ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
“ഞാൻ ഇനി അക്രമത്തിന് അടിമയാകില്ല”
ജനനം: 1956
രാജ്യം: കാനഡ
ചരിത്രം: അക്രമം, കുത്തഴിഞ്ഞ ജീവിതം, വിഷാദം
മുൻകാലജീവിതം
കാനഡയിലുള്ള ആൽബേർട്ടയിലെ കാൽഗറി നഗരത്തിലാണു ഞാൻ ജനിച്ചത്. ഞാൻ കുഞ്ഞായിരുന്നപ്പോൾ എന്റെ മാതാപിതാക്കൾ വിവാഹമോചിതരായി. അമ്മ എന്നെയും കൂട്ടി അമ്മയുടെ വീട്ടിലേക്കു പോന്നു. മുത്തച്ഛനും മുത്തശ്ശിയും എന്നെയും അമ്മയെയും ഒരുപാട് സ്നേഹിച്ചിരുന്നു. വളരെ രസകരമായ നാളുകളായിരുന്നു അത്. ആ സന്തോഷകരമായ ബാല്യകാലം ഇപ്പോഴും എന്റെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.
എനിക്ക് ഏഴ് വയസ്സുള്ളപ്പോൾ എന്റെ അമ്മ എന്റെ അച്ഛനെ പുനർവിവാഹം ചെയ്തു. അതോടെ എന്റെ ജീവിതം കീഴ്മേൽ മറിഞ്ഞു. ഞങ്ങൾ ഐക്യനാടുകളിലെ മിസൂറിയിലുള്ള സെന്റ് ലൂയിസിലേക്കു താമസം മാറി. എന്റെ അച്ഛൻ എന്നോടു വളരെ ക്രൂരമായാണു പെരുമാറിയത്. എന്റെ ഓർമയിലേക്കു വരുന്ന ഒരു സംഭവം എന്റെ പുതിയ സ്കൂളിലെ ആദ്യ ദിവസം വൈകിട്ട് മടങ്ങിവന്നപ്പോൾ സ്കൂളിലെ ചില കുട്ടികൾ എന്നെ റാഗ് ചെയ്ത വിവരം ഞാൻ വീട്ടിൽ പറഞ്ഞു. ഞാൻ ആ കുട്ടികളെ തിരിച്ചടിച്ചില്ല എന്ന് അറിഞ്ഞപ്പോൾ, സ്കൂളിലെ കുട്ടികൾ അടിച്ചതിനേക്കാൾ കൂടുതൽ അച്ഛൻ എന്നെ അടിച്ചു. അന്നു ഞാൻ ഒരു പാഠം പഠിച്ചു. എന്നെ അടിക്കുന്നവനെ തിരിച്ചടിക്കുക.
അച്ഛന്റെ ശുണ്ഠി എന്റെ അമ്മയെയും ചൊടിപ്പിച്ചു. അങ്ങനെ അവർ തമ്മിൽ എപ്പോഴും പ്രശ്നങ്ങളായി. 11 വയസ്സായപ്പോൾ ഞാൻ മദ്യവും മയക്കുമരുന്നും ഉപയോഗിക്കാൻ തുടങ്ങി. എന്റെ അക്രമസ്വഭാവം കൂടിക്കൂടി വന്നു. പിന്നീട് ഞാൻ തെരുവിലും അടിപിടിയുണ്ടാക്കാൻ തുടങ്ങി. അപ്പോഴേക്കും എന്റെ ഹൈസ്കൂൾ പഠനം കഴിഞ്ഞിരുന്നു. അക്രമസ്വഭാവം കൊണ്ട് ഞാൻ ആളാകെ മാറി.
18 വയസ്സായപ്പോൾ ഞാൻ യു. എസ്-ൽ നാവികസേനയിൽ ചേർന്നു. ആളുകളെ കൊല്ലാനുള്ള പരിശീലനമാണ് എനിക്ക് അവിടെ ലഭിച്ചത്. അഞ്ച് വർഷത്തിനുശേഷം ഞാൻ സൈനിക സേവനത്തിൽനിന്ന് പോന്നു. എന്നിട്ട് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ എന്ന കുറ്റാന്വേഷണ ഏജൻസിയിൽ എന്റെ ഭാവി കരുപ്പിടിപ്പിക്കുന്നതിനുവേണ്ടി ഞാൻ മനഃശാസ്ത്രം പഠിക്കാൻ തീരുമാനിച്ചു. യു. എസ്-ൽ ഞാൻ എന്റെ സർവകലാശാല പഠനം ആരംഭിച്ചു. പിന്നീട് കാനഡയിലേക്കു മടങ്ങിവന്നപ്പോൾ അവിടെ ഞാൻ എന്റെ പഠനം തുടർന്നു.
യൂണിവേഴ്സിറ്റിയിലായിരുന്നപ്പോൾ ഞാൻ സമൂഹത്തെ വെറുക്കാൻ തുടങ്ങി. ആളുകളൊക്കെ വളരെ സ്വാർഥരാണെന്ന് എനിക്കു തോന്നി. എന്തു ചെയ്തിട്ടും എനിക്കൊരു തൃപ്തിയും കിട്ടിയില്ല. മനുഷ്യന്റെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരവും ഇല്ലെന്ന് എനിക്ക് തോന്നി. ഈ ലോകം നേരെയാക്കാൻ മനുഷ്യർക്കു പറ്റുമെന്ന പ്രതീക്ഷ എനിക്കു നഷ്ടപ്പെട്ടു.
ജീവിതത്തിനു പ്രത്യേകിച്ച് അർഥമുള്ളതായിട്ട് എനിക്കു തോന്നിയില്ല. അതുകൊണ്ട് കാശുണ്ടാക്കുക, മദ്യപിക്കുക, മയക്കുമരുന്ന് ഉപയോഗിക്കുക, സെക്സിൽ ഏർപ്പെടുക ഇതൊക്കെയായിരുന്നു എന്റെ ജീവിതം. ഓരോ ദിവസവും ഓരോ സ്ത്രീകളുടെ ഒപ്പമായിരുന്നു ഞാൻ. സൈന്യത്തിലായിരുന്നതുകൊണ്ട് അടിപിടിക്ക് ഒന്നും എനിക്ക് ഒരു പേടിയും ഉണ്ടായിരുന്നില്ല. ശരിയും തെറ്റും ഒക്കെ തീരുമാനിക്കേണ്ടത് ഞാൻ തന്നെയായിരുന്നു എന്നായിരുന്നു എന്റെ ധാരണ. അതുകൊണ്ട് മറ്റുള്ളവർ ചെയ്യുന്നത് അത്ര ശരിയായില്ല എന്നു തോന്നിയാൽ ഞാൻ അതു ചോദ്യം ചെയ്യുമായിരുന്നു. സത്യം പറഞ്ഞാൽ ഞാൻ അക്രമത്തിന്റെ അടിമയായിരുന്നു.
ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
ഒരു ദിവസം ഞാനും എന്റെ കൂട്ടുകാരനും മയക്കുമരുന്ന് ശരിക്കും തലയ്ക്കുപിടിച്ച അവസ്ഥയിൽ വീടിനു താഴെ നിൽക്കുകയായിരുന്നു. ഞങ്ങൾ ഒരുമിച്ച് മാരിഹ്വാന കടത്താനുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുമ്പോൾ അവൻ എന്നോടു ചോദിച്ചു: “നിനക്ക് ദൈവത്തിൽ വിശ്വാസമുണ്ടോ?” ഞാൻ പറഞ്ഞു, ഈ ലോകത്തിൽ ഇത്രയധികം പ്രശ്നങ്ങൾക്ക് ഉത്തരവാദി ദൈവമാണെങ്കിൽ അങ്ങനെയൊരു ദൈവത്തെ എനിക്ക് അറിയേണ്ട. അടുത്ത ദിവസം എന്റെ പുതിയ ജോലി സ്ഥലത്ത് സഹപ്രവർത്തകനായ ഒരു യഹോവയുടെ സാക്ഷി എന്നോടു ചോദിച്ചു: “ഈ ലോകത്തിലെ കഷ്ടപ്പാടുകൾക്ക് ഉത്തരവാദി ദൈവമാണെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?” ഞാൻ കഴിഞ്ഞ ദിവസം കൂട്ടുകാരനോടു പറഞ്ഞ അതേ കാര്യം, ഇപ്പോൾ ഇതാ ഇദ്ദേഹം എന്നോടു ചോദിക്കുന്നു. അത് എന്റെ താത്പര്യത്തെ ഉണർത്തി. അടുത്ത ആറു മാസം ഞങ്ങൾ പല ചർച്ചകളും നടത്തി. ജീവിതത്തിലെ പല ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾക്കും ബൈബിൾ നൽകുന്ന ഉത്തരം അദ്ദേഹം എനിക്കു കാണിച്ചുതന്നു.
ബൈബിളിൽനിന്ന് പഠിച്ച കാര്യം ഞാൻ എന്റെ കാമുകിയോടു പറയുമായിരുന്നു. പക്ഷേ അവൾക്ക് അത് അത്ര ഇഷ്ടമായിരുന്നില്ല. നമ്മളെ ബൈബിൾ പഠിപ്പിക്കാനായി യഹോവയുടെ സാക്ഷികളോടു പറഞ്ഞിട്ടുണ്ട് എന്ന കാര്യം ഒരു ഞായറാഴ്ച ഞാൻ അവളോടു പറഞ്ഞു. അടുത്ത ദിവസം ജോലി കഴിഞ്ഞ് ഞാൻ വീട്ടിൽ വന്നപ്പോൾ എന്റെ കാമുകിയെ കണ്ടില്ല. അവൾ ഉള്ളതെല്ലാം കെട്ടിപ്പെറുക്കി എന്നെ ഉപേക്ഷിച്ചു പോയി. ഞാൻ പുറത്തുപോയി പൊട്ടിക്കരഞ്ഞു. ‘യഹോവേ, എന്നെ സഹായിക്കണേ’ എന്നു ഞാൻ പ്രാർഥിക്കുകയും ചെയ്തു. അന്നാണ് ആദ്യമായി യഹോവ എന്ന ദൈവത്തിന്റെ പേര് ഉപയോഗിച്ച് ഞാൻ പ്രാർഥിച്ചത്.—സങ്കീർത്തനം 83:18
രണ്ടു ദിവസത്തിനു ശേഷം സാക്ഷികളായ ദമ്പതികളോടൊപ്പം ഞാൻ എന്റെ ആദ്യത്തെ ബൈബിൾപഠനം ആരംഭിച്ചു. ബൈബിൾപഠനം നടത്തി അവർ പോയിക്കഴിഞ്ഞിട്ടും ഞാൻ എന്റെ വായന തുടർന്നു. നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും! എന്ന ആ പുസ്തകം ഞാൻ ഒറ്റ രാത്രികൊണ്ട് വായിച്ചുതീർത്തു. a ദൈവമായ യഹോവയെക്കുറിച്ചും പുത്രനായ യേശുക്രിസ്തുവിനെക്കുറിച്ചും ഞാൻ പഠിച്ച വിവരങ്ങൾ എന്റെ ഹൃദയത്തെ തൊട്ടു. യഹോവ അനുകമ്പയുള്ള ദൈവമാണെന്നും നമ്മൾ കഷ്ടപ്പെടുന്നതു കാണുമ്പോൾ ദൈവത്തിനു വേദന തോന്നുന്നെന്നും ഞാൻ മനസ്സിലാക്കി. (യശയ്യ 63:9) ദൈവത്തിന് എന്നോടുള്ള സ്നേഹവും എനിക്കുവേണ്ടി സ്വന്തം മകനെ ബലി അർപ്പിക്കാനുള്ള ദൈവത്തിന്റെ മനസ്സും എന്നെ വല്ലാതെ സ്വാധീനിച്ചു. (1 യോഹന്നാൻ 4:10) “ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടാൻ ആഗ്രഹിക്കുന്നതുകൊണ്ട്” ദൈവം എന്നോടു ക്ഷമ കാണിക്കുകയാണെന്ന് എനിക്കു ബോധ്യമായി. (2 പത്രോസ് 3:9) ഞാൻ യഹോവയുടെ കൂട്ടുകാരനാകാൻ യഹോവ ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കു മനസ്സിലായി.—യോഹന്നാൻ 6:44.
ആ ആഴ്ചതന്നെ ഞാൻ മീറ്റിങ്ങുകൾക്കു പോകാൻ തുടങ്ങി. ഞാൻ കാതിൽ ഒരു കടുക്കൻ ഇട്ട്, മുടിയൊക്കെ നീട്ടി വളർത്തി, ഒരു പ്രാകൃത കോലത്തിലായിരുന്നു. എങ്കിലും ഒരു അടുത്ത ബന്ധുവിനോട് ഇടപെടുന്നതുപോലെ അവർ എന്നോടു പെരുമാറി. അവരായിരുന്നു യഥാർഥ ക്രിസ്ത്യാനികൾ. എന്റെ അമ്മയുടെ വീട്ടിൽ പോയതുപോലെ, അല്ല അതിലും നല്ലൊരു സ്ഥലത്ത് എത്തിയതുപോലെയാണ് ശരിക്കും എനിക്ക് അനുഭവപ്പെട്ടത്.
ബൈബിൾ പഠിക്കാൻ തുടങ്ങിയതോടെ ഞാൻ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ തുടങ്ങി. ഞാൻ മുടി വെട്ടി, മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നതു നിറുത്തി. എന്റെ എല്ലാ വൃത്തികെട്ട ശീലങ്ങളും ഞാൻ ഒഴിവാക്കി. (1 കൊരിന്ത്യർ 6: 9,10; 11:14) യഹോവയെ സന്തോഷിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു. ഞാൻ ചെയ്യുന്ന തെറ്റായ കാര്യത്തിനു ന്യായീകരണങ്ങൾ കണ്ടെത്തുന്ന രീതി മാറ്റി. അതോടെ തെറ്റു ചെയ്യുമ്പോൾ എന്റെ മനസ്സാക്ഷി എന്നെ കുറ്റപ്പെടുത്താൻ തുടങ്ങി. ‘ഇനി ഇതുപോലെ പ്രവർത്തിക്കരുത്’ എന്നു പലപ്പോഴും ഞാൻ എന്നോടുതന്നെ പറയുമായിരുന്നു. എന്റെ ചിന്താഗതിക്കും പ്രവർത്തനത്തിനും മാറ്റം വരുത്താൻ ഞാൻ ഒരു മടിയും കാണിച്ചില്ല. അങ്ങനെ യഹോവ ആവശ്യപ്പെടുന്നതു ചെയ്യാൻ തുടങ്ങിയപ്പോൾ എന്റെ ജീവിതം മെച്ചപ്പെടുന്നതായി എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞു. അങ്ങനെ ആറു മാസത്തെ ബൈബിൾ പഠനത്തിനു ശേഷം 1989 ജൂലൈ 29-ാം തീയതി ഒരു യഹോവയുടെ സാക്ഷിയായി ഞാൻ സ്നാനമേറ്റു.
എനിക്കു ലഭിച്ച പ്രയോജനങ്ങൾ
എന്റെ വ്യക്തിത്വത്തിന് അടിമുടി മാറ്റം വരുത്താൻ ബൈബിൾ എന്നെ സഹായിച്ചു. മുമ്പൊക്കെ ആരെങ്കിലും എന്തെങ്കിലും എതിർത്ത് എന്നോടു പറഞ്ഞാൽ വളരെ പരുഷമായി ഞാൻ അവരോടു പ്രതികരിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ എല്ലാവരുമായും സമാധാനത്തിലായിരിക്കാൻ ശ്രമിക്കുന്നു. (റോമർ 12:18) ഇത് എന്റെ മിടുക്കുകൊണ്ട് ഒന്നുമല്ല. യഹോവയുടെ വചനവും പരിശുദ്ധാത്മാവും അതിന് എന്നെ സഹായിച്ചു. യഹോവയ്ക്കാണ് അതിനുള്ള നന്ദി.—ഗലാത്യർ 5:22,23; എബ്രായർ 4:12.
മോശമായ ആഗ്രഹങ്ങൾക്കോ അക്രമത്തിനോ മയക്കുമരുന്നിനോ ഒക്കെ അടിമയാകുന്നതിനുപകരം ദൈവമായ യഹോവയെ സന്തോഷിപ്പിക്കുന്നതിനുവേണ്ടി ഞാൻ എന്റെ പരമാവധി പ്രവർത്തിക്കുന്നു. ഇപ്പോൾ ദൈവത്തെക്കുറിച്ച് അറിയാൻ ഞാൻ മറ്റുള്ളവരെ സഹായിക്കുന്നു. സ്നാനമേറ്റ് കുറച്ച് വർഷങ്ങൾക്കു ശേഷം സുവിശേഷകരുടെ ആവശ്യം അധികമുള്ള ഒരു സ്ഥലത്തേക്ക് ഞാൻ മാറിത്താമസിച്ചു. അനേകവർഷങ്ങളായി ഞാൻ ആളുകളെ ബൈബിൾ പഠിപ്പിക്കുന്നു. ബൈബിൾപഠനം അവരുടെ ജീവിതത്തിലും മാറ്റങ്ങൾ വരുത്തുന്നതു കാണുമ്പോൾ എനിക്കു വളരെ സന്തോഷം തോന്നുന്നു. എന്റെ അമ്മ ഒരു യഹോവയുടെ സാക്ഷിയായതാണ് എന്നെ വളരെയധികം സന്തോഷിപ്പിച്ച മറ്റൊരു കാര്യം. എന്റെ മനോഭാവത്തിലും പെരുമാറ്റത്തിലും വന്ന മാറ്റമാണ് അമ്മയെ ഒരു സാക്ഷിയാകാൻ പ്രേരിപ്പിച്ചത്.
ഇപ്പോൾ രാജ്യസുവിശേഷകർക്കുള്ള സ്കൂൾ എന്ന് അറിയപ്പെടുന്ന ഒരു സ്കൂളിൽനിന്ന് 1999-ൽ എൽ സാൽവഡോറിൽവെച്ച് ഞാൻ ബിരുദം നേടി. ആ സ്കൂൾ സുവിശേഷവേലയ്ക്കു നല്ല നേതൃത്വം കൊടുക്കാനും സഭയിൽ മറ്റുള്ളവരെ പഠിപ്പിക്കുന്നതിനും അവർക്കു സ്നേഹപൂർവം നേതൃത്വം കൊടുക്കാനും ഒക്കെ എന്നെ പരിശീലിപ്പിച്ചിരിക്കുന്നു. അതേ വർഷംതന്നെ ഞാൻ യുജീനയെ വിവാഹം ചെയ്തു. ഇപ്പോൾ ഞങ്ങൾ ഗ്വാട്ടിമാലയിൽ മുഴുസമയ സുവിശേഷ ഘോഷകരായി പ്രവർത്തിക്കുന്നു.
എനിക്ക് ഇപ്പോൾ ജീവിതത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ നിരാശ തോന്നുന്നില്ല. സന്തോഷം മാത്രമാണു തോന്നുന്നത്. ലൈംഗിക അധാർമികതയുടെയും അക്രമത്തിന്റെയും പിടിയിൽനിന്ന് പോരാൻ ബൈബിൾപഠനമാണ് എന്നെ സഹായിച്ചത്. ഇപ്പോൾ എന്റെ ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാണ്.
a ജീവിതം ആസ്വദിക്കാം പുസ്തകമാണ് ഇപ്പോൾ യഹോവയുടെ സാക്ഷികൾ ബൈബിൾ പഠനത്തിനുവേണ്ടി ഉപയോഗിക്കുന്നത്.