ഒറ്റ ബൈബിൾപഠനത്തിൽനിന്ന്. . .
ഗ്വാട്ടിമാലയിലെ യഹോവയുടെ സാക്ഷികളിൽ ഒരാളാണ് മാർറ്റ. കെക്ചി ഭാഷക്കാരായ ആളുകളോടു ബൈബിളിലെ സന്ദേശം അറിയിക്കാൻ മാർറ്റ ആ ഭാഷ പഠിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം അവിടെയുള്ള ആശുപത്രിയിൽനിന്ന് ഇറങ്ങിപ്പോകുന്ന ഒരാളെ മാർറ്റ ശ്രദ്ധിച്ചു. അയാളെ കണ്ടിട്ട്, മലമ്പ്രദേശത്തുള്ള ഏതോ കെക്ചി ഗ്രാമക്കാരനാണെന്നു തോന്നി. യഹോവയുടെ സാക്ഷികൾ അധികം പ്രവർത്തിക്കാത്ത ഒരു സ്ഥലമായിരുന്നു അത്. മാർറ്റ പതിയെ അദ്ദേഹത്തിന്റെ അടുത്തേക്കു ചെന്ന്, കെക്ചി ഭാഷയിൽ തനിക്ക് അറിയാവുന്ന ഏതാനും വാക്കുകൾവെച്ച് സംസാരിക്കാൻ തുടങ്ങി.
താൻ അദ്ദേഹത്തെ ബൈബിൾ പഠിപ്പിക്കാൻ തയ്യാറാണെന്നു മാർറ്റ അറിയിച്ചു. അദ്ദേഹം വളരെ സന്തോഷത്തോടെ സമ്മതിച്ചെങ്കിലും തന്റെ കൈയിൽ അതിനുള്ള പണമില്ലെന്ന് പറഞ്ഞു. എന്നാൽ യഹോവയുടെ സാക്ഷികൾ ആളുകളെ ബൈബിൾ പഠിപ്പിക്കുന്നത് സൗജന്യമായിട്ടാണെന്നു മാർറ്റ വിശദീകരിച്ചു. വേണമെങ്കിൽ ഫോണിലൂടെ പഠിക്കാമെന്നും വീട്ടിലുള്ള എല്ലാവർക്കും അതിൽ പങ്കെടുക്കാമെന്നും മാർറ്റ പറഞ്ഞു. അദ്ദേഹം സമ്മതിച്ചു. അദ്ദേഹത്തിനു സ്പാനിഷ് ഭാഷ വായിക്കാനും സംസാരിക്കാനും അറിയാമായിരുന്നതുകൊണ്ട് മാർറ്റ അദ്ദേഹത്തിനു വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരത്തിന്റെ ഒരു സ്പാനിഷ് പ്രതി കൊടുത്തു. ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന ബൈബിൾപഠനസഹായിയുടെ ഒരു കെക്ചി ഭാഷാ പ്രതിയും മാർറ്റ കൊടുത്തു. തൊട്ടടുത്ത ആഴ്ച അദ്ദേഹവും ഭാര്യയും രണ്ടു മക്കളും മാർറ്റയുടെകൂടെ ഫോണിലൂടെ ബൈബിൾ പഠിക്കാൻ തുടങ്ങി. ആഴ്ചയിൽ രണ്ടുതവണ അവർ പഠനം നടത്തുമായിരുന്നു. മാർറ്റ പറയുന്നു: “എനിക്കു കെക്ചി അത്ര നന്നായി അറിയില്ലായിരുന്നതുകൊണ്ട് ഞങ്ങൾ സ്പാനിഷ് ഭാഷയിലാണ് പഠനം നടത്തിയത്. ഞങ്ങൾ പറയുന്നത് അദ്ദേഹം ഭാര്യക്കു പരിഭാഷപ്പെടുത്തിക്കൊടുക്കും. മക്കൾക്കു പക്ഷേ സ്പാനിഷ് അറിയാമായിരുന്നു.”
അദ്ദേഹം വാസ്തവത്തിൽ അവിടത്തെ പള്ളിയിലെ ഒരു വൈദികനായിരുന്നു. ബൈബിളിൽനിന്ന് പുതുതായി പഠിക്കുന്ന വിവരങ്ങൾ അദ്ദേഹം തന്റെ ഇടവകാംഗങ്ങളെയും പഠിപ്പിക്കാൻ തുടങ്ങി. കേട്ട കാര്യങ്ങൾ ഇഷ്ടപ്പെട്ട ഇടവകാംഗങ്ങൾ, ഇതെല്ലാം എവിടെനിന്ന് പഠിച്ചതാണെന്ന് അദ്ദേഹത്തോടു ചോദിച്ചു. മാർറ്റയോടൊപ്പമുള്ള ബൈബിൾപഠനത്തെക്കുറിച്ച് അദ്ദേഹം അവരോടു പറഞ്ഞപ്പോൾ, പതിയെപ്പതിയെ അവർ ഓരോരുത്തരായി അതിൽ പങ്കെടുക്കാൻതുടങ്ങി. അധികം വൈകാതെ, മാർറ്റയോടൊപ്പം ഫോണിലൂടെ ആഴ്ചതോറും ബൈബിൾ പഠിക്കുന്നവരുടെ എണ്ണം 15 ആയി ഉയർന്നു. കൂടിവരുന്നവർക്കെല്ലാം വ്യക്തമായി കേൾക്കാനായി ഫോണിനടുത്ത് ഒരു മൈക്ക് വെച്ചായി പിന്നീട് അവരുടെ പഠനം.
ഈ ബൈബിൾപഠനത്തെക്കുറിച്ച് മാർറ്റ തന്റെ സഭയിലെ മൂപ്പന്മാരോടു പറഞ്ഞപ്പോൾ, അവരിലൊരാൾ ഈ ബൈബിൾവിദ്യാർഥികൾ താമസിക്കുന്ന ഗ്രാമം സന്ദർശിച്ചു. മറ്റൊരു ഗ്രാമത്തിൽ സർക്കിട്ട് മേൽവിചാരകൻ a നടത്തുന്ന ഒരു പൊതുപ്രസംഗം കേൾക്കാൻ അദ്ദേഹം അവരെ ക്ഷണിച്ചു. അവിടെനിന്ന് ഒരു മണിക്കൂർ കാറിലും പിന്നെ രണ്ടു മണിക്കൂർ നടന്നും വേണമായിരുന്നു ആ ഗ്രാമത്തിൽ എത്താൻ. അവർ വരാമെന്നു സമ്മതിച്ചു, 17 പേരാണ് ഹാജരായത്.
കുറച്ച് ആഴ്ചകൾക്കു ശേഷം, ആ സർക്കിട്ട് മേൽവിചാരകനും മറ്റു ചില സാക്ഷികളും ആ ബൈബിൾ വിദ്യാർഥികളോടൊപ്പം നാലു ദിവസം ചെലവഴിച്ചു. രാവിലെതോറും അവർ jw.org-ൽനിന്ന് കെക്ചി ഭാഷയിലുള്ള ബൈബിളധിഷ്ഠിത വീഡിയോകൾ കാണുകയും ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്? എന്ന ലഘുപത്രിക പഠിക്കുകയും ചെയ്യും. ഉച്ച കഴിഞ്ഞ് JW പ്രക്ഷേപണത്തിൽനിന്നുള്ള പലപല വീഡിയോകൾ കാണും. ഓരോ ബൈബിൾ വിദ്യാർഥിയെയും ഒറ്റയ്ക്കൊറ്റയ്ക്കു ബൈബിൾ പഠിപ്പിക്കാൻ വെവ്വേറെ അധ്യാപകരെയും സർക്കിട്ട് മേൽവിചാരകൻ ക്രമീകരിച്ചു.
ആ നാലു ദിവസം അടുത്തുള്ള കെക്ചി ഗ്രാമങ്ങളിൽ പ്രസംഗപ്രവർത്തനം നടത്തുകയും ചെയ്ത സാക്ഷികൾ ആളുകളെ ഒരു പ്രത്യേക മീറ്റിങ്ങിനു ക്ഷണിച്ചു. 47 പേരാണ് കൂടിവന്നത്. അവരെയെല്ലാം വ്യക്തിപരമായി ബൈബിൾ പഠിപ്പിക്കാൻ തയ്യാറാണെന്നു സഹോദരങ്ങൾ അറിയിച്ചു. 11 കുടുംബങ്ങളാണ് ആ വാഗ്ദാനം സ്വീകരിച്ചത്.
കുറച്ച് മാസങ്ങൾക്കു ശേഷം, ആ ആദ്യത്തെ ഗ്രാമത്തിൽ എല്ലാ വാരാന്തങ്ങളിലും മീറ്റിങ്ങ് നടത്താൻ മൂപ്പന്മാർ ക്രമീകരണം ചെയ്തു. ഇന്ന് അവിടെ 40 പേരോളം പതിവായി യോഗങ്ങൾക്കു വരാറുണ്ട്. സഹോദരങ്ങൾ അവിടെ യേശുവിന്റെ മരണത്തിന്റെ ഓർമ ആചരണം നടത്തിയപ്പോൾ 91 പേരാണ് ഹാജരായത്. എത്ര സന്തോഷമായിരുന്നു അവർക്ക്!
ഈ സംഭവങ്ങളുടെയൊക്കെ തുടക്കത്തെക്കുറിച്ചും, അത് ഇവിടംവരെ എത്തിയതിനെക്കുറിച്ചും ഓർത്തുകൊണ്ട് മാർറ്റ പറയുന്നു: “എനിക്ക് യഹോവയോടു നന്ദിയുണ്ട്. എന്നേക്കൊണ്ട് അധികമൊന്നും ചെയ്യാൻ കഴിയില്ലെന്ന് ചിലപ്പോഴൊക്കെ എനിക്കു തോന്നാറുണ്ട്. എന്നാൽ നമ്മൾ ദൈവത്തിന്റെ കൈയിലെ ഉപകരണങ്ങളാണല്ലോ. ആ ഗ്രാമീണരുടെ ഹൃദയത്തിൽ എന്താണുള്ളതെന്ന് കണ്ട യഹോവ, അവരെ തന്റെ ജനത്തിന്റെ ഭാഗമാക്കി. അതെ, യഹോവ അവരെ സ്നേഹിക്കുന്നു.”
a യഹോവയുടെ സാക്ഷികൾക്കിടയിലെ ഒരു നിയമിത ശുശ്രൂഷകനാണ് സർക്കിട്ട് മേൽവിചാരകൻ എന്ന് അറിയപ്പെടുന്നത്. ഏതാണ്ട് 20 സഭകൾ ചേരുന്ന ഒരു സർക്കിട്ടിലെ സഭകളെല്ലാം അദ്ദേഹം സന്ദർശിക്കും.