യഹോവയുടെ സാക്ഷികൾക്ക് എതിരെയുള്ള എല്ലാ ആരോപണങ്ങൾക്കും അവർ മറുപടി കൊടുക്കാത്തത് എന്തുകൊണ്ട്?
യഹോവയുടെ സാക്ഷികൾ എല്ലാ ആരോപണങ്ങൾക്കും പരിഹാസവാക്കുകൾക്കും മറുപടി കൊടുക്കാത്തതിന്റെ കാരണം, അവർ ബൈബിൾതത്ത്വങ്ങൾ അനുസരിക്കുന്നു എന്നതാണ്. ഉദാഹരണത്തിന്, ബൈബിളിലെ ഒരു ജ്ഞാനമൊഴി പറയുന്നു: “പരിഹാസിയെ തിരുത്തുന്നവൻ അപമാനം ക്ഷണിച്ചുവരുത്തുന്നു.” (സുഭാഷിതങ്ങൾ 9:7, 8; 26:4) തെറ്റായ ഒരു ആരോപണത്തിന്റെ തുമ്പ് പിടിച്ച് വെറുതെ തർക്കിക്കുന്നതിനു പകരം ദൈവത്തെ പ്രസാദിപ്പിക്കുന്നതിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.—സങ്കീർത്തനം 119:69.
‘മൗനമായിരിക്കാനും സംസാരിക്കാനും ഒരു സമയമുണ്ട്.’ (സഭാപ്രസംഗകൻ 3:7) അതുകൊണ്ട്, സത്യത്തെക്കുറിച്ച് അറിയാൻ താത്പര്യമുള്ള ആത്മാർഥഹൃദയരോടു ഞങ്ങൾ സംസാരിക്കും, എന്നാൽ അനാവശ്യവാദങ്ങൾ ഒഴിവാക്കും. അങ്ങനെ യേശുവിന്റെയും ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളുടെയും ഉപദേശങ്ങളും മാതൃകയും ഞങ്ങൾ പിൻപറ്റുന്നു.
പീലാത്തൊസിനു മുമ്പാകെയുള്ള വിചാരണയിൽ യേശുവിന് എതിരെ അനേകം വ്യാജാരോപണങ്ങൾ നിരത്തി. ആ അവസരത്തിൽ യേശു ഒരക്ഷരംപോലും മിണ്ടിയില്ല. (മത്തായി 27:11-14; 1 പത്രോസ് 2:21-23) കുടിയനും തീറ്റിപ്രിയനും എന്നിവപോലുള്ള ആരോപണങ്ങൾ വന്നപ്പോഴും യേശു പ്രതികരിച്ചില്ല. പകരം, “ജ്ഞാനം അതിന്റെ പ്രവൃത്തികളാൽ നീതിയുള്ളതെന്നു തെളിയും” എന്ന ബൈബിൾതത്ത്വമനുസരിച്ച് തന്റെ പ്രവൃത്തികൾകൊണ്ട് യേശു അവർക്ക് ഉത്തരം നൽകി. (മത്തായി 11:19) എന്നാൽ ചില സാഹചര്യങ്ങളിൽ തനിക്കെതിരെ വന്ന ആരോപണങ്ങൾക്ക് യേശു ധൈര്യത്തോടെ ഉത്തരം നൽകുകയും ചെയ്തു.—മത്തായി 15:1-3; മർക്കോസ് 3:22-30.
തെറ്റായ ആരോപണങ്ങൾ വരുമ്പോൾ നിരുത്സാഹപ്പെടരുതെന്നും യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു. യേശു പറഞ്ഞു: “എന്നെപ്രതി ആളുകൾ നിങ്ങളെ നിന്ദിക്കുകയും ഉപദ്രവിക്കുകയും നിങ്ങളെക്കുറിച്ച് പല തരം അപവാദം പറയുകയും ചെയ്യുമ്പോൾ നിങ്ങൾ സന്തുഷ്ടർ.” (മത്തായി 5:11, 12) ചില ആരോപണങ്ങൾ മറ്റുള്ളവർക്കു സാക്ഷ്യം കൊടുക്കാനുള്ള വാതിൽ തുറന്നിടുമെന്നും യേശു പറഞ്ഞു. ഇങ്ങനെയൊരു ഉറപ്പും അവർക്കു കൊടുത്തു: “നിങ്ങളുടെ എല്ലാ എതിരാളികളും ഒന്നിച്ചുനിന്നാൽപ്പോലും അവർക്ക് എതിർത്തുപറയാനോ ഖണ്ഡിക്കാനോ പറ്റാത്തതുപോലുള്ള വാക്കുകളും ജ്ഞാനവും ഞാൻ നിങ്ങൾക്കു തരും.”—ലൂക്കോസ് 21:12-15.
അനാവശ്യതർക്കങ്ങൾ ഒഴിവാക്കാൻ അപ്പോസ്തലനായ പൗലോസും ഉപദേശിച്ചു. അത്തരം ആരോപണങ്ങളെ ‘ഒരു പ്രയോജനവുമില്ലാത്ത വ്യർഥകാര്യങ്ങൾ’ എന്നാണ് പൗലോസ് വിളിച്ചത്.—തീത്തോസ് 3:9; റോമർ 16:17, 18.
നമ്മുടെ വിശ്വാസത്തെക്കുറിച്ച് ചോദിക്കുന്നവർക്ക്, സാധ്യമാകുമ്പോഴെല്ലാം മറുപടി കൊടുക്കണമെന്ന് അപ്പോസ്തലനായ പത്രോസ് പറഞ്ഞു. (1 പത്രോസ് 3:15) എങ്കിലും വാക്കുകളെക്കാൾ ഉപരി പ്രവൃത്തികൾകൊണ്ട് ഉത്തരം കൊടുക്കുന്നതാണ് മിക്കപ്പോഴും നല്ലതെന്ന് അദ്ദേഹം വ്യക്തമാക്കി. പത്രോസ് എഴുതിയത് ഇങ്ങനെയാണ്: “നിങ്ങൾ നന്മ ചെയ്യുകയും അങ്ങനെ, വിഡ്ഢിത്തം പറയുന്ന അജ്ഞരുടെ വായ് അടപ്പിക്കുകയും വേണം.”—1 പത്രോസ് 2:12-15.