ഓക്ക് മരത്തിൽനിന്നുള്ള പ്രാർഥനകൾ
“യഹോവയെ സേവിക്കുന്ന ഒരു കുടുംബത്തിലാണു ഞാൻ വളർന്നുവന്നത്” എന്ന് ഇപ്പോൾ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ താമസിക്കുന്ന റെയ്ച്ചൽ പറയുന്നു. “പക്ഷേ, എനിക്ക് ഏഴ് വയസ്സുള്ളപ്പോൾ പപ്പ യഹോവയുടെ സാക്ഷികളോടൊത്ത് സഹവസിക്കുന്നതു നിറുത്തി, സത്യത്തെ ശക്തമായി എതിർക്കാനും തുടങ്ങി. അത് എന്നെ വല്ലാതെ വിഷമിപ്പിച്ചു. ഞാൻ യഹോവയെ ആരാധിക്കുന്നതു തടയാൻ പപ്പ പരമാവധി ശ്രമിച്ചു. അതിനുവേണ്ടി പല മോഹനവാഗ്ദാനങ്ങളും നൽകി. ഒരു മൊബൈൽ വാങ്ങിത്തരാമെന്നും ഡിസ്നിലാന്റിലേക്കു ട്രിപ്പ് പോകാമെന്നും ക്രെഡിറ്റ് കാർഡ് തരാമെന്നും എല്ലാം പറഞ്ഞു. ചില സമയത്ത് എന്നെ മുഷ്ടി ചുരുട്ടി ഇടിക്കുകപോലും ചെയ്തു. നിനക്കു നടക്കാനോ സംസാരിക്കാനോ കഴിയില്ലെങ്കിൽ പിന്നെ എങ്ങനെ മീറ്റിങ്ങിനു പോകും എന്നു പപ്പ എന്നോടു പറയുമായിരുന്നു. പക്ഷേ, അതൊന്നും ഫലിച്ചില്ല. മീറ്റിങ്ങിനു പോകാൻതന്നെയായിരുന്നു എന്റെ തീരുമാനം.
“അമ്മ ഇല്ലാത്തപ്പോഴായിരുന്നു പപ്പ എന്നെ ഇടിച്ചിരുന്നത്. ഇതെങ്ങാനും പോയി അമ്മയോടു പറഞ്ഞാൽ അമ്മയെയും ഞാൻ ഇടിക്കും എന്നു പപ്പ എന്നോടു പറഞ്ഞു. എന്റെ ദേഹത്തുവന്ന മുറിവുകളൊക്കെ പപ്പ എന്നെ നിർബന്ധിച്ച് പരിശീലിപ്പിച്ച ആയോധനകലയുടെ ഭാഗമാണെന്നു വരുത്തിത്തീർക്കാൻ അദ്ദേഹം ശ്രമിക്കും.
“അന്നു ഞാൻ തീരെ ചെറുപ്പമായിരുന്നു. പപ്പയെ ഭയങ്കര പേടിയായിരുന്നതുകൊണ്ട് അമ്മയോട് ഇതെക്കുറിച്ചൊക്കെ പറയാൻ എനിക്കു ധൈര്യമില്ലായിരുന്നു. അതുകൊണ്ട് ഞാൻ എല്ലാം യഹോവയോടു പറഞ്ഞു. യു.എസ്.എ-യിലെ മേരിലാൻഡിൽ എന്റെ വീടിനു പുറകിലുള്ള ഒരു കാട്ടിലൂടെ ഞാൻ നടക്കും. അവിടെ ഞാൻ സാധാരണ കയറി ഇരിക്കുന്ന ഒരു ഓക്ക് മരമുണ്ട്. അതിന്റെ നല്ലൊരു ശിഖിരത്തിൽ ഇരുന്ന് ഞാൻ യഹോവയോടു പ്രാർഥിക്കും. എന്റെ മനസ്സിലെ വിഷമങ്ങളും വലുതാകുമ്പോൾ ഞാൻ യഹോവയ്ക്കുവേണ്ടി എന്തൊക്കെ ചെയ്യുമെന്നും എല്ലാം ഞാൻ യഹോവയോടു പറഞ്ഞു. പക്ഷേ, അതുവരെ യഹോവ എന്റെ ജീവൻ രക്ഷിച്ചാലെ അതു നടക്കൂ. വരാനിരിക്കുന്ന പുതിയ ലോകത്ത് ഞാൻ എന്തൊക്കെ ചെയ്യുമെന്നും, അപ്പോൾ എനിക്കുണ്ടായിരിക്കുന്ന കുടുംബത്തെക്കുറിച്ചും, വേദനയോ പേടിയോ ഒന്നും ഇല്ലാതെ സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നതിനെക്കുറിച്ചും എല്ലാം ഞാൻ യഹോവയോടു സംസാരിച്ചു.
“വാഗ്ദാനങ്ങൾ നൽകിയും അടിച്ചും ഒക്കെ പപ്പ എന്നെ ദൈവത്തിൽനിന്ന് അകറ്റാൻ ശ്രമിക്കുമ്പോൾ, യഹോവയുടെ കൈ എന്നെ ആശ്വസിപ്പിച്ചു, എന്നെ ശക്തിപ്പെടുത്തി. വിശ്വസ്തതയോടെയും ധൈര്യത്തോടെയും നിൽക്കാൻ ദൈവം എന്നെ സഹായിച്ചു.
“പത്താമത്തെ വയസ്സിൽ ഞാൻ സ്നാനമേറ്റു. രണ്ടു വർഷം കഴിഞ്ഞ് മുൻനിരസേവനം ആരംഭിച്ചു. ആദ്യമൊന്നും ഇതെക്കുറിച്ച് പപ്പയ്ക്ക് അറിയില്ലായിരുന്നു. പിന്നീട്, അത് അറിഞ്ഞപ്പോൾ പപ്പ മുഷ്ടി ചുരുട്ടി എന്റെ താടിക്കിട്ട് ഇടിച്ചു. എന്റെ താടിയെല്ലിന്റെ സ്ഥാനം തെറ്റി.
“ഞാൻ തീരെ ചെറുപ്പമായിരുന്നതുകൊണ്ട് മുൻനിരസേവനം ചെയ്യുന്നതിനെ പലരും നിരുത്സാഹപ്പെടുത്തി. ഈ സേവനത്തിന്റെ ഗൗരവം എനിക്ക് അറിയില്ലെന്നാണ് അവർ വിചാരിച്ചത്. കാലം കടന്നുപോയപ്പോൾ ഞാൻ താമസിക്കുന്ന സ്ഥലത്തുള്ള ചെറുപ്പക്കാരായ അനേകം സാക്ഷികൾ യഹോവയിൽനിന്ന് അകന്നുപോകുന്നതായി ഞാൻ കണ്ടു. കളിയും ചിരിയും പാർട്ടിയും ഒക്കെയായിരുന്നു അവർക്ക് ഏറ്റവും പ്രധാനം. അതൊക്കെ കണ്ടപ്പോൾ നല്ല രസമായിരിക്കുമല്ലോ എന്ന് ഇടയ്ക്ക് എനിക്കും തോന്നി. ഞാൻ ചിന്തിച്ചു, ‘ഈ പ്രസംഗപ്രവർത്തനമൊക്കെ നിറുത്തി എന്തുകൊണ്ട് എനിക്ക്, എന്റെ പ്രായത്തിലുള്ളവരെപ്പോലെ ആയിക്കൂടാ.’ പക്ഷേ, അങ്ങനെ തോന്നിയപ്പോഴെല്ലാം അതെക്കുറിച്ച് ഞാൻ യഹോവയോടു സംസാരിച്ചു.
“എനിക്ക് ഏകദേശം 15 വയസ്സുള്ളപ്പോൾ അറിയപ്പെടുന്ന ഒരു മോഡലിങ് കമ്പനിയിൽനിന്ന് എനിക്ക് ഒരു ക്ഷണം കിട്ടി. ഇറ്റലിയിലെ മിലാനിലുള്ള അവരുടെ കമ്പനിക്കുവേണ്ടി ജോലി ചെയ്താൽ നല്ല പ്രതിഫലം നൽകാമെന്ന് അവർ വാഗ്ദാനം ചെയ്തു. എനിക്കു നല്ലൊരു മോഡലാകാം, മാസികകളിലൊക്കെ എന്റെ ഫോട്ടോകൾ വരും, വിലകൂടിയ വസ്ത്രങ്ങളൊക്കെ ഇട്ട് ഫാഷൻഷോകളിൽ പങ്കെടുക്കാം. അതൊക്കെ ഓർത്തപ്പോൾ കൊള്ളാമെന്ന് എനിക്കും തോന്നി. ഞാൻ അപ്പോൾ ഏകദേശം മൂന്നു വർഷമായിട്ട് മുൻനിരസേവനം ചെയ്യുകയായിരുന്നു. ഞാൻ ഓർത്തു, ‘ഈ ജോലി കിട്ടിയാൽ എനിക്കു നല്ലൊരു വരുമാനമാർഗമാകുമല്ലോ. അപ്പോൾ കുറെ നാളുകൂടി എനിക്കു മുൻനിരസേവനം ചെയ്യാം.’ അതുപോലെ പപ്പ ഞങ്ങളെ വിട്ടുപോയിരുന്നതുകൊണ്ട് ഈ തുക കിട്ടുകയാണെങ്കിൽ അമ്മയ്ക്കു ചെലവുകൾ നടത്താൻ ഒരു സഹായമാകുമല്ലോ എന്നും ഞാൻ ചിന്തിച്ചു.
“ഞാൻ യഹോവയോടു പ്രാർഥിച്ചു. വർഷങ്ങളായി മുൻനിരസേവനം ചെയ്യുന്ന എന്റെ അമ്മയോടും സ്നേഹമുള്ള, നല്ല പക്വതയുള്ള ഒരു മൂപ്പനോടും ഇതെക്കുറിച്ച് പറഞ്ഞു. എന്നത്തേയുംപോലെതന്നെ ഞാൻ ഓക്ക് മരത്തിൽ പോയി ഇരുന്ന് കുറെ നേരം പ്രാർഥിച്ചു. ആ മൂപ്പൻ കാണിച്ച വാക്യത്തിലൂടെ യഹോവയിൽനിന്നുള്ള ഉത്തരം എനിക്കു കിട്ടി. അത് സഭാപ്രസംഗകൻ 5:4 ആണ്. അവിടെ പറയുന്നത് ഇങ്ങനെയാണ്: ‘ദൈവത്തിനു നേർച്ച നേർന്നാൽ അതു നിറവേറ്റാൻ വൈകരുത്. . . . നീ നേരുന്നതു നിറവേറ്റുക.’ ഞാൻ യഹോവയെ മുഴുസമയം സേവിച്ചുകൊള്ളാമെന്നു നേർച്ച നേർന്നതാണ്. ഈ ജോലി ഏറ്റെടുത്താൽ യഹോവയുമായുള്ള ബന്ധത്തിന് ഒരു തടസ്സമാകുമോ എന്ന് എനിക്കു പേടിതോന്നി. അതുകൊണ്ട് ആ ജോലി വേണ്ടെന്നുവെക്കാൻ ഞാൻ തീരുമാനിച്ചു.
“അങ്ങനെ ചെറുപ്പത്തിലെ ദുരിതങ്ങളെയെല്ലാം ഞാൻ അതിജീവിച്ചു. ഇപ്പോൾ ഭർത്താവ് ഹാസീറിനോടും ഒൻപതു വയസ്സുള്ള മകൻ ക്യാനറിനോടും ഒപ്പം സന്തോഷത്തോടെ ജീവിക്കുന്നു. ഹാസീർ ഒരു മൂപ്പനാണ്. ക്യാനർ സ്നാനപ്പെടാത്ത ഒരു പ്രചാരകനും. ഞാൻ ഇപ്പോൾ ഏകദേശം 27 വർഷമായിട്ട് മുഴുസമയസേവനത്തിലാണ്.
ഓക്ക് മരത്തിൽ ഇരുന്ന് കുറെ നേരം യഹോവയോടു സംസാരിച്ചിരുന്ന ആ കാലം ഞാൻ ഇടയ്ക്കിടയ്ക്ക് ഓർക്കും. അന്നൊക്കെ എന്നെ സഹായിക്കേണമേ എന്ന് ഞാൻ യഹോവയോടു യാചിക്കുമായിരുന്നു. യഹോവ അതിശയിപ്പിക്കുന്ന രീതിയിൽ എനിക്കുവേണ്ടി അതു ചെയ്തു. യഹോവ എന്നെ ശക്തിപ്പെടുത്തി, എന്നെ ആശ്വസിപ്പിച്ചു, എന്നെ വഴിനടത്തി. ജീവിതത്തിലുടനീളം താൻ എത്ര നല്ല പിതാവാണെന്ന് യഹോവ എന്നെ വീണ്ടുംവീണ്ടും കാണിച്ചു. മുഴുഹൃദയത്തോടെ യഹോവയെ സേവിക്കാൻ തീരുമാനിച്ചതിൽ എനിക്ക് ഇപ്പോൾ സന്തോഷമുണ്ട്. ഞാൻ ജീവിതത്തിൽ എടുത്ത ഏറ്റവും നല്ല തീരുമാനവും അതുതന്നെയായിരുന്നു.”