ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
“തെരുവുകൾ എനിക്കു വീടായി”
ജനനം: 1955
രാജ്യം: സ്പെയിൻ
ചരിത്രം: അക്രമം, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദുരുപയോഗം
മുൻകാലജീവിതം
ചിലയാളുകൾക്കു തങ്ങളുടെ കയ്പേറിയ അനുഭവങ്ങളിൽനിന്ന് പാഠം പഠിക്കാൻ ഒരുപാടു സമയം വേണം. ഞാൻ അങ്ങനെയായിരുന്നു. സ്പെയിനിലെ രണ്ടാമത്തെ വലിയ നഗരമായ ബാർസിലോനയിലാണു ഞാൻ ജനിച്ചതും വളർന്നതും. സൊമൊറൊസ്ട്രോ എന്ന സ്ഥലത്താണു ഞങ്ങളുടെ കുടുംബം താമസിച്ചിരുന്നത്. കടൽത്തീരത്തിനു മുന്നിലുള്ള ഒരു വലിയ പ്രദേശമായിരുന്നു അത്. അക്രമത്തിനും മയക്കുമരുന്ന് ഇടപാടുകൾക്കും കുപ്രസിദ്ധി നേടിയ സ്ഥലമാണ് ഇത്.
ഞങ്ങൾ ഒൻപതു മക്കളാണ്. ഞാനാണ് ഏറ്റവും മൂത്തത്. വളരെ പാവപ്പെട്ട ഒരു കുടുംബമായിരുന്നു ഞങ്ങളുടേത്. അതുകൊണ്ട് നാട്ടിലെ ടെന്നിസ് ക്ലബിൽ കളിക്കിടെ പന്തു പെറുക്കിക്കൊടുക്കുന്ന ജോലിക്കുവേണ്ടി അച്ഛൻ എന്നെ അയച്ചു. പത്തു വയസ്സുള്ളപ്പോൾ ദിവസവും പത്തു മണിക്കൂർ ഞാൻ ജോലി ചെയ്യുമായിരുന്നു. അതുകൊണ്ട് എന്റെ പ്രായത്തിലുള്ള കുട്ടികൾ സ്കൂളിൽ പോകുന്നതുപോലെ എനിക്കു പോകാനായില്ല. 14 വയസ്സുള്ളപ്പോൾ ഒരു വർക്ഷോപ്പിൽ ഒരു മെക്കാനിക്കായി ഞാൻ ജോലി ആരംഭിച്ചു.
1975-ൽ എന്നെ സൈനികസേവനത്തിനു വിളിച്ചു. സ്പെയിനിൽ അതു നിർബന്ധമായിരുന്നു. ജീവിതത്തിൽ എന്തെങ്കിലും സാഹസികമായി ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് ഞാൻ വടക്കേ ആഫ്രിക്കയിലെ സ്പെയിനിന്റെ ഭൂപ്രദേശമായ മെലില്യയിൽ സ്പാനിഷ് വിദേശസൈന്യത്തിൽ ചേരാൻ തീരുമാനിച്ചു. ആ സമയത്താണു ഞാൻ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലോകത്തിലേക്കു ചെന്നുപെട്ടത്.
സൈന്യത്തിൽനിന്ന് പോന്ന ഞാൻ ബാർസിലോനയിൽ തിരിച്ചെത്തി ഒരു ഗുണ്ടാസംഘം രൂപീകരിച്ചു. കൈയിൽ കിട്ടുന്നത് എന്തും ഞങ്ങൾ മോഷ്ടിക്കുമായിരുന്നു. എന്നിട്ട് മോഷ്ടിച്ച സാധനങ്ങൾ വിറ്റ പണംകൊണ്ട് മയക്കുമരുന്നു വാങ്ങും. LSD, ആംഫറ്റമീൻ എന്നീ മയക്കുമരുന്നുകൾ ഞാൻ ഉപയോഗിച്ചുതുടങ്ങി. ലൈംഗികതയുടെയും മദ്യത്തിന്റെയും ചൂതാട്ടത്തിന്റെയും ലോകത്തിൽ മുഴുകിയതായിരുന്നു എന്റെ ജീവിതം. ആ നശിച്ച ജീവിതരീതി എന്നെ കൂടുതൽക്കൂടുതൽ അക്രമാസക്തനാക്കി. എപ്പോഴും എന്റെ കൈയിൽ ഒരു കത്തിയോ കോടാലിയോ വടിവാളോ കാണും. ആവശ്യം വന്നാൽ അത് ഉപയോഗിക്കാൻ എനിക്ക് ഒരു മടിയുമുണ്ടായിരുന്നില്ല.
ഒരു ദിവസം ഞാനും എന്റെ ഗുണ്ടാസംഘവും കൂടെ ഒരു കാർ മോഷ്ടിച്ചു. പോലീസ് ഞങ്ങളെ പിന്തുടർന്നു. ഒരു സിനിമാരംഗംപോലെ ആയിരുന്നു അത്. പോലീസിനെ വെട്ടിച്ച് ഞങ്ങൾ ആ കാർ ഏകദേശം 30 കിലോമീറ്റർവരെ ഓടിച്ചു. അപ്പോൾ പോലീസ് ഞങ്ങളെ വെടിവെക്കാൻ തുടങ്ങി. അവസാനം ഞങ്ങളുടെ കാർഡ്രൈവർ വണ്ടി ഒരു സ്ഥലത്ത് ഇടിച്ചുകയറ്റി. ഞങ്ങൾ എല്ലാവരും കാറിൽനിന്ന് ഇറങ്ങിയോടി. ഈ വിവരങ്ങളൊക്കെ അച്ഛൻ അറിഞ്ഞു, എന്നെ വീട്ടിൽനിന്ന് ഇറക്കിവിട്ടു.
അടുത്ത അഞ്ചു വർഷം തെരുവുകളായി എന്റെ വീട്. കടത്തിണ്ണകളിലും ട്രക്കുകളിലും പാർക്കിലെ ബഞ്ചുകളിലും ശവക്കല്ലറകളിലും ഒക്കെയായി ഞാൻ കിടന്നുറങ്ങി. കുറച്ചുനാൾ ഒരു ഗുഹയിൽപ്പോലും ഞാൻ കഴിഞ്ഞിട്ടുണ്ട്. എന്റെ ജീവിതത്തിന് ഒരു ഉദ്ദേശ്യമുണ്ടായിരുന്നില്ല. ജീവിച്ചാലെന്താ, മരിച്ചാലെന്താ അതൊന്നും എന്നെ ബാധിച്ചതേ ഇല്ല. എന്റെ കൈയും കൈത്തണ്ടയും മയക്കുമരുന്നുലഹരിയിൽ മുറിക്കുന്നതു ഞാൻ ഇപ്പോഴും ഓർക്കുന്നു. അതിന്റെ പാടുകൾ ഇതുവരെ മാഞ്ഞിട്ടില്ല.
ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
28 വയസ്സുള്ളപ്പോൾ അമ്മ എന്നെ അന്വേഷിച്ച് വന്നു. വീട്ടിലേക്കു തിരിച്ചുവരാൻ അമ്മ പറഞ്ഞപ്പോൾ ഞാൻ അതു സമ്മതിച്ചു. ജീവിതം നേരെയാക്കിക്കൊള്ളാമെന്ന് അമ്മയ്ക്കു വാക്കു കൊടുത്തെങ്കിലും അതു പാലിക്കാൻ കുറച്ച് സമയം വേണ്ടിവന്നു.
ഒരു ദിവസം ഉച്ച കഴിഞ്ഞ് രണ്ട് യഹോവയുടെ സാക്ഷികൾ ഞങ്ങളുടെ വീട്ടിൽ വന്നു. അവർ പറയുന്നതു ശ്രദ്ധിച്ചുകൊണ്ടിരുന്നപ്പോൾ വീട്ടിനുള്ളിൽനിന്ന് അച്ഛൻ അവരെ പറഞ്ഞയയ്ക്കാൻ പറഞ്ഞ് വലിയ ബഹളംവെച്ചു. മറ്റുള്ളവർ എന്നോട് ആജ്ഞാപിക്കുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു. അതുകൊണ്ടുതന്നെ അച്ഛൻ പറയുന്നതു ഞാൻ ശ്രദ്ധിച്ചില്ല. സാക്ഷികൾ എനിക്കു മൂന്നു ചെറുപുസ്തകങ്ങൾ തന്നു. ഞാൻ അതു സന്തോഷത്തോടെ വാങ്ങി. അവർ കൂടിവരുന്ന സ്ഥലം ഏതാണെന്നു ചോദിച്ച് മനസ്സിലാക്കി. കുറച്ച് ദിവസം കഴിഞ്ഞ് ഞാൻ രാജ്യഹാളിലേക്കു പോയി.
അവിടെ ചെന്നപ്പോൾ ആദ്യം എന്റെ ശ്രദ്ധയിൽപ്പെട്ടത് എല്ലാവരും നന്നായി വസ്ത്രം ധരിച്ചിരിക്കുന്നതായിരുന്നു. എന്നാൽ എനിക്കോ? നീണ്ട മുടി, വൃത്തികെട്ട താടി, മുഷിഞ്ഞ വസ്ത്രം. എനിക്കു ഹാളിന് ഉള്ളിൽ കയറാനേ തോന്നിയില്ല. അതുകൊണ്ട് ഞാൻ പുറത്തുതന്നെ നിന്നു. ഗുണ്ടാസംഘത്തിൽ മുമ്പുണ്ടായിരുന്ന ജുവാൻ നല്ല കോട്ടും സ്യൂട്ടും ധരിച്ച് അവിടെ വന്നതു കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഒരു വർഷം മുമ്പാണ് അവൻ ഒരു യഹോവയുടെ സാക്ഷിയായതെന്ന കാര്യം പിന്നീടാണു ഞാൻ അറിഞ്ഞത്. അവനുള്ളതുകൊണ്ട് ഹാളിന് അകത്ത് കയറാനും അവിടെ നടന്ന യോഗത്തിൽ സംബന്ധിക്കാനും ഉള്ള ആത്മവിശ്വാസം എനിക്കു കിട്ടി. അവിടംതൊട്ട് കാര്യങ്ങളൊക്കെ നേരെയാകാൻ തുടങ്ങി.
ബൈബിൾ പഠിക്കാൻ എന്നോടു പറഞ്ഞപ്പോൾ ഞാൻ അതിനു സമ്മതിച്ചു. ദൈവം എന്നിൽ പ്രസാദിക്കണമെങ്കിൽ എന്റെ ഇപ്പോഴത്തെ അക്രമാസക്തവും അധാർമികവും ആയ ജീവിതരീതിക്കു മാറ്റം വരുത്തണമെന്ന് എനിക്കു പെട്ടെന്നു മനസ്സിലായി. അത് അത്ര എളുപ്പമായിരുന്നില്ല. ദൈവമായ യഹോവയെ പ്രസാദിപ്പിക്കാൻ ഞാൻ ‘മനസ്സു പുതുക്കി രൂപാന്തരപ്പെടണമെന്നു’ പഠിച്ചു. (റോമർ 12:2) ദൈവത്തിന്റെ കരുണ എന്ന ഗുണം എന്നെ ആഴത്തിൽ സ്പർശിച്ചു. ഞാൻ ഒരുപാടു തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിലും വീണ്ടും ഒരു പുതിയ ജീവിതം തുടങ്ങുന്നതിനുള്ള അവസരം ദൈവം എനിക്കു തരുന്നതായി ഞാൻ മനസ്സിലാക്കി. ദൈവമായ യഹോവയെക്കുറിച്ച് പഠിച്ചത് എന്റെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞു. എനിക്കായി കരുതുന്ന ഒരു സ്രഷ്ടാവുണ്ടെന്ന കാര്യം വ്യക്തമാകാൻതുടങ്ങി.—1 പത്രോസ് 5:6, 7.
ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ ഇത് എന്നെ പ്രേരിപ്പിച്ചു. ഉദാഹരണത്തിന്, ബൈബിൾപഠനത്തിന്റെ ഇടയിൽ പുകവലിയെക്കുറിച്ചുള്ള വിഷയം പഠിച്ചപ്പോൾ ഞാൻ എന്നോടുതന്നെ പറഞ്ഞു: ‘ഞാൻ എല്ലാ അർഥത്തിലും ശുദ്ധനും കളങ്കമില്ലാത്തവനും ആയിരിക്കാൻ ദൈവമായ യഹോവ ആഗ്രഹിക്കുന്നെങ്കിൽ, ഇനി ഈ സിഗരറ്റുകൾക്ക് എന്റെ ജീവിതത്തിൽ ഒരു സ്ഥാനവുമുണ്ടാകില്ല.’ (2 കൊരിന്ത്യർ 7:1) അങ്ങനെ ആ സിഗരറ്റുകളുടെ സ്ഥാനം ചവറ്റുകുട്ടയായി!
മയക്കുമരുന്നിന്റെ ഉപയോഗവും അതിന്റെ കച്ചവടവും ഞാൻ നിറുത്തണമായിരുന്നു. ഇതിന് എന്റെ പഴയ പല സൗഹൃദങ്ങളും ഉപേക്ഷിക്കേണ്ടിവന്നു. അതിനൊക്കെ കുറച്ച് സമയവും ശ്രമവും എടുത്തു. ദൈവവുമായുള്ള ബന്ധത്തിന് ആ സുഹൃദ്ബന്ധങ്ങൾ ഒരു വിലങ്ങുതടിയായിരുന്നു. പതുക്കെപ്പതുക്കെ ഞാൻ ദൈവത്തിൽ കൂടുതലായി ആശ്രയിക്കാൻതുടങ്ങി. സഭയിലെ എന്റെ പുതിയ സുഹൃത്തുക്കളും എന്നെ ഒരുപാടു സഹായിച്ചു. അവർ എന്നോടു കാണിച്ച സ്നേഹവും താത്പര്യവും ഞാൻ ഇതിനു മുമ്പ് ഒരിക്കലും അനുഭവിച്ചിട്ടില്ല. മാസങ്ങൾ കടന്നുപോയപ്പോൾ മയക്കുമരുന്നിന്റെ പിടിയിൽനിന്ന് എനിക്കു മോചനം ലഭിച്ചു. ഞാൻ ‘പുതിയ വ്യക്തിത്വം ധരിച്ചു.’ അതു ദൈവത്തിന്റെ അംഗീകാരം നേടാൻ എന്നെ സഹായിക്കുമായിരുന്നു. (എഫെസ്യർ 4:24) 1985 ആഗസ്റ്റിൽ ഒരു യഹോവയുടെ സാക്ഷിയായി ഞാൻ സ്നാനമേറ്റു.
എനിക്കു ലഭിച്ച പ്രയോജനങ്ങൾ
എന്റെ ജീവിതത്തിന് ഒരു പുതിയ തുടക്കം തരാൻ ബൈബിളിനു കഴിഞ്ഞു. ശരീരത്തെയും ആത്മാഭിമാനത്തെയും നശിപ്പിക്കുന്ന ജീവിതരീതി ഉപേക്ഷിക്കാൻ അത് എന്നെ സഹായിച്ചു. എന്റെ പഴയ സുഹൃത്തുക്കളിൽ 30-ലേറെ പേർ ചെറുപ്രായത്തിൽത്തന്നെ മരിച്ചത് എയ്ഡ്സും മയക്കുമരുന്ന് ഉപയോഗംമൂലം വന്ന മറ്റു രോഗങ്ങളും കാരണമാണ്. ബൈബിൾതത്ത്വങ്ങൾ അനുസരിക്കാൻ കഴിഞ്ഞതു വലിയ അനുഗ്രഹമായെന്നു ഞാൻ കരുതുന്നു. കാരണം എനിക്ക് ഇതുപോലുള്ള പല ദുരന്തങ്ങളും ഒഴിവാക്കാനായല്ലോ!
കത്തികളും കോടാലികളും ആയി അക്രമാസക്തനായി നടന്ന എന്റെ ചെറുപ്പകാലം ഇന്നു വെറും ഓർമകൾ മാത്രം. ആ ഞാൻ ആളുകളെ സഹായിക്കുന്നതിനുവേണ്ടി അതിനുപകരം ബൈബിൾ കൈയിൽ പിടിച്ച് നടക്കുമെന്നു സ്വപ്നത്തിൽപ്പോലും ചിന്തിച്ചിരുന്നതല്ല. ഇന്നു ഞാനും ഭാര്യയും യഹോവയുടെ സാക്ഷികളുടെ മുഴുസമയശുശ്രൂഷകരായി പ്രവർത്തിക്കുന്നു.
എന്റെ മാതാപിതാക്കൾ യഹോവയുടെ സാക്ഷികളായില്ല. എന്നാൽ ഞാൻ ബൈബിൾ പഠിച്ചതുകൊണ്ട് എനിക്കുണ്ടായ പ്രയോജനങ്ങളെ അവർ അഭിനന്ദിക്കുന്നു. സാക്ഷികളെ അനുകൂലിച്ചുവരെ അച്ഛൻ സഹപ്രവർത്തകരോടു സംസാരിച്ചു. ഞാൻ കണ്ടെത്തിയ പുതിയ വിശ്വാസം നല്ല ഒരു മാറ്റത്തിലേക്കാണു നയിച്ചതെന്ന് അച്ഛനു മനസ്സിലായി. ഞാൻ നേരത്തേതന്നെ ബൈബിൾ പഠിക്കേണ്ടതായിരുന്നെന്നാണ് അമ്മ കൂടെക്കൂടെ പറയാറുള്ളത്. ആ പറഞ്ഞതു വളരെ ശരിയാണ്!
സംതൃപ്തിക്കായി മയക്കുമരുന്നിലും മറ്റു മോശമായ പ്രവൃത്തികളിലും അഭയം തേടുന്നതു ശുദ്ധമണ്ടത്തരമാണെന്ന് എന്റെ അനുഭവങ്ങൾ എന്നെ പഠിപ്പിച്ചു. ദൈവവചനം പഠിപ്പിക്കുന്ന കാര്യങ്ങൾ മറ്റുള്ളവർക്കു കാണിച്ചുകൊടുക്കുന്നതിന്റെ യഥാർഥസംതൃപ്തി ഞാൻ ഇപ്പോൾ അനുഭവിച്ചറിയുന്നു. ആ പഠിപ്പിക്കലുകളാണ് എന്റെ ജീവൻ രക്ഷിച്ചത്!