പബ്ലിക് ടെലിഫോണിലൂടെയുള്ള ബൈബിൾപഠനങ്ങൾ
ബ്രസീലിലെ ഒരു യഹോവയുടെ സാക്ഷിയാണ് ഡയാനി. അവർ ഒരു മുഴുസമയ സുവിശേഷകയും കൂടിയാണ്. ഒരിക്കൽ ടെലിഫോണിലൂടെ ബൈബിളിലെ കാര്യങ്ങൾ സംസാരിക്കുന്നതിന് ഇടയിൽ ഡയാനി, ചെറുപ്പക്കാരായ ഒരു ദമ്പതികളെ പരിചയപ്പെട്ടു. അവർ ഒരു ഉൾനാടൻ ഗ്രാമത്തിലേക്കു താമസം മാറുകയാണെന്നും അവിടെ കറന്റോ ഇന്റർനെറ്റോ ഇല്ലെന്നും ഡയാനിയോടു പറഞ്ഞു. അതുമാത്രമല്ല, അവിടെ യഹോവയുടെ സാക്ഷികളും ഇല്ലായിരുന്നു. അതുകൊണ്ട് ബൈബിൾചർച്ചകൾ തുടരുന്നതിനായി ആ ദമ്പതികൾ ആ ഗ്രാമത്തിലെ പബ്ലിക് ടെലിഫോണിന്റെ നമ്പർ ഡയാനിക്കു കൊടുത്തു. വിളിക്കാൻവേണ്ടി അവർ മൂന്നുപേരും ഒരു ദിവസവും സമയവും പറഞ്ഞൊത്തു.
പറഞ്ഞ സമയത്തുതന്നെ ഡയാനി വിളിച്ചു. ആ ദമ്പതികൾ ഫോൺ എടുക്കുകയും ചെയ്തു. തുടർന്നുള്ള രണ്ട് ആഴ്ചകളിലായി മൂന്നു പ്രാവശ്യം അവർ ഫോണിലൂടെ ബൈബിൾചർച്ചകൾ നടത്തി.
അതിനു ശേഷം ആ ദമ്പതികൾ ഫോൺ എടുത്തില്ല. എങ്കിലും, ഡയാനി നിരുത്സാഹപ്പെട്ടുപോയില്ല. അവർ തുടർന്നും ആഴ്ചയിൽ മൂന്നു തവണ ആ ഫോണിലേക്കു വിളിച്ചു. ഫോൺ എടുക്കുന്ന ആളുകളോടു ഡയാനി ബൈബിൾവിഷയങ്ങൾ സംസാരിച്ചു. അതിന്റെ ഫലമായി ആ ഗ്രാമത്തിലുള്ള മറ്റു പലരുമായി ബൈബിൾപഠനങ്ങൾ തുടങ്ങാൻ ഡയാനിക്കു കഴിഞ്ഞു.
ഒരു ദിവസം ഡയാനിയും ഭർത്താവും ഒരു ചെറുപ്പക്കാരനുമായി ഫോണിലൂടെ ബൈബിൾപഠനം നടത്തിക്കൊണ്ടിരുന്നപ്പോൾ ആ ഗ്രാമത്തിലെ ഒരു സഭാനേതാവ് അവരുടെ ചർച്ച കേട്ടു. അവരുടെ ആ സംഭാഷണം വ്യക്തമായി കേൾക്കാൻവേണ്ടി അദ്ദേഹം ആ ബൈബിൾവിദ്യാർഥിയുടെ അടുത്ത് പോയി നിന്നു. എന്നിട്ട് അദ്ദേഹം, ‘ഞാനും അവരോട് ഒന്നു സംസാരിച്ചോട്ടെ?’ എന്ന് ആ ബൈബിൾവിദ്യാർഥിയോടു ചോദിച്ചു. ഇതുവരെ കേട്ട കാര്യങ്ങൾ തനിക്ക് വളരെ ഇഷ്ടപ്പെട്ടെന്നും തനിക്കും ഒരു ബൈബിൾപഠനം വേണമെന്നും അദ്ദേഹം ഡയാനിയോടും ഭർത്താവിനോടും പറഞ്ഞു.
അങ്ങനെ ഡയാനിയും ഭർത്താവും സഭാനേതാവിന്റേത് അടക്കം ആ ഗ്രാമത്തിൽ ആറു ബൈബിൾപഠനങ്ങൾ നടത്താൻതുടങ്ങി. അതിൽ ചില വിദ്യാർഥികൾ ആ ടെലിഫോണിലൂടെ മീറ്റിങ്ങുകൾക്കും പങ്കെടുത്തു. അവരിൽ ഒരാൾ ഒരു ബെഞ്ചുവരെ ഉണ്ടാക്കി, വിദ്യാർഥികൾക്ക് ഇരുന്ന് പഠിക്കാൻ.
ഒറ്റപ്പെട്ട ആ ഗ്രാമത്തിൽ രാജ്യസന്ദേശം എത്തിക്കാൻ അവസരം കിട്ടിയതിൽ ഡയാനിക്കും ഭർത്താവിനും ഒരുപാടു സന്തോഷമുണ്ട്. ഡയാനി പറയുന്നു: “എത്ര ഒറ്റപ്പെട്ട പ്രദേശത്താണു താമസിക്കുന്നതെങ്കിൽപ്പോലും ആളുകളുടെ അടുത്ത് സന്തോഷവാർത്ത എത്തിക്കാൻ യഹോവയ്ക്കാകും.”