വാഷിംഗ് മെഷീന് അടിയിലെ കുറിപ്പുകൾ
ഒരു യഹോവയുടെ സാക്ഷിയായി സ്നാനമേറ്റതിനു ശേഷം സെറീന റഷ്യയിൽനിന്ന് സ്വന്തം നാടായ സെൻട്രൽ ഏഷ്യയിലേക്കു തിരിച്ചെത്തി. രണ്ടു പെൺമക്കളെയും തന്റെ വിശ്വാസത്തിനു ചേർച്ചയിൽ വളർത്തുക എന്നതായിരുന്നു മനസ്സിൽ. സാമ്പത്തികസ്ഥിതി അത്ര നല്ലതല്ലായിരുന്നതുകൊണ്ട് മാതാപിതാക്കളും അനിയനും ഭാര്യയും താമസിക്കുന്ന ഒറ്റമുറി അപ്പാർട്ടുമെന്റിലാണ് അവർ താമസിച്ചത്. മക്കളെ ബൈബിൾസത്യം പഠിപ്പിക്കരുതെന്നു സെറീനയുടെ മാതാപിതാക്കൾ പറഞ്ഞിട്ടുണ്ടായിരുന്നു. ബൈബിളിനെക്കുറിച്ച് അമ്മയോടു സംസാരിക്കരുതെന്നു മക്കളോടും അവർ പറഞ്ഞിരുന്നു.
മക്കളെ യഹോവയെപ്പറ്റി എങ്ങനെ പഠിപ്പിക്കാം എന്നതിനെക്കുറിച്ച് സെറീന കാര്യമായി ചിന്തിച്ചു. (സുഭാഷിതങ്ങൾ 1:8) സെറീന മാർഗനിർദേശത്തിനും ജ്ഞാനത്തിനും വേണ്ടി ദൈവത്തോടു ഉള്ളുരുകി പ്രാർഥിച്ചു, അതിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്തു. സെറീന മക്കളോടൊപ്പം നടക്കാനും ആ സമയത്ത് സൃഷ്ടിയിലെ അത്ഭുതങ്ങളെക്കുറിച്ച് അവരോടു സംസാരിക്കാനും തുടങ്ങി. അങ്ങനെ സ്രഷ്ടാവിലുള്ള അവരുടെ താത്പര്യം വളർന്നു.
ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? a എന്ന പുസ്തകം ഉപയോഗിച്ചുകൊണ്ട് സെറീന മക്കളുടെ ആ താത്പര്യം കൂട്ടാൻ ശ്രമിച്ചു. അതിനു ഖണ്ഡികകളും ചോദ്യങ്ങളും പുസ്തകത്തിൽനിന്ന് പേപ്പറിലേക്കു പകർത്തിയെഴുതും. ആ വിവരങ്ങൾ ശരിക്കും മക്കൾക്കു മനസ്സിലാകാൻ ഏതാനും ചില വാചകങ്ങൾകൂടെ സെറീന എഴുതുമായിരുന്നു. എന്നിട്ട് പേപ്പറുകളും കൂടെ ഒരു പെൻസിലും കുളിമുറിയിലെ വാഷിംഗ് മെഷീന് അടിയിൽ ഒളിപ്പിച്ചുവെക്കും. മക്കൾ അങ്ങോട്ടു വരുമ്പോൾ അവർ അത് വായിക്കുകയും ഉത്തരങ്ങൾ അതിൽ എഴുതുകയും ചെയ്യും.
മക്കളുമായി ഒറ്റയ്ക്കു താമസിക്കാൻ ഒരിടം കിട്ടുന്നതുവരെ ഈ രീതിയിലൂടെ സെറീന ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിന്റെ രണ്ടു പാഠങ്ങൾ മക്കളെ പഠിപ്പിച്ചു. പുതിയ സ്ഥലത്ത് തടസ്സങ്ങളൊന്നുമില്ലാതെ മക്കളെ വളർത്തിക്കൊണ്ടുവരാൻ സെറീനയ്ക്കു കഴിഞ്ഞു. 2016 ഒക്ടോബറിൽ സെറീനയുടെ രണ്ടു മക്കളും സ്നാനപ്പെട്ടു. മക്കളെ ആത്മീയമായി വളർത്താൻ ആ അമ്മ ജ്ഞാനവും വിവേകവും കാണിച്ചത് എത്ര നന്നായി!
a ജീവിതം ആസ്വദിക്കാം പുസ്തകമാണു മിക്കവരും ഇപ്പോൾ ഉപയോഗിക്കുന്നത്.