അവർ ഒരു പർപ്പിൾ ട്രയാംഗിൾ ധരിച്ചിരുന്നു
ഫ്രാൻസിലെ ഒരു സ്കൂളിലാണു മോഡ് ജോലി ചെയ്തിരുന്നത്. ക്ലാസിന്റെ സമയത്ത് വൈകല്യമുള്ള കുട്ടികളെ സഹായിക്കുന്നതായിരുന്നു മോഡിന്റെ ജോലി. ഒരിക്കൽ അധ്യാപകൻ നാസി തടങ്കൽപ്പാളയത്തെക്കുറിച്ചും അവിടെ നടന്നിരുന്ന കൂട്ടക്കൊലയെക്കുറിച്ചും കുട്ടികളെ പഠിപ്പിക്കുകയായിരുന്നു. നാസിക്യാമ്പിലെ തടവുകാരുടെ യൂണിഫോമിൽ പ്രത്യേക നിറത്തിലുള്ള തുണിക്കഷണം തുന്നിച്ചേർക്കുമായിരുന്നു. അതിന്റെ നിറവും ആകൃതിയും എന്തിനാണ് അവരെ തടവിലാക്കിയതെന്നു തിരിച്ചറിയിക്കുമായിരുന്നു.
യൂണിഫോമിൽ പർപ്പിൾ ട്രയാംഗിൾ തുന്നിച്ചേർത്ത തടവുകാരെക്കുറിച്ച് അധ്യാപകൻ പറഞ്ഞത് ഇങ്ങനെയാണ്: “ഇവർ സ്വവർഗഭോഗികളായിരുന്നിരിക്കാം.” ഇതു കേട്ട മോഡ് ക്ലാസ് കഴിഞ്ഞപ്പോൾ അധ്യാപകനോട്, പർപ്പിൾ ട്രയാംഗിൾ യഹോവയുടെ സാക്ഷികളെ തിരിച്ചറിയിക്കാനാണു നാസികൾ ഉപയോഗിച്ചിരുന്നതെന്നു പറഞ്ഞു. a അതെക്കുറിച്ച് പറയുന്ന ചില പുസ്തകങ്ങൾ കൊണ്ടുവരാമെന്നും പറഞ്ഞു. അധ്യാപകൻ അതിനു സമ്മതിച്ചു. എന്നിട്ട് ആ കാര്യങ്ങളെക്കുറിച്ച് കുട്ടികൾക്കു പറഞ്ഞുകൊടുക്കാനും മോഡിനോട് ആവശ്യപ്പെട്ടു.
ഈ വിഷയത്തെക്കുറിച്ച് വേറൊരു അധ്യാപിക മറ്റൊരു ക്ലാസിൽ പഠിപ്പിച്ചപ്പോൾ തടവുകാരുടെ വസ്ത്രത്തിലെ വ്യത്യസ്ത അടയാളങ്ങളെക്കുറിച്ചുള്ള ഒരു ചാർട്ട് കാണിച്ചു. പർപ്പിൾ ട്രയാംഗിൾ യഹോവയുടെ സാക്ഷികളെയാണു കുറിക്കുന്നതെന്ന് ആ ചാർട്ടിൽ കൃത്യമായിട്ട് കൊടുത്തിട്ടുണ്ടായിരുന്നു. ആ ക്ലാസിനു ശേഷം ഈ വിഷയത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അടങ്ങിയ പുസ്തകം തരാമെന്നു മോഡ് അധ്യാപികയോടു പറഞ്ഞു. അതെക്കുറിച്ച് കുട്ടികളോടു സംസാരിക്കാനുള്ള ക്രമീകരണങ്ങൾ ആ അധ്യാപിക ചെയ്തു.
ആദ്യത്തെ ക്ലാസിൽ 15 മിനിട്ട് സംസാരിക്കാനാണു മോഡ് തയ്യാറായത്. എന്നാൽ അധ്യാപിക പറഞ്ഞു: “സംസാരിക്കാൻ കൂടുതൽ സമയമെടുത്തോളൂ.” നാസി തടങ്കൽപ്പാളയത്തിൽ കഴിയുന്ന യഹോവയുടെ സാക്ഷികളെക്കുറിച്ചുള്ള ഒരു വീഡിയോ മോഡ് കാണിക്കാൻ തുടങ്ങി. 800 സാക്ഷിക്കുട്ടികളെ അവരുടെ മാതാപിതാക്കളുടെ അടുത്തുനിന്ന് നാസികൾ പിടിച്ചുകൊണ്ടുപോകുന്ന ഭാഗം വന്നപ്പോൾ മോഡ് വീഡിയോ നിറുത്തിയിട്ട് അതിലെ മൂന്നു കുട്ടികളുടെ അനുഭവങ്ങൾ വായിച്ചുകേൾപ്പിച്ചു. വീഡിയോ മുഴുവൻ കണ്ടശേഷം, ഓസ്ട്രിയയിലെ 19 വയസ്സുള്ള ഗേർഹാർട്ട് ഷ്റ്റൈനാഷറിന്റെ കത്തു വായിച്ചുകൊണ്ട് മോഡ് അവസാനിപ്പിച്ചു. 1940-ൽ നാസികളുടെ കൈകളാൽ വധശിക്ഷ അനുഭവിക്കുന്നതിനു തൊട്ടുമുമ്പ് ഗേർഹാർട്ട് മാതാപിതാക്കൾക്ക് അവസാനമായി എഴുതിയ കത്തായിരുന്നു അത്. b
ഏതാണ്ട് അതേ രീതിയിൽത്തന്നെ മോഡ് രണ്ടാമത്തെ ക്ലാസിലും കാര്യങ്ങൾ അവതരിപ്പിച്ചു. മോഡ് കാണിച്ച ധൈര്യം കാരണം ആ രണ്ടു അധ്യാപകരും നാസി തടങ്കൽപ്പാളയത്തെക്കുറിച്ച് പഠിപ്പിക്കുമ്പോഴെല്ലാം യഹോവയുടെ സാക്ഷികളെക്കുറിച്ച് പറയാൻ മറക്കാറില്ല.
a രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമനിയിലെ യഹോവയുടെ സാക്ഷികൾ ബിബെൽഫോർഷർ (ബൈബിൾവിദ്യാർഥികൾ) എന്നാണ് അറിയപ്പെട്ടിരുന്നത്. നാസിഭരണകൂടത്തെ പിന്തുണയ്ക്കാതിരുന്നതുകൊണ്ട് അവരെ തടവിലാക്കിയിരുന്നു.
b ജർമൻസൈന്യത്തിൽ ചേരാൻ വിസമ്മതിച്ചതുകൊണ്ട് ഗേർഹാർട്ട് ഷ്റ്റൈനാഷറിനെ വധശിക്ഷയ്ക്കു വിധിച്ചു. യാത്രാമൊഴിയിൽ അവൻ ഇങ്ങനെ എഴുതി: “ഞാൻ ഇപ്പോഴും ഒരു കുട്ടിയാണ്. കർത്താവ് ശക്തി തന്നാൽ മാത്രമേ എനിക്കു പിടിച്ചുനിൽക്കാനാകൂ. അതിനായാണു ഞാൻ അപേക്ഷിക്കുന്നതും.” പിറ്റേന്നു രാവിലെ ഗേർഹാർട്ടിന്റെ വധശിക്ഷ നടപ്പാക്കി. ഗേർഹാർട്ടിന്റെ കല്ലറയ്ക്കൽ ഒരു വാചകം എഴുതിവെച്ചിട്ടുണ്ട്. ആ വാക്കുകൾ ഇതാണ്: “ദൈവമഹത്ത്വത്തിനായി വെടിഞ്ഞ ജീവൻ.”