കുപിതരായ പുരോഹിതന്മാർ
സർക്കിട്ട് മേൽവിചാരകനായ ആർതർ, അർമേനിയയിൽ യഹോവയുടെ സാക്ഷികളുടെ ഒരു സഭ സന്ദർശിക്കുന്ന സമയം. ആ സഭയിലുള്ളവർ പൊതുസ്ഥലത്തു ബൈബിൾപ്രസിദ്ധീകരണങ്ങൾ വെച്ചുകൊണ്ടുള്ള പരസ്യസാക്ഷീകരണം അതുവരെ നടത്തിയിട്ടില്ലായിരുന്നു. അതിനുള്ള പരിശീലനം സഭയ്ക്കു കൊടുക്കാൻവേണ്ടി ആർതറും ഭാര്യ അന്നയും ജിറായർ എന്നു പേരുള്ള മറ്റൊരാളും ടൗണിൽ പ്രസിദ്ധീകരണത്തിന്റെ കാർട്ട് വെച്ചു. ധാരാളം കാൽനടയാത്രക്കാർ പോകുന്ന ഒരു സ്ഥലത്താണ് അതു വെച്ചത്.
അതുവഴി കടന്നുപോകുന്നവർ കാർട്ട് ശ്രദ്ധിക്കാനും പ്രസിദ്ധീകരണങ്ങൾ എടുക്കാനും തുടങ്ങി. സാക്ഷീകരണത്തിന്റെ ഈ പുതിയ രീതി എതിരാളികളെയും ആകർഷിച്ചു. അതുവഴി പോയ രണ്ടു പുരോഹിതന്മാർ കാർട്ടിന്റെ അടുത്ത് വന്ന് ഒന്നും പറയാതെ, ആ കാർട്ട് തട്ടിത്തെറിപ്പിച്ച് താഴെയിട്ടു. എന്നിട്ട് ആർതറിന്റെ മുഖത്ത് അടിച്ചു, അദ്ദേഹത്തിന്റെ കണ്ണട താഴെ വീണു. ആർതറും അന്നയും ജിറായറും പുരോഹിതന്മാരെ ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും അതിൽ വിജയിച്ചില്ല. പുരോഹിതന്മാർ വളരെ ദേഷ്യത്തോടെ കാർട്ട് ചവിട്ടി പ്രസിദ്ധീകരണങ്ങൾ ചിതറിച്ചു. സാക്ഷികളെ പ്രാകുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ട് അവർ പോയി.
ആർതറും അന്നയും ജിറായറും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാൻ പോയി. നടന്ന കാര്യം അവരെ അറിയിച്ചു. അതിനു ശേഷം ബൈബിളിനെക്കുറിച്ച് അവിടെയുള്ള പോലീസുകാരോടും മറ്റു ഉദ്യോഗസ്ഥരോടും അവർ സംസാരിച്ചു. പിന്നീട്, അവരെ അവിടുത്തെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്റെ അടുത്തേക്കു കൊണ്ടുപോയി. ആദ്യം, സംഭവിച്ച കാര്യത്തെക്കുറിച്ച് അദ്ദേഹം ചോദിച്ച് മനസ്സിലാക്കി. പുരോഹിതന്മാർ അടിച്ചിട്ടും നല്ല ആരോഗ്യമുള്ള ആർതർ തിരിച്ചൊന്നും ചെയ്തില്ലെന്നു കേട്ടപ്പോൾ അദ്ദേഹം കേസിന്റെ കാര്യങ്ങളൊക്കെ സംസാരിക്കുന്നതു നിറുത്തി. എന്നിട്ട്, സാക്ഷികളുടെ വിശ്വാസങ്ങളെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി. ഇത് ഏതാണ്ട് നാലു മണിക്കൂറോളം നീണ്ടു. കാര്യങ്ങൾ കേട്ടപ്പോൾ അദ്ദേഹത്തിന് വലിയ താത്പര്യമായി. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ മതം കൊള്ളാമല്ലോ. എനിക്കും അതിൽ ചേരണമെന്നുണ്ട്!”
അടുത്ത ദിവസം ആർതർ വീണ്ടും പരസ്യസാക്ഷീകരണം തുടങ്ങി. അപ്പോൾ കഴിഞ്ഞ ദിവസം സംഭവിച്ച കാര്യങ്ങളൊക്കെ കണ്ട ഒരാൾ ആർതറിന്റെ അടുത്ത് വന്നു. ആർതറിന്റെ ആത്മനിയന്ത്രണത്തെക്കുറിച്ചും സമനിലയെക്കുറിച്ചും അദ്ദേഹം പ്രശംസിച്ച് സംസാരിച്ചു. കഴിഞ്ഞ ദിവസത്തെ സംഭവം, പുരോഹിതന്മാരോടു തനിക്കുണ്ടായിരുന്ന സകല ബഹുമാനവും ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു.
അന്നു വൈകുന്നേരം ആർതറിനെ ആ ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ വിളിപ്പിച്ചു. കേസിനെക്കുറിച്ച് സംസാരിക്കാനല്ല പകരം ബൈബിളിനെക്കുറിച്ച് കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ. ആ ചർച്ചയിൽ മറ്റു രണ്ടു പോലീസുകാരും കൂടി.
അടുത്ത ദിവസം ആർതർ ആ പോലീസ് ഉദ്യോഗസ്ഥനെ വീണ്ടും സന്ദർശിച്ചു. ഈ പ്രാവശ്യം ബൈബിളധിഷ്ഠിതമായ ചില വീഡിയോകൾ അദ്ദേഹത്തെ കാണിച്ചു. ആ വീഡിയോകൾ കാണാൻ അദ്ദേഹം മറ്റു പോലീസുകാരെയും ക്ഷണിച്ചു.
പുരോഹിതന്റെ മോശം പെരുമാറ്റം കാരണം പല പോലീസുകാർക്കും ആദ്യമായി നല്ല സാക്ഷ്യം ലഭിച്ചു. യഹോവയുടെ സാക്ഷികളെക്കുറിച്ച് അവർക്ക് മതിപ്പു തോന്നാൻ അത് ഇടയാക്കി.