പുരോഹിതന് ഉത്തരം കിട്ടുന്നു
യഹോവയുടെ സാക്ഷിയായ എലിസോ ഒരു സ്ത്രീക്ക് ബൈബിൾപഠനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ആ സ്ത്രീയുടെ വീട്ടിൽ പ്രതീക്ഷിക്കാതെ രണ്ടു പേർ എത്തി. അത് ഒരു പുരോഹിതനും ഭാര്യയും ആയിരുന്നു. അവരുടെ മകൻ ഈയിടയ്ക്കു മരിച്ച കാര്യം എലിസോ കേട്ടിരുന്നു.
മകന്റെ മരണ ദുഃഖത്തിൽ എലിസോ അനുശോചനം അറിയിച്ചപ്പോൾ പുരോഹിതനും ഭാര്യയും പൊട്ടിക്കരയാൻ തുടങ്ങി. ദേഷ്യത്തോടെ പുരോഹിതൻ ഇങ്ങനെ പറഞ്ഞു: “ദൈവം എന്തിനാണ് എന്നെ ഇങ്ങനെ പരീക്ഷിക്കുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല. എന്റെ ഒരേ ഒരു മോനെ എടുക്കാൻ ദൈവത്തിന് എങ്ങനെ മനസ്സുവന്നു? 28 വർഷമായി ഞാൻ ദൈവത്തെ സേവിക്കുന്നു. ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നു. അതിനൊക്കെ ദൈവം തന്ന കൂലി ഇതാണോ? എന്തിനാണ് എന്റെ മകനെ ദൈവം കൊലയ്ക്കു കൊടുത്തത്?”
അവരുടെ മകനെ ദൈവം അല്ല എടുത്തത് എന്ന് എലിസോ അവരോടു പറഞ്ഞു. മോചനവില, പുനരുത്ഥാനം, മോശമായ കാര്യങ്ങൾ സംഭവിക്കാൻ ദൈവം ഇടയാക്കുന്നതിന്റെ കാരണങ്ങൾ എന്നീ വിഷയങ്ങളൊക്കെ അവർ ചർച്ച ചെയ്തു. തങ്ങൾ ദൈവത്തോടു പ്രാർഥിച്ചുകൊണ്ടിരുന്ന കാര്യങ്ങൾക്ക് ഒക്കെ ഉത്തരം കിട്ടിയതായി പുരോഹിതനും ഭാര്യയും പറഞ്ഞു.
തുടർന്നുവന്ന ആഴ്ച പുരോഹിതനും ഭാര്യയും ആ സ്ത്രീയുടെ വീട്ടിൽ ബൈബിൾപഠനത്തിനായി വന്നു. അന്ന് എലിസോ ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിലെ “നിങ്ങളുടെ മരിച്ചുപോയ പ്രിയപ്പെട്ടവർക്ക് യഥാർഥ പ്രത്യാശ” എന്ന പാഠം ചർച്ച ചെയ്തു. ആ ദമ്പതികൾ നല്ല താത്പര്യത്തോടെ ചർച്ചയിൽ പങ്കെടുത്തു.
പിന്നീട് അവർ ജോർജിയയിലെ ടിബിലിസിയിൽവെച്ച് നടത്തിയ യഹോവയുടെ സാക്ഷികളുടെ ഒരു പ്രത്യേക കൺവെൻഷനു പങ്കെടുത്തു. അവിടെ കണ്ട സ്നേഹത്തിന്റെയും ഐക്യത്തിന്റെയും അന്തരീക്ഷം അവരുടെ ഹൃദയത്തെ തൊട്ടു. ഇതുപോലെ സ്നേഹവും ഐക്യവും കാണിക്കാൻ പുരോഹിതൻ തന്റെ പള്ളിയിലുള്ളവരെ പഠിപ്പിച്ചിരുന്നെങ്കിലും അതിനൊന്നും ഒരു ഫലവും ഉണ്ടായില്ല.