യഹോവയുടെ സാക്ഷികൾ എന്തുകൊണ്ടാണ് ദേശഭക്തിപരമായ ചടങ്ങുകളിൽനിന്നും ആദരപൂർവം വിട്ടുനിൽക്കുന്നത്?
യഹോവയുടെ സാക്ഷികൾ ഗവൺമെന്റുകളെയും ദേശീയചിഹ്നങ്ങളെയും ആദരിക്കുന്നുണ്ട്. മറ്റുള്ളവർ ദേശീയപ്രതിജ്ഞ ചൊല്ലുകയും ദേശീയപതാകയെ സല്യൂട്ട് ചെയ്യുകയും ദേശീയഗാനം പാടുകയും ചെയ്യുന്നതിനെ ഞങ്ങൾ വിമർശിക്കാറില്ല.
എന്നാൽ ഇത്തരം ദേശഭക്തിപരമായ ചടങ്ങുകളിൽ യഹോവയുടെ സാക്ഷികൾ പങ്കെടുക്കുന്നില്ല. കാരണം അതു ബൈബിൾപഠിപ്പിക്കലുകളുമായി ചേരുന്നില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇതിൽനിന്ന് വ്യത്യസ്തമായി ആളുകൾ തീരുമാനമെടുക്കുമ്പോൾ ഞങ്ങൾ അതിനെ എതിർക്കുന്നില്ല, പകരം ആദരിക്കുന്നു. ഇതുപോലെ ഞങ്ങളുടെ തീരുമാനങ്ങളെയും വിശ്വാസങ്ങളെയും മറ്റുള്ളവരും ആദരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.
ഈ ലേഖനത്തിൽ
ഇതെക്കുറിച്ച് ബൈബിൾ പറയുന്നത്?
പ്രധാനപ്പെട്ട രണ്ടു ബൈബിൾപഠിപ്പിക്കലുകളാണ് ഞങ്ങളുടെ തീരുമാനത്തിന്റെ അടിസ്ഥാനം:
ആരാധിക്കേണ്ടത് ദൈവത്തെ മാത്രമാണ്. ബൈബിൾ പറയുന്നു: “നിന്റെ ദൈവമായ യഹോവയെയാണു നീ ആരാധിക്കേണ്ടത്. ആ ദൈവത്തെ മാത്രമേ നീ സേവിക്കാവൂ.” (ലൂക്കോസ് 4:8) മിക്കപ്പോഴും ദേശഭക്തിഗാനത്തിലോ പ്രതിജ്ഞയിലോ ഉള്ള വാക്കുകൾ, മറ്റെന്തിനെക്കാളും ആ രാജ്യത്തെ സ്നേഹിക്കും, അതിനു ഭക്തി കൊടുക്കും എന്നൊക്കെ കാണിക്കുന്നതാണ്. അതുകൊണ്ട് യഹോവയുടെ സാക്ഷികൾക്ക് ഇത്തരം ദേശഭക്തിപരമായ ചടങ്ങുകളിൽ പങ്കെടുക്കുന്നത് ഒരു തെറ്റായി തോന്നുന്നു.
അതുപോലെ പതാകയെ സല്യൂട്ട് ചെയ്യുന്നത് ആരാധനയുടെ ഒരു പ്രവൃത്തിയായി, വിഗ്രഹാരാധനയായി യഹോവയുടെ സാക്ഷികൾ കാണുന്നു. വിഗ്രഹാരാധന തെറ്റാണെന്ന് ബൈബിൾ പറയുന്നു. (1 കൊരിന്ത്യർ 10:14) ദേശത്തിന്റെ പതാകകൾ ഒരുതരത്തിൽ മതപരമായ ചിഹ്നങ്ങളാണെന്ന് ചില ചരിത്രകാരന്മാരും സമ്മതിക്കുന്നുണ്ട്. ഉദാഹരണത്തിന് ചരിത്രകാരനായ കാൾട്ടൻ ജെ. എച്ച്. ഹെയ്സ് ഇങ്ങനെ പറയുന്നു: “ദേശീയത ഒരു മതംപോലെയാണ്. ആ മതത്തിന്റെ പ്രധാനചിഹ്നമോ, ദേശത്തിന്റെ പതാകയും.” a ഇനി ആദ്യകാല ക്രിസ്ത്യാനികളെക്കുറിച്ച് എഴുത്തുകാരനായ ഡാനിയേൽ പി. മാനിറ്റ്സ് ഇങ്ങനെ പറയുന്നു: “(റോമൻ) ചക്രവർത്തിയാരാധനയുടെ ഭാഗമായി ബലി അർപ്പിക്കാൻ . . . ക്രിസ്ത്യാനികൾ വിസമ്മതിച്ചിരുന്നു. അത് ഏതാണ്ട് ഇന്നു പതാകയെ സല്യൂട്ട് ചെയ്യാൻ വിസമ്മതിക്കുന്നതുപോലെയായിരുന്നു.” b
യഹോവയുടെ സാക്ഷികൾ പതാകയെ സല്യൂട്ട് ചെയ്യുന്നില്ല എന്നത് ശരിയാണ്. എന്നാൽ ഞങ്ങൾ പതാകപോലുള്ള ദേശീയചിഹ്നങ്ങൾ നശിപ്പിക്കുകയോ കത്തിക്കുകയോ ഒന്നും ചെയ്യുന്നില്ല. അതിനോട് അനാദരവും കാണിക്കുന്നില്ല.
ദൈവത്തിന്റെ മുമ്പിൽ എല്ലാ മനുഷ്യരും ഒരുപോലെയാണ്. (പ്രവൃത്തികൾ 10:34, 35) “ദൈവം ഒരു മനുഷ്യനിൽനിന്ന് എല്ലാ ജനതകളെയും ഉണ്ടാക്കി” എന്നാണ് ബൈബിൾ പറയുന്നത്. (പ്രവൃത്തികൾ 17:26) അതുകൊണ്ട് ഏതെങ്കിലും ഒരു വർഗമോ രാജ്യമോ മറ്റൊന്നിനെക്കാൾ മികച്ചതായി കാണിക്കുന്നതിനെ യഹോവയുടെ സാക്ഷികൾ തെറ്റായി വീക്ഷിക്കുന്നു. ഞങ്ങൾ എല്ലാ ആളുകളെയും ബഹുമാനിക്കുന്നു, അവർ ഏതു ദേശത്ത് ജനിച്ചവരാണെങ്കിലും എവിടെ താമസിക്കുന്നവരാണെങ്കിലും.—1 പത്രോസ് 2:17.
പങ്കെടുക്കണമെന്നത് ഒരു നിയമമാണെങ്കിലോ?
യഹോവയുടെ സാക്ഷികൾ ഗവൺമെന്റുകൾക്ക് എതിരായി പ്രവർത്തിക്കുന്നവരല്ല. ‘ദൈവത്തിന്റെ ക്രമീകരണത്തിന്റെ’ ഭാഗമാണ് ഗവൺമെന്റുകൾ എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അവ നിലനിൽക്കാൻ ദൈവം അനുവദിച്ചിരിക്കുന്നതാണ്. (റോമർ 13:1-7) ക്രിസ്ത്യാനികൾ ഗവൺമെന്റ് അധികാരികളെ അനുസരിക്കണമെന്നും ഞങ്ങൾ വിശ്വസിക്കുന്നു.—ലൂക്കോസ് 20:25.
ഗവൺമെന്റ് വെക്കുന്ന നിയമങ്ങൾ ദൈവനിയമത്തിന് എതിരായി വന്നാലോ? ചില സാഹചര്യങ്ങളിൽ ഗവൺമെന്റിന് അപേക്ഷ സമർപ്പിച്ച് നിയമത്തിൽ ഭേദഗതി വരുത്താൻ സാധിച്ചേക്കും. c അതിനു സാധിച്ചില്ലെങ്കിൽ യഹോവയുടെ സാക്ഷികൾ ‘മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കാൻ’ തീരുമാനിക്കും. അപ്പോഴും ഗവൺമെന്റിനോട് ആദരവുള്ളവരായിരിക്കും.—പ്രവൃത്തികൾ 5:29.
യഹോവയുടെ സാക്ഷികൾ രാഷ്ട്രീയമോ സാമൂഹികമോ ആയ ഒരു മാറ്റത്തിനു ശ്രമിക്കുകയാണോ?
അല്ല. യഹോവയുടെ സാക്ഷികൾ രാഷ്ട്രീയമോ സാമൂഹികമോ ആയ ഒരു പ്രശ്നത്തിലും പക്ഷംപിടിക്കുന്നവരല്ല. പ്രതിജ്ഞ ചൊല്ലാതിരിക്കുന്നതും പതാകയെ സല്യൂട്ട് ചെയ്യാതിരിക്കുന്നതും ദേശഭക്തിഗാനം പാടാതിരിക്കുന്നതും ഒക്കെ ഞങ്ങൾ രാഷ്ട്രീയവ്യവസ്ഥയ്ക്ക് എതിരെ പ്രവർത്തിക്കുന്നതുകൊണ്ടല്ല. പകരം ഇത്തരം ചടങ്ങുകളെക്കുറിച്ച് ബൈബിൾ പറയുന്ന കാര്യങ്ങൾ അനുസരിച്ച് ജീവിക്കുന്നതുകൊണ്ടാണ്.
a ദേശീയതയെക്കുറിച്ചുള്ള പ്രബന്ധങ്ങൾ (ഇംഗ്ലീഷ്), പേജ് 107-108.
b ഒരു പോരാളിയുടെ വഴികൾ (ഇംഗ്ലീഷ്), പേജ് 212.
c ഉദാഹരണത്തിന്, “മനസ്സാക്ഷിപൂർവം, ധൈര്യത്തോടെ എടുത്ത നിലപാട്—സുപ്രീം കോടതി വിധി വന്നിട്ട് 75 വർഷം” (ഇംഗ്ലീഷ്) എന്ന ലേഖനം കാണുക.