ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
എനിക്കു കിട്ടിയ മികച്ച സമ്മാനം
ജനനം: 1967
രാജ്യം: ഫിൻലൻഡ്
ചരിത്രം: പ്രൊഫഷണൽ ടെന്നീസ് കളിക്കാരൻ
മുൻകാലജീവിതം
ഫിൻലൻഡിലെ ടാംപെറിന്റെ പച്ചപ്പു നിറഞ്ഞ ശാന്തസുന്ദരമായ ഒരു പ്രാന്തപ്രദേശത്താണു ഞാൻ ജനിച്ചത്. വലിയ മതഭക്തിയൊന്നുമില്ലാത്ത ഒരു കുടുംബമായിരുന്നു എന്റേത്. എന്നാൽ വിദ്യാഭ്യാസത്തിനും നല്ല പെരുമാറ്റത്തിനും അവർ വലിയ മൂല്യം കല്പിച്ചു. എന്റെ അമ്മ ജർമൻകാരിയാണ്. ചെറുപ്പത്തിൽ ഇടയ്ക്കൊക്കെ പടിഞ്ഞാറൻ ജർമനിയിലുള്ള എന്റെ അപ്പൂപ്പനോടും അമ്മൂമ്മയോടും ഒപ്പം ഞാൻ തങ്ങാറുണ്ടായിരുന്നു.
ചെറുപ്പംതൊട്ടേ എനിക്കു സ്പോർട്സ് ഇഷ്ടമാണ്. ആദ്യമൊക്കെ ഞാൻ എല്ലാ തരം കളികളും കളിക്കുമായിരുന്നു. ഏകദേശം 14 വയസ്സായപ്പോൾ ടെന്നീസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു. 16 വയസ്സായപ്പോൾ ദിവസത്തിൽ മൂന്നു പ്രാവശ്യം ഞാൻ പരിശീലനം നടത്തുമായിരുന്നു; രണ്ടെണ്ണം പ്രൊഫഷണലായും പിന്നെ വൈകിട്ട് ഒറ്റയ്ക്കും. കളിയുടെ വ്യത്യസ്തവശങ്ങൾ എന്നെ ആവേശംകൊള്ളിച്ചു. അത് എന്നെ മാനസികമായും ശാരീരികമായും ഊർജസ്വലനാക്കി നിറുത്തി. കൂട്ടുകാരോടൊപ്പം വല്ലപ്പോഴും ബിയർ കുടിക്കുന്നത് എനിക്ക് ഇഷ്ടമായിരുന്നെങ്കിലും ഞാൻ മയക്കുമരുന്ന് ഉപയോഗിക്കുകയോ മദ്യത്തിന് അടിമയാകുകയോ ചെയ്തില്ല. ടെന്നീസിനെ ചുറ്റിപ്പറ്റിയായിരുന്നു എന്റെ ജീവിതം. അതിലായിരുന്നു എനിക്കു ജ്വരം.
17 വയസ്സായപ്പോൾ ഞാൻ പ്രൊഫഷണൽ ടെന്നീസ് കളിക്കാരുടെ സംഘത്തിന്റെ ടൂർണമെന്റുകളിൽ കളിക്കാൻ തുടങ്ങി. a കുറെ ടൂർണമെന്റുകളിൽ ജയിച്ചുകഴിഞ്ഞതോടെ ദേശീയതലത്തിൽ ഞാൻ ശ്രദ്ധ നേടി. 22-ാം വയസ്സിൽ ലോകത്തെ 50 മികച്ച ടെന്നീസ് കളിക്കാരിൽ ഒരാളായി മാറി ഞാനും.
ടെന്നീസ് കളിക്കാൻ ഞാൻ ലോകത്തിന്റെ പല ഭാഗത്തേക്കും പോയിട്ടുണ്ട്; വർഷങ്ങളോളം. മനോഹരമായ പലയിടങ്ങളും കണ്ടു. എന്നാൽ പരിസ്ഥിതിപ്രശ്നങ്ങൾ, അക്രമം, മയക്കുമരുന്നിന്റെ ഉപയോഗം ഇതുപോലുള്ള അനേകം കുഴപ്പങ്ങൾ ലോകത്ത് എല്ലായിടത്തുമുണ്ടെന്നു ഞാൻ മനസ്സിലാക്കി. ഉദാഹരണത്തിന്, ഐക്യനാടുകളിൽ പോയപ്പോൾ ചില സ്ഥലങ്ങളിലേക്കു പോകരുതെന്ന നിർദേശം ഞങ്ങൾക്കു കിട്ടി. അവിടത്തെ വലിയ അളവിലുള്ള അക്രമങ്ങളായിരുന്നു കാരണം. ഇതൊക്കെ എന്നെ അസ്വസ്ഥനാക്കി. ഞാൻ ചെയ്യുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമായിരുന്നെങ്കിലും ഓരോ ദിവസത്തിന്റെയും അവസാനം എനിക്കൊരു സന്തോഷം തോന്നിയിരുന്നില്ല.
ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
എന്റെ ഗേൾഫ്രണ്ട് സാന, യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങി. ഇത് എന്നെ അൽപ്പം അമ്പരപ്പിച്ചു. എന്നാൽ ഞാൻ പഠനത്തെ എതിർത്തില്ല. 1990-ൽ ഞങ്ങൾ വിവാഹിതരായി. അടുത്ത വർഷം അവൾ ഒരു യഹോവയുടെ സാക്ഷിയായി സ്നാനമേറ്റു. ഞാൻ വലിയ ഭക്തിയുള്ള കൂട്ടത്തിലൊന്നുമല്ലെങ്കിലും ഒരു ദൈവമുണ്ടെന്നു വിശ്വസിച്ചിരുന്നു. ജർമനിയിലുള്ള എന്റെ അമ്മൂമ്മ ബൈബിൾ ഒരുപാടു വായിക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്. എങ്ങനെ പ്രാർഥിക്കണമെന്നുപോലും എന്നെ പഠിപ്പിച്ചിരുന്നു.
ഒരു ദിവസം ഞാനും സാനയും യഹോവയുടെ സാക്ഷികളായ ഒരു ദമ്പതികളുടെ വീട്ടിൽ പോയി. കുടുംബനാഥന്റെ പേര് കെറി. ‘അവസാനകാലത്തെക്കുറിച്ചുള്ള’ ബൈബിൾപ്രവചനങ്ങൾ അദ്ദേഹം എനിക്കു കാണിച്ചുതന്നു. (2 തിമൊഥെയൊസ് 3:1-5) ഞാൻ അതിശയിച്ചുപോയി. കാരണം ലോകത്ത് കാര്യങ്ങൾ ഇത്ര വഷളായിരിക്കുന്നതിന്റെ കാരണം അതുവരെ എനിക്ക് അറിയില്ലായിരുന്നു. അന്നു ഞങ്ങൾ മതത്തെക്കുറിച്ച് അധികമൊന്നും സംസാരിച്ചില്ല. ബൈബിളിനെക്കുറിച്ച് കെറിയുമായി പിന്നീട് നടത്തിയ സംഭാഷണങ്ങളിൽനിന്ന് മനസ്സിലാക്കിയ കാര്യങ്ങൾ യുക്തിക്കു നിരക്കുന്നതായി എനിക്കു തോന്നി. അടിക്കടിയുള്ള യാത്രയും തിരക്കിട്ട ജീവിതവും കാരണം കെറിയെ നേരിട്ട് കണ്ട് സംസാരിക്കാൻ ബുദ്ധിമുട്ടായിരുന്നു. എന്നാൽ കെറി മടുത്തില്ല. പഠനസമയത്ത് ഞാൻ ചോദിച്ച ചോദ്യങ്ങൾക്കു കത്തിലൂടെ എനിക്കു മറുപടി തന്നുകൊണ്ടേയിരുന്നു. ജീവിതത്തിലെ പ്രധാനപ്പെട്ട ചോദ്യങ്ങൾക്കെല്ലാമുള്ള യുക്തിസഹമായ ഉത്തരം ബൈബിളിലുണ്ട്. പയ്യെപ്പയ്യെ ബൈബിളിന്റെ ആകമാനവിഷയം എനിക്കു മനസ്സിലായിത്തുടങ്ങി. ദൈവത്തിന്റെ രാജ്യം ദൈവത്തിന്റെ ഉദ്ദേശ്യം പൂർത്തീകരിക്കുമെന്ന കാര്യം. ദൈവത്തിന്റെ പേര് യഹോവ എന്നാണെന്നു പഠിച്ചതും ദൈവം നമുക്കുവേണ്ടി ചെയ്തിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കിയതും എന്നെ ശരിക്കും ചിന്തിപ്പിച്ചു. (സങ്കീർത്തനം 83:18) ദൈവം ചെയ്തിരിക്കുന്നതിൽ എന്നെ ഏറ്റവും ആകർഷിച്ചതു മോചനവിലയാണ്. അതു വെറുമൊരു സാങ്കേതികക്രമീകരണമോ നിയമാനുസൃതമായി ചെയ്യേണ്ട ഒരു കാര്യം മാത്രമോ ആയിരുന്നില്ല, ദൈവസ്നേഹത്തിന്റെ തെളിവായിരുന്നു. (യോഹന്നാൻ 3:16) ദൈവത്തിന്റെ ഒരു സുഹൃത്താകാനും പറുദീസാഭൂമിയിൽ സമാധാനത്തോടെ എന്നും ജീവിക്കാനും ഉള്ള അവസരം എനിക്കുണ്ടെന്നും ഞാൻ മനസ്സിലാക്കി. (യാക്കോബ് 4:8) “ഇതിനൊക്കെ എനിക്ക് എങ്ങനെ നന്ദി കാണിക്കാം” എന്നു ഞാൻ സ്വയം ചോദിക്കാൻ തുടങ്ങി.
ഞാൻ എന്റെ ജീവിതത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കി. യഥാർഥസന്തോഷം, കൊടുക്കുന്നതിലൂടെ ലഭിക്കുമെന്നു ഞാൻ ബൈബിളിൽനിന്ന് മനസ്സിലാക്കി. അതുകൊണ്ട് പഠിച്ച കാര്യങ്ങൾ മറ്റുള്ളവരോടു പറയണമെന്ന് എനിക്കു തോന്നി. (പ്രവൃത്തികൾ 20:35) പ്രൊഫഷണൽ കളിക്കാരനായതുകൊണ്ട് ടൂർണമെന്റുകളിൽ പങ്കെടുക്കുന്നതിനുവേണ്ടി വർഷത്തിൽ ഏകദേശം 200 ദിവസം വീട്ടിൽനിന്ന് മാറിനിൽക്കേണ്ടിവരും. എന്റെ പരിശീലനം, ദിനചര്യ, കരിയർ ഇതിനെയൊക്കെ ചുറ്റിപ്പറ്റിയാണു കുടുംബത്തിലെ എല്ലാ കാര്യങ്ങളും നടന്നിരുന്നത്. ഞാൻ മാറ്റം വരുത്തണമെന്ന് എനിക്കു മനസ്സിലായി.
മതപരമായ കാരണംകൊണ്ട് സ്പോർട്സ് ഉപേക്ഷിക്കുന്നതു മറ്റുള്ളവർക്കു ‘ദഹിക്കില്ലെന്ന്’ എനിക്ക് അറിയാമായിരുന്നു. എന്നാൽ യഹോവയെ മെച്ചമായി അറിയാനും നിത്യജീവൻ നേടാനും ഉള്ള അവസരത്തെക്കാൾ മൂല്യമുള്ളതല്ല ടെന്നീസ് കളിച്ചാൽ എനിക്കു കിട്ടുന്ന ഏതൊരു സമ്മാനവും. അതുകൊണ്ട് തീരുമാനമെടുക്കാൻ എളുപ്പമായിരുന്നു. മറ്റുള്ളവർ എന്തു പറഞ്ഞാലും അതു കാര്യമാക്കില്ലെന്നു ഞാൻ തീരുമാനിച്ചു. അതായിരുന്നു ഞാൻ എടുക്കേണ്ട തീരുമാനം. ഇത്തരത്തിലുള്ള സമ്മർദം ചെറുക്കാൻ എന്നെ സഹായിച്ച ഒരു ബൈബിൾവാക്യമായിരുന്നു സങ്കീർത്തനം 118:6: “യഹോവ എന്റെ പക്ഷത്തുണ്ട്; ഞാൻ പേടിക്കില്ല. മനുഷ്യന് എന്നോട് എന്തു ചെയ്യാനാകും?”
ഈ സമയത്താണ് ഒരു വമ്പൻ ഓഫറുമായി ചില സ്പോൺസർമാർ എന്റെ അടുത്ത് വരുന്നത്. കുറെ വർഷത്തേക്ക് യാതൊരു പേടിയും കൂടാതെ പ്രൊഫഷണൽ ടെന്നീസിൽ തുടരാൻ കഴിയുന്ന ഒരു മികച്ച ഓഫർ. എന്നാൽ ഞാൻ മനസ്സുകൊണ്ട് ഒരുങ്ങിയിരുന്നതുകൊണ്ട് ആ വാഗ്ദാനം നിരസിച്ചു. പതിയെ പ്രൊഫഷണൽ ടെന്നീസ് കളി നിറുത്തി. ബൈബിൾപഠനം തുടർന്നു. 1994 ജൂലൈ 2-നു ഞാൻ സ്നാനമേറ്റു.
എനിക്കു ലഭിച്ച പ്രയോജനങ്ങൾ
എന്റെ കാര്യത്തിൽ, ദൈവത്തെക്കുറിച്ച് ചിന്തിക്കാൻ ജീവിതത്തിൽ ഒരു ദുരന്തം വരേണ്ടിവന്നില്ല. സത്യം അന്വേഷിച്ച് നടന്ന ആളുമായിരുന്നില്ല ഞാൻ. ജീവിതം വളരെ നന്നായി പോകുന്നു എന്ന് തോന്നിയതുകൊണ്ട് കൂടുതലൊന്നും ഞാൻ പ്രതീക്ഷിച്ചില്ല. എന്നാൽ ഞാൻ ബൈബിൾസത്യം കണ്ടെത്താനായി അത് എനിക്കുവേണ്ടി കാത്തിരിക്കുന്നതുപോലെയായിരുന്നു. തികച്ചും അപ്രതീക്ഷിതമായി ഞാൻ ഇതൊക്കെ പഠിക്കാൻ തുടങ്ങി. ജീവിതത്തിന് വലിയ അർഥമുണ്ടെന്നു ഞാൻ മനസ്സിലാക്കി. ഞാൻ വിചാരിച്ചതിനെക്കാളൊക്കെ മെച്ചമായി എന്റെ ജീവിതം. ഞങ്ങളുടെ കുടുംബം ഇന്ന് മുമ്പെന്നത്തെക്കാളും കരുത്തും ഐക്യവും ഉള്ളതാണ്. എന്റെ മൂന്നു മക്കളും എന്റെ കാൽച്ചുവടു പിന്തുടർന്നു; ടെന്നീസ് കളിക്കാരായിട്ടല്ല ക്രിസ്ത്യാനികളായിട്ട്. അതിൽ എനിക്കു വളരെ സന്തോഷമുണ്ട്.
ടെന്നീസ് കളി ഇപ്പോഴും എനിക്ക് ഇഷ്ടമാണ്. ടെന്നീസ് കോച്ചായും ടെന്നീസ് സെന്ററിന്റെ മാനേജരായും ഞാൻ ജോലി ചെയ്യുന്നു. ഇപ്പോൾ എന്റെ ജീവിതം സ്പോർട്സിനെ കേന്ദ്രീകരിച്ചല്ല. മുമ്പ് മികച്ച ടെന്നീസ് കളിക്കാരൻ അല്ലെങ്കിൽ ഒരു ചാമ്പ്യൻ ആകുന്നതിനുവേണ്ടി എല്ലാ ആഴ്ചയും ധാരാളം മണിക്കൂർ ഞാൻ പരിശീലനം നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ മുഴുസമയ സുവിശേഷപ്രവർത്തനം ചെയ്തുകൊണ്ട്, എന്റെ ജീവിതത്തിനു മാറ്റം വരുത്താൻ സഹായിച്ച ബൈബിൾതത്ത്വങ്ങൾ ഞാൻ മറ്റുള്ളവരെയും പഠിപ്പിക്കുന്നു. യഹോവയുമായുള്ള എന്റെ ബന്ധത്തിനു മുൻതൂക്കം കൊടുക്കുന്നു. ഒരു നല്ല ഭാവിയെക്കുറിച്ചുള്ള എന്റെ പ്രത്യാശ ഞാൻ മറ്റുള്ളവരെ അറിയിക്കുന്നു. ഇതൊക്കെ എനിക്കു വലിയ സന്തോഷം തരുന്നു.—1 തിമൊഥെയൊസ് 6:19.
a പുരുഷന്മാരുടെ പ്രൊഫഷണൽ ടെന്നീസ് പരമ്പരകളുടെ നേതൃസംഘമാണു പ്രൊഫഷണൽ ടെന്നീസ് കളിക്കാരുടെ സംഘം. ഇവർ സംഘടിപ്പിക്കുന്ന കളികളിൽ വിജയിക്കുന്നവർക്കു പോയിന്റും ക്യാഷ് പ്രൈസും ലഭിക്കും. ഈ പോയിന്റിന്റെ അടിസ്ഥാനത്തിലാണു കളിക്കാരുടെ ലോക റാങ്കിങ് നിശ്ചയിക്കുന്നത്.