യഹോവയുടെ സാക്ഷികൾ ഈസ്റ്റർ ആഘോഷിക്കാത്തത് എന്തുകൊണ്ടാണ്?
പൊതുവിലുള്ള തെറ്റിദ്ധാരണകൾ
മിഥ്യ: യഹോവയുടെ സാക്ഷികൾ ക്രിസ്ത്യാനികൾ അല്ലാത്തതുകൊണ്ടാണ് അവർ ഈസ്റ്റർ ആഘോഷിക്കാത്തത്.
സത്യം: യേശുക്രിസ്തു നമ്മുടെ രക്ഷകനാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. “അവന്റെ കാൽച്ചുവടുകൾ അടുത്തു പിന്തുടരുവാൻ” ഞങ്ങൾ പരമാവധി ശ്രമിക്കുന്നു.—1 പത്രോസ് 2:21; ലൂക്കോസ് 2:11.
മിഥ്യ: യേശു ഉയിർപ്പിക്കപ്പെട്ടെന്ന് നിങ്ങൾ വിശ്വസിക്കുന്നില്ല.
സത്യം: യേശുവിന്റെ പുനരുത്ഥാനത്തിൽ ഞങ്ങൾ വിശ്വസിക്കുന്നുണ്ട്. അത് ക്രിസ്തീയവിശ്വാസത്തിന്റെ കേന്ദ്രബിന്ദുവാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. മാത്രമല്ല, ഞങ്ങളുടെ പ്രസംഗവേലയിൽ ഞങ്ങൾ എടുത്തുപറയുന്നതും ആ വിശ്വാസമാണ്.—1 കൊരിന്ത്യർ 15:3, 4, 12-15.
മിഥ്യ: ഈസ്റ്റർ ആഘോഷത്തിന്റെ രസങ്ങളെല്ലാം നിങ്ങളുടെ കുട്ടികൾക്ക് നഷ്ടപ്പെടുകയാണെന്ന് നിങ്ങൾക്ക് ഒരു ചിന്തയുമില്ല.
സത്യം: ഞങ്ങൾ മക്കളെ വളരെയധികം സ്നേഹിക്കുന്നു. അവർക്കു പരിശീലനം നൽകിയും അവരുമൊത്ത് സന്തോഷവേളകൾ ആസ്വദിച്ചും ഞങ്ങളുടെ സമയവും ഊർജവും മടിയില്ലാതെ അവർക്കായി ചെലവിടുന്നു.—തീത്തൊസ് 2:4.
യഹോവയുടെ സാക്ഷികൾ ഈസ്റ്റർ ആഘോഷിക്കാത്തത് എന്തുകൊണ്ടാണ്?
ഈസ്റ്റർ ആഘോഷം ബൈബിളിൽ അടിസ്ഥാനപ്പെട്ടുള്ളതല്ല.
തന്റെ മരണത്തിന്റെ ഓർമ ആചരിക്കാനാണ് യേശു കല്പിച്ചത്, അല്ലാതെ പുനരുത്ഥാനത്തിന്റെ ഓർമ ആഘോഷിക്കാനല്ല. എല്ലാവർഷവും ഞങ്ങൾ യേശുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കുന്നുണ്ട്. ബൈബിളനുസരിച്ചുള്ള ചാന്ദ്രമാസ കലണ്ടർപ്രകാരമാണ് ഇത് ആചരിക്കുന്നത്.—ലൂക്കോസ് 22:19, 20.
ഈസ്റ്റർ ആചാരങ്ങളുടെ ഉത്ഭവം പുരാതനകാലത്തെ ഫലപുഷ്ടി ആചാരങ്ങളിൽനിന്നാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ അത് ദൈവത്തിന് സ്വീകാര്യമല്ല. ദൈവം “തീക്ഷ്ണതയുള്ള ദൈവ”മാണെന്ന് ബൈബിൾ പറയുന്നു. അതായത്, സമ്പൂർണഭക്തി ആവശ്യപ്പെടുന്ന ദൈവം! താൻ അംഗീകരിക്കാത്ത ആചാരങ്ങൾ ആരാധനയിൽ ഉൾപ്പെടുത്തുന്നത് അവന് അനിഷ്ടവും വെറുപ്പും ആണ്.—പുറപ്പാടു 20:5; 1 രാജാക്കന്മാർ 18:21.
ഈസ്റ്റർ ആഘോഷങ്ങളിൽനിന്ന് വിട്ടു നിൽക്കണമെന്നുള്ള ഞങ്ങളുടെ തീരുമാനം ബൈബിളിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. മനുഷ്യരുടെ പാരമ്പര്യങ്ങൾ കണ്ണുമടച്ചു പിന്തുടരാതെ “ജ്ഞാനവും വകതിരിവും കാത്തുകൊൾക” എന്ന് ബൈബിൾ നമ്മളോടെല്ലാവരോടും പറയുന്നു. (സദൃശവാക്യങ്ങൾ 3:21; മത്തായി 15:3) ഈസ്റ്ററിനെക്കുറിച്ച് ഞങ്ങളുടെ കാഴ്ചപ്പാട് ചോദിക്കുന്നവരോട് ഞങ്ങളുടെ നിലപാട് ഞങ്ങൾ വിശദീകരിച്ചുകൊടുക്കും. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യം ഞങ്ങൾ മാനിക്കുന്നു.—1 പത്രോസ് 3:15.