ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
“കുറ്റകൃത്യവും പണത്തോടുള്ള സ്നേഹവും എനിക്കു വേദന മാത്രമേ നൽകിയുള്ളൂ”
ജനനം: 1974
രാജ്യം: അൽബേനിയ
ചരിത്രം: മോഷ്ടാവ്, മയക്കുമരുന്നു വ്യാപാരി, ജയിൽപുള്ളി
മുൻകാലജീവിതം
അൽബേനിയയുടെ തലസ്ഥാനമായ ടിറാനയിലാണ് ഞാൻ ജനിച്ചത്. ഞങ്ങളുടേത് ഒരു പാവപ്പെട്ട കുടുംബമായിരുന്നു. എന്റെ പപ്പ നല്ല സത്യസന്ധനും കഠിനാധ്വാനിയും ആയിരുന്നു. പപ്പ കുടുംബത്തിനുവേണ്ടി മണിക്കൂറുകൾ ജോലി ചെയ്യുമായിരുന്നെങ്കിലും ഞങ്ങൾക്കു കഷ്ടിച്ചു ജീവിച്ചുപോകാനുള്ളതുപോലും കിട്ടിയിരുന്നില്ല. ദാരിദ്ര്യത്തിന്റെ കയ്പ്പറിഞ്ഞാണ് ഞാൻ വളർന്നത്. എന്റെ കുട്ടിക്കാലത്ത് മിക്കപ്പോഴും ഇടാൻ ഒരു ചെരുപ്പോ ആവശ്യത്തിനു ഭക്ഷണമോ ഒന്നും ഉണ്ടായിരുന്നില്ല.
തീരെ ചെറുതായിരുന്നപ്പോൾത്തന്നെ ഞാൻ മോഷ്ടിക്കാൻ തുടങ്ങി. ഞാൻ ചിന്തിച്ചത് അത് എന്റെ കുടുംബത്തിന് ഒരു സഹായമാകുമല്ലോ എന്നാണ്. പക്ഷേ, കുറച്ച് കഴിഞ്ഞപ്പോൾ എന്നെ പോലീസ് പിടിച്ചു. അങ്ങനെ, 1988-ൽ എനിക്കു 14 വയസ്സുള്ളപ്പോൾ എന്നെ ഒരു ദുർഗുണപരിഹാര പാഠശാലയിൽ ആക്കി. അവിടെ ആയിരുന്ന രണ്ടു വർഷംകൊണ്ട് ഞാൻ വെൽഡിങ് പഠിച്ചു. ഇനി ഒരിക്കലും മോഷ്ടിക്കില്ല എന്നു തീരുമാനിച്ചാണ് ഞാൻ അവിടെനിന്ന് പുറത്തുവന്നത്. പക്ഷേ, എനിക്ക് ഒരു ജോലി കണ്ടെത്താൻ പറ്റിയില്ല. അൽബേനിയയിൽ രാഷ്ട്രീയപ്രശ്നങ്ങൾ രൂക്ഷമായിരുന്നതുകൊണ്ട് തൊഴിലില്ലായ്മ വളരെ കൂടുതലായിരുന്നു. ജോലി കിട്ടാത്തതിൽ മനസ്സുമടുത്ത്, ഞാൻ പിന്നെയും പഴയ കൂട്ടുകാരുടെകൂടെക്കൂടി മോഷ്ടിക്കാൻ തുടങ്ങി. ഇത്തവണയും പോലീസ് അറസ്റ്റ് ചെയ്തു. എന്നെയും കൂട്ടുകാരെയും മൂന്നു വർഷത്തേക്കു ജയിലിൽ അടച്ചു.
ജയിലിൽനിന്ന് വന്നശേഷവും ഞാൻ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിലേക്കുതന്നെ തിരിഞ്ഞു. അൽബേനിയ സാമ്പത്തികമായി തകർന്നിരുന്നതുകൊണ്ട് രാജ്യം മൊത്തത്തിൽ കുഴഞ്ഞുമറിഞ്ഞ ഒരു സ്ഥിതിയിലായിരുന്നു. ആ സമയത്ത്, നിയമവിരുദ്ധമായ പല കാര്യങ്ങളും ചെയ്തുകൊണ്ട് ഞാൻ ഒരുപാടു പണം ഉണ്ടാക്കി. ഒരിക്കൽ ഞങ്ങളുടെ സംഘം ആയുധങ്ങളുമായി കൊള്ളയടിക്കാൻ പോയി. അവിടെവെച്ച് എന്റെ കൂടെയുണ്ടായിരുന്ന രണ്ടു പേരെ പോലീസ് പിടിച്ചു. എന്നെ പിടിച്ച് കഴിഞ്ഞാൽ കുറെക്കാലം ജയിലിൽ കഴിയേണ്ടിവരും എന്ന് അറിയാമായിരുന്നതുകൊണ്ട് ഞാൻ മറ്റൊരു രാജ്യത്തേക്ക് ഓടിപ്പോയി. അപ്പോൾ എന്റെകൂടെ ഭാര്യ ജുലിന്റയും കൈക്കുഞ്ഞായിരുന്ന ഞങ്ങളുടെ മോനും ഉണ്ടായിരുന്നു.
അങ്ങനെ അവസാനം ഞങ്ങൾ ഇംഗ്ലണ്ടിൽ എത്തി. ഭാര്യയോടും മകനോടും ഒപ്പം പുതിയൊരു ജീവിതം തുടങ്ങണം എന്നായിരുന്നു എന്റെ മനസ്സിലെ ആഗ്രഹം. എങ്കിലും, എന്റെ ഉള്ളിൽ ആഴത്തിൽ വേരുപിടിച്ചിരുന്ന മോശം ശീലങ്ങൾ മാറ്റാൻ വളരെ ബുദ്ധിമുട്ടായിരുന്നു. ഞാൻ വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യാൻ തുടങ്ങി. ഇത്തവണ വൻതോതിലുള്ള മയക്കുമരുന്നു വ്യാപാരമായിരുന്നു. അങ്ങനെ ധാരാളം പണം എന്റെ കൈകളിലൂടെ ഒഴുകി.
എന്റെ മയക്കുമരുന്നു ബിസിനെസ്സിനെക്കുറിച്ച് ജുലിന്റയ്ക്ക് എന്താണു തോന്നിയതെന്നോ? അവൾതന്നെ അതു പറയട്ടെ: “അൽബേനിയയിൽ വളർന്ന ഞാൻ ദാരിദ്ര്യം ഇല്ലാത്ത ഒരു ജീവിതമാണ് സ്വപ്നം കണ്ടത്. പണമുണ്ടെങ്കിൽ എല്ലാമായി എന്നായിരുന്നു എന്റെ ചിന്ത. ജീവിതം മെച്ചപ്പെടുത്താനായി എന്തു ചെയ്യാനും ഞാൻ ഒരുക്കമായിരുന്നു. അതുകൊണ്ട് ആർട്ടൻ പണമുണ്ടാക്കാനായി നുണ പറഞ്ഞാലും കക്കാൻ പോയാലും മയക്കുമരുന്ന് വിറ്റാലും അതൊന്നും എനിക്കൊരു കുഴപ്പമല്ലായിരുന്നു. ശരിക്കും ഞാൻ അതിനൊക്കെ കൂട്ടുനിന്നു.”
എന്നാൽ 2002-ൽ ഞങ്ങളുടെ ജീവിതം മാറിമറിഞ്ഞു. ഞങ്ങളുടെ സ്വപ്നങ്ങളും ഒരുപാട് പണം ഉണ്ടാക്കാനായി ഞങ്ങൾ ഇട്ട പദ്ധതികളും എല്ലാം തകർന്നു. വലിയ തോതിൽ മയക്കുമരുന്ന് കടത്തുന്നതിനിടെ എന്നെ പോലീസ് പിടിച്ചു. ഞാൻ വീണ്ടും ജയിലഴികൾക്കുള്ളിൽ ആയി.
ബൈബിൾ എന്റെ ജീവിതത്തിനു മാറ്റം വരുത്തുന്നു
ബൈബിൾ എന്റെ ജീവിതത്തെ സ്വാധീനിക്കാൻ തുടങ്ങിയത് ഞാൻപോലും അറിഞ്ഞിരുന്നില്ല. 2000-ത്തിൽത്തന്നെ ജുലിന്റ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻതുടങ്ങിയിരുന്നു. ബൈബിൾ വിഷയങ്ങൾ ചർച്ച ചെയ്യുന്നത് ബോറായിട്ടാണ് എനിക്കു തോന്നിയത്. പക്ഷേ ജുലിന്റയ്ക്ക് അത് ഇഷ്ടമായിരുന്നു. അവൾ പറയുന്നു: “മതപരമായ കാര്യങ്ങളോടു താത്പര്യമുള്ള ഒരു കുടുംബത്തിലാണ് ഞാൻ വളർന്നുവന്നത്. അതുകൊണ്ട് എനിക്ക് ബൈബിളിനോട് ഇഷ്ടവും ആദരവും ഉണ്ടായിരുന്നു. എന്താണ് ബൈബിൾ പഠിപ്പിക്കുന്നത് എന്ന് അറിയാൻ ഞാൻ ആഗ്രഹിച്ചു. സാക്ഷികളുടെ കൂടെയുള്ള ബൈബിൾപഠനം നല്ല രസമായിരുന്നു. ബൈബിൾ പഠിപ്പിക്കുന്ന പല കാര്യങ്ങളും ശരിയാണല്ലോ എന്ന് എനിക്കു തോന്നി. അതൊക്കെ മനസ്സിലാക്കിയപ്പോൾ ഞാൻ ജീവിതത്തിൽ ചില മാറ്റങ്ങളൊക്കെ വരുത്തി. പക്ഷേ കാശുണ്ടാക്കാനുള്ള എന്റെ ആഗ്രഹത്തിനു കുറവൊന്നും വന്നില്ല, 2002-ൽ ആർട്ടനെ അറസ്റ്റ് ചെയ്യുന്നതുവരെ. ആ സംഭവം എന്റെ ജീവിതം ആകെ മാറ്റിമറിച്ചു. പണത്തെക്കുറിച്ച് ബൈബിൾ പറയുന്നതു ശരിയാണല്ലോ എന്ന് അപ്പോൾ ഞാൻ ചിന്തിക്കാൻതുടങ്ങി. ഞങ്ങൾ പണമുണ്ടാക്കാൻ പരക്കംപായുകയായിരുന്നു. പക്ഷേ അത് ഒരു സന്തോഷവും തന്നില്ല. ദൈവം പറയുന്ന എല്ലാ കാര്യങ്ങളും അനുസരിക്കണമെന്ന് അങ്ങനെ എനിക്കു മനസ്സിലായി.”
2004-ൽ ജയിലിൽനിന്ന് പുറത്തുവന്ന ഉടനെ ഞാൻ വീണ്ടും മയക്കുമരുന്ന് ബിസിനെസ്സ് തുടങ്ങാൻനോക്കി. പക്ഷേ ജുലിന്റ ആകെ മാറിയിരുന്നു. അവളാണ് എന്റെ കണ്ണ് തുറപ്പിച്ചത്. ജുലിന്റ എന്താണ് പറഞ്ഞതെന്നോ? “എനിക്ക് ഇനി ഇങ്ങനെ ഉണ്ടാക്കുന്ന കാശ് വേണ്ടാ. എന്റെ ഭർത്താവിനെ മതി. എന്റെ മക്കൾക്ക് അവരുടെ അച്ഛനെ വേണം.” ഞാൻ ആകെ ഞെട്ടിപ്പോയി. എങ്കിലും അവൾ പറഞ്ഞതായിരുന്നു ശരി. വർഷങ്ങളായി എനിക്ക് കുടുംബത്തോടൊപ്പം ആയിരിക്കാൻ പറ്റിയിട്ടില്ല. ഏതു വിധത്തിലും പണമുണ്ടാക്കാനുള്ള ഓട്ടം എന്നെ എന്തെല്ലാം പ്രശ്നങ്ങളിലാണ് കൊണ്ടെച്ചാടിച്ചതെന്നും ഞാൻ ഓർത്തു. പഴയ കൂട്ടുകെട്ടൊക്കെ വിടാൻ ഞാൻ തീരുമാനിച്ചു. എനിക്ക് ഇനി ഒരു പുതിയ മനുഷ്യനാകണം!
ശരിക്കും എന്റെ ജീവിതത്തിൽ ഒരു മാറ്റം വന്നതു ഭാര്യയും മക്കളുമൊത്ത് യഹോവയുടെ സാക്ഷികളുടെ ഒരു മീറ്റിങ്ങിനു പോയപ്പോഴാണ്. അവിടെ കണ്ട ആളുകൾക്ക് എന്തൊരു സ്നേഹവും ആത്മാർഥതയും ആയിരുന്നു! അത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അങ്ങനെ ഞാൻ ബൈബിൾ പഠിക്കാൻതുടങ്ങി.
ഒരുപാട് പണമുണ്ടെങ്കിൽ സന്തോഷം ഉണ്ടായിരിക്കും എന്നാണ് ഞാൻ മുമ്പ് ചിന്തിച്ചിരുന്നത്
“പണസ്നേഹം എല്ലാ തരം ദോഷങ്ങളുടെയും ഒരു അടിസ്ഥാനകാരണമാണ്. ഈ സ്നേഹത്തിനു വഴിപ്പെട്ടിട്ട് ചിലർ . . . പലപല വേദനകളാൽ തങ്ങളെ ആസകലം കുത്തിമുറിപ്പെടുത്താൻ ഇടയായിരിക്കുന്നു” എന്ന് ഞാൻ ബൈബിളിൽനിന്ന് പഠിച്ചു. (1 തിമൊഥെയൊസ് 6:9, 10) ഈ തിരുവെഴുത്ത് എത്ര സത്യമാണെന്ന് ഞാൻ സ്വന്തം ജീവിതത്തിൽ അനുഭവിച്ചറിഞ്ഞതാണ്. ഞാൻ ചെയ്ത മോശമായ കാര്യങ്ങളുടെ പരിണതഫലങ്ങൾ എനിക്കും എന്റെ കുടുംബത്തിനും അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. അതെക്കുറിച്ചൊക്കെ ഓർത്തപ്പോൾ എനിക്കു വലിയ ദുഃഖം തോന്നി. (ഗലാത്യർ 6:7) യഹോവയും മകനായ യേശുക്രിസ്തുവും നമ്മളോടു കാണിച്ച സ്നേഹത്തെക്കുറിച്ച് മനസ്സിലാക്കിയപ്പോൾ ഞാൻ എന്റെ ജീവിതത്തിനു മാറ്റം വരുത്താൻതുടങ്ങി. ഞാൻ എന്നെക്കുറിച്ചുതന്നെ ചിന്തിക്കുന്നതിനു പകരം മറ്റുള്ളവരുടെ ആവശ്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ ശ്രമിച്ചു. അങ്ങനെ എനിക്ക് കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും കഴിഞ്ഞു.
എനിക്കു ലഭിച്ച പ്രയോജനങ്ങൾ
ബൈബിളിന്റെ ഈ ബുദ്ധിയുപദേശം എനിക്ക് ഒരുപാട് പ്രയോജനം ചെയ്തു: “നിങ്ങളുടെ ജീവിതം പണസ്നേഹമില്ലാത്തതായിരിക്കട്ടെ. ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക.” (എബ്രായർ 13:5) എനിക്കിപ്പോൾ മനസ്സമാധാനവും ശുദ്ധമായ ഒരു മനസ്സാക്ഷിയും ഉണ്ട്. മുമ്പൊരിക്കലും എനിക്ക് ഇത്രയും സന്തോഷം ഉണ്ടായിട്ടില്ല. ബൈബിൾ പഠിച്ചത് ഞങ്ങളുടെ കുടുംബത്തിനും വളരെ പ്രയോജനം ചെയ്തു. ഞാനും ജുലിന്റയും നല്ലൊരു വിവാഹജീവിതം ആസ്വദിക്കുന്നു. എന്റെ മക്കൾക്ക് ഞാൻ ഇപ്പോൾ നല്ലൊരു പിതാവാണ്.
ഒരുപാട് പണമുണ്ടെങ്കിൽ സന്തോഷം ഉണ്ടായിരിക്കും എന്നാണ് ഞാൻ മുമ്പ് ചിന്തിച്ചിരുന്നത്. പക്ഷേ കുറ്റകൃത്യവും പണത്തോടുള്ള സ്നേഹവും എനിക്ക് വേദന മാത്രമേ നൽകിയുള്ളൂ. ഞങ്ങൾക്ക് ഇപ്പോൾ ഒരുപാട് പണമൊന്നുമില്ല. പക്ഷേ അതിനെക്കാളെല്ലാം വിലപ്പെട്ട ഒന്ന് ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞു—യഹോവയുമായുള്ള സൗഹൃദം! കുടുംബം ഒത്തൊരുമിച്ച് യഹോവയെ ആരാധിക്കുമ്പോൾ ഞങ്ങൾക്ക് ശരിക്കും സന്തോഷം കിട്ടുന്നു.