ഞാൻ യഹോവയുടെ സാക്ഷികളുടെ എല്ലാ യോഗങ്ങൾക്കും പോകാൻ തുടങ്ങി. ദൈവത്തെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്ന ആളുകളോടൊപ്പമുള്ള കൂട്ട് പ്രലോഭനങ്ങൾ ചെറുത്തുനിൽക്കാൻ എനിക്കു വലിയൊരു സഹായമായി. 2002-ൽ ഞാൻ യഹോവയുടെ സാക്ഷിയായി സ്നാനമേറ്റു.
എനിക്കു ലഭിച്ച പ്രയോജനങ്ങൾ
ദൈവത്തിന്റെ ക്ഷമയിൽനിന്ന് എനിക്ക് ഒരുപാട് പ്രയോജനം കിട്ടി. ദൈവത്തിന്റെ ക്ഷമയെക്കുറിച്ച് ബൈബിൾ പറയുന്നത്: ‘ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടാൻ ആഗ്രഹിക്കുന്നതുകൊണ്ട് യഹോവ നിങ്ങളോടു ക്ഷമ കാണിക്കുകയാണ്’എന്നാണ്. (2 പത്രോസ് 3:9) ഈ ദുഷ്ടവ്യവസ്ഥിതിക്ക് അവസാനം വരുത്താൻ ദൈവത്തിനു പണ്ടേ കഴിയുമായിരുന്നു. എന്നാൽ ക്ഷമ കാണിച്ചതുകൊണ്ട് എന്നെപ്പോലുള്ള ആളുകൾക്കു ദൈവവുമായി ഒരു സുഹൃദ്ബന്ധം വളർത്തിയെടുക്കാൻ കഴിഞ്ഞിരിക്കുന്നു. ഇതുപോലുള്ള മറ്റ് ആളുകളെ സഹായിക്കാൻ ദൈവം എന്നെ ഉപയോഗിക്കുമെന്ന് ഞാൻ കരുതുന്നു.
യഹോവയുടെ സഹായത്താൽ എന്റെ ജീവിതത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാൻ എനിക്കായി. എന്റെ മോശമായ ശീലങ്ങൾക്കുവേണ്ടി മോഷ്ടിക്കുന്ന രീതി ഞാൻ നിറുത്തി. ഇപ്പോൾ യഹോവയുടെ കൂട്ടുകാരാകാൻ എന്റെ അയൽക്കാരെ ഞാൻ സഹായിക്കുന്നു. യഹോവയുടെ സാക്ഷികളുടെ ഒപ്പം കൂട്ടുകൂടിയതുകൊണ്ട് എനിക്ക് എന്റെ പ്രിയപ്പെട്ട ഭാര്യ ടീയെ കിട്ടി. ഞങ്ങൾ മോനോടൊപ്പം സന്തോഷകരമായ ഒരു കുടുംബജീവിതം നയിക്കുന്നു. സമാധാനം കളിയാടുന്ന പറുദീസയിൽ ജീവിക്കാമെന്ന ബൈബിളിന്റെ പ്രത്യാശയെക്കുറിച്ച് ഞങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കുന്നു.