അന്ധയായ ഒരു സ്ത്രീയുടെ പ്രാർഥനകൾക്ക് ഉത്തരം കിട്ടുന്നു
ഏഷ്യയിലെ ഒരു യഹോവയുടെ സാക്ഷിയായ യാൻമി ഒരിക്കൽ മിങ്ജി എന്നു പേരുള്ള അന്ധയായ ഒരു സ്ത്രീയെ റോഡ് മുറിച്ചു കടക്കാൻ സഹായിച്ചു. a അപ്പോൾ മിങ്ജി പറഞ്ഞു: “നന്ദി, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!” യാൻമി അവരോട്, തന്റെകൂടെ ബൈബിൾ പഠിക്കാൻ ആഗ്രഹമുണ്ടോ എന്നു ചോദിച്ചു. തന്നെ ദൈവത്തിന്റെ സത്യസഭയിലേക്കു നയിക്കേണമേ എന്ന് എല്ലാ ദിവസവും പ്രാർഥിക്കാറുണ്ടായിരുന്നു എന്നു മിങ്ജി പിന്നീട് പറഞ്ഞു. എന്നാൽ എന്തുകൊണ്ടാണ് മിങ്ജി അങ്ങനെ പതിവായി പ്രാർഥിച്ചത്?
മിങ്ജി പറയുന്നു, 2008-ൽ ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള ഒരു പള്ളിയിൽ പോകാൻ അന്ധയായ ഒരു കൂട്ടുകാരി മിങ്ജിയെ വിളിച്ചു. അവർ അതിനു സമ്മതിച്ചു. അവിടത്തെ പ്രസംഗത്തിനുശേഷം പുരോഹിതനോട്, ഏതു പുസ്തകത്തിൽനിന്നാണ് അദ്ദേഹം വായിച്ചത് എന്ന് മിങ്ജി ചോദിച്ചു. ദൈവത്തിന്റെ വചനമായ ബൈബിളിൽനിന്നാണെന്ന് പുരോഹിതൻ പറഞ്ഞു. മിങ്ജിക്ക് ആ പുസ്തകം വായിക്കാൻ ശക്തമായ ഒരു ആഗ്രഹം തോന്നി. അതുകൊണ്ട് അവർ ചൈനീസ് ബ്രെയിലിലുള്ള ഒരു ബൈബിൾ വാങ്ങി. എന്നിട്ട് ഏകദേശം ആറു മാസംകൊണ്ട് അതിന്റെ 32 വാല്യങ്ങളും വായിച്ചുതീർത്തു. അങ്ങനെ ബൈബിൾ വായന പുരോഗമിച്ചപ്പോൾ, താൻ പള്ളിയിൽനിന്ന് കേട്ട ത്രിത്വം എന്ന ആശയം ശരിയല്ലെന്ന് മിങ്ജിക്കു മനസ്സിലായി. അതുപോലെ ദൈവത്തിന് ഒരു പേരുണ്ട് എന്നും, അത് യഹോവ എന്നാണെന്നും അവർക്കു ബോധ്യപ്പെട്ടു.
പള്ളിക്കാരുടെ പെരുമാറ്റം പതിയെപ്പതിയെ മിങ്ജിയുടെ ഹൃദയം മുറിപ്പെടുത്താൻ തുടങ്ങി. താൻ ബൈബിളിൽനിന്ന് വായിക്കുന്ന കാര്യങ്ങൾക്കു ചേർച്ചയിലല്ല അവർ ജീവിക്കുന്നതെന്നു മിങ്ജിക്കു മനസ്സിലായി. ഉദാഹരണത്തിന്, മറ്റെല്ലാവർക്കും അപ്പോൾത്തന്നെ തയ്യാറാക്കിയ നല്ല ഭക്ഷണം കൊടുക്കുമ്പോൾ, അന്ധർക്കു മിച്ചം വരുന്ന ബാക്കി ഭക്ഷണമാണ് കൊടുത്തിരുന്നത്. ഇത്തരം അനീതികൾ മിങ്ജിയെ വല്ലാതെ വിഷമിപ്പിച്ചു. അങ്ങനെ അവർ ആ പ്രദേശത്തുള്ള മറ്റു സഭകൾ അന്വേഷിക്കാൻ തുടങ്ങി. അതുകൊണ്ടാണ് യഥാർഥ ക്രിസ്തീയസഭ കണ്ടെത്താൻ തന്നെ സഹായിക്കണേ എന്നു മിങ്ജി പ്രാർഥിച്ചുകൊണ്ടിരുന്നത്.
യാൻമിയുടെ ആ ദയാപ്രവൃത്തി മിങ്ജിയുടെ ഹൃദയത്തെ തൊട്ടു. അതുകൊണ്ട് ബൈബിൾ പഠിക്കാനുള്ള അവരുടെ ക്ഷണം മിങ്ജി സ്വീകരിച്ചു. കുറെക്കഴിഞ്ഞ് മിങ്ജി ആദ്യമായി യഹോവയുടെ സാക്ഷികളുടെ മീറ്റിങ്ങിനു പോയി. മിങ്ജി പറയുന്നു: “എന്റെ ആദ്യ മീറ്റിങ്ങ് ഞാൻ ഒരിക്കലും മറക്കില്ല. സഹോദരന്മാരും സഹോദരിമാരും എല്ലാവരും എന്നെ വളരെ സ്നേഹത്തോടെ സ്വീകരിച്ചു. അതെന്റെ ഹൃദയത്തെ സ്പർശിച്ചു. എനിക്കു കാഴ്ചയില്ലെങ്കിലും യാതൊരു വേർതിരിവും ഇല്ലാത്ത സ്നേഹം എനിക്ക് അനുഭവിച്ചറിയാൻ കഴിഞ്ഞു.”
മിങ്ജി നന്നായി പുരോഗമിച്ചു. പതിവായി മീറ്റിങ്ങുകളിൽ പങ്കെടുക്കാനും തുടങ്ങി. പ്രത്യേകിച്ച്, രാജ്യഗീതങ്ങൾ പാടുന്നത് മിങ്ജി നന്നായി ആസ്വദിച്ചു. പക്ഷേ താൻ വായിക്കുന്ന ബ്രെയിലിൽ പാട്ടുപുസ്തകം ഇല്ലാതിരുന്നത് അവർക്ക് ഒരു ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് സഭയുടെ സഹായത്തോടെ മിങ്ജി ഒരു പാട്ടുപുസ്തകം ഉണ്ടാക്കി. ഏകദേശം 22 മണിക്കൂർ എടുത്തു, മിങ്ജിക്ക് 151 പാട്ടുകളും പകർത്തിയെഴുതാൻ! 2018 ഏപ്രിൽ മാസത്തിൽ മിങ്ജി വയൽശുശ്രൂഷയ്ക്കു പോകാൻ തുടങ്ങി. തുടർന്ന് ഓരോ മാസവും ഏകദേശം 30 മണിക്കൂർ പ്രസംഗവേലയിൽ ചെലവഴിച്ചു.
സ്നാനമേൽക്കാൻ ഒരുങ്ങുന്നതിനു മിങ്ജിയെ സഹായിക്കാൻ യാൻമി, യഹോവയുടെ ഇഷ്ടം ചെയ്യാൻ സംഘടിതർ എന്ന പുസ്തകത്തിലെ ചോദ്യങ്ങളുടെയും ബൈബിൾ വാക്യങ്ങളുടെയും ഓഡിയോ റെക്കോർഡിങ് തയ്യാറാക്കി. അങ്ങനെ 2018 ജൂലൈ മാസത്തിൽ മിങ്ജി സ്നാനപ്പെട്ടു. അവർ പറയുന്നു: “കൺവെൻഷനിൽ സഹോദരങ്ങൾ കാണിച്ച സ്നേഹം എന്നെ ശരിക്കും സ്പർശിച്ചു. അങ്ങനെ ഒടുവിൽ ദൈവത്തിന്റെ യഥാർഥ സഭയുടെ ഭാഗമാകാൻ കഴിഞ്ഞല്ലോ എന്ന് ഓർത്തപ്പോൾ ഞാൻ കരഞ്ഞുപോയി.” (യോഹന്നാൻ 13:34, 35) തനിക്കു കിട്ടിയ സ്നേഹം മറ്റുള്ളവരോടും കാണിക്കാൻ ഉറച്ച തീരുമാനം എടുത്തിരിക്കുന്ന മിങ്ജി, ഇപ്പോൾ ഒരു മുഴുസമയ ശുശ്രൂഷകയായി പ്രവർത്തിക്കുന്നു.
a ഈ ലേഖനത്തിലേത് യഥാർഥപേരുകളല്ല.