ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
ഞാൻ യഥാർഥസമ്പത്തു കണ്ടെത്തി
ജനനം: 1968
രാജ്യം: അമേരിക്കൻ ഐക്യനാടുകൾ
ചരിത്രം: സമ്പന്നനാകാൻ പ്രാർഥിച്ച ഒരു ബിസിനെസ്സ് വിദഗ്ധൻ
എന്റെ പഴയ കാലം
ന്യൂയോർക്കിലെ റോച്ചസ്റ്ററിലുള്ള ഒരു കത്തോലിക്ക കുടുംബത്തിലാണു ഞാൻ വളർന്നത്. എനിക്ക് എട്ടു വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞു. പാവപ്പെട്ടവർ താമസിച്ചിരുന്ന കെട്ടിടത്തിലാണ് എന്റെ അമ്മ കഴിഞ്ഞിരുന്നത്. ഇടദിവസങ്ങളിൽ ഞാൻ അവിടെ താമസിക്കും. എന്നാൽ ശനിയും ഞായറും ഞാൻ പപ്പയുടെ കൂടെയായിരുന്നു. സൗകര്യങ്ങളൊക്കെയുള്ള സമ്പന്നമായ ചുറ്റുപാടായിരുന്നു അവിടെ. ആറു മക്കളുമായി ജീവിതം തള്ളിനീക്കാൻ അമ്മ നന്നേ പാടുപെട്ടു. അതു കണ്ടാണു ഞാൻ വളർന്നത്. ഒരിക്കൽ പണക്കാരനാകുന്നതും എന്റെ കുടുംബത്തെ സഹായിക്കുന്നതും ഞാൻ സ്വപ്നം കണ്ടു.
ഞാൻ ജീവിതത്തിൽ വിജയിച്ചുകാണാൻ എന്റെ പപ്പ ആഗ്രഹിച്ചു. അതുകൊണ്ട് ഹോട്ടൽ മാനേജ്മെന്റ് പഠിപ്പിക്കുന്ന അവിടത്തെ പ്രശസ്തമായ ഒരു കോളേജ് പോയി കാണാൻ പപ്പ എന്നോടു പറഞ്ഞു. എനിക്ക് അവിടം ഇഷ്ടപ്പെട്ടു, ആ കോളേജിൽ ചേർന്നു. പണക്കാരനാകാനും സന്തോഷം നേടാനും ഉള്ള എന്റെ പ്രാർഥനയ്ക്കു ദൈവം തന്ന ഉത്തരമാണ് അത് എന്ന് ഞാൻ വിചാരിച്ചു. പിന്നീടുള്ള അഞ്ച് വർഷം ഞാൻ അവിടെ നിന്ന് ഹോട്ടൽ മാനേജ്മെന്റും ബിസിനെസ്സ് നിയമങ്ങളും ബിസിനെസ്സിന്റെ സാമ്പത്തികവശങ്ങളും പഠിച്ചു. അതോടൊപ്പം നെവാഡയിലെ ലാസ് വേഗസിലുള്ള ചൂതാട്ടം നടക്കുന്ന ഒരു ഹോട്ടലിലും ഞാൻ ജോലി നോക്കിയിരുന്നു.
22 വയസ്സിൽത്തന്നെ ഞാൻ ആ ഹോട്ടലിലെ ഒരു ഉന്നത ഉദ്യോഗസ്ഥനായി. മറ്റുള്ളവരുടെ മുന്നിൽ ഞാൻ പണക്കാരനായിരുന്നു, ജീവിതത്തിൽ വിജയിച്ചവനായിരുന്നു. ലോകത്തിലെതന്നെ ഏറ്റവും നല്ല ഭക്ഷണവും മുന്തിയ ഇനം വൈനും മദ്യവും ഒക്കെയാണു ഞാൻ കഴിച്ചിരുന്നത്. ബിസിനെസ്സിലെ എന്റെ കൂട്ടുകാർ ഇങ്ങനെ പറയുമായിരുന്നു: “പണമാണ് ഈ ലോകത്തെ നയിക്കുന്നത്, അതു നീ ഒരിക്കലും മറക്കരുത്.” അവരുടെ കാഴ്ചപ്പാടിൽ യഥാർഥസന്തോഷത്തിന്റെ രഹസ്യം പണമായിരുന്നു.
എന്റെ ജോലിയിൽ ലാസ് വേഗസിൽ ചൂതാട്ടത്തിനായി വന്നിരുന്ന അതിസമ്പന്നരായ ആളുകൾക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നത് ഉൾപ്പെട്ടിരുന്നു. അവർക്കു ധാരാളം പണമുണ്ടായിരുന്നെങ്കിലും സന്തോഷമില്ലായിരുന്നു. എന്റെ സന്തോഷവും നഷ്ടപ്പെടാൻ തുടങ്ങി. ശരിക്കും ഞാൻ എത്രയധികം പണം സമ്പാദിച്ചോ, അത്രയധികം എന്റെ ഉത്കണ്ഠ കൂടിക്കൊണ്ടിരുന്നു. രാത്രികളിൽ എനിക്ക് ഉറങ്ങാൻപോലും കഴിയാതെയായി. ആത്മഹത്യയെക്കുറിച്ചുപോലും ഞാൻ ചിന്തിച്ചു. ജീവിതത്തെക്കുറിച്ചുള്ള എന്റെ പ്രതീക്ഷകളെല്ലാം താളംതെറ്റിയപ്പോൾ ഞാൻ ദൈവത്തോട് ഇങ്ങനെ ചോദിച്ചു, “ശരിക്കുള്ള സന്തോഷം എനിക്ക് എവിടെ കിട്ടും?”
ബൈബിൾ എന്റെ ജീവിതം മാറ്റിയ വിധം
യഹോവയുടെ സാക്ഷികളായിത്തീർന്ന എന്റെ രണ്ടു ചേച്ചിമാർ ആ സമയത്ത് ലാസ് വേഗസിലേക്കു താമസം മാറി. അവരുടെ പ്രസിദ്ധീകരണങ്ങളൊന്നും ഞാൻ സ്വീകരിച്ചില്ലെങ്കിലും അവരോടൊപ്പമിരുന്ന് എന്റെ സ്വന്തം ബൈബിൾ വായിക്കാമെന്നു ഞാൻ സമ്മതിച്ചു. എന്റെ കൈയിലുണ്ടായിരുന്ന പുതിയ അമേരിക്കൻ ബൈബിൾ ഭാഷാന്തരത്തിൽ യേശുവിന്റെ വാക്കുകൾ ചുവന്ന നിറത്തിലാണ് അച്ചടിച്ചിരുന്നത്. യേശു പറഞ്ഞതെല്ലാം ഞാൻ വിശ്വസിച്ചിരുന്നതുകൊണ്ട് അവർ കൂടുതലും യേശുവിനെക്കുറിച്ചാണ് എന്നോടു സംസാരിച്ചത്. കൂടാതെ ഒറ്റയ്ക്കിരുന്നും ഞാൻ ബൈബിൾ വായിക്കുമായിരുന്നു.
വായിച്ച പല കാര്യങ്ങളും എന്നെ അത്ഭുതപ്പെടുത്തി. ഉദാഹരണത്തിന്, യേശു ഇങ്ങനെ പറഞ്ഞു; “പ്രാർഥിക്കുമ്പോൾ, ജനതകൾ ചെയ്യുന്നതുപോലെ ഒരേ കാര്യങ്ങൾ തന്നെയും പിന്നെയും ഉരുവിടരുത്. വാക്കുകളുടെ എണ്ണം കൂടിയാൽ ദൈവം കേൾക്കുമെന്നാണ് അവരുടെ വിചാരം.” (മത്തായി 6:7) ഒരു പുരോഹിതൻ എനിക്ക് യേശുവിന്റെ ചിത്രം തന്നിട്ട് എന്നോട് ഇങ്ങനെ പറഞ്ഞിരുന്നു, “ഈ ചിത്രം നോക്കി ‘നന്മ നിറഞ്ഞ മറിയമേ’ പത്തു പ്രാവശ്യവും ‘സ്വർഗസ്ഥനായ പിതാവേ’ പത്തു പ്രാവശ്യവും ചൊല്ലുകയാണെങ്കിൽ നിനക്ക് ആവശ്യമുള്ളത്രയും പണം ദൈവം തരും.” ശരിക്കും ഈ പ്രാർഥന ചൊല്ലുമ്പോൾ ഞാൻ ഒരേ വാക്കുകൾതന്നെ വീണ്ടുംവീണ്ടും ഉരുവിടുകയല്ലേ? യേശുവിന്റെ ഈ വാക്കുകളും ഞാൻ വായിച്ചു: “ഭൂമിയിൽ ആരെയും പിതാവ് എന്നു വിളിക്കരുത്. ഒരാൾ മാത്രമാണു നിങ്ങളുടെ പിതാവ്; സ്വർഗസ്ഥൻതന്നെ.” (മത്തായി 23:9) ഞാൻ ചിന്തിച്ചു, ‘പിന്നെ എന്തുകൊണ്ടാണ് ഞാനും എന്റെ കൂടെയുള്ള കത്തോലിക്കരും പുരോഹിതന്മാരെ അച്ചനെന്നും പിതാവെന്നും ഒക്കെ വിളിക്കുന്നത്?’
ബൈബിളിലെ യാക്കോബിന്റെ പുസ്തകം വായിച്ചപ്പോഴാണു ഞാൻ നേടാൻ ശ്രമിച്ച ജീവിതവിജയത്തെക്കുറിച്ച് രണ്ടാമതൊന്നു ചിന്തിക്കാൻതുടങ്ങിയത്. അതിന്റെ നാലാം അധ്യായത്തിൽ യാക്കോബ് എഴുതി, “ലോകവുമായുള്ള സൗഹൃദം ദൈവത്തോടുള്ള ശത്രുത്വമാണെന്നു നിങ്ങൾക്ക് അറിയില്ലേ? അതുകൊണ്ട് ലോകത്തിന്റെ സുഹൃത്താകാൻ ആഗ്രഹിക്കുന്ന ഏതൊരാളും തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കിത്തീർക്കുന്നു.” (യാക്കോബ് 4:4) എന്നെ കൂടുതൽ സ്പർശിച്ചതു 17-ാം വാക്യമാണ്: “ഒരാൾ ശരി എന്താണെന്ന് അറിഞ്ഞിട്ടും അതു ചെയ്യുന്നില്ലെങ്കിൽ അതു പാപമാണ്.” അപ്പോൾ ഞാൻ എന്റെ ചേച്ചിമാരെ വിളിച്ചിട്ട് ആ ഹോട്ടലിലെ ജോലി ഉപേക്ഷിക്കുകയാണെന്നു പറഞ്ഞു. കാരണം ചൂതാട്ടവും അത്യാഗ്രഹവും ഉൾപ്പെടെ അവിടെ നടന്ന കാര്യങ്ങളൊന്നും ഇനി എനിക്ക് അംഗീകരിക്കാൻ കഴിയില്ലായിരുന്നു.
“ബൈബിളിലെ യാക്കോബിന്റെ പുസ്തകം വായിച്ചപ്പോഴാണു ഞാൻ നേടാൻ ശ്രമിച്ച ജീവിതവിജയത്തെക്കുറിച്ച് രണ്ടാമതൊന്നു ചിന്തിക്കാൻതുടങ്ങിയത്.”
ദൈവവുമായുള്ള ബന്ധവും മാതാപിതാക്കളുമായും കൂടപ്പിറപ്പുകളുമായും ഉള്ള എന്റെ ബന്ധവും മെച്ചപ്പെടുത്താൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഇതിനെല്ലാം വേണ്ടി കൂടുതൽ സമയം ലഭിക്കുന്നതിനായി ജീവിതം ലളിതമാക്കാൻ ഞാൻ തീരുമാനിച്ചു. എന്നാൽ മാറ്റം വരുത്തുന്നത് ഒട്ടും എളുപ്പമായിരുന്നില്ല. ആ സമയത്ത് ഹോട്ടൽ ബിസിനെസ്സ് മേഖലയിൽനിന്ന് എനിക്കു കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകൾ വന്നു. പലതും എനിക്ക് അന്നുണ്ടായിരുന്നതിനെക്കാളും രണ്ടോ മൂന്നോ ഇരട്ടി ശമ്പളം വാഗ്ദാനം ചെയ്യുന്നവയായിരുന്നു. എന്നാൽ ഇതെക്കുറിച്ച് പ്രാർഥിച്ചതിനു ശേഷം ഇങ്ങനെയൊരു ജീവിതം ഇനി എനിക്കു വേണ്ടെന്നു ഞാൻ തീരുമാനിച്ചു. ഞാൻ ജോലി ഉപേക്ഷിച്ചിട്ട് അമ്മ താമസിക്കുന്ന കൊച്ചു വീട്ടിലേക്കു പോയി. എന്നിട്ട് അവിടെ ഹോട്ടലിലെ മെനു ലാമിനേറ്റ് ചെയ്യുന്ന ഒരു ചെറിയ ബിസിനെസ്സ് തുടങ്ങി.
ജീവിതത്തിൽ പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണെന്നു ബൈബിൾ എനിക്കു കാണിച്ചുതന്നെങ്കിലും യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്കു പോകാൻ ഞാൻ അപ്പോഴും കൂട്ടാക്കിയിരുന്നില്ല. അവരെ എനിക്ക് ഇഷ്ടമില്ലാത്തത് എന്തുകൊണ്ടാണെന്ന് ചേച്ചിമാർ എന്നോടു ചോദിച്ചു. ഞാൻ പറഞ്ഞു, “നിങ്ങളുടെ ദൈവമായ യഹോവ കുടുംബങ്ങൾ തകർക്കുന്നയാളാണ്. ആകെ ക്രിസ്തുമസ്സിനും ബർത്ത്ഡെയ്ക്കും ഒക്കെയാണു ഞാൻ നിങ്ങളുടെ അടുത്ത് വരുന്നത്. എന്നാൽ നിങ്ങളാണെങ്കിൽ ഇതൊന്നും ആഘോഷിക്കുന്നുമില്ല.” ഇതു കേട്ട് ഒരു ചേച്ചി കരയാൻ തുടങ്ങി. എന്നിട്ട് ഇങ്ങനെ ചോദിച്ചു, “ബാക്കി ദിവസങ്ങളൊക്കെ നീ എവിടെയാ? ഏതു സമയത്തും നിന്റെ കൂടെയായിരിക്കാനാണു ഞങ്ങൾക്ക് ഇഷ്ടം. എന്നാൽ നീ ഇങ്ങനെയുള്ള ദിവസങ്ങളിൽ മാത്രമല്ലേ വരാറുള്ളൂ, അതും വരണമല്ലോ എന്നു വിചാരിച്ചിട്ട്.” അത് എനിക്കു ശരിക്കും കൊണ്ടു, ഞാനും കരയാൻ തുടങ്ങി.
യഹോവയുടെ സാക്ഷികൾ അവരുടെ കുടുംബത്തെ എത്രയധികം സ്നേഹിക്കുന്നുണ്ടെന്നു ഞാൻ മനസ്സിലാക്കി. തെറ്റു പറ്റിയത് എനിക്കായിരുന്നു. അതു മനസ്സിലായപ്പോൾ ഞാൻ അവിടുത്തെ രാജ്യഹാളിലെ ഒരു യോഗത്തിനു പോകാൻ തീരുമാനിച്ചു. അവിടെവെച്ചാണു ഞാൻ കെവിനെ കാണുന്നത്. കുറെപ്പേരെ ബൈബിൾ പഠിപ്പിച്ചിട്ടുള്ളയാളായിരുന്നു കെവിൻ. ഞാനും കെവിന്റെകൂടെ ബൈബിൾ പഠിക്കാൻ തുടങ്ങി.
കെവിനും ഭാര്യയും ലളിതജീവിതമാണു നയിച്ചിരുന്നത്. അതുകൊണ്ട് അവർക്കു മറ്റുള്ളവരെ ബൈബിൾ പഠിപ്പിക്കാൻ കൂടുതൽ സമയം കിട്ടിയിരുന്നു. അവർ ആഫ്രിക്കയിലും മധ്യ അമേരിക്കയിലും ഉള്ള യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചുകളുടെ നിർമാണത്തിൽ സഹായിക്കാനായി പോകുമായിരുന്നു. അങ്ങോട്ടേക്കു യാത്ര ചെയ്യാനുള്ള പണവും സ്വന്തം വരുമാനത്തിൽനിന്നുതന്നെ അവർ കണ്ടെത്തി. അവർ സന്തോഷമുള്ളവരായിരുന്നു, അവർക്കിടയിലും നല്ല സ്നേഹമുണ്ടായിരുന്നു. അതുപോലുള്ള ഒരു ജീവിതമായിരുന്നു എന്റെയും സ്വപ്നം.
മിഷനറി സേവനത്തിൽനിന്ന് ലഭിക്കുന്ന സന്തോഷത്തെക്കുറിച്ചുള്ള ഒരു വീഡിയോ കെവിൻ എന്നെ കാണിച്ചു. അങ്ങനെയുള്ള ഒരു ജീവിതമാണു ഞാനും ആഗ്രഹിച്ചത്. തുടർന്ന് ആറു മാസം ബൈബിൾപഠനത്തിൽ മുഴുകിയ ഞാൻ 1995-ൽ ഒരു യഹോവയുടെ സാക്ഷിയായി സ്നാനമേറ്റു. ദൈവത്തോടു സമ്പത്ത് ചോദിക്കുന്നതിനു പകരം ഞാൻ ഈ വാക്കുകൾക്കു ചേർച്ചയിൽ പ്രാർഥിക്കാൻ തുടങ്ങി: ‘എനിക്ക് ദാരിദ്ര്യമോ സമ്പത്തോ തരരുതേ.’—സുഭാഷിതങ്ങൾ 30:8.
എനിക്കു ലഭിച്ച പ്രയോജനങ്ങൾ
ഞാൻ ഇപ്പോൾ ശരിക്കും സമ്പന്നനാണ്. സാമ്പത്തികമായല്ല, ആത്മീയമായി. ഞാൻ ഹോണ്ടുറാസിൽവെച്ച് ന്യൂറിയയെ കണ്ടുമുട്ടി. ഞങ്ങൾ വിവാഹിതരായി. ഞങ്ങൾക്ക് ഒരുമിച്ച് പനാമയിലും മെക്സിക്കോയിലും മിഷനറി സേവനം ചെയ്യാൻ കഴിഞ്ഞു. ബൈബിളിലെ ഈ വാക്കുകൾ എത്ര സത്യമാണെന്നു ഞാൻ രുചിച്ചറിഞ്ഞു: “യഹോവയുടെ അനുഗ്രഹമാണ് ഒരാളെ സമ്പന്നനാക്കുന്നത്; ദൈവം അതോടൊപ്പം വേദന നൽകുന്നില്ല.”—സുഭാഷിതങ്ങൾ 10:22.